Friday, June 27, 2008

ഒന്നാം ക്ലാസ്സിലെ എഞ്ചിനീയർ

കല്യാണിയുടെ ഒന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസം. ആദ്യത്തെ പീരീഡ്‌. പുതിയ അലുമിനിയം പെട്ടിയും വാട്ടർ ബോട്ടിലും കുടയുമെല്ലാം കല്ലു ബഞ്ചിനു പുറകിലുള്ള ജനാലയില്‍ ചാരി വച്ചു. പൊക്കമുള്ള പെങ്കുട്ട്യോള്‌ പുറകിലെ ബഞ്ചിലിരിക്കണമെന്നാണ്‌ ചട്ടം. അസംബ്ലിക്കും അങ്ങിനെ തന്നെ. എല്ലാ കുട്ട്യോളും വലിയ വായിൽ പ്രയർ പാടുമ്പൊള്‍ പുറകിൽ നിന്ന് ജനാലകൾക്കപ്പുറത്തുള്ള മദിരാശി മരങ്ങള്‍ പെയ്യുന്നത് കണ്ട് നില്ക്കാനാണ് കല്ലുവിനിഷ്ടം.
യുകെജി യും അതേ സ്കൂളില്‍ പഠിച്ചത് കൊണ്ട് കല്ലുന് ആദ്യ ദിവസത്തെ പേടിയൊന്നും തോന്നിയില്ല. രാവിലത്തെ പ്രയറും കഴിഞ്ഞ്‌ [ഇടവപ്പാതി തകർക്കുന്നത്‌ ആസ്വദിച്ച്‌] പുതിയലോകത്തിന്റെ കലപിലയിൽ കല്ലു അലിഞ്ഞിരിക്കുമ്പോള്‍ ക്ലാസ് ടീച്ചറായ സിസ്റ്റർ [കന്യാസ്ത്രീ] ക്ലാസ്സിലേക്ക് കയറി വന്നു. വലിയ ചൂരല്‍ കൊണ്ട് മേശയില്‍ രണ്ടടി. കുട്യോളെല്ലാം ചാടി എണീറ്റ് ഈണത്തില്‍ ‘ഗുഡ്മോര്ണിംഗ് സിസ്റ്റര്‍’ പാടി. ഒരു ഒന്നാം ക്ലാസ്സുകാരിക്കു വായിൽ കൊള്ളാത്ത ഒരു പേരായിരുന്നു സിസ്റ്ററിന്‌. ഓര്‍ത്തെടുക്കാന്‍ പറ്റണില്ല ഇപ്പൊ.
സിസ്റ്റര്‍ ഹാജെരെടുത്തു. ഒരോരുത്തരെയായി എഴുന്നേൽപ്പിച്ച്‌ നിർത്തി പേരും സ്ഥലവും ചോദിച്ചു. കൂടെ മറ്റൊരു ചോദ്യം "വലുതാവുമ്പൊ ആരാവണം? ".

“ആരാവണം????” [കുഴഞ്ഞില്ലെ!] കല്ലു തന്നോട്‌ തന്നെചോദിച്ചു.
"ഡോക്ടർ, എഞ്ചിനീർ,ഡോക്ടർ, എഞ്ചിനീർ......" കുട്ട്യൊള്‌ ഉറക്കെ ഉറക്കെ ഒന്നിന് പുറകെ ഒന്നായി എണീറ്റ് നിന്ന് പറയാൻ തുടങ്ങി. ഡോക്ടറിനെ കല്ലുവിനറിയാം. എപ്പൊ ഉവ്വാവു വന്നാലും അമ്മ കല്ലൂനേം അനിയത്തിയേയും കൊണ്ട് പോണത് ഡോക്ടർടെ അടുത്തേക്കാണ്‌. പക്ഷെ ഈ എഞ്ചിനീർ എന്ത്ന്നാന്ന് കല്ലുവിന്‌ അറിഞ്ഞൂട.
കല്ലൂന്റെ ബഞ്ച്‌ എത്താറായി. നെഞ്ച് പട പടാ ഇടിക്കുന്നു. അപ്പൊഴാണ്‌ അടുത്തിരിക്കുന്ന സോഡാ ചോദിച്ചത്‌, [ സോണ എന്നായിരുന്നു യഥാര്ത്ഥ് പേര്. എന്നാലും സോഡാ എന്നേ എല്ലാരും വിളിക്കാറുള്ളൂ]
“എനിക്കൊന്നും പറയാൻ അറിഞ്ഞൂട. കല്യാണി ഒരു ഉത്തരം പറഞ്ഞ്‌ തരൊ?”
കല്ലു കൂലംകഷമായി ചിന്തിചു.
അച്ഛനും അമ്മയും ഓഫീസിൽ ജോലിക്ക്‌ പോകും. പക്ഷെ അവരെന്താ എന്ന് കല്ലൂനു അറിയില്ല. അമ്മ പോണത്‌ കല്ലൂനിഷ്ടല്ല. കല്ലു സ്കൂളിൽ നിന്നും വന്നു കഴിഞ്ഞ്‌ പിന്നേം കുറെ നേരം കഴിഞ്ഞാ അമ്മ വരുന്നെ! അപ്പുറത്തെ സുധീടമ്മ സുധി വരുമ്പൊഴേക്കും ചായേം പലഹാരവുമായി റെഡിയായി നിൽക്കും.
എനിയ്ക്കും അതു പോലൊരു അമ്മയായാല്‍ മതിയായിരുന്നു. കല്ലു തന്റെ ആഗ്രഹം സോഡയെ അറിയിച്ചു. “എന്നാ ഞാനും അത്‌ തന്നെ പറയും.” സോഡ പ്രഖ്യാപിച്ചു.
സോഡയുടെ ഊഴമെത്തി. അവൾ പറഞ്ഞു, “എനിയ്ക്ക്‌ അമ്മയായാ മതി.” ഇത്‌ കേട്ട്‌ സിസ്റ്റർ ആർത്ത്‌ ചിരിച്ചു. കൂടെ കുട്ട്യൊളും ചേർന്നു. ചിരിയുടെ ഒടുക്കം അവർ പറഞ്ഞു.
“എല്ലാവർക്കും വലുതായാൽ അമ്മയാവാം. വേറെ എന്താവാനാ മോൾക്കിഷ്ടം? സോഡ ഒന്നും മിണ്ടാതെ കണ്ണും മിഴിച്ചു നിന്നു. ഇത്തിരി നേരം കഴിഞ്ഞു ഒന്നും പറയാതെ ഒരു ജാള്യതയോടെ അവള്‍ ഇരുന്നു.
എല്ലാരും എന്തിനാ ചിരിച്ചെ എന്ന് കല്ലൂന്‌ മനസ്സിലായില്ല. എല്ലാ കണ്ണുകളും കല്ലൂനെ നോക്കി. കല്ലു മെല്ലെ എണീറ്റു. ഒറ്റ ശ്വാസത്തിൽ പറഞ്ഞു. “എനിക്ക്‌ എഞ്ചിനീർ ആവണം”.
സിസ്റ്റർ പറഞ്ഞു “ കുട്ടി ഇരിക്കൂ”
[കല്ലുവിനു സമധാനായി].
“എല്ലാവരും എന്നും ദൈവത്തോട്‌ പ്രാർത്തിക്കണം. ആരാവാനാഗ്രഹിക്കുന്നുവൊ അതാവാൻ ദൈവം നിങ്ങളെ' സഹായിക്കും” സിസ്റ്റര്‍ കുട്ടികളെ ഉപദേശിച്ചു .
ആ ദിവസത്തിനു ശേഷം കല്ലു എന്നും ദൈവത്തോട്‌ എഞ്ചിനീർ ആക്കണെ എന്ന് പ്രാർത്ഥിച്ചു. മിക്കവാറും ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഊണിനു ശേഷം സ്കൂളിനോട് തന്നെ ചേര്ന്ന പള്ളിയില്‍ പോയി കുരിശില്‍ കിടക്കുന്ന യേശുവിനെ നേരില്‍ കണ്ട് പറയുകേം ചെയ്തു. ഏതാണ്ട്‌ മൂന്ന് വർഷത്തോളം അത്‌ തുടർന്നു.
വർഷങ്ങൾക്ക്‌ ശേഷം കല്ലു എഞ്ചിനീറായി. [BTech പാസ്സായി ,ദൈവം കനിഞ്ഞു]. പക്ഷെ ജോലി കിട്ടാതെ കല്ലു കുറച്ച് നാൾ വിഷമിച്ചു. അന്ന് കല്ലു ഓർത്തു,
“ദൈവം പ്രാത്ഥന കേട്ടു. പക്ഷെ.... ഇനിയിപ്പൊ പ്രാർത്ഥിച്ചതിന്റെ കുഴപ്പമാകുമൊ?
'ജോലി ഉള്ള എഞ്ചിനീർ ആക്കണെ എന്നു പ്രാർത്ഥിക്കായിരുന്നു!!!!'.
അപ്പൊ കല്ലൂന്റെ ഭാഗത്തല്ലെ തെറ്റ്‌?”

കല്ലുവിന്റെ കല്ലുവയ്ക്കാത്ത നുണകൾ

ബ്ലോഗുലകത്തെ കുറെ കാലമായി നോക്കി കാണുന്നു. എങ്ങനെ തുടങ്ങണം എന്ന ആശങ്കയായിരുന്നു. നീണ്ട ആലോചനകൾക്കൊടുവിൽ, ഈ ഇച്ചിരി സ്ഥലത്തു ഞാനിതാ കല്യാണിയുടെ കല്ലു വക്കാത്ത നുണകൾ വിതയ്ക്കുന്നു.