Saturday, September 15, 2012

അപരന്‍


"ആരാണവന്‍?"

"അവനോ ?"

"അതെ, അവന്‍, പരന്‍, എനിക്കപരന്‍!!!

എനിക്കറിയാം, നീ പ്രണയത്തിലാണ്!
നിന്‍റെ മനസ്സെനിക്കറിയില്ല, അറിയാന്‍ ഞാന്‍ ഒരിക്കലും മെനക്കെട്ടിട്ടുമില്ല.
പക്ഷെ ഈ ശരീരം, എനിക്കിത് മന:പാഠം.

നിന്‍റെ കണ്ണുകളില്‍..... എനിക്കവനെ കാണാം.
നിന്‍റെ  ശ്വാസോച്ഛാസത്തിന്‍റെ താളം തന്നെ മാറിയിരിക്കുന്നു,
അതിലവനെ എനിക്കു കേള്‍ക്കാം.

ചായം പുരട്ടിയിട്ടില്ലെങ്കിലും നിന്‍റെ ചുണ്ടിനു ശോണിമ,
അതീ കവിള്‍ത്തടങ്ങളിലും പടര്‍ന്നിരിക്കുന്നു.

നിന്‍റെ മുടിയിഴകളിലും മാറിടത്തിനിടകളിലും 
വിയര്‍പ്പിനൊപ്പം മറ്റൊരു ഗന്ധം കൂടെ പടരുന്നു.

നിന്‍റെ മിഴികളില്‍ പഴയ ആര്‍ദ്രതയില്ല,
പകരം വന്യമായ ഒരു ദാഹം ജനിച്ചിരിക്കുന്നു.
എന്നെ ഇങ്ങനെ നോക്കാതെ കരളേ,
ശീഘ്ര സ്ഖലനം സംഭവിച്ചേക്കാമെന്നു വരെ തോന്നിപ്പോകുന്നു. 

Let me guess, നിന്‍റെ പൂര്‍വ കാമുകനാണ് അവന്‍ , അല്ലേ ?
അവനിന്ന് വിളിച്ചിരുന്നു, നിങ്ങള്‍ സംസാരിച്ചിരുന്നു.
ഇതവനാണ്, നിനക്ക് മുന്നില്‍ ഞാനാ അപരനാണ്"

"ശ് ശ്.. എന്താ പറ്റ്യേ, വരൂ , വന്നു കിടക്കൂ"

"സത്യത്തില്‍ നീ ആരാണ്? അവളുടെ രൂപത്തില്‍ വന്ന യക്ഷിയാണോ നീ ?
 ഉറക്കത്തില്‍ എന്നെ നീ അപ്പാടെ വിഴുങ്ങുമെന്നു  ഞാന്‍ ഭയപ്പെടുന്നു"

"പാതിരാത്രി വരേയ്ക്കും പ്രേത സിനിമ കണ്ടാല്‍ ഇങ്ങനെ ഇരിക്കും,കഥകള്‍ മെനയാതെ വന്നു കിടക്കൂ! ഞാന്‍ ദാ ഉറങ്ങിക്കഴിഞ്ഞു"

No comments:

Post a Comment