Monday, November 18, 2013

ആർട്ടിസ്റ്റ്

ചുവർ ചിത്രമെഴുതി കൊണ്ടിരുന്ന, കൊലുന്നനെ ഉള്ള വിരലുകളാണ്ഞാൻ ആദ്യമായി കണ്ടത്. അവ കാൻവാസിലൂടെ ഒഴുകുകയായിരുന്നു. ആ വിരലുകളുടെ അറ്റത്ത്‌  നിന്നും നിറങ്ങൾ ഇറ്റു വീണ് കൃഷ്ണനും മീരയും ഗണേശനും സരസ്വതിയും ബുദ്ധനും പിറന്നു. അവരുടെയെല്ലാം  കണ്ണുകൾക്ക്‌ ഒരേ ഛായ ആയിരുന്നു. കാരണം, അവൻറെ  വിരൽത്തുമ്പ് പോലെ അവരുടെ കണ്ണുകളുടെ കോണുകളും വളഞ്ഞിരുന്നു.

ആ വിരലുകൾ  നീളുകയും അവയിൽ  ഇലകൾ  മുളച്ച്, വള്ളികളായ് പടർന്ന്  എൻറെ മുടിയിഴകളിൽ തഴുകി തലോടി കഴുത്തിലൂടെ ഇഴഞ്ഞ് എൻറെ ശരീരം മുഴുവനും വ്യാപിച്ച്, എന്നെ മുഴുവനായും മറച്ച് , ഒടുവിൽ  ഞാനോ വിരലുകളോ എന്നു തിരിച്ചറിയാനാകാത്ത വിധം ഞങ്ങൾ ഒരു വൃക്ഷമായി രൂപാന്തരപ്പെടുന്നതായ്, പല രാത്രികളിലും ഞാൻ സ്വപ്നം കണ്ടു.


പിന്നീട്  ചുവർചിത്രംവര പഠിക്കാൻ കൂട്ടുകാരോടൊത്ത് അയാളുടെ അടുത്ത് ചെന്നപ്പോൾ, ആ വിരലുകളിൽ നിന്ന് എനിക്ക് കണ്ണെടുക്കാൻ കഴിയാതിരുന്നപ്പോൾ എനിക്ക് നിശ്ചയമായി, ഞാൻ പ്രണയത്തിലാണ്!!!

അവൻറെ വിരലുകളെ ഞാൻ ഗാഢമായി പ്രണയിച്ചു.

വിരലുകളെ പ്രണയിച്ച മറ്റൊരാൾ കാണുമോ ?

ഒരു നാൾ, കൂട്ടുകാരില്ലാതെ ഒറ്റക്ക് അരികിൽ കിട്ടിയപ്പോൾ എന്നോടവൻ തുറന്നു ചോദിച്ചു,

"ഫൈനൽ സബ്മിഷന് ഒരു മാസം കൂടിയേ ഉള്ളു. ഏറെ നാളത്തെ ആഗ്രഹാ, അത് എൻറെ മാസ്റ്റർ പീസായിരിക്കും! ഒരു മോഡലിനെ വേണം, തനിക്ക് വിരോധമില്ലേൽ ഒന്ന് മോഡൽ ആകാമോ ?"


(തുടരും )

1 comment: