Sunday, August 30, 2009

സഹയാത്രികന് ....

അഞ്ചു വര്ഷം മുന്‍പ് ഒരോണക്കാലത്ത് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട സഹയാത്രികന്‍ , അയാളെ ഞാന്‍ പിന്നെ കണ്ടില്ല , കേട്ടില്ല , പക്ഷെ എല്ലാ ഓണത്തിനും പ്രിയ സുഹൃത്തേ ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട് ! ഈ പോസ്റ്റ് പുഴകളെ സ്നേഹിച്ച , കവിതകളെ സ്നേഹിച്ച എന്റെ പ്രിയ സഹയാത്രികന് ..

ഓണം മലയാളിയ്ക്കെന്നും ഉത്സവമാണ് , പുറം നാട്ടിലുള്ളവര്‍ക്കാണേല്‍ ഓണം ഗൃഹാതുരത സൃഷ്ടിക്കുന്ന ഒരു നൊമ്പരമാണ് . ഞാനും സ്ലീപ്പര്‍ ടിക്കെറ്റില്‍ നാട്ടിലേയ്ക്ക് വണ്ടി കയറി . കിട്ടിയ ബര്‍ത്തിനടുതെങ്ങും ഒരു പെണ്തരിയില്ല . എന്തോ ഒരു ഭയം , എന്റെ വലിയ കണ്ണടയിലൂടെ ചുറ്റുമിരിക്കുന്നവരെ തുറിച്ചു നോക്കി . അവരൊന്നു പേടിച്ചോ ? ഞാനും ! ബാഗിലിരുന്ന ഒരു ഇംഗ്ലീഷ് നോവല്‍ പുറത്തെടുത്തു വായന തുടങ്ങി . ജാടയാണെന്ന് അവരും കരുതട്ടെ. എല്ലാവരും മലയാളികള്‍ . എന്നാലും മിണ്ടാന്‍ ഭയം , ഗുരുവായൂരപ്പനെ ആഞ്ഞു വിളിച്ചു . എന്നും കൂടെയുണ്ടെന്നും ഒരിക്കലും കൈവിടില്ലെന്നും ഉള്ള വിശ്വാസമോ അന്ധവിശ്വാസമോ ആണു എനിക്കെന്നും ബലം .

രാത്രിയായി , കഴിക്കാന്‍ ഒന്നും കിട്ടിയില്ല , ഏതോ സ്റ്റേഷന്‍ , എല്ലാരും ഇറങ്ങി ഭക്ഷണപൊതി വാങ്ങുന്നു . വയര്‍ കരഞ്ഞു തുടങ്ങി , ഞാന്‍ മെല്ലെ ചാടി ഇറങ്ങി , bread omlet എന്നാരോ വിളിച്ചു പറഞ്ഞു , ആയിക്കോട്ടെ , ഞാന്‍ തലയാട്ടി . വണ്ടി നീങ്ങാന്‍ തുടങ്ങി , എനിക്കയാള്‍ നീട്ടിയ പൊതിയിലെയ്ക്കും ട്രെയിനിനെയും ഞാന്‍ മാറി മാറി നോക്കി , പിന്നെ ഓടി കേറുകയായിരുന്നു. പുറകെ എന്റെ പൊതിയുമായി അരുണ്‍ ഓടി കേറി , അപ്പോളാണ് ഞാന്‍ അയാളെ ശ്രദ്ധിക്കുന്നത് , ആറടി മൂന്നിന്ച്ചു പൊക്കം . അമ്മേ !

'താങ്ക്സ് !' ഞാന്‍ പൊതി വാങ്ങി ചിരിച്ചു . സീറ്റില്‍ വന്നിരുന്നു കഴിച്ചു .

9 കഴിഞ്ഞു ,എല്ലാരും കിടക്കാനുള്ള തിരക്കിലായി . ഞാന്‍ അരുണിനോട് ചോദിച്ചു , 'ഇപ്പൊ ബര്‍ത്ത് ഒഴിഞ്ഞു തരണോ ?' അയാളുടെ കണ്ണ് തള്ളി , 'എന്റെ ഈശ്വരാ , കുട്ടി മലയാളി ആണോ ? എന്നിട്ടാണോ മിണ്ടാതിരുന്നത് ?' . ഞാന്‍ മന്ദഹസിച്ചു (ചമ്മിയ ചിരിയെന്നും വ്യാഖ്യാനിക്കാം ) . 'എനിക്കുറക്കം വരുന്നില്ല , ഞാന്‍ മാറിത്തരണോ ?' ഞാന്‍ ആവര്‍ത്തിച്ചു . 'എനിക്കും ഉറക്കം വരുന്നില്ല , നമുക്ക് സംസാരിച്ചിരിക്കാം '. അരുണ്‍ സമാധാനിപ്പിച്ചു . ഒറ്റയ്ക്കാണെന്ന ഭയം എന്നെ വീണ്ടും അലട്ടി.

ഞങ്ങള്‍ പരിചയപ്പെട്ടു . അത്രേം സംസാരിക്കുന്ന ഒരാളെ ഞാന്‍ അന്ന് വരെ കണ്ടിട്ടില്ലായിരുന്നു . എന്നും ഒരു നല്ല ശ്രോതാവായിരുന്ന ഞാന്‍ കൌതുകത്തോടെ അയാളുടെ കഥകള്‍ കേട്ടു . വീടിനെ കുറിച്ച് , നാടിനെ കുറിച്ച് , കവിതകളെകുറിച്ച് , കഥകളെ കുറിച്ച് പിന്നെ നദികളെ കുറിച്ചും ....

'നമ്മള്‍ വരുന്ന വഴിയ്ക്ക് കൃഷ്ണാ നദിയെ കണ്ടിരുന്നോ ? , അതെങ്ങനാ താന്‍ മിണ്ടിയില്ലാലോ , സാരല്ല, തിരികെ വരുമ്പോള്‍ കാണാന്‍ മറക്കണ്ട. '

'എന്റെ വീട് തുംഗഭദ്ര യ്ക്കരുകിലാണ് , ഇപ്പോള്‍ വെള്ളമില്ല , പക്ഷെ മഴ വരുമ്പോള്‍ അവളെ ഒന്നു കാണണം , എന്ത് സുന്ദരിയാണെന്നൊ , അവളെ ക്കാണാന്‍ ദൂരെ നിന്നു പോലും ആളുകള്‍ വരും ! മഴ പെയ്യണ നേരത്ത് ഉമ്മറത്തിരുന്നു ഉറക്കെ പാടണം "കുമ്മാട്ടീ ....." താന്‍ കേട്ടിട്ടുണ്ടോ അത് ? ആട്ടെ തനിക്കിഷ്ടമുള്ള പുഴയേതാണ് ? , പെരിയാറിനെയാണ് എനിക്കിഷ്ടം . ....ആനന്ദിന്റെ ആള്‍ക്കൂട്ടം വായിച്ചിട്ടുണ്ടോ എനിക്കെന്നും ഇഷ്ടപ്പെട്ട കൃതി അതാണ്‌ ' സംസാരം പുലരും വരെ നീണ്ടു . ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു . രാവിലെ ഒന്പതു മണിക്കെഴുന്നേറ്റപ്പോള്‍് കണ്ടത് , മറ്റു അഞ്ചു പേരും മുന്‍പിലെ സീറ്റില്‍ തിക്കി തിരക്കി ഇരിക്കുന്ന കാഴ്ചയാണ് . ചാടിയെണീറ്റ് പല്ലൊക്കെ തേച്ചു തിരിച്ചു വന്നപ്പോഴേയ്ക്കും മറ്റൊരു പൊതിയുമായി വീണ്ടും അരുണ്‍ . ബ്രേക്ക്‌ ഫാസ്റ്റ് ! എനിക്കായി കരുതിയതാണ് . വീണ്ടും ചമ്മിയ ചിരിയുമായി ഞാനത് വാങ്ങി . അരുണിന്റെ കൂടെ ഉണ്ടായിരുന്ന അയാളുടെ കൂട്ടുകാരെന്റെ അച്ഛനെ പരിചയപ്പെട്ടു . അയാള്‍ ഞങ്ങള്‍ക്ക് മുന്പിറങ്ങും.

അദ്ദേഹമിറങ്ങി ക്കഴിഞ്ഞു അരുണ്‍ പറഞ്ഞു , 'തനിക്കറിയുമോ അദ്ദേഹം ചോദിക്കുകയായിരുന്നു , നമ്മള്‍ എത്ര കാലമായി അറിയുന്നവരാണെന്ന് . ഇന്നലെ മുതലെന്ന് ഞാന്‍ പറഞ്ഞിട്ട് , ആള്‍ സമ്മതിക്കുന്നില്ല . ' ഞങ്ങള്‍ പൊട്ടിച്ചിരിച്ചു .

'കാണാം (ഇനിയും കാണുമോ ) ' ഞങ്ങള്‍ പിരിഞ്ഞു . പിന്നെ കണ്ടതുമില്ല കേട്ടതുമില്ല . ചില ബന്ധങ്ങള്‍ ഇങ്ങനെയാണ് ,ഒരു മാത്രയില്‍് ജീവിച്ച്, അടുത്ത മാത്രയില്‍ പൊലിഞ്ഞ് ! ചിലത് ഒരു ജന്മം മുഴുവന്‍ ഒരുമിച്ചിരുന്നാലും ചേരാത്തത് !

അന്ന്
മുതല്‍ എല്ലാ ഓണത്തിനും ആ നല്ല മനസ്സിനെ ഞാന്‍ ഓര്‍ക്കും . ഒരിക്കല്‍ കൂടി കണ്ടിരുന്നെങ്കില്‍ എന്നാശിയ്ക്കും .

സഹയാത്രികന് സ്നേഹപൂര്‍വ്വം ....

Tuesday, August 4, 2009

കളിക്കൂട്ടുകാരി

alladin കണ്ടിരിക്കെ സുന്ദരിയായ ജാസ്മിനെ ചൂണ്ടി ഞാന്‍ ചോദിച്ചു ,
'ഉണ്ണീ, ജാസ്മിന്‍ സുന്ദരിയാ അല്ലെ ? അവളെ കല്യാണം കഴിപ്പിച്ചു തരട്ടെ '.
ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു 'വേണ്ടാ '.
'അതെന്താ അവള്‍ സുന്ദരിയല്ലേ ?',
'ഉണ്ണി ഗൌര്യെയാ കല്യാണം കഴിക്കുന്നെ !'
ഒരു നേരം പോക്കിന് ചോദിച്ചതായിരുന്നു , പക്ഷെ ഉത്തരം എന്നെ ഞെട്ടിച്ചു , അവനു മൂന്ന് വയസ്സാകാന്‍ ഇനിയും രണ്ടു മാസം ബാക്കി .

ഉണ്ണിയുടെ കളിക്കൂട്ടുകാരിയാണ് അപ്പുറത്തെ വീട്ടിലെ രണ്ട വയസ്സ്കാരി ഗൌരി .

ഇന്ന് രാവിലെ ഉണ്ണിയുടെ അച്ഛന്‍ ഇറങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു ,
'അച്ഛാ എനിക്കും തര്വോ ഒരു ഉമ്മ ?', പ്രവാസിയായ അച്ഛനെ ഓര്മ വന്നതില്‍ പിന്നെ കുഞ്ഞു കണ്ടിട്ടില്ല . ഉണ്ണിക്കച്ചന്‍ ഉമ്മ കൊടുക്കണ കണ്ടപ്പോ അവള്‍ക്കും കൊതിയായി കാണും .

ഉണ്ണീടെ അച്ഛന്‍ ആ കുഞ്ഞിക്കവിളിലും കൊടുത്തു ഒരു കുഞ്ഞുമ്മ !