Thursday, November 20, 2014

ചുംബനങ്ങള്‍ഭാര്യ (വിലങ്ങായ ചുംബനം )

നീലിച്ച ചുണ്ടില്‍ എവിടെയോ മറഞ്ഞ പുഞ്ചിരി, വിഷാദം തളം കെട്ടിയ കണ്ണുകള്‍, ഭഗത്തിലെ നീറുന്ന പുണ്ണ്‍ കാരണമാകും അവള്‍ ഇരിക്കാന്‍ മടിച്ചത്. 

“കിടന്നോളൂ”, ഞാന്‍ പറഞ്ഞു, “കല്യാണം കഴിഞ്ഞാ പൊതുവേ പെണ്‍കുട്ട്യോള്‍ക്ക് വരണതാ ഈ യൂറിനറി ഇന്ഫെക്ഷനൊക്കെ!
സാരല്ല്യ, രണ്ടൂസം കഴിയുമ്പോ ശരിയാകും.”

“അവരവിടെ കീറി കല്ലൂ, എനിക്ക് വേദന സഹിക്കാന്‍ പറ്റണില്ല”, അവള്‍ വിതുമ്പി. 

“സാരല്ല്യ”, ഞാന്‍ മെല്ലെ അവളെ ചേര്‍ത്തണച്ചു.
കണ്ണില്‍ നിന്നൊഴുകി ചുണ്ടില്‍ തങ്ങിയ കണ്ണീനീര്‍ ഞാന്‍ മെല്ലെ തൊട്ടു. 

“എന്നെ അയാള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു.. മൂന്നും നാലും തവണ, അതും ഒറ്റ രാത്രിയില്‍.. ഒന്നു മയങ്ങി വരുമ്പോഴേക്കും അടുത്തത്... കല്ലൂ ഇതാണോ നിങ്ങളൊക്കെ കളിയാക്കിയ ആദ്യരാത്രി. എനിക്കിനി തിരിച്ച് പോകാന്‍ വയ്യ” അവള്‍ തേങ്ങി... ഉള്ളില്‍ ഞാനും!

യാത്ര പറഞ്ഞ് ഞാന്‍ അവളുടെ കവിളില്‍ മുത്തം കൊടുത്തു. ഷാള് കൊണ്ട് മുറിവുണങ്ങാത്ത ചുണ്ട് മറച്ച് അവള്‍ പറഞ്ഞു, എനിക്കും ഉമ്മ തരണന്നുണ്ട്.. മുറിവുകള്‍ ഉണങ്ങട്ടെ.. എല്ലാം പൊറുക്കട്ടെ!”

“അതെ, എന്നിട്ട് ഞാന്‍ തീര്‍ച്ചയായും ആ ചുണ്ടില്‍ മുത്തം വയ്ക്കും, ന്‍റെ സുന്ദരികുട്ടിയാ കേട്ടോ”, ഞാന്‍ അവളുടെ കവിളില്‍ നുള്ളി.
അമ്മ (വിലക്കപ്പെട്ട ചുംബനം )

“ചിലപ്പോള്‍ ഒരു കൌണ്‍സിലിങ്ങില്‍ മാറാവുന്നതേ ഉള്ളു ഇത്.
അതോ നമുക്ക് വക്കീലിനെ സമീപിക്കണോ. നീയെന്താ കുട്ടീ ഈ പറയണേ? അങ്ങനെ ഒരു ഹോമോസെക്ഷ്വല്‍ ആയിരുന്നേല്‍ അയാള്‍ക്കെങ്ങനെ കുട്ടി ജനിക്കും?

“അതിനു അയാള്‍ ഇമ്പൊട്ടന്‍റ് അല്ല കല്ലൂ”.
“അപ്പൊ അയാള്‍ എങ്ങനെ?”
“ഒരിക്കലും അയാളെന്നെ ചുംബിചിട്ടില്ല, ഒരു മെഷീന്‍ കണക്കെയാണ് അയാളെന്നെ ഭോഗിച്ചത്, ഗര്‍ഭിണി ആയതിനു ശേഷം അയാളെന്നെ സ്പര്‍ശിച്ചിട്ടേ ഇല്ല. പക്ഷെ അയാള്‍ അയാളുടെ ആണ്‍സുഹൃത്തിനെ എന്ത് സ്നേഹതോടെയാ ഉമ്മ വച്ചേ, എന്തൊരഭിനിവേശമായിരുന്നു അയാള്‍ക്കവനോട്?”

“പിടിക്കപ്പെട്ടപ്പോള്‍ അയാള്‍ എങ്ങനെ പ്രതികരിച്ചു?
കരഞ്ഞു കാലു പിടിച്ചു, വീട്ടുകാരുടേം നാട്ടുകാരുടേം മുന്നില്‍ നാണം കെട്ടാല്‍,ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു.

“അമ്മ എന്ത് പറഞ്ഞു?”
“സെക്സ് എന്നത് പത്ത് നാള്‍ കഴിഞ്ഞാല്‍ എല്ലാര്‍ക്കും വിരസതയാണ് സമ്മാനിക്കുന്നതെന്നും അതിലൊന്നും കാര്യായിട്ടില്ലാന്നും ഉപദേശിച്ചു. കേസും ഒച്ചപ്പാടുമുണ്ടാക്കി കുടുംബത്തിനു നാണക്കേടുണ്ടാക്കരുതെന്നും പറഞ്ഞു.
ഞാനപ്പോള്‍ കലൂന്റെ ഓര്‍ത്തു. സെക്സ് ഇല്ലാണ്ടെ കുടുംബ ബന്ധമേ ഇല്ല എന്ന്‍ വാദിക്കുന്ന കല്ലൂനെ! ആ നേരത്ത് നിങ്ങള്‍ തമ്മില്‍ കണ്ടിരുന്നെങ്കില്‍ നല്ലൊരു വാഗ്വാദത്തിനു സ്കോപ്പുണ്ടാരുന്നു”
കണ്ണീരിനിടയില്‍ അവള്‍ ചിരിച്ചു. 

കോപ്പ്, ഇത്ര പെട്ടെന്നൊരു കല്യാണത്തിന് തല വക്കരുതെന്ന് ഞാനന്നേ പറഞ്ഞതാ, അവര്‍ ബാധ്യത തീര്‍ത്തു.. എന്‍റെ പല്ലുകള്‍ ഞെരിഞ്ഞു.

“എന്തിനാ നീ ഇങ്ങനെ നീറണത്? ഞാന്‍ ഒന്ന് തിരക്കി നോക്കട്ടെ!”

ഞാന്‍ ഇക്കാര്യം മൂന്നു വക്കീലന്മാരോട് സംസാരിച്ചു, മൂന്നു പേരും ഉപദേശിച്ചത് കുട്ടിയോട് സഹിക്കാന്‍ പറയൂ, ജനിച്ചു പോയ കുഞ്ഞിനെ ഓര്‍ക്കണം, കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാതെ ശ്രദ്ധിക്കണം, കൌണ്‍സലിങ്ങിന്‍റെ സാധ്യത തള്ളിക്കളയാന്‍ ആകില്ല എന്നൊക്കെ.
മനുഷ്യവകാശങ്ങളെക്കുറിച്ച് ഞാന്‍ തര്‍ക്കിക്കാന്‍ ശ്രമിച്ചു. ഒരു വക്കീലിനോട് കിടപിടിക്കാന്‍ എനിക്കാവില്ലായിരുന്നു."
കേട്ടതൊക്കെയും ഞാന്‍ അവളെ അറിയിച്ചു. നിര്‍വികാരതയോടെ അവള്‍ പറഞ്ഞു.

“കുടിച്ചു വന്ന് എന്നെയേയും അമ്മയേയും തല്ലുന്ന.. തെറി പറയുന്ന അച്ഛനെയേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ. അച്ഛന്‍ എന്ന നിലയില്‍ എന്‍റെ ഭര്‍ത്താവൊരിക്കലും എന്‍റെ അച്ഛനെ പോലെ ആകില്ല എന്നെനിക്കുറപ്പുണ്ട്. 
ഒരു പക്ഷെ അവരെല്ലാം ശരിയായിരിക്കാം കല്ലൂ, വളര്‍ന്ന് വരുന്ന എന്‍റെ മോള്‍ക്ക് വേണ്ടി, ചുംബിക്കപ്പെടാത്ത എന്‍റെ ചുണ്ടുകളെ ഞാന്‍ മറക്കാം!”

കാമുകി(വിങ്ങുന്ന ചുംബനം )

കത്തുന്ന വേനലില്‍, എരിയുന്ന ഉച്ച വെയിലില്‍ ചുടു ചുംബനം പങ്കിട്ടപ്പോള്‍ അവന്‍ ചോദിച്ചു,
“ഇനി നിനക്കെന്ത് വേണം ?”
“ഇനി ഒരു മഴ പെയ്യണമായിരുന്നു. ഇത്തവണ മണ്‍സൂണ്‍ എന്തെ ഇത്ര വൈകി.” കൈപ്പത്തി കൊണ്ട് കണ്ണുകള്‍ മറച്ച് അവള്‍ മാനത്ത് കാര്‍മേഘങ്ങള്‍ തിരഞ്ഞു.

അവളുടെ കഴുത്തിലും കൈ വിരലുകളിലും കവിളത്തും കയ്യിലെ മറുകിലും ചുണ്ടുകളിലും അവന്‍ ചുംബനങ്ങള്‍ വര്‍ഷിച്ചു. ആ വര്‍ഷത്തില്‍ അവള്‍ നനഞ്ഞു കുതിര്‍ന്നു.

അത്തവണ മണ്‍സൂണ്‍ പെയ്തിറങ്ങിയപ്പോള്‍ അവള്‍ അവനെഴുതി,
....ദുഷ്ടന്മാര്‍ നാടുവിട്ടതോടെ ഇവിടെ മഴ തുടങ്ങി... ഹ ഹ!
പിന്നെയുള്ള കത്തുകള്‍ക്കും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും അവന്‍ മറുപടി കൊടുത്തില്ല. തിരക്കിന്‍റെ മറവില്‍ അവന്‍ മാഞ്ഞു മറഞ്ഞു പോയി. 

കണ്ണടച്ചാലും തുറന്നാലും അവന്‍റെ മുഖം മാത്രേ അവള്‍ കണ്ടുള്ളൂ, അവന്‍റെ ശ്വാസവും മണവും കൈകളിലെ ചൂടും മൃദുലതയും ഒന്നും അവള്‍ക്ക് മറക്കാന്‍ സാധിച്ചില്ല. എല്ലാം ഒരു സ്വപ്നമായി കരുതാന്‍ അവള്‍ ശ്രമിച്ചു. വേദന കുറഞ്ഞാലോ, പൊട്ടിക്കരഞ്ഞു. ഉറക്കമില്ലാത്ത രാത്രികളില്‍ അവള്‍ അവനായി കത്തുകള്‍ എഴുതി, പിന്നീട്  കീറിക്കളഞ്ഞു. ഉറക്കം വന്ന രാത്രികളില്‍ അവന്‍റെ പേര് പുലമ്പിക്കൊണ്ടേ കിടന്നു. കരഞ്ഞിട്ടും കരഞ്ഞിട്ടും തീരാത്ത വേദന. ഒടുവില്‍ സഹിക്കാനാകാതെ വന്നപ്പോള്‍ ആത്മസുഹൃത്തിനെ വിളിച്ച് പൊട്ടിക്കരഞ്ഞു.

‘നിനക്ക് വിഷാദ രോഗം പിടി പെട്ടിരിക്കുന്നു.’ അവള്‍ അനുമാനിച്ചു. “ഒരു സൈക്കാട്രിസ്റ്റിന് ഒരു പക്ഷെ നിന്നെ രക്ഷിക്കാനാകും.”
“എന്നെ ഒരു ഭ്രാന്തിയാക്കിയാലോ അയാള്‍?” അവള്‍ ഭയപ്പെട്ടു.

“ഒരു മരുന്നുണ്ട്, ‘മാനസമിത്ര!’, സംഗതി ആയുര്‍വേദാ, പാര്‍ശ്വഫലങ്ങള്‍ ഒന്നും കാണില്ല”
“ഒരു മരുന്നിനു ന്‍റെ ഉള്ളിലെ വേദന ഇല്ലാണ്ടാക്കാന്‍ പറ്റ്വോ? ഓര്‍മ്മകള്‍ നശിപ്പിക്കാന്‍ പറ്റ്വോ?”
“അതൊന്നുമില്ല, അത് കഴിച്ചാല്‍ കണ്ണുനീരിനു ശമനം കിട്ടും ഉള്ളില്‍ കരയുമ്പോഴും പുറത്താരും അറിയേ ഇല്ല”

പിന്നെ അവള്‍ കരഞ്ഞില്ല.. കരഞ്ഞാരും കണ്ടില്ല. 

പിന്നീടൊരു വര്‍ഷവും അവളുടെ ഉള്ളില്‍ പെയ്തില്ല.

Wednesday, October 1, 2014

അഴുകുന്ന പ്രണയംജീവനുള്ളതെല്ലാം മരിക്കും അഴുകും പുഴുവരിക്കും,

ജീവനുള്ള പ്രണയവും!

അവളുടെ പ്രണയം പുരണ്ട അടിവസ്ത്രം അവനൊരു കമ്പില്‍ കോര്‍ത്ത് തീയിലിട്ടു.

Sunday, August 31, 2014

തിരുമുറിവ്അവന്‍..
എഴുതിയ വരികള്‍ക്കെല്ലാം,
മുറിഞ്ഞ ഹൃദയത്തിലുണങ്ങിയ-
ചോരയുടെ മണമായിരുന്നു..
ഉതിരാതുറഞ്ഞുപോയ
കണ്ണീരിന്‍റെ രസമായിരുന്നു!

കോറിയിട്ട് കീറിക്കളഞ്ഞ,
അസംഖ്യം കടലാസുകള്‍ കണക്കെ,
വിളറിപ്പോയ എന്‍റെ ചുണ്ടില്‍-
അമര്‍ത്തിച്ചുംബിച്ച്,
കിതപ്പോടെ,
അവന്‍ തുടര്‍ന്നു..

“അവള്‍....

Thursday, May 8, 2014

ഒരേ തോണിയിൽ


ഞങ്ങൾ ഒരേ തോണിയിൽ യാത്ര ചെയ്യുന്നവരായിരുന്നു!
പ്രണയം പൊടിച്ച്,  ഓളങ്ങളിൽ വിതറി,
സുവർണ  മീനുകൾക്കായി,
അവൻ ഒരു തലയ്ക്ക് കാത്തിരുന്നു.

പ്രണയം, മുകിലായ് കനത്ത്
മേലാകെ നനച്ച് ,
തിമിർത്ത് പെയ്യുമെന്ന് നിനച്ച്,
മറുതലയ്ക്ക് ഞാനും കാത്തിരുന്നു.

Monday, March 24, 2014

തുളുമ്പാതെ


അവൻ:
"നീയെനിക്ക് ,
ചേമ്പിൻ താളിലെ 
മഴത്തുള്ളി പോലെ"
പകരാതെ 
പകരം വയ്ക്കാതെ 
നുകരാതെ 
നുണകളില്ലാതെ 
വീഴാതെ 
വീണുടയാതെ 
മനസ്സിൽ ചേർത്തൊരു 
മഴത്തുള്ളി.

അവൾ :
"എനിക്കും!!"

ഒരുണ്ടുരുണ്ട്‌ 
തെന്നിനീങ്ങി 
പടരാതെ 
പറ്റിച്ചേരാതെ 
മണമില്ലാത്ത 
നിറമില്ലാത്ത 
വിളറിയ ഒരു -
തണുത്ത തുള്ളി.


Thursday, March 20, 2014

എഴുത്തുകാർക്ക് അരപ്പിരിയാണ്

"രണ്ടു കാറും ഒരു സ്കൂട്ടറുമുള്ള വീട്ടിലെ ഒരംഗം ഇങ്ങനെ എന്നും ഓട്ടോയ്ക്ക് വരണ്ട വല്ല ആവശ്യോം ഉണ്ടോ ?"

കൊണ്ട് വിടാനുള്ള എൻറെ ആവശ്യത്തെ നിരാകരിച്ച കണവനോട് എന്നത്തേയും   പോലെ അന്നും ഇടഞ്ഞിറങ്ങിയ എന്നെ സിന്ധു ടീച്ചർ ചൊറിഞ്ഞത് നിക്കത്ര പിടിച്ചില്ല.

"അദ്ദേഹത്തിന് ഇങ്ങനെ കൊണ്ട് നടക്കുന്നത് പണ്ടേ ഇഷ്ടമല്ല. 'നിന്നെ എനിക്ക് വിശ്വാസമാടീ', എന്ന് പ്രസ്താവന കൂടി ഇറക്കി, അങ്ങേര് ഒഴിഞ്ഞു. അങ്ങനെയാ ഓട്ടോ ഏർപ്പടാക്കിയെ.
ഒന്നോർത്ത് നോക്കിയാൽ ഒരു രസമുണ്ട്, എന്നും എനിക്കായി ഒരു പുരുഷൻ പടിക്കലിങ്ങനെ കാത്തു നില്ക്കുന്നു. ഇടയ്ക്ക് മഴയുള്ള ദിവസങ്ങളിൽ, തലക്കു മുകളിൽ ബാഗും പൊക്കിപ്പിടിച്ച് ഓടി വരുന്ന എനിക്ക് , ഓട്ടോയുടെ പ്ലാസ്റ്റിക്‌ ഷീറ്റ് പോക്കിത്തരികയും ചെയ്യും. ഹായ്...! "

                                           

"ആഹാ കൊള്ളാലോ പെണ്ണേ മനസ്സിലിരുപ്പ്?, നിനക്ക് വേണേൽ  ഒരു എഴുത്തുകാരിയാകാം. അല്ലേ , വേണ്ട. എഴുത്തുകാർക്കെല്ലാം അരപ്പിരിയാണ്. നിനക്കാകുമ്പോ മുഴുവനാകും. നീ എഴുതുകയേ  അരുത് ."

ജീവിതത്തിൽ ഒരിക്കലും എഴുതില്ല എന്ന പോലെ ഞാൻ ചിരിച്ചു.

ന്നാലും ഒരു സംശയം !
അരക്കിറുക്കില്ലാത്തവർ ഉണ്ടോ ?
അതോ എനിക്കെല്ലാം മഞ്ഞയായി തോനുന്നതായിരിക്ക്വോ!!

Tuesday, January 28, 2014

കുഞ്ഞിപ്പൂവ്കണ്ണടയ്ക്കാതെ, കരയാതെ, അവൻ മരിച്ചത് ,
കരിയെഴുതിയ കണ്ണിണകൾ കണ്ടിരുന്നാണ്.

അവളുടെ മുടിയിഴകൾക്ക്‌ മണം പകർന്നത്,
അവൻറെ ഒടുവിലത്തെ നിശ്വാസമാണ്.

Thursday, January 16, 2014

വളർത്തു നായ

************************************************************************


No longer published


************************************************************************