Monday, May 4, 2009

വെള്ളം

രാത്രിയിലെപ്പോഴോ കേട്ട ബീപ് ശബ്ദം ഞാന്‍ ഗൌനിച്ചില്ല , പിറ്റേന്ന് രജിസ്റ്ററില്‍ ഒപ്പിട്ടു തുടങ്ങിയപ്പോള്‍ ആ sms ബീപ് ഓര്‍ത്തു. മൊബൈല്‍ എടുത്ത്‌ നോക്കിയപ്പോള്‍ അതാ കിടക്കുന്നു പാതിരാത്രിയില്‍ എത്തിയ അമ്മയുടെ സന്ദേശം .
ഒരൊറ്റ വാക്ക്

'വെള്ളം !'

നെഞ്ച് കിടുങ്ങിപ്പോയി , ഞാന്‍ കസേരയില്‍ തളര്‍ന്നിരുന്നു . അമ്മയെ തിരികെ വിളിച്ചു , വിറയാര്‍ന്ന ശബ്ദത്തില്‍് അമ്മ പറഞ്ഞു
'മോനേ , അമ്മയ്ക്ക് പനിയാണ് , വെള്ളമെടുത്ത് തരാന്‍ ആരുമില്ല '.

പെണ്മക്കളെ കൈ പിടിച്ചയച്ചതിനു ശേഷം അമ്മ ഒറ്റയ്കാണ് . എനിയ്ക്ക്‌ ചുറ്റും ലോകം കീഴ്മേല്‍ മറിയുന്നത് പോലെ , ഇപ്പോള്‍ പുറപ്പെട്ടാല്‍ തന്നെ അഞ്ച് മണിക്കൂറെടുക്കും അവിടെയെത്താന്‍് ! ഞാന്‍ അനുജത്തിയെ വിളിച്ചു . അവള്‍ പുറപ്പെട്ടിരിക്കുന്നു . കുറച്ചു സമാധാനമായി . ഞാന്‍ അമ്മയെ സമാധാനിപ്പിച്ചു . അമ്മ എന്തൊക്കെയോ പുലമ്പുന്നു , കുറേയൊന്നും മനസ്സിലായില്ല , ഒടുക്കം ഞാന്‍ കേട്ടു , 'മതിയായി '. ഫോണ്‍ കട്ടായി .

എന്ത് മതിയായി ?
എനിക്ക് ജീവന്‍ തന്ന ജീവന്‍ , എനിക്ക് ജീവന്റെ തുള്ളിയായ മുലപ്പാല്‍ തന്ന അമ്മ , ഞാന്‍ ആദ്യം ഉച്ചരിച്ച വാക്ക് , എഴുതിയാല്‍ തീരുമോ ?
ഒരു തുള്ളി വെള്ളം കൊടുക്കാന്‍ യോഗമില്ലാതായല്ലോ എനിയ്ക്ക്‌ !

ഞാന്‍ ഉണ്ണീടെ അച്ഛനെ വിളിച്ചു , ' നീ പോയാല്‍ എങ്ങനാ ഇവിടുത്തെ കാര്യങ്ങള്‍ , അവിടെ നിന്റെ അനുജത്തിയില്ലേ ? ' .

എന്ത് പറയാന്‍ , ഓടി പോയാലോ , എന്നിലെ അമ്മ അതിന് സമ്മതിക്കില്ല !

വെള്ളം , ഉപ്പ് വെള്ളം , അത് കണ്ണുകളില്‍ നിന്ന്‍ ചുണ്ടിലെത്തി .

' അമ്മേ എന്നോട് ക്ഷമിക്കണേ !'