Monday, July 25, 2011

പ്രിയപ്പെട്ട മാഷ്ക്ക്..

പ്രിയപ്പെട്ട മാഷ്ക്ക് ,

ആറു വര്‍ഷത്തിനിടെ ഈ നഗരം ഒട്ടേറെ മാറിയിരിക്കുന്നു, എനിക്കും വന്നല്ലോ മാറ്റങ്ങള്‍... എനിക്കു പ്രായം ഏറുകയും നഗരത്തിനു പ്രായം കുറയുകയും ചെയ്ത പോലെ...

ആദ്യം കണ്ടത് അവളെയാണ്... മാസങ്ങളായി കണ്ടിട്ട്, അവളോട്‌ പറയാന്‍ ഒരു കൊട്ട വിശേഷങ്ങളുണ്ടായിരുന്നു. അവള്‍ എന്‍റെ അടുത്ത് നിന്നും താമസം മാറ്റിയത് നന്നായി എന്നൊരിക്കല്‍ പറഞ്ഞല്ലോ? ഞാനൊരു ലെസ്ബിയന്‍ അല്ല എന്ന് അന്ന് ഞാന്‍ വാദിച്ചു. കല്യാണിയുടെ കാമനകള്‍ക്ക്‌ ലിംഗഭേദമില്ല എന്ന് മാഷും.

ആരാധനയായിരുന്നു എനിക്കവളോട്.. ഒരിക്കല്‍ എന്നെ അസഭ്യം പറഞ്ഞ ആ .....നെ അവള്‍ തെറിയഭിഷേകം ചെയ്തപ്പോള്‍ ഞാന്‍ അവളുടെ മറ പറ്റി നിന്നു. അവള്‍ വളര്‍ന്നു വലുതായി ഒരു വന്‍ പാലമരമായി. അവളുടെ തണല്‍ ചേര്‍ന്ന് ഞാന്‍ ഒരു പാവം യക്ഷിയും. ഒരിക്കല്‍ എന്‍റെ സ്കെച്ച് പുസ്തകത്തിലെ വരകളിലൂടെ വിരലോടിച്ചു കൊണ്ടു അവള്‍ പറഞ്ഞു... "ഈ ലോകത്തെ ഏറ്റവും സുന്ദരമായ സൃഷ്ടി പെണ്ണാണ്‌, അവളില്ലായിരുന്നേല്‍ ഈ ലോകത്ത് സൌന്ദര്യമേ ഇല്ലാതിയിരുന്നേനെ!"

സത്യമാണ്, അവളൊരു സുന്ദരിയായിരുന്നു, ആരാധന അവളുടെ വടിവൊത്ത ശരീരത്തിനോടും ഉണ്ടായിരുന്നു, ഒന്ന് വരയ്ക്കാന്‍ കാണിച്ചു തരുമോ എന്ന് ചോദിച്ചാലോ എന്ന് ഞാന്‍ പലതവണ കരുതിയതാണ്, എല്ലാം ലൈഗീകരിച്ചു കാണുന്ന ലോകത്ത് തെറ്റിദ്ധരി ക്കപ്പെട്ടാലോ എന്ന സംശയം എന്‍റെ ആവശ്യത്തെ പിടിച്ചു നിര്‍ത്തി.

ഞാന്‍ രണ്ടു ദിവസം അവള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്നു, പിന്നീട് സങ്കീര്‍ണ്ണമായ മനസ്സോടെ ഞാന്‍ മടങ്ങി. ഓടി പോരുകയായിരുന്നു എന്ന് വേണേലും പറയാം.

ആദ്യ ദിവസം എനിക്ക് പനിയായിരുന്നു , അന്ന് അവളുടെ മടിയില്‍ തലചായ്ച്ചുറങ്ങി.... വര്‍ഷങ്ങളായി ഉറക്കത്തിനിടയിലെ സ്പര്‍ശനം ഒരു പേടി സ്വപ്നമാണ്... ഒരിക്കല്‍ 'എന്നെ ഒന്നും ചെയ്യല്ലേ' എന്ന് പറഞ്ഞു ഞാന്‍ ഉറക്കത്തില്‍ കരഞ്ഞുവെന്നു ഉണ്ണീടെ അച്ഛന്‍ പറഞ്ഞു, അതില്‍ പിന്നെ അദ്ദേഹം ഉറക്കത്തില്‍ എന്നെ ശല്യം ചെയ്യില്ല...

അന്ന് മുടികളില്‍ തലോടിയ അവളുടെ കൈകളില്‍ ഞാന്‍ സ്നേഹം തൊട്ടറിഞ്ഞു. ആ വിരലുകള്‍ വസ്ത്രങ്ങളിക്കിടയില്‍ പരതിയില്ല... ഞാനന്ന് സുഖമായുറങ്ങി...
നെറ്റിയില്‍ നനച്ചിട്ട പഴന്തുണിക്ക് കണ്ണീരിന്‍റെ രസമായിരുന്നു.

പിറ്റേന്നു അവള്‍ മനസ്സ് തുറന്നു, ഒരിക്കല്‍ പ്രണയിചിരുന്നെന്നും അത് വീട്ടുകാര്‍ നടത്തി കൊടുക്കാതെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്നും എനിക്കു മുന്പേ അറിയാമായിരുന്നു. അയാളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ തിളക്കം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ എന്‍റെ അടുത്ത് നിന്നും അവള്‍ പോയത് അയാളുടെ അടുത്തേക്കാണ്‌. ഇന്നിതാ പറയുന്നു അയാളില്ലാതെ അവള്‍ക്കു ജീവിക്കാന്‍ പ്രയാസമാണെന്ന്.

അമ്മയുടെ മുഖം പോലും അവള്‍ കണ്ടിട്ടില്ല, അമ്മയെ ചവിട്ടി കൊന്ന അച്ഛന്‍ ... അനാഥാലയത്തില്‍ വളര്‍ന്ന ചേച്ചിമാര്‍, പൊടിക്കുഞായിരുന്നത് കൊണ്ട് അവളെ സ്വന്തം അമ്മായി ഏറ്റെടുത്തു വളര്‍ത്തി, അവള്‍ പറയുന്നു ഒരു കന്നിനെ പോലെയായിരുന്നു അവരവളെ വളര്‍ത്തിയതെന്ന്. പ്രീ ഡിഗ്രീ വരെ പഠിച്ചു, പിന്നീട് പഠിക്കാന്‍ ആഗ്രഹിച്ചിട്ടും അവര്‍ പഠിപ്പിച്ചില്ല . അവളെ മോഹിച്ചവനെ അവര്‍ തല്ലിച്ചതച്ചു. നില വിട്ടു പോയ മനസ്സിനെ അവര്‍ വീട്ടു തടങ്കലില്‍ ഇട്ടു. പിന്നെ പത്തൊന്‍പതാം വയസ്സില്‍ വിവാഹം...

ആദ്യ രാത്രിയിലെ പീടനത്തിന്‍റെ കരിനീലിച്ച പാടുകളും അയാള്‍ കടിച്ചു പറിച്ച അവളുടെ ചുണ്ടും എനിക്കോര്‍മയുണ്ട്.... മദ്യപാനിയും ധൂര്‍ത്തനുമായ അവളുടെ ഭര്‍ത്താവ് വിദേശത്താണിപ്പോള്‍.. അവിടെയും അങ്ങിനെ തന്നെയത്രെ... ജീവിതത്തില്‍ ആദ്യമായും അവസാനമായും സ്നേഹിച്ചത് അവന്‍ മാത്രമത്രേ... അവനും വിവാഹിതന്‍.... ഒരു കുഞ്ഞിന്‍റെ അച്ഛന്‍...

പക്ഷെ സ്നേഹം മാംസനിബന്ധമാണെന്നെ എനിക്കിന്നെ വരെ തോന്നിയിട്ടുള്ളൂ.... ഇത്രയും സ്നേഹമുണ്ടായിരുന്നേല്‍ അവനെന്തേ അവളെ വിവാഹം ചെയ്തില്ലാ....
"അന്ന് ഞങ്ങള്‍ വളരെ ചെറുപ്പമായിരുന്നില്ലേ ? ഒരാളെയേ ഞാന്‍ സ്നേഹിചിട്ടുള്ളൂ, എന്നെ സ്നേഹിച്ചത് ഒരേ ഒരാളും. ഒരു ദിവസം അഞ്ചാറ് തവണ വേഴ്ച ചെയ്യപ്പെട്ട് പഴുത്തുണങ്ങാത്ത മുറിവുമായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആ മനുഷ്യനോടു സ്നേഹം തോന്നില്ല കല്യാണി, അറപ്പും വെറുപ്പും മാത്രം... ഹൃദയത്തിലല്ലേ സ്നേഹം ഇരിക്കുന്നത് കാലിനിടക്കാണോ ? അറിയാം എങ്ങനെ ന്യായീകരിച്ചാലും ഇതൊരു ചതിയാണ്, പക്ഷെ ഇന്ന് എന്‍റെ ജീവിതത്തില്‍ ആകെ ഒരാശ്വാസം അവനെ ഉള്ളു.... ജീവിതത്തില്‍ ഒരിക്കലും സ്നേഹം എന്താന്ന് ഞാന്‍ അറിഞ്ഞിട്ടില്ല, എനിക്കിത്തിരി സ്നേഹം വേണം....... ആ കൈകള്‍ക്കുള്ളില്‍ നെഞ്ചോട്‌ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ എല്ലാ വേദനയും ഞാന്‍ മറക്കും...."

(ഞാന്‍ സ്നേഹിക്കുന്നില്ലേ നിന്നെ ? അത് മാത്രം മതിയാവില്ല... സ്നേഹം മാംസ നിബന്ധമാണല്ലോ!!)

"അയാള്‍ നിന്നെ ഉപയോഗിക്കുകയായിരികും".. എനിക്കു സങ്കടമോ ദേഷ്യമോ പരിഭവമോ പരിഭ്രാന്തിയോ എന്താണെന്നു നിശ്ചയമില്ലാത്ത അവസ്ഥ!

അതിനവള്‍ ഉത്തരം തന്നില്ല....
അവള്‍ ഒരു നെടുവീര്‍പ്പോടെ ദൂരേയ്ക്ക് നോക്കിയിരുന്നു...

ആ ഹോസ്റ്റലില്‍ മറ്റൊരു സ്ത്രീ (എന്‍റെ പ്രായം കാണും ) ഒരു കോണില്‍ ഇരുട്ടത്തിരിക്കുന്നത് ഞാന്‍ കണ്ടു... അവള്‍ അവരുടെ കഥയും പറഞ്ഞു, വിവാഹിതയായിരുന്നു, കുഞ്ഞുമുണ്ട് , കാമുകന്‍റെ കൂടെ പിടിക്കപ്പെട്ടപ്പോള്‍ മരിക്കാനിറങ്ങിയെന്നും കാമുകന്‍ രക്ഷിച്ചു അവിടെ കൊണ്ടു താമസിപ്പിചിരിക്കയാണെന്നും രണ്ടു ദിവസം മുന്നേ ആദ്യ ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹമായിരുന്നെന്നും അവള്‍ പറഞ്ഞു.

അങ്ങിനെ അവിഹിത ബന്ധങ്ങളുടെ കഥകള്‍ കേട്ട് ചെടിച്ചു മറ്റൊരു ഹോസ്റ്റല്‍ ഞാന്‍ കണ്ടെത്തി... അവള്‍ നല്ല സ്ത്രീയാണെന്ന് ഞാന്‍ ഉണ്ണീടെ അച്ഛനോട് വാദിച്ചിട്ടുണ്ട്... നല്ലതും കെട്ടതെന്നും വിലയിരുത്താന്‍ ഞാന്‍ ആളല്ല... എന്നാലും.. എന്തോ... എവിടെയോ ഒരനിഷ്ടം.

ഇതെല്ലാം പറയുന്നതിനിടയില്‍ അവളുടെ മകള്‍ പല തവണ ഒരു ബുക്കും പേപ്പറുമായി അവളുടെ അടുത്ത് വന്നു... അവള്‍ കുഞ്ഞിനെ ഗൌനിച്ചതെ ഇല്ല, ഒടുക്കം അത് മേടിച്ചു ഞാന്‍ പടം വരച്ചു കൊടുത്തു... പിഴകളെണ്ണി അവള്‍... അവളുടെ അരികില്‍ വളര്‍ന്നു വരുന്ന മറ്റൊരു ജീവന്‍... (സ്നേഹം എന്നത് അവള്‍ അറിയുന്നുണ്ടോ എന്തോ?) അവളിതെല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നില്ലേ ? അവള്‍ക്കു ഇതെല്ലാം മനസ്സിലാകുന്നുണ്ടാവില്ലേ ? അവള്‍ക്കു അവളുടെ അമ്മ അല്ലാതെ വേറെ ആരും ഇല്ല... അവളുടെ ബാല്യം അവളുടെ അമ്മയുടെ നിലക്കാത്ത കണ്ണീരില്‍ ഒഴുകി പോകില്ലേ... സ്നേഹം എന്നത് കീറിയ ഉടുപ്പുകളും മൂന്നു നേരത്തെ ബിസ്കറ്റും ആണോ ? മെലിഞ്ഞു കോലം കെട്ട ഒരു കുഞ്ഞ്... ജനിപ്പിച്ച് പോയതില്‍ അവള്‍ക്കു മകളോട് അമര്‍ഷം കാണുമോ ? അതൊരു കുഞ്ഞിനെ പോലെ ചിരിക്കുകയോ കൊഞ്ചുകയോ ചെയ്യുന്നില്ല... മാഷെ... മനസ്സിലൊരു നീറ്റലായിരുന്നു.... യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ നിറുകയില്‍ ഞാന്‍ കൊടുത്ത മുത്തത്തില്‍ നിന്നും ആ മോള് കുതറിയോടി....

പണ്ട് ഒത്തിരി സങ്കടം വരുമ്പോള്‍ ആ ഇരുട്ടുള്ള മുറി ഓര്‍മ വരുമായിരുന്നു, ഇപ്പൊ തോന്നും രണ്ടു കരങ്ങള്‍ക്കുള്ളില്‍ നെഞ്ചോട്‌ ചേര്‍ന്ന് നില്‍ക്കുന്നതായി... അത് അവളാണോ ഞാനാണോ... നിശ്ചയല്ല്യ....

സസ്നേഹം
കല്യാണി

Tuesday, July 19, 2011

കീഴ്ശ്വാസം

*പണ്ടാരോ പറഞ്ഞു കേട്ടതാണ്... "രാവിലെ ബസിന്‍റെ സ്ത്രീ വശത്തിനു കീഴ്ശ്വാസത്തിന്‍റെ ഗന്ധമാണെന്ന്!".

ഇന്ന്, തൃശൂര്‍ - എറണാകുളം പാസഞ്ചറിന്‍റെ ലേഡീസ് കമ്പാര്‍ട്ട് മെന്ടില്‍ ഇരിക്കുമ്പോള്‍ ഞാനതോര്‍ത്തു പോയി.

രാവിലത്തെ വെപ്രാളത്തിന് മറന്നുപോയതും, മനപ്പൂര്‍വ്വം മറന്നതും , മാറ്റിവച്ചതുമായ എത്രയോ കാര്യങ്ങള്‍.. അങ്ങിനെ കുമിഞ്ഞു കൂടി അഴുകിയതെല്ലാം പേറി എത്രയോ സ്ത്രീ ജന്മങ്ങള്‍ - ഒരുവള്‍ എന്‍റെ അടുത്തിരുന്നു ഈറന്‍ മുടി കൊതുന്നു.. അപ്പുറത്ത് മറ്റൊരുവള്‍ സാരി ഊരി ചുറ്റുന്നു... ഒരു കോണില്‍ ദേവീ സ്തോത്രം ചൊല്ലി വേറൊരുവള്‍‍....

അങ്ങിനെ ഒന്ന് ശ്വാസം വിടാന്‍ കിട്ടണ നേരമാണ് ട്രെയിന്‍ യാത്ര പലര്‍ക്കും....



*പണ്ട് അമ്മയുടെ സഹപ്രവര്‍ത്തകന്‍ പറഞ്ഞതായി അമ്മ പറഞ്ഞു കേട്ടതാണ്...