Thursday, April 2, 2009

പൂതന കൃഷ്ണന്‍

കുഞ്ഞരിപ്പല്ലുകളുടെ മൂര്‍ച്ച ആദ്യം അറിഞ്ഞത് അമ്മിഞ്ഞയാണ് . ആദ്യം ചോര പൊടിഞ്ഞു , പിന്നെ പഴുക്കാന്‍ തുടങ്ങി . കുഞ്ഞിനു സൂക്കേടെന്തേലും വന്നാലോ , ആശങ്കയായി! മുറിവുണങ്ങും വരെ പാലു കൊടുക്കണ്ട , തീരുമാനമെടുത്തു .

ഉണ്ണിയെ കാണാതെ അമ്മിഞ്ഞ കരഞ്ഞു , നനവറിഞ്ഞപ്പോള്‍് , പാതിയില്‍ പറഞ്ഞു നിര്‍ത്തി, ക്ലാസ് മുറിയില്‍ നിന്നും ഇറങ്ങി ഓടി . കൈ കാലുകള്‍ തളരുന്നത് പോലെ തോന്നി , എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ മേശപ്പുറത്ത് തല ചായ്ച്ചു കിടന്നു . കണ്ണുകളിലെ ചൂടു ശരീരം മുഴുവന്‍ പടര്‍ന്നു .

വൈകുന്നേരം ബസ്സിറങ്ങി അടുത്തുള്ള ലേഡി ഡോക്ടര്‍ ടെ അടുത്തേയ്ക്ക് നടന്നു , ബുക്ക് ചെയ്യാത്തതിനാല്‍ താമസിച്ചേ കാണാനാകൂ , നീണ്ട ക്യൂ . ഇരിക്കാന്‍ ഒറ്റ കസേര ഒഴിവില്ല . ഞാന്‍ താഴെ സിമന്റ്‌ തറയിലേയ്ക്കിരുന്നു . ഫോണെടുത്ത് ഉണ്ണീടെ അച്ഛനെ വിളിച്ചു . 'ഞാന്‍ തിരക്കിലാണ് , നീ ഒരു ഓട്ടോ വിളിച്ചു വീട്ടിലേയ്ക്ക് പോരെ . '

തീരെ വയ്യ , തറയിലോട്ട് കിടക്കണം എന്ന് തോന്നി , തൂണില്‍ തല ചായ്ച്ചു വച്ചതെ ഓര്‍മയുള്ളൂ . ഓര്‍മ്മ വന്നപ്പോള്‍ ചുറ്റിനും ഇരുട്ട് . ആദ്യം ഒന്നു പേടിച്ചു , പിന്നെ മനസ്സിലായി പവര്‍ കട്ടായിരുന്നു ! കൊതുകുകള്‍ കൈ കാലുകള്‍ പൊതിഞ്ഞു , ഒന്നാട്ടാന്‍ പോലും ആവതില്ല , അവ ചോര വേണ്ടുവോളം കുടിച്ചു .

ഒടുവില്‍ എന്‍റെ ഊഴമായി . ഡോക്ടര്‍ പറഞ്ഞു , 'പാലു കൊടുക്കാതെ വന്ന പനിയാണ് , ഒരു വഴിയേ ഉള്ളു , പാലു കൊടുക്കുക ! , എന്നിട്ടും കുറഞ്ഞില്ലേല്‍ നമുക്ക് കീറാം !'.....

' കീറുകയോ ...' 3 മണിക്കൂര്‍ കാത്തു നിന്നിട്ട് പറയുന്നതു കേട്ടില്ലേ ?, ദേഷ്യമാണോ സങ്കടമാണോ അതോ വേദനയാണോ എന്നറിയാന്‍ പറ്റാത്ത അവസ്ഥ !

വീട്ടിലെത്തിയപ്പോഴെയ്ക്കും ഉണ്ണി ഉറങ്ങിക്കഴിഞ്ഞിരുന്നു , മേല് കഴുകി ഞാനവന്‍റെ ചാരെ ചേര്‍്ന്നു കിടന്നു .

ഉണ്ണീടെ അച്ഛന്‍ എപ്പോഴോ വന്നു വിളിച്ചു , 'എടീ ഒരു ചായ ഇട്ടു തരുമോ , കെട്ടറങ്ങുന്നില്ല !' സമയം 11 മണി , ഞാന്‍ ദയനീയമായി നോക്കി , കണ്ടില്ല ! ചായ കൊടുത്ത് തിരികെ വന്നു വീണ്ടും കിടന്നു , മുറിയില്‍ മദ്യത്തിന്‍റെയും വിയപ്പിന്‍റെയും രൂക്ഷ ഗന്ധം ! കണ്ണില്‍ നിന്നും ചുടു കണ്ണീര്‍ നിറഞ്ഞൊഴുകി .

ഉണ്ണി ഒന്നു ഞരങ്ങി , ഞാന്‍ അമ്മിഞ്ഞ വായില്‍ കൊടുത്തു ,എന്‍റെ ഉണ്ണി പൂതന കൃഷ്ണനായി മാറി . പല്ലുകള്‍ മുറിവില്‍ ആഴ്ന്നിറങ്ങി , അവന്‍ ചോരയും പഴുപ്പും പാലും ചലവും എല്ലാം വലിച്ചു കുടിച്ചു , ഞാന്‍ വേദന കൊണ്ട് പിടഞ്ഞു . വേദനയില്‍, ഞാന്‍ മറ്റെല്ലാ വേദനയും മറന്നു ,

'ഒരു താല്‍ക്കാലിക മോക്ഷം !'

2 comments:

  1. അപ്പൊ പൂസ്സായത് ഉണ്ണിയോ ഉണ്ണിയുടെ അച്ഛനോ?.
    ശരിക്കും കഷ്ടം തോന്നുന്നു. ഞാനിതാ ശപിക്കുന്നു. അടുത്ത ജന്മം ഉണ്ണീടെ അച്ഛന്‍ ഒരു പെണ്ണായി ജനിക്കും... അനുഭവിക്കട്ടെ.. :-)

    ReplyDelete
  2. മതി..... അതിലപ്പുറം ശപിക്കണ്ട......... ഉണ്ണീടെ അമ്മക്ക് അതിഷ്ടാവില്ല.........!

    ReplyDelete