Sunday, May 22, 2011

യക്ഷി

കല്യാണിയുടെ കണ്ണിണക്കറിയാത്ത മായജാലങ്ങളില്ല.
കണ്ണെറിയാന്‍,
കണ്‍മുനയില്‍ മനം കോര്‍ക്കാന്‍ ,
ഒറ്റ നോട്ടത്തില്‍ ഒരുവനെ ദഹിപ്പിക്കാന്‍ ,
സ്നേഹിക്കാന്‍ , പ്രണയിക്കാന്‍ ,
പിണങ്ങാന്‍ , ഇണങ്ങാന്‍ ...

"നോട്ടം കണ്ടില്ലേ , യക്ഷിയെപ്പോലെ "
കല്യാണിയുടെ കണ്ണുകളിലെ ഭാവം മാറി , ഇടഞ്ഞെന്നുറപ്പ്! കലഹിച്ചു കൊണ്ട് അവനെ അവള്‍ തറപ്പിച്ചു നോക്കി.

"എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തെ ഈ സ്ത്രീകള്‍ മാത്രം യക്ഷികളാകുന്നതെന്ന് ? പുരുഷനങ്ങിനെയൊരു പരിവേഷമില്ല , ഉം ?"

ഇല്ലെന്നു അവളുടെ കണ്ണുകള്‍ പറഞ്ഞതറിഞ്ഞാവണം അവന്‍ തുടര്‍ന്നു "ഒരു പുരുഷായുസ്സില്‍ തീര്‍ക്കാനാകാത്ത ആഗ്രഹങ്ങള്‍ പുരുഷന് ഇല്ലെന്നു വേണേല്‍ പറയാം ; എങ്കില്‍ സ്ത്രീകളോ , കുരുതി കൊടുത്ത ഏറെ സ്വപ്നങ്ങളുടെ നെരിപ്പോടും! അങ്ങനെ , തീരാത്ത മോഹങ്ങളുള്ള സ്ത്രീ മനസ്സുകളാണ് യക്ഷികളായി പരിണമിക്കുന്നത് ."

"നീ എന്തിനെന്നെ യക്ഷിയെന്നു വിളിച്ചു ?"
അവളുടെ കണ്ണുകള്‍ ആര്‍ദ്രമായി.
മനസ്സൊരു നെരിപ്പോടാണെന്നും ഗതികിട്ടാതലയുന്നതാണ് തന്‍റെയാത്മാവെന്നും അതിനു ധ്വനിയില്ലേ ? ഉള്ളിലെവിടെയോ കൊളുത്തി വലിച്ചു.

കണ്ണെടുക്കാതെ ഒരു കുസൃതിച്ചിരിയോടെ അവന്‍ പറഞ്ഞു ,
"ചുടലയക്ഷി, വടയക്ഷി , രക്തരക്ഷസ്സ് അങ്ങിനെ പല ജാതി യക്ഷികളുണ്ട് , നീ(എന്‍റെ ) സുന്ദരിയക്ഷിയല്ലേ ?"

കല്യാണി ഇത്തിരി ചമ്മലോടെ കിലുങ്ങിച്ചിരിച്ചു.

Wednesday, May 11, 2011

പവര്‍ കട്ട്

ചില നേരത്ത് തോന്നും ഇടയ്ക്കിടെ പവര്‍ കട്ട് നല്ലതാണെന്ന് ; കുടുംബത്തെ പുരുഷന്മാര്‍ സംസാരിക്കുന്നതപ്പോഴാണ്!