Sunday, December 28, 2008

കുഞ്ഞുങ്ങള്‍

ഡോ.സരോജ , പ്രശസ്തയായ ഗൈനകോളജിസ്റ്റ് !
അമ്മയുടെ സുഹൃത്ത് , എന്‍റെ മോനേ രക്ഷിച്ചത് അവരാണ് .
ഡോക്ടര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനും മോനും ഇന്നില്ലായിരുന്നെനെ !

എന്ത് സുന്ദരിയാണിവര്. വിരല്‍ തുമ്പുകള്‍ റോസാ ദളങ്ങള്‍ പോലെ , ഞാന്‍ കൊടുക്കുന്നത് 100 രൂപ , അങ്ങനെ എത്ര പേര്‍ ഒരു ദിവസം ? ഒരു മാസം ? ആസ്പത്രിയില്‍ നിന്നും വേറെ ! എത്ര വരും annul income ! അവര്‍ക്ക് മുന്നിലിരിക്കെ ഞാന്‍ ഡോക്ടര്‍മാരുടെ വരവ് ചിലവുകള്‍ കണക്കു കൂട്ടി .

ഡോക്ടര്‍ മരുന്ന് കുറിക്കുന്നു . അടുത്തിരുന്നിരുന്ന എന്റെ അമ്മ ചോദിച്ചു ,

'മോള്‍ടെ കല്യാണം എവിടെ വരെ ആയി ഡോക്ടര്‍ ?'

ഡോക്ടര്‍ മന്ദഹസിച്ചു .
'ഇന്നലെ സ്വര്‍ണം എടുക്കാന്‍ പോയിരുന്നു , ചെറുക്കന്റെ അച്ഛനും അമ്മയും പെങ്ങളും ഉണ്ടായിരുന്നു , അവള്‍ സന്തോഷവതിയായിരുന്നു ',പക്ഷേ ... '

ഒരു ദീര്‍്ഘ നിശ്വാസത്തിനു ശേഷം ഡോക്ടര്‍ തുടര്‍ന്നു,

'പണ്ട്‌ മോള്‍ക്ക് രണ്ടു മൂന്നു വയസ്സ് പ്രായമുള്ളപ്പോള്‍ ഞാന്‍ ഹോസ്പിറ്റലില്‍ പോകുമ്പോള്‍ അവള്‍ ചോദിക്കുമായിരുന്നു , "അമ്മ പോവാണോ ", ആ കണ്ണുകള്‍ എനിക്കിപ്പോഴും ഓര്‍മയുണ്ട് , ഞാന്‍ പോകുന്നതിനോ വരുന്നതിനോ സമയ നിഷ്ഠ വല്ലതുമുണ്ടോ ?, അവള്‍ പരാതിപ്പെട്ടില്ല , പരിഭവിച്ചില്ല , എന്നെ മനസ്സിലാക്കാന്‍ അവള്‍ നന്നേ ചെറുപ്പത്തിലെ ശ്രദ്ധിച്ചിരുന്നു ,
പക്ഷെ ഇന്നലെ ജ്വല്ലറിയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് മൊബൈലില്‍ കാള്‍ വന്നു , ഒരു എമര്‍ജന്‍സി കേസ് , ഇരട്ട കുട്ടികള്‍ , pain ഉണ്ടത്രേ , പോവാതിരിക്കാന്‍ വയ്യ , ഞാന്‍ മോളോട് പറഞ്ഞു ,

"എല്ലാരും ഉണ്ടല്ലോ അമ്മ പോട്ടെ ?" അവള്‍ ചോദിച്ചു
"അമ്മ പോവാണോ ?"

ആ കണ്ണുകള്‍ , അതിനിപ്പോഴും 3 വയസ്സ് തന്നെ , സാവിത്രീ , എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല , ഈ കൈകള്‍ എത്ര കുഞ്ഞുങ്ങളെ എടുത്തിരിക്കുന്നു , എന്റെ കുഞ്ഞിനെ മതിയാവോളം എടുക്കാന്‍ എനിക്കായിട്ടില്ല '

ഡോക്ടറുടെ കണ്ണുകള്‍ നിറഞ്ഞു , അവിടിരുന്ന എന്‍റെയും അമ്മയുടെയും , എന്ത് പറഞ്ഞാലും അതിന് ആശ്വാസ വാക്കാവില്ല .

അവിടെ നിന്നിറങ്ങിയിട്ടും ആ കണ്ണിണകള്‍ മുന്നില്‍ കാണുന്നത് പോലെ .....

Tuesday, December 16, 2008

അപ്പൂപ്പന്‍ താടി

ഇന്നലെ സന്ധ്യയ്ക്ക്‌ വീട്ടിലേയ്ക്ക് തിരികെ വരുന്ന വഴിയില്‍ ഒരു പുല്ലില്‍ കോര്‍ന്നു കിടന്ന അപ്പുപ്പന്‍് താടി , കണ്ട മാത്രയില്‍ അതെന്നെയും ഞാനതിനെയും നോക്കി ചിരിച്ചു , ഞാനതിനെ കയ്യിലെടുത്തു . ഉണ്ണിക്ക് കൊടുക്കാം , മനസ്സില്‍ കരുതി . കയ്യില്‍ കണ്ടാല്‍ നാട്ടാരെന്തു കരുതും ? അവന് വാങ്ങിയ കപ്പലണ്ടി മുട്ടായിയുടെ കൂടെ ഞാനതിനെ ഇട്ടു .

എന്നത്തെയും പോലെ ഉണ്ണി ഗേറ്റില്‍ കാവലുണ്ട് , ഞാന്‍ ഓടി ചെന്നു പറഞ്ഞു ,

'ഉണ്ണീ ഇന്നമ്മ ഉണ്ണിക്കെന്താ കൊണ്ടുവന്നിരിക്കണെന്നറിയൊ ?എനിക്കപ്പോ അവനൊപ്പം പ്രായം ', രണ്ട് വയസ്സ് !'

ഞാന്‍ പ്ലാസ്റ്റിക് കവറില്‍ നിന്നും അപ്പൂപ്പന്‍ താടിയെ സൂക്ഷിച്ചെടുത്തു . പക്ഷെ അത് അപ്പോഴേയ്ക്കും താറു മാറായി പോയിരുന്നു .

ഞാനതിനെ പറത്താന്‍ ശ്രമിച്ചു , അത് ജീവനില്ലാത്ത പ്രേതം കണക്കെ താഴോട്ട് വീണു .

ഞാതിനെ കൊന്നുവോ ? അതോ ആയുസ്സോടുങ്ങി അത് മരിച്ചതോ ?

ഉണ്ണി കപ്പലണ്ടി മുട്ടായി കണ്ടു പിടിച്ചു , അവനതെടുത്ത് അകത്തേക്കോടി .

'വേണ്ടിയിരുന്നില്ല , ഇതാ പുല്ലില്‍ തന്നെ നിന്നാല്‍ മതിയായിരുന്നു . പാവം അപ്പൂപ്പന്‍ താടി !'.

Tuesday, November 25, 2008

'ന സ്ത്രീ ...... : '

ടീച്ചറെ , ഓച്ചിറ വിളക്കിന് പോണില്ലേ ?

കുശലം ചോദിച്ചതായിരുന്നു , പക്ഷെ അത് നെന്ചില്‍് കൊണ്ടു , ഉള്ളിന്‍റെ ഉള്ളില്‍ വര്‍ഷങ്ങളായി നീറുന്ന ഒരു മോഹമാണ് ഒരു ഉല്സവത്തിന് പോകണമെന്ന് .

25 വര്‍ഷം പൂരത്തിന്റെ സ്വന്തം നാട്ടില്‍ ജീവിച്ചിട്ട് ഒരു കൊച്ചു പൂരം പോലും കാണാന്‍ അച്ഛന്‍ കൊണ്ട് പോയിട്ടില്ല .

ഇപ്പോളിതാ ഭര്‍ത്താവും അങ്ങിനെത്തനെ , ചുരുക്കി പറഞ്ഞാല്‍ ഇന്നേ വരെ ഒരു പൂരമോ പെരുന്നാളൊ കാണാന്‍ യോഗമുണ്ടായിട്ടില്ല .

സുരക്ഷയെ കരുതിയായിരിക്കുമെന്നു സ്വയം സമധാനിപ്പിച്ചു .

ഇനി ഒരേ ഒരു പ്രതീക്ഷയെ ഉള്ളു , മോന്‍ വലുതാകുമ്പോള്‍ അമ്മയെ കൊണ്ടു പോകുമായിരിക്കും , അതോ ഇനി അവള്‍ പറയുമോ ' എന്തിനാ എപ്പഴും നിങ്ങള്‍ അമ്മയെക്കൂടി ...'

'ന സ്ത്രീ ...... : '

Wednesday, November 19, 2008

അമ്മമാരേ ഇതിലെ ...

"വൃശ്ചികത്തില്‍ വേവുന്ന ഗര്‍ഭ പാത്രങ്ങള്‍ " കഴിഞ്ഞ ദിവസത്തെ ദേശാഭിമാനി സ്ത്രീ യില്‍ വന്ന ഒരു ലേഖനം ആയിരുന്നു. എത്ര പേര്‍ ഇതു കണ്ടെന്നറിയില്ല , ആ തലക്കെട്ട് എന്നെ എന്തോ ആകര്‍്ഷിച്ചു.

'"ഈ വൃശ്ച്ചികത്തില്‍് വേവുന്നത്‌ ഗര്‍ഭ പാത്രങ്ങളാണ് . ഹോര്‍മോണ്‍ ഗുളികളുടെ അനിയന്ത്രിതമായ ഉപയോഗം കൊണ്ട് പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വം . മണ്ഡല കാലത്ത് മലയ്ക്ക് പോകുന്ന അച്ചന്, ആങ്ങളയ്ക്ക് , മകന് ഒക്കെ വേണ്ടി സ്വന്തം മാസമുറയുടെ മുറ തെറ്റിക്കാന്‍ തയ്യാറാവുന്ന സ്ത്രീകള്‍ . ഒരു കണക്കുമില്ലാതെ ആര്‍ത്തവം മാറി നില്‍ക്കാന്‍ ഗുളികകള്‍ മാസങ്ങളോളം വാങ്ങി കഴിക്കുന്നവരുടെ എണ്ണം കൂടി വരുന്നു ."

പിന്നീടുണ്ടാകുന്ന പാര്‍ശ്വ ഫലങ്ങള്ക്ക് ചികില്‍സ്സിക്കേണ്ടി വന്ന ഡോക്ടര്‍. ഡി ഷീല തന്‍റെ അനുഭവത്തില്‍ നിന്നും എഴുതിയിരിക്കുന്നു .


"ബോധവല്‍ക്കരിക്കാനുള്ള ശ്രമത്തിനു മുമ്പില്‍ കനത്ത പ്രതിരോധമാണ്‍് , അടുക്കളയില്‍ ഞാന്‍ മാത്രമെ ഉള്ളു , അവര്‍ക്ക് വച്ചു വിളമ്പി കൊടുക്കണ്ടേ ?"


കല്യാണത്തിനും പരീക്ഷകള്‍ക്കും വേണ്ടി ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ച കൂട്ടുകാര്‍ എനിക്കുമുണ്ട് .
ഏറെ പ്രശ്നങ്ങള്‍ ഇതു മൂലം സംഭവിക്കാം . ഈ ലേഖനത്തില്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ ത്രിപ്പൂത്താറാട്ടിനെ പറ്റിയും പറയുന്നുണ്ട് , ഈ അടുത്താണ് ഞാനും ഇതിനെ പറ്റി കേട്ടത് .


ലേഖനം ഇങ്ങനെ അവസാനിക്കുന്നു
"ദേവിക്കുള്ള ആര്‍ത്തവം പോലെ ത്തന്നെ ശ്രേഷ്ഠ്മാണ് ഓരോ സ്ത്രീയ്ക്കും ആര്‍ത്തവ കാലം . ഗാര്‍ഹിക ആവശ്യത്തിനു വേണ്ടിയായും ഭക്ത്തിയുടെയോ വിശ്വാസത്തിന്റെയോ പേരിലായാലും സ്വന്തം ഗര്‍്ഭാശയത്തെ പീടിപ്പിക്കാനുള്ള ഒരവകാശവും സ്ത്രീക്കില്ല . ഒരു വ്രതത്തിനും വേണ്ടി വേവിക്കാനുള്ളതല്ല സ്ത്രീയുടെ ഗര്‍ഭ പാത്രം "


അമ്മമാരെ സാധിക്കുമെങ്കില്‍ ഈ ലേഖനം വായിക്കണം .

Monday, November 10, 2008

പറയാനുള്ളത്

"ഏട്ടാ , പാലിന്റെ പൈസ ....."

"രാവിലെ പൈസ കാര്യം സംസാരിക്കരുതെന്ന് പറഞ്ഞിട്ടില്ലേ ......@#$%, ഇന്നത്തെ എന്റെ ദിവസം കളഞ്ഞു "


"ഏട്ടാ , അതേ ......."

"*&^%$ ,ന്വൂസിന്റെ സമയത്താ അവളുടെ *&%^&*"

"ഏട്ടാ ,......"

"ഞാന്‍ കഴിക്കുന്നത് കണ്ടില്ലേ ? തിന്നാനും സമ്മതിക്കില്ല "


"ഏ......."

"ചുമ്മാ ചോറിയാനാണെല്‍് വേണ്ടാ "


"എ ...."[അല്ലെ വേണ്ട ....]

"..........."


അങ്ങിനെ പറയാതിരുന്നതും കേള്‍ക്കാതിരുന്നതും കേട്ടിട്ടും കാണാതിരുന്നതുമായ എത്രയോ കാര്യങ്ങള്‍ ! കിലുക്കാം പെട്ടിയെന്നു ചെല്ലപ്പേരുള്ള കല്യാണിയുടെ ശബ്ദം ഞാന്‍ ക്ലാസ് മുറിയില്‍ മാത്രം കേട്ടു. ഇതിനെന്താ ഒരു പോം വഴി ? ഞാനൊരു ഐഡിയ ഇട്ടു . കല്യാണിക്ക് പറയാനുള്ളത് ഒരു പുസ്തകത്തില്‍ എഴുതി വയ്ക്കുക . ശ്രീമാന്‍ സമയമുള്ളപ്പോള്‍ വായിക്കട്ടെ !

പഴയ പുസ്തകത്താളുകള്‍ തുന്നി ക്കെട്ടി കല്ലു തുടങ്ങി ......

10-11-08
.................

ഇന്നു സന്ധ്യയ്ക്ക്‌ ഞാന്‍ പച്ചക്കറി ക്കടയില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ സുജ അപ്പച്ചി അതിലെ വന്നു . എല്ലാരേം അന്വേഷിച്ചെന്നു പറയാന്‍ പറഞ്ഞു.

പച്ചക്കറിക്കെന്തൊരു വിലയാണ് ? പൊള്ളുന്ന വില , 50 രൂപ കിറ്റ് രണ്ടാള്‍ക്കുള്ള സാമ്പാറിന് തികയില്ല .

ഇന്നു ഉച്ചയ്ക്ക് ചൊറുണ്ടോണ്ടിരിക്കുമ്പോ ദീപ ടീച്ചര്‍ പറഞ്ഞു . 'അധികം വൈകാതെ അമ്മ വാഴയില തോരന്‍ വച്ചു തരും , പറമ്പിലെ പയറിനും ചെമ്പിനും ഇനി ഇലയൊന്നും ശേഷിപ്പില്ല .' :)

അനൂപ് മാഷിന്റെ അവിയല്‍ വാരിക്കൊണ്ട് ആനി മാഷിനെ വാരി ' ഈ തീ പിടിച്ച സമയത്ത് അവിയല്‍ വച്ച മാഷിനെയും കുടുംബത്തെയും സമ്മതിക്കണം .'

സീത ടീച്ചര്‍ ഒരു കൂട് ലൂബിക്ക കൊണ്ടു തന്നു , ഞാനത് ഉപ്പിലിട്ടു , ഹായ് ഓര്‍ക്കുമ്പോ വായില് വെള്ളം വരണു. ഏട്ടന് ഇഷ്ട്ടല്യാ ന്നറിയാം , എനിക്കിഷ്ടാ ട്ടോ .

രാത്രി മരുന്ന് കഴിക്കാന്‍ മറക്കണ്ടാ ...

രാവിലെ നേരത്തെ എണീക്കണം


11 - 11 - 08
.....................

'ഏട്ടാ ...... എണീക്കൂ നേരം വൈകീ .... ഇന്നും എനിക്ക് ബസ് മിസ്സും .'

Wednesday, November 5, 2008

ജീവിക്കാന്‍ കാരണം

"എന്ത് പറ്റി ? കല്യാണിയുടെ മുഖത്തൊരു മ്ലാനത ?" [അദ്ദേഹം എന്റെ സുഹൃത്തും സഹ പ്രവര്‍്ത്തകനുമാണ്]

"അത് , മാഷേ ഇനി ജീവിക്കാന്‍ ഒരു കാരണവും ഇല്ലാത്തത് പോലെ ! "

"എന്തെ അങ്ങിനെ തോന്നാന്‍, നിരാശ ?"

"നിരാശ എന്ന് പറയാമോ എന്നെനിക്കറിയില്ല ? ഒരു വലിയ ആഗ്രഹമായിരുന്നു അനിയത്തിയുടെ വിവാഹം കഴിഞ്ഞു കാണാന്‍ , എല്ലാം ഭംഗിയായി നടന്നു , അവളെ അയാള്‍ കണ്ണിലെ കൃഷ്ണമണി പോലെ നോക്കും . അതിലെനിക്ക് സന്തോഷം ഉണ്ട് , പക്ഷെ ഒത്തിരി കാലം മനസ്സില്‍ കൊണ്ടു നടന്ന മോഹം സമാപ്തിയിലെതിയപ്പോള്‍് ഇനി ജീവിക്കാന്‍ കാരണം ഒന്നും ഇല്ലാത്തത് പോലെ . ഇനി എന്തിനാ ? സ്വപ്നങ്ങളില്ലാതെ എന്ത് മനുഷ്യ ജീവിതം ? എന്തേ എനിക്ക് പറ്റിയത് ? "

"ഓ , ഇതിത്ര പരിഭ്രമിക്കാനില്ല . it happens when your wish become an obsession ! ഒരിക്കല്‍ 23 സപ്ലി അടിച്ചവന്‍ അവന്റെ 23ആമത് പേപ്പറും കിട്ടിയതിനു ശേഷം എന്നെ വിളിച്ചു, അവന്‍ ഫോണിലൂടെ കരയുകയായിരുന്നു , മാഷേ ഇനി ഞാന്‍ എന്തിനാ ജീവിക്കണേ എന്ന് ചോദിച്ചു . ഒന്നോര്‍ത്തു നോക്ക് അവന്റെ സങ്കടം ."

"വേറാരേക്കാളം എനിക്ക് മനസ്സിലാക്കാന്‍ പറ്റും അയാളെ! അപ്പൊ സാരല്ല്യാ ലെ , കുറച്ചു കഴിയുമ്പോ മാറിക്കോളും എന്ന് പ്രതീക്ഷിക്കാം !" .

Thursday, August 14, 2008

കന്യാസ്ത്രീ മഠം

"കേട്ടൊ മാളോരെ, ഒരു കന്യാസ്ത്രീ ആത്മഹത്യ ചെയ്തെന്ന് ", കുഞ്ഞുറുമ്പ്‌ കല്യാണിയെ പത്രം കാണിച്ചു.

കല്യാണി എന്തും ഏതും വായിക്കും, പക്ഷെ പത്രം, ഇല്ലേ ഇല്ല. പീഡനം, മരണം, ആത്മഹത്യ,കൊലപാതകം, പിഞ്ചു കുഞ്ഞു വെള്ളത്തില്‍ വീണു മരിച്ചു....എന്തിനാ വേറുതെ ? ഇതൊന്നുമില്ലാത്ത ഒരു സാങ്കല്പ്പിക ലോകം സൃഷ്ടിച്ച്‌ അതില്‍ ഒതുങ്ങികൂടാനാണ് കല്ലൂനിഷ്ടം.


കുഞ്ഞുറുമ്പ്‌ നിര്‍്ബന്ധിച്ചു . അവള് വാര്‍ത്ത വായിച്ച് നെടുവീര്‍പ്പിട്ടു !

കല്ലുന്റെ ജീവിതത്തിലെ നല്ല ഭാഗവും കന്യാസ്ത്രീ മഠത്തിലായിരുന്നു. 18 വര്ഷം! ശൈശവവും, ബാല്യവും പിന്നെ കൌമാരവും. ബാല്യകാല സ്മരണകളെന്നു വിശേഷിപ്പിക്കാന്‍ കാര്യമായി ഒന്നുമില്ല്. നാല് ചുമരുകള്‍ക്കുള്ളില്‍ എന്ത് ബാല്യം ! ഒരിടെഒട്ടും ദഹിക്കാതുമിരുന്ന പിന്നെ ദഹിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇതു വരെ ദഹിക്കാതുമിരുന്ന ചില അനുഭവങ്ങള്‍കുഞ്ഞുറുമ്പിനോടു പറയട്ടെ ?

ഒരിക്കല് കൂട്ടുകാരിയുടെ കൈപിടിച്ചു നടന്നതിന് അധ്യാപിക കൂടിയായ കന്യാസ്ത്രീ കല്ലൂനോടാക്രോശിച്ചു.

"നിനക്കിത്രേം അസുഖമാനേ ഒരു boy friend നെ തരാക്കാന്‍ അച്ചനൊട്പറയൂ."

കല്ലു ഞെട്ടി. കൈ വിട്ടു. പക്ഷെ അവർ പറഞ്ഞതിന്റെi അർത്ഥം മനസ്സിലായില്ല. അന്ന് കല്ലൂന്‌ 12 വയസ്സ്‌.


ഇതേ കന്യാസ്ത്രീ ക്ലാസ്സിൽ ശ്രദ്ധിക്കാത്തതിന്‌ ഒരു പെൺകുട്ടിയോടിങ്ങനെ പറഞ്ഞു.


"അമ്മ cable T V യിൽ എത്ര blue film കണ്ടൂന്നാണൊ നീ ചിന്തിക്കുന്നത്‌?"
[ അന്ന് വൈകീട്ട് blue film എന്താന്നറിയാൻ ചെന്ന കല്ലൂനെ അമ്മ ഓടിച്ചു വിട്ടു .'ഇതൊക്കെ എവിദെന്ന് കിട്ടണതാവോ പെണ്ണിന് ' അമ്മ പ്രാകുന്നത് കല്ലുവഴിയേ കേട്ടു. ]


പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ ഇതിന്റെയെല്ലാം പൊരുൾ കല്ലൂന്‌ മനസ്സിലാവുന്നത്‌.

"കല്യാണി ഇത്ര നല്ല കുട്ടിയാണെന്നു എനിക്ക്‌ അറിയൂലായിരുന്നു." കല്ലൂന്റെ സഹമുറിയത്തി നീണ്ട 2 വർഷത്തെ സഹവാസത്തിനു ശേഷം മനസ്സ്‌ തുറന്നു. [അതിന്‌ എന്നെ നിങ്ങൾ mind ചെയ്തിട്ട്‌ വേണ്ടെ? ] "ആരോടും ചോദിച്ചില്ലേൽ ഞാനൊരു സത്യം പറയാം. കല്യാണി ഹോമോയാണെന്നാ പെങ്കുട്ട്യോളൊക്കെ പറേണെ! "കല്ലൂന്‌ കാര്യം പിടി കിട്ടീല്യ.

അവൾ ഉറ്റ സുഹൃത്തായ മരിയയെ സങ്കടം ബൊധിപ്പിച്ചു. അപ്പോഴാണ്‌ തനിക്കജ്ഞാതമായിരുന്ന വേറൊരു ലോകത്തെക്കുറിച്ച്‌ കല്ലു മനസ്സിലാക്കുന്നത്‌.

ഹോസ്റ്റലിൽ മറ്റൊരാളുടെ മുറിയിൽ കയറുന്നത്‌,വേറൊരാളുടെ കട്ടിലിരിക്കുന്നത്‌ , കൈ പിടിക്കുന്നത്‌ ... എല്ലാംനിഷിദ്ധമായിരുന്നു.

അവർ എന്തിനാണ്‌ ഇങ്ങനെ ചിന്തിക്കുന്നത്‌? എങ്കിൽ തന്നെ എട്ടും പൊട്ടും തിരിയാത്ത ബാലികമാരോട്‌ ഇങ്ങനെ പറയാമൊ? പ്രകൃത്യാലുള്ള വികാരങ്ങളെ തടുത്തുn വയ്ക്കുമ്പോൾ സംഭവിക്കുന്ന വിഭ്രാന്തിയാണൊ ഇതിനെല്ലാം കാരണം?

കല്ലു കുഞ്ഞുറുമ്പിന്റെ നേരെ തിരിഞ്ഞു.

"കുഞ്ഞുറുമ്പെ , ഇനി ഈ വക വർത്തമാനവുമായി ന്റെ അടുത്ത് വരരുത്‌.

കല്ലു ആ പത്രം ഗോവണിയുടെ അടിയിൽ കൊണ്ട്‌ അടുക്കി വച്ചു. 'നാലു മാസായിട്ടുള്ള പത്രം ഇരുപ്പുണ്ട് .അടുത്ത ദിവസം തന്നെ മാധവേട്ടെന്റെ കടേല്‍ കൊടുത്ത് പൈസ വാങ്ങണം,' കല്ലു തീരുമാനിച്ചു.

Friday, June 27, 2008

ഒന്നാം ക്ലാസ്സിലെ എഞ്ചിനീയർ

കല്യാണിയുടെ ഒന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസം. ആദ്യത്തെ പീരീഡ്‌. പുതിയ അലുമിനിയം പെട്ടിയും വാട്ടർ ബോട്ടിലും കുടയുമെല്ലാം കല്ലു ബഞ്ചിനു പുറകിലുള്ള ജനാലയില്‍ ചാരി വച്ചു. പൊക്കമുള്ള പെങ്കുട്ട്യോള്‌ പുറകിലെ ബഞ്ചിലിരിക്കണമെന്നാണ്‌ ചട്ടം. അസംബ്ലിക്കും അങ്ങിനെ തന്നെ. എല്ലാ കുട്ട്യോളും വലിയ വായിൽ പ്രയർ പാടുമ്പൊള്‍ പുറകിൽ നിന്ന് ജനാലകൾക്കപ്പുറത്തുള്ള മദിരാശി മരങ്ങള്‍ പെയ്യുന്നത് കണ്ട് നില്ക്കാനാണ് കല്ലുവിനിഷ്ടം.
യുകെജി യും അതേ സ്കൂളില്‍ പഠിച്ചത് കൊണ്ട് കല്ലുന് ആദ്യ ദിവസത്തെ പേടിയൊന്നും തോന്നിയില്ല. രാവിലത്തെ പ്രയറും കഴിഞ്ഞ്‌ [ഇടവപ്പാതി തകർക്കുന്നത്‌ ആസ്വദിച്ച്‌] പുതിയലോകത്തിന്റെ കലപിലയിൽ കല്ലു അലിഞ്ഞിരിക്കുമ്പോള്‍ ക്ലാസ് ടീച്ചറായ സിസ്റ്റർ [കന്യാസ്ത്രീ] ക്ലാസ്സിലേക്ക് കയറി വന്നു. വലിയ ചൂരല്‍ കൊണ്ട് മേശയില്‍ രണ്ടടി. കുട്യോളെല്ലാം ചാടി എണീറ്റ് ഈണത്തില്‍ ‘ഗുഡ്മോര്ണിംഗ് സിസ്റ്റര്‍’ പാടി. ഒരു ഒന്നാം ക്ലാസ്സുകാരിക്കു വായിൽ കൊള്ളാത്ത ഒരു പേരായിരുന്നു സിസ്റ്ററിന്‌. ഓര്‍ത്തെടുക്കാന്‍ പറ്റണില്ല ഇപ്പൊ.
സിസ്റ്റര്‍ ഹാജെരെടുത്തു. ഒരോരുത്തരെയായി എഴുന്നേൽപ്പിച്ച്‌ നിർത്തി പേരും സ്ഥലവും ചോദിച്ചു. കൂടെ മറ്റൊരു ചോദ്യം "വലുതാവുമ്പൊ ആരാവണം? ".

“ആരാവണം????” [കുഴഞ്ഞില്ലെ!] കല്ലു തന്നോട്‌ തന്നെചോദിച്ചു.
"ഡോക്ടർ, എഞ്ചിനീർ,ഡോക്ടർ, എഞ്ചിനീർ......" കുട്ട്യൊള്‌ ഉറക്കെ ഉറക്കെ ഒന്നിന് പുറകെ ഒന്നായി എണീറ്റ് നിന്ന് പറയാൻ തുടങ്ങി. ഡോക്ടറിനെ കല്ലുവിനറിയാം. എപ്പൊ ഉവ്വാവു വന്നാലും അമ്മ കല്ലൂനേം അനിയത്തിയേയും കൊണ്ട് പോണത് ഡോക്ടർടെ അടുത്തേക്കാണ്‌. പക്ഷെ ഈ എഞ്ചിനീർ എന്ത്ന്നാന്ന് കല്ലുവിന്‌ അറിഞ്ഞൂട.
കല്ലൂന്റെ ബഞ്ച്‌ എത്താറായി. നെഞ്ച് പട പടാ ഇടിക്കുന്നു. അപ്പൊഴാണ്‌ അടുത്തിരിക്കുന്ന സോഡാ ചോദിച്ചത്‌, [ സോണ എന്നായിരുന്നു യഥാര്ത്ഥ് പേര്. എന്നാലും സോഡാ എന്നേ എല്ലാരും വിളിക്കാറുള്ളൂ]
“എനിക്കൊന്നും പറയാൻ അറിഞ്ഞൂട. കല്യാണി ഒരു ഉത്തരം പറഞ്ഞ്‌ തരൊ?”
കല്ലു കൂലംകഷമായി ചിന്തിചു.
അച്ഛനും അമ്മയും ഓഫീസിൽ ജോലിക്ക്‌ പോകും. പക്ഷെ അവരെന്താ എന്ന് കല്ലൂനു അറിയില്ല. അമ്മ പോണത്‌ കല്ലൂനിഷ്ടല്ല. കല്ലു സ്കൂളിൽ നിന്നും വന്നു കഴിഞ്ഞ്‌ പിന്നേം കുറെ നേരം കഴിഞ്ഞാ അമ്മ വരുന്നെ! അപ്പുറത്തെ സുധീടമ്മ സുധി വരുമ്പൊഴേക്കും ചായേം പലഹാരവുമായി റെഡിയായി നിൽക്കും.
എനിയ്ക്കും അതു പോലൊരു അമ്മയായാല്‍ മതിയായിരുന്നു. കല്ലു തന്റെ ആഗ്രഹം സോഡയെ അറിയിച്ചു. “എന്നാ ഞാനും അത്‌ തന്നെ പറയും.” സോഡ പ്രഖ്യാപിച്ചു.
സോഡയുടെ ഊഴമെത്തി. അവൾ പറഞ്ഞു, “എനിയ്ക്ക്‌ അമ്മയായാ മതി.” ഇത്‌ കേട്ട്‌ സിസ്റ്റർ ആർത്ത്‌ ചിരിച്ചു. കൂടെ കുട്ട്യൊളും ചേർന്നു. ചിരിയുടെ ഒടുക്കം അവർ പറഞ്ഞു.
“എല്ലാവർക്കും വലുതായാൽ അമ്മയാവാം. വേറെ എന്താവാനാ മോൾക്കിഷ്ടം? സോഡ ഒന്നും മിണ്ടാതെ കണ്ണും മിഴിച്ചു നിന്നു. ഇത്തിരി നേരം കഴിഞ്ഞു ഒന്നും പറയാതെ ഒരു ജാള്യതയോടെ അവള്‍ ഇരുന്നു.
എല്ലാരും എന്തിനാ ചിരിച്ചെ എന്ന് കല്ലൂന്‌ മനസ്സിലായില്ല. എല്ലാ കണ്ണുകളും കല്ലൂനെ നോക്കി. കല്ലു മെല്ലെ എണീറ്റു. ഒറ്റ ശ്വാസത്തിൽ പറഞ്ഞു. “എനിക്ക്‌ എഞ്ചിനീർ ആവണം”.
സിസ്റ്റർ പറഞ്ഞു “ കുട്ടി ഇരിക്കൂ”
[കല്ലുവിനു സമധാനായി].
“എല്ലാവരും എന്നും ദൈവത്തോട്‌ പ്രാർത്തിക്കണം. ആരാവാനാഗ്രഹിക്കുന്നുവൊ അതാവാൻ ദൈവം നിങ്ങളെ' സഹായിക്കും” സിസ്റ്റര്‍ കുട്ടികളെ ഉപദേശിച്ചു .
ആ ദിവസത്തിനു ശേഷം കല്ലു എന്നും ദൈവത്തോട്‌ എഞ്ചിനീർ ആക്കണെ എന്ന് പ്രാർത്ഥിച്ചു. മിക്കവാറും ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഊണിനു ശേഷം സ്കൂളിനോട് തന്നെ ചേര്ന്ന പള്ളിയില്‍ പോയി കുരിശില്‍ കിടക്കുന്ന യേശുവിനെ നേരില്‍ കണ്ട് പറയുകേം ചെയ്തു. ഏതാണ്ട്‌ മൂന്ന് വർഷത്തോളം അത്‌ തുടർന്നു.
വർഷങ്ങൾക്ക്‌ ശേഷം കല്ലു എഞ്ചിനീറായി. [BTech പാസ്സായി ,ദൈവം കനിഞ്ഞു]. പക്ഷെ ജോലി കിട്ടാതെ കല്ലു കുറച്ച് നാൾ വിഷമിച്ചു. അന്ന് കല്ലു ഓർത്തു,
“ദൈവം പ്രാത്ഥന കേട്ടു. പക്ഷെ.... ഇനിയിപ്പൊ പ്രാർത്ഥിച്ചതിന്റെ കുഴപ്പമാകുമൊ?
'ജോലി ഉള്ള എഞ്ചിനീർ ആക്കണെ എന്നു പ്രാർത്ഥിക്കായിരുന്നു!!!!'.
അപ്പൊ കല്ലൂന്റെ ഭാഗത്തല്ലെ തെറ്റ്‌?”

കല്ലുവിന്റെ കല്ലുവയ്ക്കാത്ത നുണകൾ

ബ്ലോഗുലകത്തെ കുറെ കാലമായി നോക്കി കാണുന്നു. എങ്ങനെ തുടങ്ങണം എന്ന ആശങ്കയായിരുന്നു. നീണ്ട ആലോചനകൾക്കൊടുവിൽ, ഈ ഇച്ചിരി സ്ഥലത്തു ഞാനിതാ കല്യാണിയുടെ കല്ലു വക്കാത്ത നുണകൾ വിതയ്ക്കുന്നു.