Friday, September 10, 2010

ഹൃദയമില്ലാത്തവള്‍!

ചോരയിറ്റു വീഴുമാ ചങ്കെടുത്തു
ചെമ്പരത്തിപ്പൂവിതിനെന്തു -
മണമെന്നു ചൊല്ലി ,
ചെമ്മണ്ണിലെറിഞ്ഞവന്‍,
ഞാനിന്ന്,
ഹൃദയമില്ലാത്തവള്‍!

Sunday, August 1, 2010

എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ !

ഏറെ നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമോടുവില്‍ ഞാന്‍ കണ്ടെത്തി -
ഞാന്‍ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരാളില്ല ;
എന്നെ ഇത്ര കണ്ടു പ്രണയിച്ച വേറൊരാളില്ല ;
ഞാന്‍ എന്നോട് തന്നെ പ്രണയത്തിലാണ്!

Sunday, June 27, 2010

ജന്‍മദിനം

ഏകയായ് ഞാന്‍ ജനിച്ച നാള്‍
ഏകയാണെന്നെ ഓര്‍മ്മിപ്പിച്ച നാള്‍
ജന്‍മം നല്‍കിയവര്‍ ജന്മദിനത്തില്‍
ഈ ജന്‍മത്തെ വെറുത്ത നാള്‍ !

കൈ പിടിച്ചേല്‍പ്പിച്ചവരും
കരം ഗ്രഹിച്ചവനും
കൈ വിട്ട നാള്‍ , എനിക്കായി
മത്സരിച്ച നാള്‍ !

എനിയ്ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും
ഒരേ മനസ്സെന്നു തിരിച്ചറിയാത്തവര്‍ ,
വിലയെന്തെന്നും മൂല്യമെന്തെന്നും
വേര്‍ തിരിച്ചറിയാത്തവര്‍,
അവരെനിയ്ക്കും കുഞ്ഞിനും
വിലപേശിയവര്‍ !

അടക്കി വച്ചൊരാ ഏങ്ങലുകളില്‍
ഞാനെന്‍ മനസിന്‍ തെറ്റിയ താളം കേട്ടു.
അടിവയറില്‍ തുടിച്ചൊരാ ഹൃദയ താളം
തെറ്റിയ താളത്തെ തിരികെ തന്നു!

ഇനിയും ഉണങ്ങാത്ത മുറിവുകള്‍
അതിലുപ്പു പോല്‍ നീറുന്നു- വീണ്ടുമൊരു ജന്‍മനാള്‍

Tuesday, May 25, 2010

ഞാന്‍ നിന്റെ ആരാണ് ?

ഞാന്‍ നിന്റെ ആരാണ് ?
നീയെന്റെ മഴയാണ് !

വേനല്‍ തളര്‍ത്തിയോരെന്‍ മനസ്സില്‍
പെയ്തിറങ്ങിയ മിഥുന മഴ!
വിണ്ടു കീറിയ ഓരോ മുറിവിലും
കുളിരായിറങ്ങിയ മഴ !
ചുട്ടു നീറുന്ന മിഴിയിണകളില്‍
ചുംബനങ്ങള്‍ തന്നൊരാ ചാറ്റല്‍ മഴ !

കണ്ണുകള്‍ കവിഞ്ഞു
കവിളിണയിലൂടുതിര്‍ന്ന്‍
ചുണ്ടിലുറഞ്ഞൊരുപ്പുനീരിനെ
ചുണ്ടാല്‍ ഒപ്പിയെടുത്ത മഴ !

കോരിച്ചൊരിഞൊരെന്‍
പരിഭവങ്ങളെ
ഒരു മിന്നല്‍ച്ചിരിയോടെ,
ക്ഷമയോടെ ചെവികൊണ്ട മഴ !

ഒരു നോക്ക് കാണുവാനായ്
ജനല്‍ തുറന്നയെന്‍-
കവിളത്ത് ജലശീഖരങ്ങളാല്‍
കവിതയെഴുതിയ രാത്രിമഴ!

പൊട്ടല്‍വീണയാ ഓടിലൂടെ
ഇറ്റിറ്റു നീ പെയ്തിറങ്ങിയപ്പോള്‍
തണുത്ത കരങ്ങളാലെന്നെ
കെട്ടിയിട്ടവന്‍,നീയെന്‍ സ്വന്തം!

തൊടികളില്‍ ‍ചാലി-
ട്ടൊഴുകിയപോലെന്‍
ചൊടികളില്‍ നീ,
നീരായിറങ്ങിയപ്പോള്‍
നനഞ്ഞു തോര്‍ന്നൊരാ
പ്രകൃതിയെപ്പോല്‍
നിന്നിലലിയാന്‍
കൊതിച്ചവള്‍ ഞാന്‍

എനിയ്ക്കും നിനക്കും
മാത്രമായ്‌ അറിയുന്ന
രഹസ്യങ്ങള്‍ കാതുകളില്‍ മന്തിച്ച്
നിന്നില്‍ ഭ്രമിച്ച്
നിന്‍ കൂടെ രമിച്ച്
നീ തീര്‍ത്ത കയത്തില്‍
മുങ്ങാംങ്കുഴിയിട്ട്
ഞാനും നീയും
ഒന്നാകുന്ന വര്‍ഷം
അതാണ്‌ നീ ,
എന്റെ പ്രണയം,
എന്റെ മഴ!

Saturday, April 3, 2010

എന്താ പ്പോ ഇങ്ങനെ തോന്നാന്‍ ?

തൊട്ടു മുന്നേ ഇട്ട പോസ്റ്റ്‌ കണ്ടു ശ്രീ എന്നോട് ചോദിച്ചു 'എന്താ പ്പോ ഇങ്ങനെ തോന്നാന്‍ ?'

ഇങ്ങനെ എപ്പോ വേണേലും ആര്‍ക്കു വേണേലും തോന്നാത്രേ ! സമ പ്രായക്കാരന്‍ സുഹൃത്തിനു ഇങ്ങനെ തോന്നിയാല്‍ അത്ഭുതപ്പെടെണ്ടതില്ല , അല്ലെ ?

സുഹൃത്ത്‌ 5 വയസ്സ് ഇളപ്പമാണേല്‍ ? അതെ ഞാന്‍ അമ്പരന്നു.

സുഹൃത്ത്‌ വിവാഹിതയാണേല്‍ ?

സുഹൃത്തിനു 65 വയസ്സാണേല്‍ ?

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന ഇഷ്ടം. അത് കലികാലത്തിന്‍റെ വൈകൃതങ്ങളാണോ ? അതോ അവരെല്ലാം എന്‍റെ ഇഷ്ടത്തെ തെറ്റിദ്ധരിച്ചതാണോ ? അതോ എന്‍റെ ഇഷ്ടത്തെ മുഴുവനായി ആവാഹിക്കാനായിരുന്നോ ?

ഞാനും ഇഷ്ടം അല്ലെങ്കില്‍ സ്നേഹം മാത്രമേ കാംക്ഷിച്ചുള്ളൂ. അത് അമൂര്‍ത്തമായിരുന്നു . രൂപം ഇല്ലാത്തത് ! സീമകള്‍ ഇല്ലാത്തത് ! ആരെയും ഞാന്‍ നിരസിച്ചില്ല , ഇഷ്ടത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചു.

സ്നേഹിക്കുന്നത് തെറ്റല്ലാലോ? സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നതും ? അല്ലെ പ്രശാന്തേ ?

Friday, March 19, 2010

'ഒത്തിരി ഇഷ്ടാണ് , നിനക്കോ ?' 'അറിയില്ല !'

ഞാന്‍ സ്വത്വാന്വേഷണത്തിലായിരുന്നു . സ്വയം നഷ്ടപ്പെട്ടെക്കുമോ എന്ന് ഭയക്കുന്ന ഞാന്‍ എന്നെത്തന്നെ അന്വേഷിക്കുന്ന യാത്ര. ആ അന്വേഷണം അവസാനിച്ചത്‌ നിന്നിലായിരുന്നു [അവസാനിപ്പിച്ചതോ?]

നീയൊരു നിലക്കണ്ണാടിയായും, അതില്‍ക്കാണുന്ന മനോഹര രൂപം എന്‍റെതാണെന്നും ഞാന്‍ വിശ്വസിച്ചു. ഒരു പച്ചപ്പട്ടുപാവാടക്കാരിയായി ഞാന്‍ എന്നെക്കണ്ടു. [പച്ചപ്പട്ടുടുത്ത മധുര മീനാക്ഷിയായി നീയെന്നെയും കണ്ടു ].
ഒരു ബാലികയുടെ നിഷ്ക്കളങ്കതയോടെ ഞാന്‍ അതില്‍ നോക്കിച്ചിരിച്ചു

ഇത്രയും ശുദ്ധമായി ഞാന്‍ ആരെയും സ്നേഹിച്ചിട്ടില്ല , ഇത്രയും അന്ധമായി ഞാന്‍ ആരെയും വിശ്വസിച്ചിട്ടില്ല .

ആ കണ്ണുകളില്‍ കണ്ട പ്രതിരൂപത്തില്‍ ആകൃഷ്ടയായി ഞാന്‍ എന്നില്‍ത്തന്നെ മുഴുകിയിരുന്നു . അതിനപ്പുറത്തേയ്ക്ക് ഞാനൊന്നും കണ്ടില്ല. വാസ്തവം ! ഞാന്‍ നിന്നെക്കണ്ടില്ല. നിന്‍റെ മനസ്സ് കണ്ടില്ല. നിന്‍റെ കണ്ണുകളിലെ ചാഞ്ചല്യം കണ്ടില്ല.


"ഇഷ്ടമാണ് സഖീ നിന്നെയെനിക്ക് " [അതിലെന്തു അത്ഭുതം ? ഞാനും നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു ]
"എന്‍റെ ഭ്രാന്തന്‍ ചിന്തകളില്‍ ഞാനിന്നൊറ്റയ്ക്കല്ല പറക്കുന്നത് " [പിന്നെ?]
"എന്‍റെ സ്വപ്നങ്ങളില്‍, കാമനകളില്‍, എല്ലാം നീയാണ് ! നീ വളര്‍ന്നു വലുതായി ഒരു യക്ഷിയായി മാറിയിരിക്കുന്നു. നിന്‍റെ മുടിയിഴകള്‍ക്ക്‌ പനങ്കുലയുടെ അഴക്‌ ,നിന്‍റെ ചിരിയ്ക്കു ഒരു ഗതകാല സ്മരണയുടെ കിലുക്കം ,നിന്‍റെ ശരീരത്തിനു പാലപ്പൂവിന്‍റെ ഗന്ധം, മെല്ലെ അടുത്ത് വന്നു ആ ഗന്ധം മുഴുവനും ആവാഹിക്കാന്‍ മോഹം , നിന്‍റെ കരിയെഴുതിയ കണ്ണുകള്‍, നിന്‍റെ മൂക്കുത്തിയുടെ തിളക്കം, വിയര്‍പ്പും എണ്ണയും പൊടിഞ്ഞ നിന്‍റെ നെറ്റിത്തടം ,
ഹോ ! എനിയ്ക്ക് നിയന്ത്രണം വിട്ടു പോകുന്നത് പോലെ തോന്നുന്നു . ഞാന്‍ ഇങ്ങനൊന്നും പറയരുതായിരിക്കാം , നീ പൊയ്ക്കോളൂ , ദൂരെ പൊയ്ക്കോളൂ "

മനസ്സ് പിടച്ചു പോയി . ചുറ്റിനും ഇരുട്ട് . കാലിനടിയിലെ മണ്ണ് മുഴുവന്‍ ആ തിരതള്ളലില്‍ ഒലിച്ചു പോയിരിക്കുന്നു. ഞാന്‍ പ്രജ്ഞ തിരിച്ചെടുക്കാന്‍ പാടുപെട്ടു .

"ഞാന്‍ ഒരിക്കലും ഇങ്ങനെ കരുതിയിട്ടില്ല . എനിക്കിങ്ങനെയൊന്നും ചിന്തിക്കാന്‍ സാധിക്കില്ല . എനിയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. നീ നുണ പറഞ്ഞതല്ലേ ? എന്താ, എന്ത് പറ്റി നിനക്ക് ? ഇനി എന്നെ ഒഴിവാക്കാനായി നീ മനപൂര്‍വ്വം കെട്ടിച്ചമച്ച കാരണമോ ഇത് ?
ഇല്ല ഒരിക്കലുമില്ല ! നിന്നില്‍ നിന്നും എന്നെ പിരിയ്ക്കാനോ ? എനിക്കതിനു സാധിക്കില്ല "

"അല്ലയോ വൃക്ഷമേ ഇതാ ഈയരുകില്‍ ഞാന്‍ നിന്നോട്ടേ? ഈ പൊരി വെയിലത്ത്‌ എന്നെ നീ ഒറ്റയ്ക്കാക്കല്ലേ ! എനിയ്ക്ക് പിടിച്ചു നില്‍ക്കാനാവില്ല . ഞാന്‍ തളര്‍ന്നു പോകും . ഞാന്‍ മരിച്ചു പോകും . ഇത്തിരിത്തണലല്ലേ ഞാന്‍ ചോദിച്ചുള്ളൂ , എന്തിനാണ് നീയെന്നെ ഒരു പരാദസസ്യത്തെ കണക്കെ വലിച്ചെറിയുന്നത് ? ഇനി ഞാന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞോ ? പെരുമാറിയോ ? എന്താണ് നിനക്കിങ്ങനെയൊക്കെ തോന്നാന്‍ ?"

"ഇല്ല , ഇതൊന്നും നിന്‍റെ തെറ്റല്ല . എന്‍റെ മാത്രം തെറ്റാണ് . നീയൊരു കളയല്ല , ചെറിയ വള്ളിച്ചെടിയുമല്ല , വൃക്ഷത്തിന്‍റെ തണല്‍ പറ്റാന്‍ . നീ പ്രകൃതിയാണ് , ശക്തിയാണ് . വേണമെന്ന് വച്ചാല്‍ നിനക്ക് ആ സൂര്യനെത്തന്നെ പിടിച്ചു കെട്ടാം . അല്ലെങ്കില്‍ ഒരു മേഘം കണക്കെ അരുണനെ മറച്ചു അവന്റെ ചൂടും വെളിച്ചവും തടയാനുള്ള കഴിവുണ്ട് നിനക്ക് !"

"എന്തിനാണ് നീയെന്നെ ഓടിക്കുന്നത് ? എന്തിനെയാണ് നീയീ പേടിക്കുന്നത് ? "

"ഒരു വലിയ കാന്തത്തിനരുകില്‍ ഒരു ചെറിയ കാന്തം ചെന്ന് പെട്ടാലുണ്ടാകുന്ന അതേ ഭയമാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത് "

"ആപ്പോള്‍ ഞാന്‍ ദൂരെപോയാല്‍ എല്ലാം ശരിയാകുമെന്നോ ?", കണ്ണുകള്‍ നിറഞ്ഞു വന്നു . രോഷം ആളിക്കത്തി , പിന്നെ അവിടെ നിന്നില്ല , തിരികെ എന്‍റെ കൂട്ടിലേയ്ക്ക്‌ പറന്നു .

മനസ്സില്‍ നിന്നിളക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സിലായി , വേരുകള്‍ ആഴങ്ങളിലാണെന്ന് . ചില വേരുകള്‍ പൊട്ടുകയും അതില്‍ നിന്ന് ചോര പോടിയുന്നതുമായുള്ള നൊമ്പരം. വേര്‍തിരിക്കാന്‍ അസാധ്യം ! എന്‍റെ നിലനില്‍പ്പു തന്നെ നീയാണെന്ന തോന്നല്‍. അല്ലെന്നു നീയെങ്ങനെ സമര്‍ത്ഥിച്ചാലും! എന്നെ ഞാന്‍ അറിയുന്നതിനേക്കാള്‍ നീയെന്നെ അറിഞ്ഞിരിക്കുന്നു. പറയാതെ എത്രയോ കാര്യങ്ങള്‍ നീയീ കണ്ണുകളില്‍ വായിച്ചിരിക്കുന്നു. ഒരു മൂളലില്‍ നിന്നും പോലും എന്‍റെ മനസ്സില്‍ നിന്നും നിന്‍റെ മനസ്സിലേയ്ക്കുള്ള ദൂരം നീയെത്ര കൃത്യമായി ഗണിച്ചിരിക്കുന്നു . ഈ ശരീരത്തിനും അപ്പുറത് ഒരു മനസ്സും ആത്മാവും ഉണ്ടെന്നു കരുതിയ ലോകത്തെ ഏക പുരുഷന്‍ നീയായിരിക്കും. പക്ഷെ എനിക്ക് നീ സുഹൃത്താണ്! എന്‍റെ സ്നേഹത്തിനു അതിര്‍വരമ്പുകള്‍ ഞാന്‍ ഒരിക്കലും എവിടെയും നിശ്ചയിക്കാറില്ല . എങ്കിലും അതിനിങ്ങനെ ഒരു മാനം കാണണമെന്നുണ്ടോ ? ,
എന്നോട് തന്നെ യുദ്ധം ചെയ്തിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി തിരികെ ഞാന്‍ പറന്നിറങ്ങി .

"അറിയാമായിരുന്നല്ലോ ദുഷ്ടാ എനിക്ക് പറന്നു പോകാന്‍ സാധിക്കില്ലെന്ന് ?, ഞാനൊരു പാവമല്ലേ , ഇതെല്ലാം തുറന്നു പറഞ്ഞു നീയെന്തിനാ എന്നെ വിഷമിപ്പിച്ചത് ? എല്ലാം നിന്‍റെ സ്വകാര്യമായി വയ്ക്കാമായിരുന്നില്ലേ? "

"ഇത് പറഞ്ഞില്ലെങ്കില്‍ ഞാന്‍ നിന്നോട് ചെയ്യുന്ന തെറ്റ് പോലെ എനിയ്ക്ക് തോന്നി "

"എനിക്കറിയില്ല ഇതിനു എങ്ങനെ പ്രതികരിക്കണം എന്ന് "

"അതെ , സ്ത്രീകള്‍ ഇത്രയും നന്നായി ഉപയോഗിക്കുന്ന വേറെ പദമില്ല. 'അറിയില്ല !'. അതൊരു രക്ഷപെടലാണ് , സത്യം പറയാതിരിക്കാനുള്ള തത്രപ്പാടിലായിരിക്കും അവരപ്പോള്‍ . 'അതെ' എന്ന് തന്നെയാണ് അതിനര്‍ത്ഥം"

"സമ്മതിച്ചു തരില്ല ഞാന്‍ "

"സമ്മതിക്കാതിരിക്കാന്‍ നിനക്ക് നിവൃത്തിയില്ല "

"വേണ്ട, ഒരു മത്സരത്തിനു ഞാനില്ല . അടിയറവു പറഞ്ഞിരിക്കുന്നു. ഒരു പാവമല്ലേ ഞാന്‍ , ഈ മുഖം മൂടി ഇവിടിരുന്നോട്ടെ . അതിനെ ഇളക്കണ്ട ! സ്നേഹത്തിന്‍റെ ആഴം ഞാന്‍ അറിഞ്ഞിരുന്നില്ല . സുഹൃത്തുക്കളായിത്തന്നെ തുടരാം [എന്ന് സ്വയം വിശ്വസിപ്പിച്ചോ ?]"

"എങ്കില്‍ ശരി, എല്ലാം നിന്‍റെ ഇഷ്ടം !"

"അപ്പോള്‍ നിന്‍റെയിഷ്ടം ?"

"അത് എന്‍റെ സ്വാതന്ത്ര്യമല്ലേ ? നിന്‍റെ അനുവാദം എനിക്കാവശ്യമില്ലലോ ?"

"എന്തോ , എനിക്കറിയില്ല !".