Sunday, December 28, 2008

കുഞ്ഞുങ്ങള്‍

ഡോ.സരോജ , പ്രശസ്തയായ ഗൈനകോളജിസ്റ്റ് !
അമ്മയുടെ സുഹൃത്ത് , എന്‍റെ മോനേ രക്ഷിച്ചത് അവരാണ് .
ഡോക്ടര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനും മോനും ഇന്നില്ലായിരുന്നെനെ !

എന്ത് സുന്ദരിയാണിവര്. വിരല്‍ തുമ്പുകള്‍ റോസാ ദളങ്ങള്‍ പോലെ , ഞാന്‍ കൊടുക്കുന്നത് 100 രൂപ , അങ്ങനെ എത്ര പേര്‍ ഒരു ദിവസം ? ഒരു മാസം ? ആസ്പത്രിയില്‍ നിന്നും വേറെ ! എത്ര വരും annul income ! അവര്‍ക്ക് മുന്നിലിരിക്കെ ഞാന്‍ ഡോക്ടര്‍മാരുടെ വരവ് ചിലവുകള്‍ കണക്കു കൂട്ടി .

ഡോക്ടര്‍ മരുന്ന് കുറിക്കുന്നു . അടുത്തിരുന്നിരുന്ന എന്റെ അമ്മ ചോദിച്ചു ,

'മോള്‍ടെ കല്യാണം എവിടെ വരെ ആയി ഡോക്ടര്‍ ?'

ഡോക്ടര്‍ മന്ദഹസിച്ചു .
'ഇന്നലെ സ്വര്‍ണം എടുക്കാന്‍ പോയിരുന്നു , ചെറുക്കന്റെ അച്ഛനും അമ്മയും പെങ്ങളും ഉണ്ടായിരുന്നു , അവള്‍ സന്തോഷവതിയായിരുന്നു ',പക്ഷേ ... '

ഒരു ദീര്‍്ഘ നിശ്വാസത്തിനു ശേഷം ഡോക്ടര്‍ തുടര്‍ന്നു,

'പണ്ട്‌ മോള്‍ക്ക് രണ്ടു മൂന്നു വയസ്സ് പ്രായമുള്ളപ്പോള്‍ ഞാന്‍ ഹോസ്പിറ്റലില്‍ പോകുമ്പോള്‍ അവള്‍ ചോദിക്കുമായിരുന്നു , "അമ്മ പോവാണോ ", ആ കണ്ണുകള്‍ എനിക്കിപ്പോഴും ഓര്‍മയുണ്ട് , ഞാന്‍ പോകുന്നതിനോ വരുന്നതിനോ സമയ നിഷ്ഠ വല്ലതുമുണ്ടോ ?, അവള്‍ പരാതിപ്പെട്ടില്ല , പരിഭവിച്ചില്ല , എന്നെ മനസ്സിലാക്കാന്‍ അവള്‍ നന്നേ ചെറുപ്പത്തിലെ ശ്രദ്ധിച്ചിരുന്നു ,
പക്ഷെ ഇന്നലെ ജ്വല്ലറിയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് മൊബൈലില്‍ കാള്‍ വന്നു , ഒരു എമര്‍ജന്‍സി കേസ് , ഇരട്ട കുട്ടികള്‍ , pain ഉണ്ടത്രേ , പോവാതിരിക്കാന്‍ വയ്യ , ഞാന്‍ മോളോട് പറഞ്ഞു ,

"എല്ലാരും ഉണ്ടല്ലോ അമ്മ പോട്ടെ ?" അവള്‍ ചോദിച്ചു
"അമ്മ പോവാണോ ?"

ആ കണ്ണുകള്‍ , അതിനിപ്പോഴും 3 വയസ്സ് തന്നെ , സാവിത്രീ , എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല , ഈ കൈകള്‍ എത്ര കുഞ്ഞുങ്ങളെ എടുത്തിരിക്കുന്നു , എന്റെ കുഞ്ഞിനെ മതിയാവോളം എടുക്കാന്‍ എനിക്കായിട്ടില്ല '

ഡോക്ടറുടെ കണ്ണുകള്‍ നിറഞ്ഞു , അവിടിരുന്ന എന്‍റെയും അമ്മയുടെയും , എന്ത് പറഞ്ഞാലും അതിന് ആശ്വാസ വാക്കാവില്ല .

അവിടെ നിന്നിറങ്ങിയിട്ടും ആ കണ്ണിണകള്‍ മുന്നില്‍ കാണുന്നത് പോലെ .....

No comments:

Post a Comment