Monday, August 15, 2011

പ്രണയത്തിന്‍റെ ഇടനാഴിയിലൂടെ....

പ്രണയത്തിന്‍റെ ഇടനാഴിലേക്കുള്ള നിന്‍റെ ക്ഷണം തടുക്കാനാകാത്ത പ്രലോഭനമാണ്‌... കാരണം,

എനിക്കറിയാം...

ആ ഇടനാഴി സ്വച്ഛസുന്ദരമാണ്.. ശീതളമാണ്.. സര്‍വ്വോപരി സ്വര്‍ഗ്ഗതുല്യമാണ്!
ഒരുമിച്ചു കൈ കോര്‍ത്ത്‌ നടക്കാന്‍ നീ കൂടെ ഉള്ളപ്പോള്‍പിന്നെ ഇതില്‍ പരം സുഖം മറ്റൊന്നിനില്ല, നിശ്ചയം.

ഇടനാഴിയിലിടയിലായി ജാലകങ്ങലുണ്ട്.. അതിലൂടെ നമുക്ക് ബാഹ്യ ലോകത്തെ കാണാം.. പൊന്‍ വെയിലും പൂക്കളും പൂമ്പാറ്റയും എല്ലാം തന്നെ നമുക്കായി സൃഷിച്ചതാണെന്ന് തോന്നിയേക്കാം. ലോകം നമ്മെ കാണാതെ നമുക്ക് ഇടനാഴിയിലെ നിഴലുകളില്‍ മറഞ്ഞിരിക്കാം.

പിന്നെയും നടന്നു അകത്തളത്തിലെ നടുമുറ്റത്തിറങ്ങി ഒരുമിച്ചു നമുക്കീ പുതുമഴ നനയാം...

അങ്ങിനെ നനഞ്ഞു കുതിര്‍ന്ന് തണുത്ത്‌ വിറച്ച എന്നെയും കൂട്ടി നീ പതിയെ പടികള്‍ കയറും.. ഈറനായ ഉടുതുണിക്കൊപ്പം നമ്മളണിഞ്ഞ മുഖം മൂടികളും അഴിഞ്ഞു വീഴുകയായി.. പിന്നെ എല്ലാ ചിന്തകളും വിചാരങ്ങളും വിഷമതകളും വിലങ്ങുകളും വിലക്കുകളും ഭേദിച്ച് ഞാനും നീയും മാത്രമാകുന്ന നിമിഷങ്ങള്‍... നിന്‍റെ നെഞ്ചിലെ ചൂടിനായി ഞാന്‍ നിന്നിലേക്ക്‌ പറ്റിച്ചേരും.. എനിക്കു ചൂട് പകര്‍ന്ന് എന്നിലലിയാന്‍ നീയും വെമ്പും.. എന്‍റെയും നിന്‍റെയും വിയര്‍പ്പൊന്നിചൊഴുകി നീയും ഞാനും ഒരു പോലെ ശ്വസിച്ച് ...പിന്നെ ...ഭാരമെല്ലാം മറന്ന് ഒരപ്പൂപ്പന്‍ താടി കണക്കെ തെന്നിപ്പറന്ന് ഒടുവില്‍ നമ്മള്‍ രണ്ടും ഒരാത്മാവിന്‍റെ ഭാഗമാണെന്നറിയുന്ന നിമിഷം...

(നിന്‍റെ രേതസ്സ് എന്‍റെ ഗര്‍ഭപാത്രത്തില്‍ മറ്റൊരു ജീവനെ തിരയില്ലേ ? അതല്ല, അതിനാ ഇടനാഴി നിഷേധിച്ചാല്‍ അത് പിന്നെ തല തല്ലി ചാവില്ലേ ? )

കയങ്ങളില്‍ മുങ്ങി പൊങ്ങി, നീന്തിക്കിതച്, കരക്കടുക്കുമ്പോള്‍.. പിടഞ്ഞെണീറ്റ് കയ്യില്‍ക്കിട്ടിയ വസ്ത്രങ്ങള്‍ ചുറ്റി നീ പറയും...

"പിരിയണം, ഈ ഇടനാഴി ഇവിടെ അവസാനിക്കുന്നു, ഇനി നിന്‍റെയും എന്‍റെയും വഴികള്‍ രണ്ടാണ്.."

എന്‍റെ നിറ കണ്ണുകളില്‍ നിന്‍റെ രൂപം അലിഞ്ഞില്ലാതാകുമ്പോള്‍ ചുട്ടു പഴുത്ത വെള്ളാരം കല്ലുകളില്‍ എന്‍റെ മൃദുമേനി കരിഞ്ഞുണങ്ങും. പിന്നെയാ അല്‍പ്പപ്രാണന് കൂട്ടിരിക്കാന്‍ ശവംതീനി കഴുകന്മാര്‍ വരും. പ്രാണനവശേഷിപ്പുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ അവ എന്നെ കൊത്തി വലിക്കും.

പിന്നെയെപ്പോഴോ വീഴുന്ന അല്‍പ്പ ബോധത്തില്‍ ഞാന്‍ മനസ്സിലാക്കും ഞാന്‍ കിടക്കുന്നത് വലിയ ഉരുണ്ട വെള്ളാരം കല്ലുകളിലല്ല, മറിച്ച് അവിടെ ഒടുങ്ങിയ കാമിനിമാരുടെ തലയോട്ടികളിലായിരുന്നെന്ന്!

ഇല്ല, എനിക്കു ജീവിച്ചു കൊത്തി തീര്‍ന്നിട്ടില്ല... ഈ ക്ഷണം സത്യസന്ധമായിരിക്കാം, എങ്കിലും ക്ഷണികമത്രേ...

പ്രണയത്തിന്‍റെ ഇരുണ്ട ഇടനാഴിയിലേക്ക്‌ ഞാനില്ല. തീര്‍ച്ച.

Saturday, August 6, 2011

കൊക്കും പെണ്ണും.....

ഒരിക്കല്‍ ഒരു വേട്ടക്കാരനുണ്ടായിരുന്നു.. ഒരു ദിവസം അയാള്‍ ഒരു കൊക്കിനെ പിടിക്കാമെന്ന് കരുതി. അയാള്‍ ഒരമ്പതോളം കൊക്കുകളെ വെടി വച്ച് വീഴ്ത്തി.. അതെല്ലാം പെണ്ണായിരുന്നു... അയാള്‍ പറഞ്ഞു... "ലോകത്ത് കൊക്കെന്നൊരു പക്ഷിയുണ്ടേല്‍ അതെല്ലാം പെണ്ണാണ്.