Wednesday, July 29, 2009

ജീവപര്യന്തം


എന്‍റെ ഏറ്റവും പഴയ ഓര്‍മ്മ ആ മുറിയിലാണ്.

ആയമ്മ അടച്ചിട്ട, മണ്ണെണ്ണയുടെ മണമുള്ള തണുത്ത കുടുസ്സ് മുറിയില്‍, മൂന്നു വയസ്സ്കാരി കല്യാണി തപ്പിത്തടഞ്ഞു. തല്ലിക്കരഞ്ഞിട്ടും അനങ്ങാത്ത തടിയന്‍ സാക്ഷകള്‍ ! ഒടുവില്‍ കരഞ്ഞു തളര്‍ന്ന് വിരല്‍ ചപ്പി ഉറങ്ങുമ്പോള്‍ തറയോടിന്‍റെ തണുപ്പ്.
എന്തിനായിരിക്കും അവര്‍ എന്നെ ആ മുറിയില്‍ അടച്ചിട്ടിരുന്നത് ? അത്രയ്ക്ക് വികൃതി ആയിരുന്നോ ഞാന്‍ ?
ആ മുറിയുടെ പടിഞ്ഞാറേ ഭാഗത്തായി ഒരു ജനലുണ്ടായിരുന്നു. അതെങ്കിലും അവര്‍ക്ക് എനിക്കായി തുറന്നിട്ട്‌ തരാമായിരുന്നു. ജനലിനപ്പുറത്തെ തൊടിയും അതിലെ ചിരപരിചിതരായ പൂക്കളേയും പൂമ്പാറ്റയെയും കണ്ടും മിണ്ടിയും ഇരുന്നെനേം. ചിലപ്പോള്‍ ജനല്‍പടിയിലെ റേഡിയോ തപ്പിയെടുത്ത് അതിന്‍റെ കൂവുന്ന ശബ്ദം കൂട്ടിയും കുറച്ചും കല്ലു രസിക്കണത് ഓര്‍മ്മ വരുന്നു. മറ്റ് ചിലപ്പോള്‍ കുമ്മായം പൂശിയ ചുമര് കുഞ്ഞ് വിരല്‍ കൊണ്ട് മാന്തി മണ്ണ് തിന്നും. പാവം.


വീണ്ടും ആ ഇരുട്ട് മുറിയില്‍ അടയ്ക്കപ്പെട്ടത്‌ പോലെ !
ആ മുറി , ആ അന്ധകാരം , ആ തണുപ്പ് ! കല്യാണിയ്ക്കിനിയും മുക്തി നേടാന്‍ പറ്റാത്ത ജീവപര്യന്തം തടവറ.

Friday, July 10, 2009

ചെന്നൈ സില്‍ക്സ്‌

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്രത്തിന്റെ മുഖം കണ്ടു ഞാനൊന്നു ഞെട്ടി , അടുത്ത പത്രത്തിലും അത് തന്നെ സ്ഥിതി , പിന്നെയും പിന്നെയും ഞെട്ടിയത് ദേശാഭിമാനി കണ്ടപ്പോള്‍ .

ഒരു പുറം നിറയെ പരസ്യം , അതും മുന്‍ പേജില്‍ , 'ചെന്നൈ സില്‍ക്സ്‌ കൊച്ചിയില്‍ ഇന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു . '.

'കഷ്ടം തന്നെ '.

എനിക്കങ്ങനെ തോന്നി , വേറെ ആര്‍കെങ്കിലും അങ്ങിനെ തോന്നിയിരിക്കുമോ ?

പണത്തിനു മേല്‍ പരുന്തും പറക്കുമല്ലോ അല്ലെ ?