Sunday, April 8, 2018

ചില മനുഷ്യർ പൂച്ചകളെപ്പോലെയാണ്.


 ചില മനുഷ്യർ പൂച്ചകളെപ്പോലെയാണ്. നമുക്കു സ്നേഹം തോന്നി വിളിക്കുന്ന ചില നേരങ്ങളിൽ വലിയ മൈൻഡൊന്നുമില്ലാതെ നടന്ന് പോണ പൂച്ചയെ കണ്ടിട്ടുണ്ടോ?ഒന്ന് തിരിഞ്ഞ് നോക്കി, കണ്ടെന്ന് വരുത്തി, ദേഹമൊന്ന് മുകളിലേക്ക് വളച്ച്, പിന്നെയൊരു മാർജാരാസനത്താൽ മൂരി നിവർത്തി, ഒരു നീണ്ട കോട്ടുവായിൽ ആവുന്നോളം മൌനം വിഴുങ്ങി, കുണുങ്ങി കുണുങ്ങി പുറംതിരിഞ്ഞുപോണ ആ പൂച്ച.


എന്നാൽ പൂച്ചയ്ക്ക് സ്നേഹം വരുന്ന നേരങ്ങളുണ്ട്.. കുറുങ്ങിക്കുറുങ്ങി കാലുരുമ്മി ങ്യാവൂ നിലവിളിച്ച് നടക്കാൻ പോലും സമ്മതിക്കാതെ നമ്മളോടൊട്ടിപ്പോകന്ന നേരങ്ങൾ. പരാതികളെല്ലാം നമുക്കെതിരെയാണപ്പോൾ. പ്രതിസ്ഥാനത്ത് നില്ക്കുന്ന നമ്മൾ പൂച്ചക്കണ്ണുകളിലെ ആർദ്രതയിൽ നില തെറ്റി വീണുപോകും. ഇത്രമേൽ മറ്റൊരു ജീവിയും നമ്മെ സ്നേഹിച്ചിട്ടുണ്ടാവില്ലെന്ന് നമുക്ക് തോന്നിപ്പോകും.

ചില നേരങ്ങളിൽ ഇതേ പൂച്ച വടിയെടുത്ത് ദൂരേയ്ക്കെറിയും...
എടുത്ത് കൊണ്ട് വരൂ... എന്ന് മുഴുവനാക്കുന്നതിന് മൂന്നേ നമ്മൾ നഷ്ടപ്പെട്ട വടിയ്ക്കായി ഓടിയിരിക്കും.
കണ്ടെത്തിയ വടിയുമായി ആവേശത്തോടെ തിരികെയോടിയെത്തുമ്പോൾ...
പൂച്ച കിടന്നിടത്ത് ...
പൂട പോലും കാണില്ല!

Monday, March 13, 2017

നീല മണം


“മനോ, നീ ടോറസ് രാശിയാണ്. വാശിയുള്ളവന്‍, സ്നേഹമുള്ളവന്‍, മണങ്ങളെ ഒരുപാടിഷ്ടമുള്ളവന്‍!
ചേതമില്ലാത്ത ഒരുപകാരം ചെയ്തു തരാമോ? എനിക്കൊരു മണം വേണം. എനിക്ക് ഒരുവിധപ്പെട്ട ഒരു പെര്‍ഫ്യും മണവും ഇഷ്ടമല്ല. ചിലരെ ഓര്‍ക്കുമ്പോള്‍ അവരുടെ പെര്‍ഫ്യുമിന്റെ ദുര്‍ഗന്ധമാണ് ഓര്‍മ്മ വരിക.
അപ്പോള്‍ മണങ്ങളുടെ രാജകുമാരാ, എനിക്കൊരു മണം വേണം. എന്റെ സ്വഭാവത്തിന് ചേരുന്ന, ചെറിയ ഒരു സുഗന്ധം.”

“കമലയ്ക്ക് പറ്റിയ ഒരു മണമുണ്ട്. പക്ഷെ അവിടെ കിട്ടുമോ എന്നുറപ്പില്ല. ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കൊണ്ട് വരാം”

ഞാന്‍ അയാള്‍ പറഞ്ഞ പേര്‍ അപ്പോള്‍ തന്നെ amazon–ല്‍ തിരഞ്ഞു. “കിട്ടിപ്പോയി, നീല കുപ്പി അല്ലേ?”
“അതേ, ലൈക്‌ യു, sensitive and sensual. എനിക്കുറപ്പാണ് അത് കമലയ്ക്ക് ചേരും”
അയാള്‍ ആ മണത്തെക്കുറിച്ച് വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ചെറിയ സുഗന്ധം ചുറ്റും പരന്നു. അതെങ്ങനെയാണ്‌ എനിക്കൂഹിക്കാന്‍ പറ്റുന്നത്? ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് സ്വയം കളിയാക്കി, പ്രാന്തിപ്പെണ്ണ്‍!!

രണ്ടു മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം അതേ മണം എനിക്കു ചുറ്റും വീണ്ടും പരന്നു. എന്റെ നീല മണം....
ഞാന്‍ മണം പിടിച്ച് ആളെ കണ്ടു പിടിച്ചു.
“ഏതു പെര്‍ഫ്യുമാ ഇത് ആമിനാ?”
“പേരോര്‍ക്കുന്നില്ല, വാപ്പച്ചി ദുബായീന്ന്‍ കൊണ്ട് വന്നതാണ്”
“ഒരു നീല നിറമുള്ള ബോട്ടിലാണോ”
“അതേ, മിസ്സിനെങ്ങനെ അറിയാ, മിസ്സിനുണ്ടോ ഇതേ പെര്ഫ്യും ? നല്ല മണം ലേ “
“എനിക്കില്ല, പക്ഷെ എങ്ങനറിയാം എന്ന് പറഞ്ഞാല്‍ നീ വിശ്വസിക്കില്ല”

ഞാന്‍ ആ നീല മണത്തിന്റെ പേരും കഥയും പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് ഒരു പോലെ അത്ഭുതപ്പെട്ടു.
അവിശ്വസിനീയമാണെങ്കിലും ആ നീല മണം എന്‍റെ മണമായത് അങ്ങനെയാണ്.

Monday, May 30, 2016

അവന്‍റെ ഓര്‍മ്മയില്‍നിന്നും



കല്യാണിയോ?

അവളായിരുന്നു പൂമാല തുന്നിയെടുത്തത്. അവള്‍ തന്നെയാണ് എന്‍റെ കയ്യില്‍ ആ പൂമാല തന്ന് അവളെ കല്യാണം കഴിക്കാന്‍ പറഞ്ഞത്. എല്ലാ കളികളും അവള്‍ തന്നെയാണ് നിശ്ചയിച്ചിരുന്നത്. അവള്‍ പറയുന്നത് ഞാനെന്നും അക്ഷരം പ്രതി അനുസരിച്ചിരുന്നു.  ചിലപ്പോള്‍ ഞാന്‍ അച്ഛനും അവള്‍ അമ്മയുമായി. ചിലപ്പോള്‍ ഞാന്‍ കച്ചവടക്കാരനും അവള്‍ വീട്ടമ്മയുമായി. കല്ലുകൊത്ത്, കിളിമാസ്, ഗോലി കളി, സാറ്റ് അങ്ങനെ പലതും ഞങ്ങളൊരുമിച്ച് കളിച്ചു. 
വിചിത്രമായ മറ്റൊരു കളിയുണ്ട്.(അവളുടെ കണ്ടുപിടുത്തം തന്നെ!)  അവള്‍ ചിലപ്പോള്‍ നരകം കളിക്കാന്‍ ആവശ്യപ്പെടും. ഞാന്‍ പാപിയും അവള്‍ ചെകുത്താനും. വാഴത്തോപ്പില്‍ കൊണ്ട് പോയി എന്നെ അവള്‍ വാഴയോട് ചേര്‍ത്ത് കെട്ടിയിടും. ഒന്നനങ്ങിയാല്‍ പൊട്ടിപ്പോകുന്ന വാഴനാരുകള്‍ക്കിടയില്‍ ഞാന്‍ കുറ്റവാളിയെ പോലെ മുഖം കുനിച്ച് നിന്നിരുന്നു. അവള്‍ വലിയ മാവിന്‍കൊമ്പൊടിച്ച് അവളുടെ ആയുധമായി പ്രഖ്യാപിക്കും. ഞാന്‍ ചെയ്ത ഓരോ കുറ്റത്തിനും ശിക്ഷയായി അവള്‍ ആ കമ്പ് കൊണ്ടെന്നെ കുത്തിനോവിക്കും.

ഞങ്ങള്‍ പിരിയുമ്പോള്‍ എനിക്ക് എട്ടു വയസ്സ്. അവള്‍ക്കൊന്‍പത്. അവളെ പിന്നീടൊരിക്കലും ഞാന്‍ കാണുകയുണ്ടായില്ല. ഇപ്പോള്‍ അവളുടെ മുഖമെനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുമില്ല. പക്ഷെ, ഉള്ളിലെ അവള്‍ ഇന്ന്‍ വളര്‍ന്ന് വലുതായി ഒരു സ്ത്രീ ആയിരിക്കുന്നു. അവളെന്നെ ഒന്ന്കൂടി അവളുടെ നരകത്തിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നെങ്കില്‍ അവളുടെ പാദസരങ്ങളില്‍ കണ്ണുകള്‍ കെട്ടിയിട്ട് അവളുടെ സ്വരം മാത്രം കേട്ട്, ഞാന്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും അവളുടെ നിഷ്ക്കളങ്കമായ ശിക്ഷകള്‍ ഏറ്റ് വാങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍?! 

കാരണം, അവളുടെ നരകം പോലൊരു സ്വര്‍ഗ്ഗം ഞാനിതുവരെയും കണ്ടെത്തിയിട്ടില്ല.

Thursday, March 31, 2016

കുഴിമാടത്തില്‍ നിന്നും

image from tumblr

ആത്മാക്കള്‍ മരിച്ചു കിടന്നിടത്ത് ഞങ്ങളിരുവരും കുറെ നേരം അവനവന്‍റെ പ്രേതത്തെ മിഴിച്ച് നോക്കിയിരുന്നു.

പ്രണയം  വാര്‍ന്നാണ് ഞാന്‍ മരിച്ചത്!!

അവനോ?
എനിക്കറിഞ്ഞു കൂടാ.

നിങ്ങള്‍ കരുതുന്ന പോലെ,
അവന്‍റെ മരണത്തിനുത്തരവാദി ഞാന്‍ ആയിരുന്നില്ല.
മരണവെപ്രാളത്തില്‍, അവന്‍ മരിച്ചതെങ്ങനെയെന്ന്‍ ഞാന്‍ കണ്ടതുമില്ല.

ആരും എന്‍റെ പ്രേതത്തെ തേടി വന്നില്ല.
വന്നിരുന്നെങ്കില്‍ കൂടി, അവനോളം എന്നെ തിരിച്ചറിയാന്‍ മറ്റാര്‍ക്കും സാധിക്കുമായിരുന്നുമില്ല.

ഇരുന്ന് മുഷിഞ്ഞപ്പോള്‍ അവന്‍ പുകവലി തുടങ്ങി.
ഇനി പുകവലിക്കില്ലെന്ന് എന്‍റെ തലയില്‍ തൊട്ട് സത്യം ചെയ്തിരുന്നു,
എനിക്ക് ചിരി വന്നു.
പക്ഷെ പുറത്ത് വന്നത് ഒരു ആര്‍ത്തനാദമായിരുന്നു.

കുലുക്കിവിളിച്ചിട്ടും അലമുറയിട്ടു കരഞ്ഞിട്ടും
മരവിച്ചു തുടങ്ങിയ ഞാനോ അവനോ അനങ്ങിയില്ല.

ചീഞ്ഞ മണം പരക്കുന്നു
അവനതാ മൂക്ക് പൊത്തുന്നു.

പുഴുവരിക്കുന്നു.
ഈച്ചപറക്കുന്നു

കാക്ക
കഴുകന്‍

അവന്‍ എപ്പോഴാണ് പോയത്?
ഇനിയീ നാറ്റം സഹിക്ക വയ്യ,


ഞാനും നടക്കട്ടെ?!

Monday, February 15, 2016

പ്രണയച്ഛിദ്രം



മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ടാണവന്‍ അതിനെ എന്നില്‍ നിന്ന് ചുരണ്ടിയെടുത്തത്,

പിന്നെ.. 
എനിക്കജ്ഞാതമായ മൌനം കൊണ്ടതിന്റെ തല ഞെരിച്ചു.

ഒന്നേ പിടഞ്ഞുള്ളു...
അടിവയര്‍ പിളര്‍ന്നു പോകുന്ന പോലെയുള്ള വേദന!

തുടയിലൂടെ വാര്‍ന്നൊഴുകുന്ന പച്ചചോര..


തുരുമ്പിന്റ്റെ പോലെ മനംപുരട്ടുന്ന ഈ ഗന്ധം-
അഴുകിത്തുടങ്ങിയ എന്‍റെ പ്രണയത്തിന്‍റെയാണ്!  

എനിക്ക് പേടിയാണ്




അന്നും ഇന്നും ഏറ്റോം ഇഷ്ടമുള്ള ഭക്ഷണം ചൂടുചോറും ചീരതോരനും വറുത്ത മത്തിയുമാണ്. അമ്മയ്ക്ക് മീനും ഇറച്ചിയും ഇഷ്ടമല്ല. എങ്കിലും ഞങ്ങള്‍ക്ക് വേണ്ടി മാത്രം വല്ലപ്പോഴും മീന്‍ മേടിച്ചിരുന്നു. മീന്‍ വെട്ടുന്നത് അച്ഛനാണ്. കറി  വയ്ക്കുന്നത് അമ്മയും. ഞായറാഴ്ച്ചകളില്‍ മാത്രമാണ് ഞങ്ങളുടെ വീടുകളില്‍ മീന്‍ എത്തിയിരുന്നത്. അമ്മ മേടിച്ചാലും ഇല്ലെങ്കിലും മീന്‍കാരന് വേണ്ടി ഞാന്‍ ഞായറാഴ്ച്ചകളില്‍ കാത്തിരിക്കുമായിരുന്നു. മീനുകള്‍ കിടക്കുന്ന ഐസായിരുന്നു എന്‍റെ കൌതുകം. 

ഞാന്‍, തണുത്ത് വിറച്ച മീനില്‍ തൊട്ടു നോക്കും. അയാള്‍ എനിക്ക് കൈവെള്ളയില്‍ ഒരു ഐസ്കഷ്ണം വച്ചു തരും. പിന്നെ എന്നെ മുട്ടിഉരുമ്മി നില്‍ക്കുന്ന ചക്കിപൂച്ചയ്ക്കും കുഞ്ഞുങ്ങള്‍ക്കും അയാള്‍ കുഞ്ഞു മീനുകള്‍ വിതരണം ചെയ്യും. ഐസ് കഷണം അലിഞ്ഞില്ലാതാവുന്നത് വരെ ഞാനത് കൈ മാറിപ്പിടിച്ച് പടിപ്പുര ചാരി പൂഴിമണ്ണില്‍ ഇരിക്കും. ഇട്ടിരിക്കുന്ന പെറ്റിക്കോട്ട് മുഴുവന്‍ നനയും. മണ്ണും വെള്ളവും കുഴഞ്ഞ്, ഉളുമ്പ് നാറുന്ന എന്നെ, വഴക്ക് പറഞ്ഞ്കൊണ്ടമ്മ കുളിപ്പിക്കും. ഈ ശീലം അധികം കാലമൊന്നും നീണ്ടില്ല, 
ഞാന്‍ മീനുകളെ വെറുത്ത് തുടങ്ങിയ ഒരു ദിവസം വന്നു.

അന്നെനിക്ക് ഏഴ് വയസ്സ്. ഞാന്‍ പതിവ് പോലെ ഐസ് പിടിച്ച് പടിപ്പുരയില്‍ ചാരി ഇരുന്നു. പെണ്ണുങ്ങളെല്ലാം വില പേശി മീന്‍ വാങ്ങിച്ച് വീടുകളിലേക്ക് തിരിച്ചു പോയി.

‘നിനക്കിനിയും ഐസ് വേണോ?”
അയാള്‍ എന്നെ അയാളുടെ അരികിലേക്ക് വിളിച്ചു.

വലിയ ഐസ് കഷ്ണത്തിനായി മീനില്‍ ചികഞ്ഞ എന്നെ അയാള്‍ ചേര്‍ത്ത് പിടിച്ചു. ഞാന്‍ കുതറി മാറാന്‍ ശ്രമിച്ചു. അയാള്‍ എന്‍റെ കൈ വിട്ടില്ല. ആരെങ്കിലും വന്നിരുന്നെങ്കില്‍... ഞാന്‍ ഉറക്കെ നിലവിളിക്കാന്‍ ശ്രമിച്ചു. അന്നേ വരെ കേള്‍ക്കാത്ത എന്തൊക്കെയോ അയാള്‍ എന്നോട് ചോദിച്ചു. ഞാന്‍ നോക്കി നില്‍ക്കെ അയാള്‍ മുഷ്ടിമൈഥുനത്തിലേര്‍പ്പെട്ടു. ഓടി രക്ഷപ്പെടാനോ മുഖം തിരിക്കാനോ അയാള്‍ എന്നെ അനുവദിച്ചില്ല.

മിണ്ടരുതെന്നയാള്‍ ആംഗ്യം കാണിച്ചു. അച്ഛനോടും അമ്മയോടും ഇത് പറയരുതെന്നയാള്‍ ഭീഷണിപ്പെടുത്തി.

പിന്നെ അയാള്‍ അത് വഴി വന്നില്ലെങ്കിലും, മീന്‍ വരുന്ന സൈക്കിള്‍ മണി കേള്‍ക്കുമ്പോള്‍ ഞാന്‍ ഓടി അകത്തെ മുറിയില്‍ ഒളിച്ചിരുന്നു.

............................

ഇന്ന് ഉണ്ണിയെ ഞാന്‍ കണ്ണിന്‍വെട്ടത്ത് നിന്ന്‍ മാറാന്‍ അനുവദിക്കില്ല.
വീട്ടില്‍ അവന്‍റെ സുഹൃത്തുക്കളായ മുതിര്‍ന്ന ആണ്‍കുട്ടികള്‍ വരുന്നത് ഞാന്‍ വിലക്കിയിട്ടുണ്ട്.
രാത്രി ഉറങ്ങുമ്പോള്‍ ഞാന്‍ ലൈറ്റ് കെടുത്താറില്ല.
ഉറക്കത്തില്‍ ദേഹത്ത് തൊടരുതെന്ന് കര്‍ശനമായി ഞാന്‍ വിലക്കിയിട്ടും ഒരു രാത്രി എന്നെ തൊട്ടപ്പോള്‍, ‘എന്നെ ഒന്നും ചെയ്യല്ലേ’ എന്ന് ഞാന്‍ ഉറക്കത്തില്‍ ഏങ്ങലടിച്ചു കരഞ്ഞുവെന്ന് ഉണ്ണീടെയച്ഛന്‍ പറഞ്ഞിട്ടുണ്ട്.


ഇപ്പോഴും എന്‍റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്,
“നശിപ്പിക്കും ഞാന്‍ എല്ലാം. നിന്നെ എല്ലാവരും വെറുക്കും. വീട്ടില്‍ നിന്ന് ഇറക്കിവിടും.”


എനിക്ക് പേടിയാണ്- സ്നേഹിക്കാന്‍,
എനിക്ക് പേടിയാണ്- ഇരുട്ടത്ത് ഉറങ്ങാന്‍,
എനിക്ക് പേടിയാണ് - എന്‍റെ ഉള്ളിലെ ആ ദുഷ്ടമൃഗത്തിനെ.
ഞാന്‍ പച്ചമീനിനെ വെറുത്തു.
ഉളുമ്പ് മണം വെറുത്തു.
അമ്മയോടും അച്ഛനോടും ഒരിക്കലുമിത് ഞാന്‍ പറഞ്ഞിട്ടുമില്ല.


എനിക്ക് പേടിയാണ് എന്ന് ഏങ്ങലോടെ കരയുമ്പോള്‍, നീ അറിയുക എനിക്കപ്പോള്‍ ഏഴ് വയസ്സാണ്. എന്‍റെ കൈകള്‍ അയാളുടെ മുഷ്ടികള്‍ക്കിടയിലാണ്.
എത്ര ശ്രമിച്ചിട്ടും പുറത്ത് വരാതെ തൊണ്ടയില്‍ കുരുങ്ങിയ ഒരു വലിയ കരച്ചിലാണ് എന്‍റെയീ പേടി.

ആ പേടിയാണ് ഇടയ്ക്കിടെ ഉണര്‍ന്നിരുന്ന് വിതുമ്പുന്നത്...

Tuesday, January 12, 2016

ഹവ്വ



എന്താണ് ഈ ഹവ്വ അമ്മച്ചി എപ്പോഴും ഉറക്കെ ചീത്ത വിളിച്ചു കൊണ്ടിരിക്കുന്നത്?

ഉണ്ണിയ്ക്കെല്ലാത്തിനും കാരണം അറിയണം. 

രാവിലേ അയല്‍വക്കത്തെ അമ്മച്ചി തെറി വിളി തുടങ്ങിയിരിക്കുന്നു. അപ്പുറത്തെ കോഴി അവരുടെ പുരയിടത്തില്‍ കാഷ്ടിച്ചതാണ് ഇന്നത്തെ പ്രശ്നം. . 

“അതേ, ഞങ്ങടെ നാട്ടിലിതിനു ചിന്നന്‍ എന്ന്‍ വിളിക്കും, പ്രായാവുമ്പോ വരണ പ്രാന്താ, ഒരു ചികിത്സേം ഇല്ല. നേരെ നില്‍ക്കൂ ഉണ്ണീ.. ടൈ കെട്ടട്ടെ!!”

“അതെന്താ അമ്മച്ചിക്ക് മാത്രം ഇങ്ങനൊരു ചിന്നന്‍?”, ചെക്കന്‍ വിടണ മട്ടില്ല.

 “അമ്മച്ചിക്ക് ആരൂല്ല. പണ്ട് പണ്ട് ഉണ്ണീടെ അപ്പൂപ്പനും അമ്മൂമ്മയും ഈ വീട് വക്കണേ മുന്‍പ്, അമ്മൂന്റെം അമ്പാടിയുടെം കാര്‍ത്തൂന്റേം  ഒക്കെ വീട് വയ്ക്കണേ മുന്‍പ്, ഈ നാട്ടില്‍ ആദ്യായിട്ട് വീട് വച്ചത് ഈ അമ്മച്ചീം, അമ്മച്ചിയുടെ ഭര്ത്താവുമായിരുന്നു. ആദ്യം വന്ന അമ്മച്ചി എന്ന പേരില്‍ ആള്‍ക്കാര് കളിയാക്കി വിളിക്കണതാണ് ഹവ്വ അമ്മച്ചിയെന്ന്‍. ഉണ്ണി, അമ്മച്ചി എന്ന്‍ മാത്രം വിളിച്ചാ മതീട്ടോ.പാവം അമ്മച്ചി, ഭര്‍ത്താവ് മരിച്ചപ്പോ ഒറ്റയ്ക്കായി. ഒറ്റയ്ക്കായവര്‍ ആരോട് മിണ്ടും? ഒറ്റയ്ക്കല്ലാത്തവര്‍, അവരോട് മിണ്ടില്ല താനും. അപ്പൊ അവര്‍ കാക്കയോടും പൂച്ചയോടും കോഴിയോടും മിണ്ടും. ചിലപ്പോ പിണങ്ങും. പിന്നെ ദേഷ്യപ്പെടും. അത് ചിലപ്പോ ഉറക്കെയായി പോവും ന്ന് മാത്രം.ഒറ്റയ്ക്കാകുമ്പോ, നമ്മളും ചിലപ്പോ ഇങ്ങനെയൊക്കെ തന്നെയായി പോവും.നിന്‍റെ അമ്മയ്ക്ക് ഇപ്പൊ തന്നെ പ്രാന്താ.. അപ്പൊ പ്രായാവുമ്പോ ചിന്നനൂടെ ആവുമ്പോ നല്ല രസമായിരിക്കും!!”

ഞങ്ങള്‍ രണ്ടാളും കൂടി ചിരിച്ചു.

 ********************************************************************************************
 എന്നും എന്നെ കാണുമ്പോ ഹവ്വ അമ്മച്ചിയുടെ പതിവ് ചോദ്യമുണ്ട്, “സമയം എത്രയായി മോളെ ?”പത്ത് വര്ഷം അയല്‍വക്കത്തുണ്ടായിട്ടും എന്നോട് അവര്‍ ഒരിക്കല്‍ പോലും മുഷിഞ്ഞ് സംസാരിച്ചിട്ടില്ല. എന്നും ഒരു വലിയ പുഞ്ചിരിക്കൊപ്പം കൃത്യസമയം ഞാന്‍ പറഞ്ഞു പോരുന്നു. 

ബസ് പിടിക്കാനായി ഇടവഴിയിലൂടെയുള്ള ഇന്ന് രാവിലത്തെ ഓട്ടത്തില്‍ മുള്ള് വേലിയില്‍ കുരുങ്ങിയ എന്‍റെ സാരിത്തുമ്പ്‌ സൂക്ഷിച്ച് ഊരിയെടുക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു.. “എന്തൊരോട്ടാ ഇത്, ങാ, ഓടിക്കോ ഓടിക്കോ..” 

വീണ്ടും ഒരു ലോഡ് പാല്‍പുഞ്ചിരി അവിടിറക്കി, ഞാന്‍ ഓട്ടം തുടര്‍ന്നു. 

അല്ലേലും എന്‍റെയീ ഓട്ടം എങ്ങട്ടെയ്ക്കാ.. ഓടി ഓടി ഒടുവിലൊരു ഹവ്വ അമ്മച്ചിയാവാന്‍..