Monday, November 11, 2013

ഗൃഹാതുരത്വം


ചെങ്കൽ മതിൽ - എത്രയോ സാറ്റ് വച്ചിരിക്കുന്നു, ഇന്ന് പന്നൽച്ചെടി പുതച്ചു കിടക്കുന്നു.

പടിപ്പുര - നാട്ടുകാർ പുര കവിഞ്ഞു നിൽക്കുന്നു, പ്രേതത്തെ കണ്ട മാതിരി തുറിച്ചു നോക്കുന്നു.

നടുമുറ്റം - വിതചിട്ടിരിക്കുന്ന ടൈലുകൾക്ക് കീഴിൽ ചാണകം മെഴുകിയ മുറ്റം അന്ത്യ വിശ്രമം കൊള്ളുന്നുണ്ടാകും. 

ഉമ്മറം - മുത്തച്ഛന്റെ ചാരു കസേര! ഇപ്പോഴതിൽ ആര് ചാരുന്നുണ്ടാകും?

കട്ടളപ്പടി - എത്ര സൂക്ഷിച്ചാലും എന്റെ ചെറുവിരലിനെ പിണച്ച് ചതയ്ക്കും.

അമ്മമ്മ - അവളുമായി പടിയിറങ്ങിയപ്പോൾ , ഒടുവിൽ കേട്ട ശബ്ദം!
"കുട്ട്യോൾടെ മനസ്സ് വിഷമിച്ചു കാണും, അവരെ തിരിച്ചു വിളിക്ക് മോളെ". 

അമ്മ - ഇത് വരെയും മാറാത്ത പരിഭവത്തിൽ, മിണ്ടാതെ കിടക്കണ അമ്മമ്മയെത്തന്നെ കണ്ണ് മാറാതെ നോക്കി ഇരുക്കുന്നു.

അമ്മാവൻ - പടിഞ്ഞാറേ മുക്കിലെ മാവ് മുറിക്കുന്ന ചർച്ചയിൽ മുഴുകി നിൽക്കുന്നു.

അച്ഛൻ - നെടുവീർപ്പോടെ നെഞ്ചു തിരുമ്മുന്നു.

ഇടവഴി - എത്ര കടലാസ് തോണി മുങ്ങി മരിച്ചിരിക്കുന്നു ഈ വഴി!

മകൾ - രണ്ടു ദിവസത്തിന് ശേഷം കണ്ടതിന്റെ സന്തോഷത്തിൽ അവളുടെ ഇടുപ്പിലിരുന്ന് കൈ നീട്ടി.

അവൾ - "അമ്മ മോളെ കാണണം എന്ന് പറഞ്ഞോ ? ഫോട്ടോ ചോദിച്ചോ ?"

വീട് - ഒടുവിൽ ഞാൻ എത്തി,വലിയ നഗരത്തിലെ, തുളസിത്തറയും നടുമുറ്റവും ഇല്ലാത്ത  ഇരുമുറി ഫ്ലാറ്റിൽ. അവളുടെ കൂട്ടിൽ!

ഗൃഹാതുരത്വം- അവളുടെ നെഞ്ചിലെ മണമുണ്ട്, കിലുങ്ങി ചിരിക്കുന്ന  കൊലുസുകളുണ്ട്, രണ്ട്  രാത്രികളുടെ ഉറക്കമുണ്ട് !!

1 comment:

  1. ORUu nooraayirum ormakal sammichathinu kalluvinu ayiram ayiram nandii,,,, dukamm etraa matramm Maranathodeee eee Chengall griha smarana ormakalumm asthamikum elloo,,, pinnee akkee Concrete Killikoodukall matram .

    ReplyDelete