Sunday, August 30, 2009

സഹയാത്രികന് ....

അഞ്ചു വര്ഷം മുന്‍പ് ഒരോണക്കാലത്ത് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട സഹയാത്രികന്‍ , അയാളെ ഞാന്‍ പിന്നെ കണ്ടില്ല , കേട്ടില്ല , പക്ഷെ എല്ലാ ഓണത്തിനും പ്രിയ സുഹൃത്തേ ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട് ! ഈ പോസ്റ്റ് പുഴകളെ സ്നേഹിച്ച , കവിതകളെ സ്നേഹിച്ച എന്റെ പ്രിയ സഹയാത്രികന് ..

ഓണം മലയാളിയ്ക്കെന്നും ഉത്സവമാണ് , പുറം നാട്ടിലുള്ളവര്‍ക്കാണേല്‍ ഓണം ഗൃഹാതുരത സൃഷ്ടിക്കുന്ന ഒരു നൊമ്പരമാണ് . ഞാനും സ്ലീപ്പര്‍ ടിക്കെറ്റില്‍ നാട്ടിലേയ്ക്ക് വണ്ടി കയറി . കിട്ടിയ ബര്‍ത്തിനടുതെങ്ങും ഒരു പെണ്തരിയില്ല . എന്തോ ഒരു ഭയം , എന്റെ വലിയ കണ്ണടയിലൂടെ ചുറ്റുമിരിക്കുന്നവരെ തുറിച്ചു നോക്കി . അവരൊന്നു പേടിച്ചോ ? ഞാനും ! ബാഗിലിരുന്ന ഒരു ഇംഗ്ലീഷ് നോവല്‍ പുറത്തെടുത്തു വായന തുടങ്ങി . ജാടയാണെന്ന് അവരും കരുതട്ടെ. എല്ലാവരും മലയാളികള്‍ . എന്നാലും മിണ്ടാന്‍ ഭയം , ഗുരുവായൂരപ്പനെ ആഞ്ഞു വിളിച്ചു . എന്നും കൂടെയുണ്ടെന്നും ഒരിക്കലും കൈവിടില്ലെന്നും ഉള്ള വിശ്വാസമോ അന്ധവിശ്വാസമോ ആണു എനിക്കെന്നും ബലം .

രാത്രിയായി , കഴിക്കാന്‍ ഒന്നും കിട്ടിയില്ല , ഏതോ സ്റ്റേഷന്‍ , എല്ലാരും ഇറങ്ങി ഭക്ഷണപൊതി വാങ്ങുന്നു . വയര്‍ കരഞ്ഞു തുടങ്ങി , ഞാന്‍ മെല്ലെ ചാടി ഇറങ്ങി , bread omlet എന്നാരോ വിളിച്ചു പറഞ്ഞു , ആയിക്കോട്ടെ , ഞാന്‍ തലയാട്ടി . വണ്ടി നീങ്ങാന്‍ തുടങ്ങി , എനിക്കയാള്‍ നീട്ടിയ പൊതിയിലെയ്ക്കും ട്രെയിനിനെയും ഞാന്‍ മാറി മാറി നോക്കി , പിന്നെ ഓടി കേറുകയായിരുന്നു. പുറകെ എന്റെ പൊതിയുമായി അരുണ്‍ ഓടി കേറി , അപ്പോളാണ് ഞാന്‍ അയാളെ ശ്രദ്ധിക്കുന്നത് , ആറടി മൂന്നിന്ച്ചു പൊക്കം . അമ്മേ !

'താങ്ക്സ് !' ഞാന്‍ പൊതി വാങ്ങി ചിരിച്ചു . സീറ്റില്‍ വന്നിരുന്നു കഴിച്ചു .

9 കഴിഞ്ഞു ,എല്ലാരും കിടക്കാനുള്ള തിരക്കിലായി . ഞാന്‍ അരുണിനോട് ചോദിച്ചു , 'ഇപ്പൊ ബര്‍ത്ത് ഒഴിഞ്ഞു തരണോ ?' അയാളുടെ കണ്ണ് തള്ളി , 'എന്റെ ഈശ്വരാ , കുട്ടി മലയാളി ആണോ ? എന്നിട്ടാണോ മിണ്ടാതിരുന്നത് ?' . ഞാന്‍ മന്ദഹസിച്ചു (ചമ്മിയ ചിരിയെന്നും വ്യാഖ്യാനിക്കാം ) . 'എനിക്കുറക്കം വരുന്നില്ല , ഞാന്‍ മാറിത്തരണോ ?' ഞാന്‍ ആവര്‍ത്തിച്ചു . 'എനിക്കും ഉറക്കം വരുന്നില്ല , നമുക്ക് സംസാരിച്ചിരിക്കാം '. അരുണ്‍ സമാധാനിപ്പിച്ചു . ഒറ്റയ്ക്കാണെന്ന ഭയം എന്നെ വീണ്ടും അലട്ടി.

ഞങ്ങള്‍ പരിചയപ്പെട്ടു . അത്രേം സംസാരിക്കുന്ന ഒരാളെ ഞാന്‍ അന്ന് വരെ കണ്ടിട്ടില്ലായിരുന്നു . എന്നും ഒരു നല്ല ശ്രോതാവായിരുന്ന ഞാന്‍ കൌതുകത്തോടെ അയാളുടെ കഥകള്‍ കേട്ടു . വീടിനെ കുറിച്ച് , നാടിനെ കുറിച്ച് , കവിതകളെകുറിച്ച് , കഥകളെ കുറിച്ച് പിന്നെ നദികളെ കുറിച്ചും ....

'നമ്മള്‍ വരുന്ന വഴിയ്ക്ക് കൃഷ്ണാ നദിയെ കണ്ടിരുന്നോ ? , അതെങ്ങനാ താന്‍ മിണ്ടിയില്ലാലോ , സാരല്ല, തിരികെ വരുമ്പോള്‍ കാണാന്‍ മറക്കണ്ട. '

'എന്റെ വീട് തുംഗഭദ്ര യ്ക്കരുകിലാണ് , ഇപ്പോള്‍ വെള്ളമില്ല , പക്ഷെ മഴ വരുമ്പോള്‍ അവളെ ഒന്നു കാണണം , എന്ത് സുന്ദരിയാണെന്നൊ , അവളെ ക്കാണാന്‍ ദൂരെ നിന്നു പോലും ആളുകള്‍ വരും ! മഴ പെയ്യണ നേരത്ത് ഉമ്മറത്തിരുന്നു ഉറക്കെ പാടണം "കുമ്മാട്ടീ ....." താന്‍ കേട്ടിട്ടുണ്ടോ അത് ? ആട്ടെ തനിക്കിഷ്ടമുള്ള പുഴയേതാണ് ? , പെരിയാറിനെയാണ് എനിക്കിഷ്ടം . ....ആനന്ദിന്റെ ആള്‍ക്കൂട്ടം വായിച്ചിട്ടുണ്ടോ എനിക്കെന്നും ഇഷ്ടപ്പെട്ട കൃതി അതാണ്‌ ' സംസാരം പുലരും വരെ നീണ്ടു . ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു . രാവിലെ ഒന്പതു മണിക്കെഴുന്നേറ്റപ്പോള്‍് കണ്ടത് , മറ്റു അഞ്ചു പേരും മുന്‍പിലെ സീറ്റില്‍ തിക്കി തിരക്കി ഇരിക്കുന്ന കാഴ്ചയാണ് . ചാടിയെണീറ്റ് പല്ലൊക്കെ തേച്ചു തിരിച്ചു വന്നപ്പോഴേയ്ക്കും മറ്റൊരു പൊതിയുമായി വീണ്ടും അരുണ്‍ . ബ്രേക്ക്‌ ഫാസ്റ്റ് ! എനിക്കായി കരുതിയതാണ് . വീണ്ടും ചമ്മിയ ചിരിയുമായി ഞാനത് വാങ്ങി . അരുണിന്റെ കൂടെ ഉണ്ടായിരുന്ന അയാളുടെ കൂട്ടുകാരെന്റെ അച്ഛനെ പരിചയപ്പെട്ടു . അയാള്‍ ഞങ്ങള്‍ക്ക് മുന്പിറങ്ങും.

അദ്ദേഹമിറങ്ങി ക്കഴിഞ്ഞു അരുണ്‍ പറഞ്ഞു , 'തനിക്കറിയുമോ അദ്ദേഹം ചോദിക്കുകയായിരുന്നു , നമ്മള്‍ എത്ര കാലമായി അറിയുന്നവരാണെന്ന് . ഇന്നലെ മുതലെന്ന് ഞാന്‍ പറഞ്ഞിട്ട് , ആള്‍ സമ്മതിക്കുന്നില്ല . ' ഞങ്ങള്‍ പൊട്ടിച്ചിരിച്ചു .

'കാണാം (ഇനിയും കാണുമോ ) ' ഞങ്ങള്‍ പിരിഞ്ഞു . പിന്നെ കണ്ടതുമില്ല കേട്ടതുമില്ല . ചില ബന്ധങ്ങള്‍ ഇങ്ങനെയാണ് ,ഒരു മാത്രയില്‍് ജീവിച്ച്, അടുത്ത മാത്രയില്‍ പൊലിഞ്ഞ് ! ചിലത് ഒരു ജന്മം മുഴുവന്‍ ഒരുമിച്ചിരുന്നാലും ചേരാത്തത് !

അന്ന്
മുതല്‍ എല്ലാ ഓണത്തിനും ആ നല്ല മനസ്സിനെ ഞാന്‍ ഓര്‍ക്കും . ഒരിക്കല്‍ കൂടി കണ്ടിരുന്നെങ്കില്‍ എന്നാശിയ്ക്കും .

സഹയാത്രികന് സ്നേഹപൂര്‍വ്വം ....

Tuesday, August 4, 2009

കളിക്കൂട്ടുകാരി

alladin കണ്ടിരിക്കെ സുന്ദരിയായ ജാസ്മിനെ ചൂണ്ടി ഞാന്‍ ചോദിച്ചു ,
'ഉണ്ണീ, ജാസ്മിന്‍ സുന്ദരിയാ അല്ലെ ? അവളെ കല്യാണം കഴിപ്പിച്ചു തരട്ടെ '.
ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു 'വേണ്ടാ '.
'അതെന്താ അവള്‍ സുന്ദരിയല്ലേ ?',
'ഉണ്ണി ഗൌര്യെയാ കല്യാണം കഴിക്കുന്നെ !'
ഒരു നേരം പോക്കിന് ചോദിച്ചതായിരുന്നു , പക്ഷെ ഉത്തരം എന്നെ ഞെട്ടിച്ചു , അവനു മൂന്ന് വയസ്സാകാന്‍ ഇനിയും രണ്ടു മാസം ബാക്കി .

ഉണ്ണിയുടെ കളിക്കൂട്ടുകാരിയാണ് അപ്പുറത്തെ വീട്ടിലെ രണ്ട വയസ്സ്കാരി ഗൌരി .

ഇന്ന് രാവിലെ ഉണ്ണിയുടെ അച്ഛന്‍ ഇറങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു ,
'അച്ഛാ എനിക്കും തര്വോ ഒരു ഉമ്മ ?', പ്രവാസിയായ അച്ഛനെ ഓര്മ വന്നതില്‍ പിന്നെ കുഞ്ഞു കണ്ടിട്ടില്ല . ഉണ്ണിക്കച്ചന്‍ ഉമ്മ കൊടുക്കണ കണ്ടപ്പോ അവള്‍ക്കും കൊതിയായി കാണും .

ഉണ്ണീടെ അച്ഛന്‍ ആ കുഞ്ഞിക്കവിളിലും കൊടുത്തു ഒരു കുഞ്ഞുമ്മ !

Wednesday, July 29, 2009

ജീവപര്യന്തം


എന്‍റെ ഏറ്റവും പഴയ ഓര്‍മ്മ ആ മുറിയിലാണ്.

ആയമ്മ അടച്ചിട്ട, മണ്ണെണ്ണയുടെ മണമുള്ള തണുത്ത കുടുസ്സ് മുറിയില്‍, മൂന്നു വയസ്സ്കാരി കല്യാണി തപ്പിത്തടഞ്ഞു. തല്ലിക്കരഞ്ഞിട്ടും അനങ്ങാത്ത തടിയന്‍ സാക്ഷകള്‍ ! ഒടുവില്‍ കരഞ്ഞു തളര്‍ന്ന് വിരല്‍ ചപ്പി ഉറങ്ങുമ്പോള്‍ തറയോടിന്‍റെ തണുപ്പ്.
എന്തിനായിരിക്കും അവര്‍ എന്നെ ആ മുറിയില്‍ അടച്ചിട്ടിരുന്നത് ? അത്രയ്ക്ക് വികൃതി ആയിരുന്നോ ഞാന്‍ ?
ആ മുറിയുടെ പടിഞ്ഞാറേ ഭാഗത്തായി ഒരു ജനലുണ്ടായിരുന്നു. അതെങ്കിലും അവര്‍ക്ക് എനിക്കായി തുറന്നിട്ട്‌ തരാമായിരുന്നു. ജനലിനപ്പുറത്തെ തൊടിയും അതിലെ ചിരപരിചിതരായ പൂക്കളേയും പൂമ്പാറ്റയെയും കണ്ടും മിണ്ടിയും ഇരുന്നെനേം. ചിലപ്പോള്‍ ജനല്‍പടിയിലെ റേഡിയോ തപ്പിയെടുത്ത് അതിന്‍റെ കൂവുന്ന ശബ്ദം കൂട്ടിയും കുറച്ചും കല്ലു രസിക്കണത് ഓര്‍മ്മ വരുന്നു. മറ്റ് ചിലപ്പോള്‍ കുമ്മായം പൂശിയ ചുമര് കുഞ്ഞ് വിരല്‍ കൊണ്ട് മാന്തി മണ്ണ് തിന്നും. പാവം.


വീണ്ടും ആ ഇരുട്ട് മുറിയില്‍ അടയ്ക്കപ്പെട്ടത്‌ പോലെ !
ആ മുറി , ആ അന്ധകാരം , ആ തണുപ്പ് ! കല്യാണിയ്ക്കിനിയും മുക്തി നേടാന്‍ പറ്റാത്ത ജീവപര്യന്തം തടവറ.

Friday, July 10, 2009

ചെന്നൈ സില്‍ക്സ്‌

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്രത്തിന്റെ മുഖം കണ്ടു ഞാനൊന്നു ഞെട്ടി , അടുത്ത പത്രത്തിലും അത് തന്നെ സ്ഥിതി , പിന്നെയും പിന്നെയും ഞെട്ടിയത് ദേശാഭിമാനി കണ്ടപ്പോള്‍ .

ഒരു പുറം നിറയെ പരസ്യം , അതും മുന്‍ പേജില്‍ , 'ചെന്നൈ സില്‍ക്സ്‌ കൊച്ചിയില്‍ ഇന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു . '.

'കഷ്ടം തന്നെ '.

എനിക്കങ്ങനെ തോന്നി , വേറെ ആര്‍കെങ്കിലും അങ്ങിനെ തോന്നിയിരിക്കുമോ ?

പണത്തിനു മേല്‍ പരുന്തും പറക്കുമല്ലോ അല്ലെ ?

Thursday, June 25, 2009

ഒന്നാം പിറന്നാള്‍

അങ്ങിനെ എന്റെ ബ്ലോഗിന്റെയും ഒന്നാം പിറന്നാള്‍ എത്തി ! :)

രാവിലെ അമ്പലത്തില്‍ പോയി തൊഴാം ,
ഉച്ചയ്ക്ക്‌ നാക്കിലയിട്ട് ഒരു സദ്യയാവാം
വൈകീട്ട് കേക്ക് മുറിച്ച് ഒരു ബുഫേയുമാവാം

എന്നൊക്കെ മോഹിക്കാം ,
ഇതൊന്നും ബൂലോകരുമായി പങ്കിടാന്‍ പറ്റൂല്ലാലൊ ,


ഇതിലെ പോകുന്നവര്‍ക്കായി......

വെള്ളമിറക്കാന്‍.........

ഞാനിതു ഡെഡിക്കേറ്റ് ചെയ്യുന്നു .


Friday, June 12, 2009

പ്രണയവും ഒബ്ജക്റ്റ് ഓറിയെന്‍്റ്റഡ് പ്രോഗ്രാമ്മിങ്ങും

" എനിക്കിനി എന്ത് ചെയ്യണംന്നറിയില്ല , അയാള്‍ പറഞ്ഞു എല്ലാം മതിയാക്കാമെന്ന് , അയാള്‍ക്ക്‌ അച്ഛനേം അമ്മയെയും ധിക്കരിക്കാന്‍ പറ്റില്ലത്രേ. എന്‍റെ അച്ഛനെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു, വേറെ കല്യാണം നോക്കിക്കോളാന്‍് പറഞ്ഞു, നീണ്ട 3 വര്‍ഷത്തെ പ്രണയത്തെ ഞാന്‍ എങ്ങനെ മറക്കും? ഇനി എനിക്ക് വേറൊരാളെ സ്നേഹിക്കാന്‍ പറ്റുമോ? എനിക്ക് ജീവിതം മതിയായി "

അവള്‍ ഏങ്ങലടിച്ച് കരഞ്ഞു .

'നട്ടെല്ലില്ലാത്ത കഴുത , അവനെ ഒരിക്കലെ കണ്ടിട്ടുള്ളു , അന്നേ എനിക്കിഷ്ടപ്പെട്ടില്ല , ഇതൊന്നും പറ്റില്ലേല്‍ ഈ പണിക്ക്‌ പോവരുതായിരുന്നു , ഒരു നേരമ്പോക്കിന് സ്നേഹിക്കാന്‍ വേറെ എത്ര പേരെ കിട്ടിയേനെ' മനസ്സില്‍ വന്ന എല്ലാ ചീത്തയും ഞാന്‍ മനസ്സില്‍ തന്നെ വിളിച്ചു. പുറത്തെങ്ങാനും പറഞ്ഞാല്‍ അവള്‍ സമ്മതിക്കില്ല.

ഞാന്‍ അവളുടെ തലയില്‍ കോതിക്കൊണ്ട് പറഞ്ഞു " എനിക്കറിയാം അയാളെ മറക്കാന്‍ പറ്റില്ലെന്ന്, മറക്കണ്ട , ഒന്നും മതിയാക്കുകയും വേണ്ട . പിന്നെ ഒരാളെ കൂടെ സ്നേഹിക്കുന്ന കാര്യം , അതിനെന്താ ഇത്ര ബുദ്ധിമുട്ട് ? "

"എന്താ ഈ പറയണേ , എനിക്കൊന്നും മനസ്സിലാവുന്നില്ല "

" സീ , ഇറ്റ്‌ ഈസ്‌ ലൈക്‌ ഒബ്ജക്റ്റ് ഓറിയെന്‍്റ്റഡ് പ്രോഗ്രാമ്മിങ്. സ്നേഹം എന്ന ക്ലാസിനു പല ഒബ്ജക്റ്റ് ഉണ്ടാകും , ഉദാഹരണമായി , അച്ഛനേം അമ്മയെയും സ്നേഹിക്കുന്നു , സഹോദരങ്ങളെ സ്നേഹിക്കുന്നു , എത്ര സുഹൃത്തുക്കളുണ്ടോ അത്രേം പേരെ നമ്മള്‍ സ്നേഹിക്കുന്നു , മക്കള്‍ ഒന്നായാലും പത്തായാലും സ്നേഹം പകുക്കപ്പെടുന്നുണ്ടോ ? അത്രേം ഇരട്ടി സ്നേഹം ഉല്പ്പാദിപ്പിക്കപെടുന്നു .

ഒന്നാം ക്ലാസിലെ കൂട്ടുകാരിയെ ഓര്‍മ്മയുണ്ടോ ? ആദ്യം ഇഷ്ടം പറഞ്ഞവനെ ? നാലാം ക്ലാസ്സിലെ ശത്രുവിനെ ? നാലയല്‍വക്കം അപ്പുറത്തെ വീട്ടുകാരിയെ ? ഇത്രേം പേരെ മറക്കാമെങ്കില്‍ അയാളെയും മറക്കാം . ഇതു എന്നും വേദനയായിരിക്കാം , പക്ഷെ നമുക്ക്‌ വിധിച്ചവന്‍ മോശമാവണം എന്നില്ലാലോ ? ആ സന്തോഷത്തില്‍ ഈ വേദന മറന്നു പോകും . "

കലങ്ങിയ ഉണ്ടക്കണ്ണുകള്‍് മിഴിച്ചെന്നെ അവള്‍ നോക്കി ,

പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു ,"എന്നാലും ഒബ്ജക്റ്റ് ഓറിയെന്‍്റ്റഡ് പ്രോഗ്രാമ്മിങ് കണ്ട് പിടിച്ചയാള്‍ പോലും ഇതിനിങ്ങനേം ഉപയോഗം കാണുമെന്ന് കരുതിക്കാണില്ല ."

ഞാനും ആ ചിരിയില്‍ ചേര്‍ന്നു .

ഇങ്ങനേം രണ്ട് കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍മാര്‍!

Monday, June 1, 2009

അക്ഷര മുറ്റത്തേയ്ക്ക്

ഇന്നു ജൂണ്‍ ഒന്ന് , ഉണ്ണിയും അക്ഷരം പഠിക്കാന്‍ പുറപ്പെട്ടു , മുയല് ബാഗ്‌ , വാട്ടര്‍ ബോട്ടില്‍ , പോപ്പി കുട , snacks box . എല്ലാം എടുത്ത്‌ ഉണ്ണി പടിയിറങ്ങി നാലടി കഴിഞ്ഞില്ല , സ്വിച്ചിട്ട പോലെ ആള്‍ നിന്നു .

'ഉണ്ണിയ്ക്ക് പനിയാ , ഉണ്ണിയ്ക്ക് സ്കൂളില്‍ പോണ്ടാ. '

ഞാനും വിട്ടില്ല , നിന്നെ കൊണ്ടേ പോകുള്ളൂന്നു ഞാനും . വിലയേറിയ ഒരു casual leave കളഞ്ഞിട്ടാ അവനെ അംഗനവാടിയില്‍് കൊണ്ടിരുതാമെന്നു കരുതിയത്‌ . അവന്‍ കുറുമ്പനാണേല്‍് ഞാന്‍ കുറുമ്പന്ടെ അമ്മയാ ! ഹും !

അവന്‍ അടുത്ത സ്വിച്ചിട്ടു . അച്ഛാ , അമ്മൂമ്മേ അച്ചാച്ചാ ...... വലിയ വായില്‍ നെലോളി തുടങ്ങി . ഇപ്രാവശ്യം കുറുമ്പന്ടെ അമ്മ തോറ്റു .
ഒടുക്കം ഒരു മഞ്ചില്‍ കരാറുറപ്പിച്ചു.

അങ്ങനെ രാമന്‍ കുട്യേട്ടന്റെ കടയില്‍ നിന്നും വാങ്ങിയ ഒരു മഞ്ചും മഞ്ചി ഉണ്ണിക്കുട്ടന്‍ അക്ഷര മുറ്റത്തെത്തി .
അവിടെ എത്തിയപ്പോള്‍ മഞ്ച് തീര്‍ന്നു , ശങ്കരന്‍് വീണ്ടും തെങ്ങില്‍് കേറി .

'അമ്മ പോണ്ടാ ......'

ഇപ്രാവശ്യം ഉണ്ണിക്കുട്ടന്‍ മനം നൊന്ത് കരഞ്ഞതാണ് ,
വര്‍ഷങ്ങള്‍ക്കപ്പുറം അമ്മ പോകുന്നത് നിസ്സഹായായി നോക്കി നിന്ന കല്യാണിയെ ഓര്‍മ വന്നു .

എന്‍റെ മനസ്സ്‌ വിതുമ്പി പോയി , ഞാന്‍ ദയനീയമായി ടീച്ചറെ നോക്കി ,
'ഞാന്‍ കൂടി ഇരുന്നോട്ടെ ?'

അയല്‍വക്കം കൂടിയായിരുന്നത് കൊണ്ടാകാം അവര്‍ സമ്മതിച്ചു .

ഞങ്ങള്‍ മറ്റ് കുട്ടികളുടെ കസര്‍ത്തുകള്‍ കണ്ട് രസിക്കാന്‍ തുടങ്ങി , കുറച്ച് കഴിഞ്ഞപ്പോഴേയ്ക്കും എല്ലാരുടെയും ശ്രദ്ധ ഞാനായി . എല്ലാരും ഉണ്ണീടെ അമ്മയെ നോക്കി ഇരിയ്ക്കാന്‍ തുടങ്ങി . കാര്‍ത്തുവിന്റെ കണ്ണ് നിറഞ്ഞു , ജെഫിന്‍് വിതുമ്പി തുടങ്ങി ... ' അമ്മേ കാണണം ...'

ടീച്ചര്‍ കുഴഞ്ഞു , ഞാന്‍ മൊബൈല് എടുത്തു ' ഹലോ , ജഫിന്റെ അമ്മയല്ലേ ? വേഗം വരണേ ! ആ.... ഊം...... ശരി ......വയ്ക്കട്ടെ !'
'മോനേ കഞ്ഞി കുടിക്കുംമ്പോഴെയ്ക്കും വരാമെന്ന് അമ്മ പറഞ്ഞു '

പാവം മൂന്ന് വയസ്സുകാരന്‍ വിശ്വസിച്ചു .
അപ്പൊ ദാ എന്‍റെ വിരുതന്‍ ഉണ്ണി അമ്മയെ സ്നേഹിക്കാന്‍ തുടങ്ങി , കഴുത്തില്‍ വട്ടം പിടിച്ച് ഉമ്മ വയ്ക്കുന്നു, കിന്നാരം പറയുന്നു , .... പാവം കുട്ടികള്‍,
ഞാന്‍ മാറിയിരുന്നു .

കുറച്ച് കഴിഞ്ഞ് ഉച്ചക്കഞ്ഞിയ്ക്ക് നേരായി . കോണ്‍വെന്റില്‍ പഠിച്ച എനിയ്ക്ക്‌ അംഗനവാടി പുതിയ അനുഭവമാണ്.

കഞ്ഞി കുടി കഴിഞ്ഞ് പാട്ടുകള്‍ പാടാന്‍ തുടങ്ങി , ഉണ്ണീടെ അമ്മ പാടണം. [ വേണോ മക്കളെ? ]

പിന്നെ ഉണ്ണീം ഉണ്ണീടെ അമ്മേം തക്ര്‍്ത്തില്ലേ?

' അ ! ആന ആറാട്ട് , ഇ ! ഈച്ച ഈരണ്ട് ...... [ മനോരമ യുടെ ഓണ്‍ലൈന്‍ ബാലരമയില്‍ നിന്നും ഞങ്ങള്‍ പഠിച്ചതാ ]

പിന്നീട് എല്ലാരും സന്തോഷത്തോടെ റ്റാ റ്റാ പറഞ്ഞു ഉണ്ണിയെ യാത്രയാക്കി .

ഇനി നാളെ അമ്മൂമ്മ നോക്കിക്കോളും ! രക്ഷപെട്ടു !

Monday, May 4, 2009

വെള്ളം

രാത്രിയിലെപ്പോഴോ കേട്ട ബീപ് ശബ്ദം ഞാന്‍ ഗൌനിച്ചില്ല , പിറ്റേന്ന് രജിസ്റ്ററില്‍ ഒപ്പിട്ടു തുടങ്ങിയപ്പോള്‍ ആ sms ബീപ് ഓര്‍ത്തു. മൊബൈല്‍ എടുത്ത്‌ നോക്കിയപ്പോള്‍ അതാ കിടക്കുന്നു പാതിരാത്രിയില്‍ എത്തിയ അമ്മയുടെ സന്ദേശം .
ഒരൊറ്റ വാക്ക്

'വെള്ളം !'

നെഞ്ച് കിടുങ്ങിപ്പോയി , ഞാന്‍ കസേരയില്‍ തളര്‍ന്നിരുന്നു . അമ്മയെ തിരികെ വിളിച്ചു , വിറയാര്‍ന്ന ശബ്ദത്തില്‍് അമ്മ പറഞ്ഞു
'മോനേ , അമ്മയ്ക്ക് പനിയാണ് , വെള്ളമെടുത്ത് തരാന്‍ ആരുമില്ല '.

പെണ്മക്കളെ കൈ പിടിച്ചയച്ചതിനു ശേഷം അമ്മ ഒറ്റയ്കാണ് . എനിയ്ക്ക്‌ ചുറ്റും ലോകം കീഴ്മേല്‍ മറിയുന്നത് പോലെ , ഇപ്പോള്‍ പുറപ്പെട്ടാല്‍ തന്നെ അഞ്ച് മണിക്കൂറെടുക്കും അവിടെയെത്താന്‍് ! ഞാന്‍ അനുജത്തിയെ വിളിച്ചു . അവള്‍ പുറപ്പെട്ടിരിക്കുന്നു . കുറച്ചു സമാധാനമായി . ഞാന്‍ അമ്മയെ സമാധാനിപ്പിച്ചു . അമ്മ എന്തൊക്കെയോ പുലമ്പുന്നു , കുറേയൊന്നും മനസ്സിലായില്ല , ഒടുക്കം ഞാന്‍ കേട്ടു , 'മതിയായി '. ഫോണ്‍ കട്ടായി .

എന്ത് മതിയായി ?
എനിക്ക് ജീവന്‍ തന്ന ജീവന്‍ , എനിക്ക് ജീവന്റെ തുള്ളിയായ മുലപ്പാല്‍ തന്ന അമ്മ , ഞാന്‍ ആദ്യം ഉച്ചരിച്ച വാക്ക് , എഴുതിയാല്‍ തീരുമോ ?
ഒരു തുള്ളി വെള്ളം കൊടുക്കാന്‍ യോഗമില്ലാതായല്ലോ എനിയ്ക്ക്‌ !

ഞാന്‍ ഉണ്ണീടെ അച്ഛനെ വിളിച്ചു , ' നീ പോയാല്‍ എങ്ങനാ ഇവിടുത്തെ കാര്യങ്ങള്‍ , അവിടെ നിന്റെ അനുജത്തിയില്ലേ ? ' .

എന്ത് പറയാന്‍ , ഓടി പോയാലോ , എന്നിലെ അമ്മ അതിന് സമ്മതിക്കില്ല !

വെള്ളം , ഉപ്പ് വെള്ളം , അത് കണ്ണുകളില്‍ നിന്ന്‍ ചുണ്ടിലെത്തി .

' അമ്മേ എന്നോട് ക്ഷമിക്കണേ !'

Thursday, April 2, 2009

പൂതന കൃഷ്ണന്‍

കുഞ്ഞരിപ്പല്ലുകളുടെ മൂര്‍ച്ച ആദ്യം അറിഞ്ഞത് അമ്മിഞ്ഞയാണ് . ആദ്യം ചോര പൊടിഞ്ഞു , പിന്നെ പഴുക്കാന്‍ തുടങ്ങി . കുഞ്ഞിനു സൂക്കേടെന്തേലും വന്നാലോ , ആശങ്കയായി! മുറിവുണങ്ങും വരെ പാലു കൊടുക്കണ്ട , തീരുമാനമെടുത്തു .

ഉണ്ണിയെ കാണാതെ അമ്മിഞ്ഞ കരഞ്ഞു , നനവറിഞ്ഞപ്പോള്‍് , പാതിയില്‍ പറഞ്ഞു നിര്‍ത്തി, ക്ലാസ് മുറിയില്‍ നിന്നും ഇറങ്ങി ഓടി . കൈ കാലുകള്‍ തളരുന്നത് പോലെ തോന്നി , എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ മേശപ്പുറത്ത് തല ചായ്ച്ചു കിടന്നു . കണ്ണുകളിലെ ചൂടു ശരീരം മുഴുവന്‍ പടര്‍ന്നു .

വൈകുന്നേരം ബസ്സിറങ്ങി അടുത്തുള്ള ലേഡി ഡോക്ടര്‍ ടെ അടുത്തേയ്ക്ക് നടന്നു , ബുക്ക് ചെയ്യാത്തതിനാല്‍ താമസിച്ചേ കാണാനാകൂ , നീണ്ട ക്യൂ . ഇരിക്കാന്‍ ഒറ്റ കസേര ഒഴിവില്ല . ഞാന്‍ താഴെ സിമന്റ്‌ തറയിലേയ്ക്കിരുന്നു . ഫോണെടുത്ത് ഉണ്ണീടെ അച്ഛനെ വിളിച്ചു . 'ഞാന്‍ തിരക്കിലാണ് , നീ ഒരു ഓട്ടോ വിളിച്ചു വീട്ടിലേയ്ക്ക് പോരെ . '

തീരെ വയ്യ , തറയിലോട്ട് കിടക്കണം എന്ന് തോന്നി , തൂണില്‍ തല ചായ്ച്ചു വച്ചതെ ഓര്‍മയുള്ളൂ . ഓര്‍മ്മ വന്നപ്പോള്‍ ചുറ്റിനും ഇരുട്ട് . ആദ്യം ഒന്നു പേടിച്ചു , പിന്നെ മനസ്സിലായി പവര്‍ കട്ടായിരുന്നു ! കൊതുകുകള്‍ കൈ കാലുകള്‍ പൊതിഞ്ഞു , ഒന്നാട്ടാന്‍ പോലും ആവതില്ല , അവ ചോര വേണ്ടുവോളം കുടിച്ചു .

ഒടുവില്‍ എന്‍റെ ഊഴമായി . ഡോക്ടര്‍ പറഞ്ഞു , 'പാലു കൊടുക്കാതെ വന്ന പനിയാണ് , ഒരു വഴിയേ ഉള്ളു , പാലു കൊടുക്കുക ! , എന്നിട്ടും കുറഞ്ഞില്ലേല്‍ നമുക്ക് കീറാം !'.....

' കീറുകയോ ...' 3 മണിക്കൂര്‍ കാത്തു നിന്നിട്ട് പറയുന്നതു കേട്ടില്ലേ ?, ദേഷ്യമാണോ സങ്കടമാണോ അതോ വേദനയാണോ എന്നറിയാന്‍ പറ്റാത്ത അവസ്ഥ !

വീട്ടിലെത്തിയപ്പോഴെയ്ക്കും ഉണ്ണി ഉറങ്ങിക്കഴിഞ്ഞിരുന്നു , മേല് കഴുകി ഞാനവന്‍റെ ചാരെ ചേര്‍്ന്നു കിടന്നു .

ഉണ്ണീടെ അച്ഛന്‍ എപ്പോഴോ വന്നു വിളിച്ചു , 'എടീ ഒരു ചായ ഇട്ടു തരുമോ , കെട്ടറങ്ങുന്നില്ല !' സമയം 11 മണി , ഞാന്‍ ദയനീയമായി നോക്കി , കണ്ടില്ല ! ചായ കൊടുത്ത് തിരികെ വന്നു വീണ്ടും കിടന്നു , മുറിയില്‍ മദ്യത്തിന്‍റെയും വിയപ്പിന്‍റെയും രൂക്ഷ ഗന്ധം ! കണ്ണില്‍ നിന്നും ചുടു കണ്ണീര്‍ നിറഞ്ഞൊഴുകി .

ഉണ്ണി ഒന്നു ഞരങ്ങി , ഞാന്‍ അമ്മിഞ്ഞ വായില്‍ കൊടുത്തു ,എന്‍റെ ഉണ്ണി പൂതന കൃഷ്ണനായി മാറി . പല്ലുകള്‍ മുറിവില്‍ ആഴ്ന്നിറങ്ങി , അവന്‍ ചോരയും പഴുപ്പും പാലും ചലവും എല്ലാം വലിച്ചു കുടിച്ചു , ഞാന്‍ വേദന കൊണ്ട് പിടഞ്ഞു . വേദനയില്‍, ഞാന്‍ മറ്റെല്ലാ വേദനയും മറന്നു ,

'ഒരു താല്‍ക്കാലിക മോക്ഷം !'

Saturday, March 7, 2009

സൂചിമുഖ പക്ഷി

കലങ്ങിയ കണ്ണുകളില്‍ അവള്‍ കരിയെഴുതി, തൂങ്ങിയ കണ്പോളകള്‍് മസ്ക്കാര ഇട്ടു നിവര്‍ത്തി വച്ചു , കരിനീലിച്ച ചുണ്ടുകളില്‍ ചുവന്ന ചായം പുരട്ടി , ഒടുവില്‍ ജാടയുടെ കറുത്ത കണ്ണട മൂക്കില്‍ ഉറപ്പിച്ചു .

എങ്ങനെ മുഖംമൂടി വച്ചാലും ആളെ തിരിച്ചറിയുന്ന കൂട്ടരുണ്ട് , സുഹൃത്തുക്കള്‍ !
കണ്ണുകളില്‍ നോക്കി എന്ത് പറ്റി എന്ന് ചോദിച്ചപ്പോള്‍ ശബ്ദം പതറാതെ കല്യാണി ശ്രദ്ധിച്ചു .

" ഞാന്‍ പറഞ്ഞു , സ്നേഹം പിടിച്ചു പറിക്കാനോ അടിച്ചമര്‍്ത്താനോ സാധിക്കുന്ന ഒന്നല്ല , കൊടുത്താലെ കിട്ടൂ !, പിന്നെ ....."

"ഹും , കന്നത്തില്‍ മുത്തമിട്ടാല്‍ !,
കല്യാണി പഞ്ചതന്ത്ര കഥയിലെ സൂചിമുഖ പക്ഷിയുടെ കഥ കേട്ടിട്ടുണ്ടോ ?"

"ഇല്ല "

"ഒരിക്കല്‍ കുറെ കുരങ്ങന്മാര്‍ തണുപ്പകറ്റാന്‍ കുറെ കരിയിലകള്‍ കൂട്ടിയിട്ട്‌ അതിലൊരു മിന്നാമിന്നിയെ ഇട്ടു ഊതാന്‍ തുടങ്ങി , ഇതു കണ്ട സൂചി മുഖ പക്ഷി കുരങ്ങന്മാരോട് പറഞ്ഞു , 'അതൊരു മിന്നാമിന്നിയാണ് അതിനെ ഊതിയാല്‍ തീ വരില്ല , കുരങ്ങന്മാര്‍ക്കിതിഷ്ടപ്പെട്ടില്ല , അവര്‍ അവനെ ശ്രദ്ധിക്കാതെ വീണ്ടും ശ്രമം തുടര്‍ന്നു . സൂചിമുഖ പക്ഷി പിന്മാറിയില്ല . അവന്‍ വീണ്ടും ഉപദേശം തുടര്‍ന്നു . അത് സഹിക്കാനാവാതെ ഒരു കുരങ്ങന്‍ അവനെ ഒരു കല്ലിലെറിഞ്ഞു കൊന്നു ."

"ഇതിലെ ഗുണപാഠം ....?"

Tuesday, February 10, 2009

വല്യ ഇഷ്ടം

'ഉണ്ണിയ്ക്ക് അച്ഛനെയാണോ അമ്മയെയാണോ ഏറ്റവും ഇഷ്ടം ?'

ഉണ്ണി മിണ്ടിയില്ല , ഇനിയിപ്പോ കക്ഷിക്ക് മനസ്സിലാവാഞ്ഞിട്ടാണോ ?

' ഉണ്ണിയ്ക്ക് അച്ചനെയാണോ അമ്മയെയാണോ വലിയ ഇഷ്ടം ?' ഞാന്‍ രണ്ട് കയ്യും മലര്‍ക്കെ തുറന്നു പിടിച്ചു കൊണ്ടു ആവര്‍ത്തിച്ചു . (ലോകത്തിന്റെ അങ്ങേ അറ്റം മുതല്‍ ഇങ്ങേ അറ്റം വരെ അതില്‍ കൊള്ളണം )

പത്രത്തില്‍ മുങ്ങിക്കിടന്നിരുന്ന അച്ഛന്‍ തലപൊക്കി ചെവി വട്ടം പിടിച്ചു ,

ഉണ്ണി അവന്റെ രണ്ട് കയ്യും വിരിച്ച് കണ്ണുകള്‍ രണ്ടും മിഴിപ്പിച്ചു പറഞ്ഞു

'ഉന്നിയ്ക്ക് വലിയ ഇഷ്ടം വലിയ മരപ്പട്ടീനെ !'

ഞങ്ങള്‍ മാതാപിതാക്കന്മാരുടെ കണ്ണ് തള്ളിപ്പോയി .

രണ്ടു ദിവസം മുന്നേ ചായ്പ്പിലൊരു മരപ്പട്ടീനേം കുഞ്ഞിനേം കണ്ടേപ്പിന്നെ ഉണ്ണിയുടെ കഥകളിലും പാട്ടുകളിലും മരപ്പട്ടി പറന്നു നടന്നു . വാലില്‍ നിറയെ രോമമുള്ള വലിയ മരപ്പട്ടിയാണ് അവന്റെ പ്രിയപ്പെട്ട മരപ്പട്ടി .

ഇതാണ് സംഭവത്തിന്റെ പിന്നാമ്പുറ കഥ , തെറ്റിദ്ധരിക്കല്ലേ നാട്ടാരെ !

Saturday, January 31, 2009

ഉണ്ണീടെ അമ്മ

ദേഷ്യം വന്നാല്‍ അച്ഛന് കണ്ണ് കാണില്ല ,

കഴിഞ്ഞ ദിവസം ഉണ്ണീടെ അച്ചന്‍ ഉണ്ണീടെ അമ്മയുടെ അടുത്ത് ദേഷ്യപ്പെട്ടു . ഉച്ചത്തില്‍ വഴക്ക് പറയാന്‍ തുടങ്ങി , അമ്മയ്ക്കാണേല്‍ ഉറക്കനെ ഉള്ള ശബ്ദം ഭയമാണ് . അമ്മയിങ്ങനെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ എവിടെന്നോ ഉണ്ണി ഓടി വന്നു ,

അച്ഛനും അമ്മയ്ക്കും ഇടയ്ക്ക് കയറി അവന്‍ അച്ഛന്‍റെ കണ്ണുകളില്‍ നോക്കി പറഞ്ഞു ,
'ഉന്നീടെ അമ്മയാ !'

ആ ശബ്ദത്തിനു ആജ്ഞയുടെ സ്വരമുണ്ടായിരുന്നു , അവകാശത്തിന്ടെ ശക്തി ഉണ്ടായിരുന്നു .

രണ്ടു നിമിഷം അവനെ തുറിച്ചു നോക്കിയതിനു ശേഷം അച്ഛന്‍ സ്ഥലം കാലിയാക്കി ,

എന്‍റെ രണ്ട് വയസ്സുകാരന്‍ ഉണ്ണി വലിയൊരു വൃക്ഷമായി മാറിയതും അതിന്‍റെ തണലില്‍ ഞാന്‍ ചേര്‍ന്ന് നിന്നതും പോലെയുള്ള ഒരനുഭൂതി ,

എന്‍റെ ഉണ്ണി , കൃഷ്ണാ , ഗുരുവായൂരപ്പാ !

Thursday, January 1, 2009

രണ്ട് മൂക്കുത്തിക്കഥകള്‍്

"എന്തഴകാ ഈ മൂക്കുത്തിയ്ക്ക് , ഇതു ഒത്തിരി നാളയോ കുത്തിയിട്ട് ? ഒത്തിരി വേദനിച്ചോ ? "

"അതൊരു കഥയാണ് ലക്ഷ്മി , കേള്‍ക്കണോ ?"

"കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ ടീച്ചര്‍? , പറയൂ ",

"ഇതു കുത്തിയിട്ട് 2 വര്‍ഷമായി , കല്യാണത്തിനു രണ്ടാഴ്ച്ച മുന്‍പ് , ഏകദേശം നാലു കൊല്ലം മനസ്സില്‍ കൊണ്ടു നടന്ന മോഹമായിരുന്നു ഒരു മൂക്കുത്തി വേണം ന്ന് , കല്യാണം നിശ്ചയം കഴിഞ്ഞപ്പോ അതൊരു വേദനയായി , ഇനിയിപ്പോ കല്യാണ ശേഷം പറ്റിയില്ലെങ്കിലോ ? ഭര്‍ത്താവിന്റെ അനുവാദം , വീടുകാരുടെ അനുമതി , എല്ലാരേം ബോധിപ്പിച്ചൊരു മൂക്ക് കുത്തല്‍ നടക്കും ന്ന് തോന്നിയില്ല ,

അങ്ങനെ ഒരു ദിവസം beautiparlour ല്‍ പോയി , ഒരു തോക്ക് പോലൊരു സംഭവം , 'ta ash !!!' ഒരു സെക്കന്‍റ് കൊണ്ട് മൂക്കുത്തി റെഡി , ഒരു ചെറിയ നീറ്റല്‍ , മൂക്ക് തക്കാളി പോലെ ചുമന്നു , വീട്ടില്‍ കയറി ചെന്നപ്പോള്‍ അമ്മ മൂക്കത്ത് വിരല്‍ വച്ചു , അനിയത്തി കളിയാക്കി , എന്തിനും ഏതിനും കൂട്ട് നില്ക്കുന്ന അച്ഛന്‍ പറഞ്ഞു കൊള്ളാം എന്ന് , അന്ന് തന്നെ കൂട്ടുകാര്‍ക്കൊക്കെ വിളിച്ച് പറഞ്ഞു , കേട്ടവരൊക്കെ കളിയാക്കി , ഒടുക്കം കല്യാണച്ചെറുക്കനെ വിളിച്ചറിയിച്ചു .

ആള്‍ പറഞ്ഞു 'ഇന്നത്തെ കാലത്താരേലും മൂക്കുത്തി ഇടുമോ ?ഔട്ട് ഓഫ് ഫാഷന്‍ , ഛെ എനിക്കിഷ്ടല്ല , വേണ്ട '

'ശരി , ഊരിക്കളയാം , പക്ഷെ താടി വടിക്കണം അതും ഒരു ഔട്ട് ഓഫ് ഫാഷന്‍ അല്ലെ ?'

'എന്ത് ?, ഇതു വന്നെ പിന്നെ ഞാന്‍ വടിച്ചിട്ടില്ല , പറ്റില്ല '

' എങ്കില്‍ താടി അവിടിരുന്നോട്ടെ , മൂക്കുത്തി ഇവിടെ ഇരുന്നോട്ടെ '.

ഒടുക്കം രണ്ടാളും തീര്‍പ്പിലെത്തി. അവരവര്‍ക്ക് പ്രിയമുള്ളത് അവിടിരുന്നോട്ടെ !

എങ്ങിനെയുണ്ട് കഥ ?"


ലക്ഷ്മി യ്ക്കത് ക്ഷ പിടിച്ചു , അവളും മൂക്ക് കുത്തുമെന്നു പ്രഖ്യാപിച്ചു .

ലക്ഷ്മി നല്ല മാര്‍ക്കോടെ പാസ്സായി , കോളേജ് വിട്ടു , ഇന്‍ഫി യില്‍ ജോലിയുമായി . മാസങ്ങള്‍ക്ക് ശേഷം എന്നെ കാണാന്‍ വന്നു , കയ്യില്‍ wedding invitation card , മൂക്കില്‍ മൂക്കുത്തി . ഞാന്‍ സന്തോഷത്തോടെ card വാങ്ങി ചെറുക്കനെ പറ്റി അന്വേഷിച്ചു , പിന്നെ മൂക്കുത്തിയെ പറ്റി ചോദിച്ചു ,

'ഇതു ഒരാഴ്ച മുന്പ് കുത്തിയതാ , സ്വര്‍ണമെടുക്കാന്‍ പോയപ്പോ അച്ഛനെകൊണ്ട് വാങ്ങിപ്പിച്ചതാ , എങ്ങനുണ്ട് ?'

'നന്നായിട്ടുണ്ട്' '
(ആ വട്ട മുഖത്തിനു വെള്ള ക്കല്ല് നന്നായി ചേരുന്നു , എന്റെ മൂക്കുത്തി യൂണിയനില്‍ ഒരാള്‍ കൂടി !.)

"എന്നെ പെണ്ണ് കാണാന്‍ വന്നപ്പോ ഇല്ലായിരുന്നു , ടീച്ചര്‍ പറഞ്ഞില്ലേ കല്യാണം കഴിഞ്ഞാ ചിലപ്പോ പറ്റില്ലെന്ന് , അത് കൊണ്ട് ഞാനും കുത്തി , വിളിച്ചറിച്ചപ്പൊ പറയാണെ വേണ്ടാന്ന്‍ , ഞാനും വിട്ടു കൊടുത്തില്ല , ഞാന്‍ പറഞ്ഞു മീശയെടുക്ക് , മൂക്കുത്തി എടുക്കാം ന്ന്, സമ്മതിക്കാതിരിക്കാന്‍ പറ്റില്ലാലൊ !!' അങ്ങിനെ ഞാനും മൂക്കുത്തി യിട്ടു ? '"

അത് കേട്ട് , ഞാനൊന്ന് ഞെട്ടി ,
കുട്ടികളെ വഴി കാട്ടി കൊടുക്കേണ്ട ഞാന്‍ വഴി തെറ്റിച്ചുവൊ ?