Thursday, June 25, 2009

ഒന്നാം പിറന്നാള്‍

അങ്ങിനെ എന്റെ ബ്ലോഗിന്റെയും ഒന്നാം പിറന്നാള്‍ എത്തി ! :)

രാവിലെ അമ്പലത്തില്‍ പോയി തൊഴാം ,
ഉച്ചയ്ക്ക്‌ നാക്കിലയിട്ട് ഒരു സദ്യയാവാം
വൈകീട്ട് കേക്ക് മുറിച്ച് ഒരു ബുഫേയുമാവാം

എന്നൊക്കെ മോഹിക്കാം ,
ഇതൊന്നും ബൂലോകരുമായി പങ്കിടാന്‍ പറ്റൂല്ലാലൊ ,


ഇതിലെ പോകുന്നവര്‍ക്കായി......

വെള്ളമിറക്കാന്‍.........

ഞാനിതു ഡെഡിക്കേറ്റ് ചെയ്യുന്നു .


Friday, June 12, 2009

പ്രണയവും ഒബ്ജക്റ്റ് ഓറിയെന്‍്റ്റഡ് പ്രോഗ്രാമ്മിങ്ങും

" എനിക്കിനി എന്ത് ചെയ്യണംന്നറിയില്ല , അയാള്‍ പറഞ്ഞു എല്ലാം മതിയാക്കാമെന്ന് , അയാള്‍ക്ക്‌ അച്ഛനേം അമ്മയെയും ധിക്കരിക്കാന്‍ പറ്റില്ലത്രേ. എന്‍റെ അച്ഛനെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു, വേറെ കല്യാണം നോക്കിക്കോളാന്‍് പറഞ്ഞു, നീണ്ട 3 വര്‍ഷത്തെ പ്രണയത്തെ ഞാന്‍ എങ്ങനെ മറക്കും? ഇനി എനിക്ക് വേറൊരാളെ സ്നേഹിക്കാന്‍ പറ്റുമോ? എനിക്ക് ജീവിതം മതിയായി "

അവള്‍ ഏങ്ങലടിച്ച് കരഞ്ഞു .

'നട്ടെല്ലില്ലാത്ത കഴുത , അവനെ ഒരിക്കലെ കണ്ടിട്ടുള്ളു , അന്നേ എനിക്കിഷ്ടപ്പെട്ടില്ല , ഇതൊന്നും പറ്റില്ലേല്‍ ഈ പണിക്ക്‌ പോവരുതായിരുന്നു , ഒരു നേരമ്പോക്കിന് സ്നേഹിക്കാന്‍ വേറെ എത്ര പേരെ കിട്ടിയേനെ' മനസ്സില്‍ വന്ന എല്ലാ ചീത്തയും ഞാന്‍ മനസ്സില്‍ തന്നെ വിളിച്ചു. പുറത്തെങ്ങാനും പറഞ്ഞാല്‍ അവള്‍ സമ്മതിക്കില്ല.

ഞാന്‍ അവളുടെ തലയില്‍ കോതിക്കൊണ്ട് പറഞ്ഞു " എനിക്കറിയാം അയാളെ മറക്കാന്‍ പറ്റില്ലെന്ന്, മറക്കണ്ട , ഒന്നും മതിയാക്കുകയും വേണ്ട . പിന്നെ ഒരാളെ കൂടെ സ്നേഹിക്കുന്ന കാര്യം , അതിനെന്താ ഇത്ര ബുദ്ധിമുട്ട് ? "

"എന്താ ഈ പറയണേ , എനിക്കൊന്നും മനസ്സിലാവുന്നില്ല "

" സീ , ഇറ്റ്‌ ഈസ്‌ ലൈക്‌ ഒബ്ജക്റ്റ് ഓറിയെന്‍്റ്റഡ് പ്രോഗ്രാമ്മിങ്. സ്നേഹം എന്ന ക്ലാസിനു പല ഒബ്ജക്റ്റ് ഉണ്ടാകും , ഉദാഹരണമായി , അച്ഛനേം അമ്മയെയും സ്നേഹിക്കുന്നു , സഹോദരങ്ങളെ സ്നേഹിക്കുന്നു , എത്ര സുഹൃത്തുക്കളുണ്ടോ അത്രേം പേരെ നമ്മള്‍ സ്നേഹിക്കുന്നു , മക്കള്‍ ഒന്നായാലും പത്തായാലും സ്നേഹം പകുക്കപ്പെടുന്നുണ്ടോ ? അത്രേം ഇരട്ടി സ്നേഹം ഉല്പ്പാദിപ്പിക്കപെടുന്നു .

ഒന്നാം ക്ലാസിലെ കൂട്ടുകാരിയെ ഓര്‍മ്മയുണ്ടോ ? ആദ്യം ഇഷ്ടം പറഞ്ഞവനെ ? നാലാം ക്ലാസ്സിലെ ശത്രുവിനെ ? നാലയല്‍വക്കം അപ്പുറത്തെ വീട്ടുകാരിയെ ? ഇത്രേം പേരെ മറക്കാമെങ്കില്‍ അയാളെയും മറക്കാം . ഇതു എന്നും വേദനയായിരിക്കാം , പക്ഷെ നമുക്ക്‌ വിധിച്ചവന്‍ മോശമാവണം എന്നില്ലാലോ ? ആ സന്തോഷത്തില്‍ ഈ വേദന മറന്നു പോകും . "

കലങ്ങിയ ഉണ്ടക്കണ്ണുകള്‍് മിഴിച്ചെന്നെ അവള്‍ നോക്കി ,

പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു ,"എന്നാലും ഒബ്ജക്റ്റ് ഓറിയെന്‍്റ്റഡ് പ്രോഗ്രാമ്മിങ് കണ്ട് പിടിച്ചയാള്‍ പോലും ഇതിനിങ്ങനേം ഉപയോഗം കാണുമെന്ന് കരുതിക്കാണില്ല ."

ഞാനും ആ ചിരിയില്‍ ചേര്‍ന്നു .

ഇങ്ങനേം രണ്ട് കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍മാര്‍!

Monday, June 1, 2009

അക്ഷര മുറ്റത്തേയ്ക്ക്

ഇന്നു ജൂണ്‍ ഒന്ന് , ഉണ്ണിയും അക്ഷരം പഠിക്കാന്‍ പുറപ്പെട്ടു , മുയല് ബാഗ്‌ , വാട്ടര്‍ ബോട്ടില്‍ , പോപ്പി കുട , snacks box . എല്ലാം എടുത്ത്‌ ഉണ്ണി പടിയിറങ്ങി നാലടി കഴിഞ്ഞില്ല , സ്വിച്ചിട്ട പോലെ ആള്‍ നിന്നു .

'ഉണ്ണിയ്ക്ക് പനിയാ , ഉണ്ണിയ്ക്ക് സ്കൂളില്‍ പോണ്ടാ. '

ഞാനും വിട്ടില്ല , നിന്നെ കൊണ്ടേ പോകുള്ളൂന്നു ഞാനും . വിലയേറിയ ഒരു casual leave കളഞ്ഞിട്ടാ അവനെ അംഗനവാടിയില്‍് കൊണ്ടിരുതാമെന്നു കരുതിയത്‌ . അവന്‍ കുറുമ്പനാണേല്‍് ഞാന്‍ കുറുമ്പന്ടെ അമ്മയാ ! ഹും !

അവന്‍ അടുത്ത സ്വിച്ചിട്ടു . അച്ഛാ , അമ്മൂമ്മേ അച്ചാച്ചാ ...... വലിയ വായില്‍ നെലോളി തുടങ്ങി . ഇപ്രാവശ്യം കുറുമ്പന്ടെ അമ്മ തോറ്റു .
ഒടുക്കം ഒരു മഞ്ചില്‍ കരാറുറപ്പിച്ചു.

അങ്ങനെ രാമന്‍ കുട്യേട്ടന്റെ കടയില്‍ നിന്നും വാങ്ങിയ ഒരു മഞ്ചും മഞ്ചി ഉണ്ണിക്കുട്ടന്‍ അക്ഷര മുറ്റത്തെത്തി .
അവിടെ എത്തിയപ്പോള്‍ മഞ്ച് തീര്‍ന്നു , ശങ്കരന്‍് വീണ്ടും തെങ്ങില്‍് കേറി .

'അമ്മ പോണ്ടാ ......'

ഇപ്രാവശ്യം ഉണ്ണിക്കുട്ടന്‍ മനം നൊന്ത് കരഞ്ഞതാണ് ,
വര്‍ഷങ്ങള്‍ക്കപ്പുറം അമ്മ പോകുന്നത് നിസ്സഹായായി നോക്കി നിന്ന കല്യാണിയെ ഓര്‍മ വന്നു .

എന്‍റെ മനസ്സ്‌ വിതുമ്പി പോയി , ഞാന്‍ ദയനീയമായി ടീച്ചറെ നോക്കി ,
'ഞാന്‍ കൂടി ഇരുന്നോട്ടെ ?'

അയല്‍വക്കം കൂടിയായിരുന്നത് കൊണ്ടാകാം അവര്‍ സമ്മതിച്ചു .

ഞങ്ങള്‍ മറ്റ് കുട്ടികളുടെ കസര്‍ത്തുകള്‍ കണ്ട് രസിക്കാന്‍ തുടങ്ങി , കുറച്ച് കഴിഞ്ഞപ്പോഴേയ്ക്കും എല്ലാരുടെയും ശ്രദ്ധ ഞാനായി . എല്ലാരും ഉണ്ണീടെ അമ്മയെ നോക്കി ഇരിയ്ക്കാന്‍ തുടങ്ങി . കാര്‍ത്തുവിന്റെ കണ്ണ് നിറഞ്ഞു , ജെഫിന്‍് വിതുമ്പി തുടങ്ങി ... ' അമ്മേ കാണണം ...'

ടീച്ചര്‍ കുഴഞ്ഞു , ഞാന്‍ മൊബൈല് എടുത്തു ' ഹലോ , ജഫിന്റെ അമ്മയല്ലേ ? വേഗം വരണേ ! ആ.... ഊം...... ശരി ......വയ്ക്കട്ടെ !'
'മോനേ കഞ്ഞി കുടിക്കുംമ്പോഴെയ്ക്കും വരാമെന്ന് അമ്മ പറഞ്ഞു '

പാവം മൂന്ന് വയസ്സുകാരന്‍ വിശ്വസിച്ചു .
അപ്പൊ ദാ എന്‍റെ വിരുതന്‍ ഉണ്ണി അമ്മയെ സ്നേഹിക്കാന്‍ തുടങ്ങി , കഴുത്തില്‍ വട്ടം പിടിച്ച് ഉമ്മ വയ്ക്കുന്നു, കിന്നാരം പറയുന്നു , .... പാവം കുട്ടികള്‍,
ഞാന്‍ മാറിയിരുന്നു .

കുറച്ച് കഴിഞ്ഞ് ഉച്ചക്കഞ്ഞിയ്ക്ക് നേരായി . കോണ്‍വെന്റില്‍ പഠിച്ച എനിയ്ക്ക്‌ അംഗനവാടി പുതിയ അനുഭവമാണ്.

കഞ്ഞി കുടി കഴിഞ്ഞ് പാട്ടുകള്‍ പാടാന്‍ തുടങ്ങി , ഉണ്ണീടെ അമ്മ പാടണം. [ വേണോ മക്കളെ? ]

പിന്നെ ഉണ്ണീം ഉണ്ണീടെ അമ്മേം തക്ര്‍്ത്തില്ലേ?

' അ ! ആന ആറാട്ട് , ഇ ! ഈച്ച ഈരണ്ട് ...... [ മനോരമ യുടെ ഓണ്‍ലൈന്‍ ബാലരമയില്‍ നിന്നും ഞങ്ങള്‍ പഠിച്ചതാ ]

പിന്നീട് എല്ലാരും സന്തോഷത്തോടെ റ്റാ റ്റാ പറഞ്ഞു ഉണ്ണിയെ യാത്രയാക്കി .

ഇനി നാളെ അമ്മൂമ്മ നോക്കിക്കോളും ! രക്ഷപെട്ടു !