Tuesday, May 25, 2010

ഞാന്‍ നിന്റെ ആരാണ് ?

ഞാന്‍ നിന്റെ ആരാണ് ?
നീയെന്റെ മഴയാണ് !

വേനല്‍ തളര്‍ത്തിയോരെന്‍ മനസ്സില്‍
പെയ്തിറങ്ങിയ മിഥുന മഴ!
വിണ്ടു കീറിയ ഓരോ മുറിവിലും
കുളിരായിറങ്ങിയ മഴ !
ചുട്ടു നീറുന്ന മിഴിയിണകളില്‍
ചുംബനങ്ങള്‍ തന്നൊരാ ചാറ്റല്‍ മഴ !

കണ്ണുകള്‍ കവിഞ്ഞു
കവിളിണയിലൂടുതിര്‍ന്ന്‍
ചുണ്ടിലുറഞ്ഞൊരുപ്പുനീരിനെ
ചുണ്ടാല്‍ ഒപ്പിയെടുത്ത മഴ !

കോരിച്ചൊരിഞൊരെന്‍
പരിഭവങ്ങളെ
ഒരു മിന്നല്‍ച്ചിരിയോടെ,
ക്ഷമയോടെ ചെവികൊണ്ട മഴ !

ഒരു നോക്ക് കാണുവാനായ്
ജനല്‍ തുറന്നയെന്‍-
കവിളത്ത് ജലശീഖരങ്ങളാല്‍
കവിതയെഴുതിയ രാത്രിമഴ!

പൊട്ടല്‍വീണയാ ഓടിലൂടെ
ഇറ്റിറ്റു നീ പെയ്തിറങ്ങിയപ്പോള്‍
തണുത്ത കരങ്ങളാലെന്നെ
കെട്ടിയിട്ടവന്‍,നീയെന്‍ സ്വന്തം!

തൊടികളില്‍ ‍ചാലി-
ട്ടൊഴുകിയപോലെന്‍
ചൊടികളില്‍ നീ,
നീരായിറങ്ങിയപ്പോള്‍
നനഞ്ഞു തോര്‍ന്നൊരാ
പ്രകൃതിയെപ്പോല്‍
നിന്നിലലിയാന്‍
കൊതിച്ചവള്‍ ഞാന്‍

എനിയ്ക്കും നിനക്കും
മാത്രമായ്‌ അറിയുന്ന
രഹസ്യങ്ങള്‍ കാതുകളില്‍ മന്തിച്ച്
നിന്നില്‍ ഭ്രമിച്ച്
നിന്‍ കൂടെ രമിച്ച്
നീ തീര്‍ത്ത കയത്തില്‍
മുങ്ങാംങ്കുഴിയിട്ട്
ഞാനും നീയും
ഒന്നാകുന്ന വര്‍ഷം
അതാണ്‌ നീ ,
എന്റെ പ്രണയം,
എന്റെ മഴ!