Monday, June 18, 2012

സമര്‍ത്ഥനം സാമര്‍ത്ഥ്യം സമര്‍പ്പണം

"ഒടുവില്‍ കണ്ടപ്പോഴും സംസാരിച്ചപ്പോഴും ഉണ്ടായ ആനന്ദത്തില്‍ എന്നെ മറന്നെന്നു ഞാന്‍ കരുതി, ഒരു ഫോണ്‍ കാള്‍ കൂടെയില്ല"


"നിന്നെ മറക്കാനോ? കാണാതിരുന്നപ്പോള്‍, കേള്‍ക്കാതിരുന്നപ്പോള്‍ ആണ് ഞാന്‍ സ്നേഹത്തിന്റെ ആഴമറിയുന്നത് .കുറച്ചു തിരക്കിലകപ്പെട്ടു പോയി, ക്ഷമിക്കണം "

" ഞാന്‍ മനസ്സിലാക്കിയിടത്തോളം, പുരുഷന്മാര്‍ സ്വതവേ മറവിക്കാരാണ്, പ്രത്യേകിച്ച് സ്നേഹത്തില്‍! സ്നേഹം സ്വന്തമാകുമ്പോള്‍ സ്നേഹിതയെ മറന്നു പോവുകയും അവനവനെ കുറിച്ച് കൂടുതല്‍ ബോധവാനാവുകയും ചെയ്യാറാണ് പതിവ് "

" അങ്ങിനെയെങ്കില്‍  ഞാന്‍ സ്ത്രീ ആണെന്ന് സമര്‍ത്ഥിക്കേണ്ടി വരുമോ?"

'പുരുഷന്മാര്‍ അങ്ങിനെ അല്ല എന്നും, പലരങ്ങിനെ ആണെങ്കിലും ഞാന്‍ അങ്ങിനെ അല്ലെ'ന്നും മറ്റും വാദഗതി കേട്ടിരിക്കുന്നു. ആദ്യമായാണ്‌  ഇങ്ങനെ ഒരു മറുപടി കിട്ടുന്നത് !   
ചിരിക്കാതിരിക്കാനായില്ല. പൊട്ടിച്ചിരിച്ചു. 
"നിനക്കത്‌ ക്ഷ പിടിച്ചല്ലേ", എന്റെ ചിരിയില്‍ അദ്ദേഹവും ചേര്‍ന്നു.


വാക്കുകളില്‍ സമര്‍ഥന്‍ അദ്ദേഹം തന്നെ.  പക്ഷെ എന്നും തോറ്റു തന്നിട്ടേ ഉള്ളു. 
എന്നും കല്യാണിക്ക് ജയിക്കാന്‍.. കല്യാണി മാത്രമായിരിക്കാന്‍!



Monday, June 4, 2012

ക്രൂശിക്കപ്പെട്ടവള്‍.

ദൈവം എനിക്കയച്ച മാലാഖയായിരുന്നു അവള്‍!
എനിക്ക് ചുറ്റും വര്‍ണങ്ങള്‍ തൂകി 
പാട്ട് പാടി, പാറിപ്പറന്ന്‍,
കഥകള്‍ പറഞ്ഞ്, കൂടെ കരഞ്ഞ്,
സ്നേഹം ചൊരിഞ്ഞ്, സ്വപ്‌നങ്ങള്‍ നെയ്ത്, 
ആത്മാവില്‍  അലിഞ്ഞു ചേര്‍ന്ന് ,
ഒടുക്കം എനിക്കായി,
സ്വയം ക്രൂശിക്കപ്പെട്ട മാലാഖ!

Friday, June 1, 2012

മണ്‍സൂണ്‍,നീ എന്ന് വരും ?



ആദ്യത്തെ  വേനല്‍  മഴയില്‍ അവന്‍ പറഞ്ഞു..  
"ഇനി വരും മണ്‍സൂണിലെ ആദ്യ മഴ നമുക്കിത് പോലെ കൊള്ളണം." 

 മണ്‍സൂണ്‍ പെയ്തു തുടങ്ങിയ അതേ പകലില്‍  ഞാന്‍ അവനെ ഫോണില്‍ വിളിച്ചു,

ഉറക്കച്ചടവോടെ അവന്‍ പറഞ്ഞു ,
" ജാന്‍*, ഈ  മഴയത്ത്  ഞാന്‍ നിന്നെ എങ്ങനെ കാണാന്‍ വരും? എന്റെ പക്കല്‍ ഒരു കുട പോലുമില്ല"

വാക്ക് തരുമ്പോള്‍ ഇരുന്ന  അതേ സിമന്‍റ് ബെഞ്ചിലിരുന്ന് ആ മഴ ഞാന്‍ ഒറ്റയ്ക്ക് കൊണ്ടു. 
പിന്നീടൊരിക്കലും മഴ നനയാണോ കുട ചൂ ടാനോ അവന്‍ ആ  വഴി വന്നില്ല. 

ഇന്നും ആദ്യത്തെ മണ്‍സൂണ്‍ മഴയ്ക്ക് കാത്തിരിക്കുന്നു..  വെറുതെ..  


*ജാന്‍ - എന്റെ  ജീവനെ.