Sunday, December 20, 2015

മൌനക്ഷതങ്ങള്‍


പതിവുപോലെ അയാള്‍ ഇടത്തോട്ടാണ് മുണ്ടുടുത്തത്. അവള്‍ അതഴിച്ച് അയാളെ വലത്തോട്ടുടുപ്പിച്ചു. അയാള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ  അനുസരണയോടെ നിന്നുകൊടുത്തു. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ രണ്ടു മുഴം മുല്ലപ്പൂ വേണമെന്ന് അവള്‍ ആവശ്യപ്പെട്ടു. അവളുടെ കണ്ണുകളെ അഭിമുഖീകരിക്കാന്‍ അയാള്‍ ഏറെ കഷ്ടപ്പെട്ടു. രണ്ടടി മുന്നിലാണവള്‍ നടന്നത്. നടത്തത്തിന്റെ വേഗത കൂട്ടാനോ അവള്‍ക്കൊപ്പം എത്താനോ അയാള്‍ മുതിര്‍ന്നില്ല. അവള്‍ കൈ പിടിച്ചിരുന്നില്ല, എങ്കിലും അദൃശ്യമായ എന്തോ ഒന്ന് അവളോട്‌ കൂടി ബന്ധിക്കപ്പെട്ടിരിക്കുന്നതായും അയാളെ  ആ ബന്ധനം വലിച്ചുകൊണ്ട് പോകുന്നതായും അയാള്‍ക്കനുഭവപ്പെട്ടു.

ഒറ്റ രാത്രി കൊണ്ട് അവള്‍ എത്ര ദൂരത്ത് പോയിരിക്കുന്നു.ഇന്നലെ വരെ തന്‍റെ നിഴല്‍ പറ്റി ഒരു കുരുവി കുഞ്ഞിനെ പോലെ അരുമയായ അവളാണ് ഇന്ന്‍ വളര്‍ന്ന് വലുതായി തന്നെക്കാള്‍ ഉയരത്തില്‍ പറക്കുന്നത്.

തിരക്കില്‍ പരിചയമുള്ള മുഖങ്ങള്‍ കാണുമോ? അയാള്‍ ഭയപ്പെട്ടു. പരിചയക്കാരെക്കാളും ഭയം അവളോടാണ് തോന്നിയത്..  ഒരു രാത്രി കൊണ്ട്  അവര്‍ക്കിടയില്‍ വന്ന അകലത്തോട്... അവള്‍ക്ക് ബാധിച്ചിരിക്കുന്ന അപൂര്‍വ്വമായ മൌനത്തോട്‌..  

നട തുറന്നപ്പോള്‍, മണിയൊച്ചകള്‍ തകര്‍ത്തു കളഞ്ഞത് അയാളുടെ ഉള്ളില്‍ കെട്ടിനിന്ന വിചാരവികാരങ്ങളെ ആയിരുന്നു. അയാള്‍ പരിസരം മറന്നു പൊട്ടിക്കരഞ്ഞു. എന്തിനെന്ന്‍ അയാള്‍ക്കൊരിക്കലും സ്വയം വിശദീകരണത്തിന് പോലും സാധിക്കുമായിരുന്നില്ല. അവള്‍ ചോദിച്ചതുമില്ല. ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ അയാളുടെ കരഞ്ഞു വീര്‍ത്ത കണ്ണുകള്‍ അവളുടെ പാദസരകൊളുത്തില്‍ കുരുങ്ങിക്കിടന്നു. പാദസരങ്ങള്‍ കെഎസ്ആര്‍ടിസി  ബസിന്‍റെ തിക്കിലും തിരക്കിലും മാഞ്ഞു പോയപ്പോള്‍ തെല്ലൊരാശ്വാസം തോന്നിയോ?

മുറിയില്‍ ഒറ്റയ്ക്ക് തിരിച്ചെത്തിയപ്പോള്‍ തലേന്ന് പൊടിഞ്ഞ ചോരത്തുള്ളികള്‍ വെളുത്ത വിരിയില്‍ നിന്ന്‍ മാഞ്ഞുപോയിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. അവള്‍ എപ്പോഴെങ്കിലും ആ വിരി കഴുകി ഇട്ടിരിക്കണം. മനസ്സില്‍ പറ്റിച്ചേര്‍ന്ന രക്തക്കറ എങ്ങിനെയാണ് കഴുകി കളയുക? അയാള്‍ കുറച്ചു നേരം ഉറങ്ങാന്‍ ശ്രമിച്ചു. ശേഷം അയാള്‍ മുണ്ടില്‍ നിന്ന് പാന്റ്റിലേക്ക് വേഷം മാറി.

Monday, October 26, 2015

മാള്‍ട്ടയില്‍ നിന്നും


സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഒഴിവാക്കണം എന്ന ഉദ്ദേശത്തിലാണ് പതിവിടങ്ങളില്‍ നിന്നു വ്യത്യസ്തമായി ഞാന്‍ സിറ്റിയില്‍ നിന്നു ദൂരെയുള്ള ഒരു കൊച്ചു പബ് അന്ന് തിരഞ്ഞെടുത്തത്. വിചാരിച്ച പോലെ തന്നെ, തിരക്കില്ല. എത്ര കഴിച്ചെന്നു ഓര്‍മ്മയില്ല. അവനെകുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടിവരുന്നതല്ലാതെ ഒരു തുള്ളി പോലും മറക്കാന്‍ പറ്റിയില്ല. തിരികെ വീട്ടില്‍ പോകണം എന്ന്‍ തോന്നിയപ്പോള്‍ ഞാന്‍ ചുറ്റും നോക്കി. അല്‍പ്പം തടിച്ചു കുറുകിയ ബാര്‍ടെന്ടെര്‍ മാത്രം. ഞാന്‍ അയാളെ മാടി വിളിച്ചു.

“നിങ്ങളുടെ പേരെന്താണ്?”
“നിങ്ങള്‍ വളരെഅധികം താമസിച്ചിരിക്കുന്നു, പബ് അടയ്ക്കാന്‍ പോകുന്നു”, അയാള്‍ എന്‍റെ ചോദ്യത്തെ അവഗണിച്ചു.

"നിങ്ങള്‍ ഇന്നാട്ടുകാരനല്ല, മാത്രമല്ല നിങ്ങള്‍ കടലില്‍ നിന്നാണ് വന്നത്. എന്‍റെ നാവികനെ പോലെ നീയും നിറം മങ്ങിയിരിക്കുന്നു. പറയൂ നിങ്ങള്‍ എവിടെ നിന്നാണ് വന്നത്?"
"ഞാന്‍ മാള്‍ട്ടയില്‍ നിന്നുമാണ്."

"ആഹ, സുന്ദരമായ മാള്‍ട്ടയില്‍ നിന്ന്‍ നീയെങ്ങനെ ഈ വൃത്തികെട്ട നഗരത്തിലെത്തി?". അത്ഭുതത്തോടെ അയാളുടെ കണ്ണുകള്‍ വലുതായി. ഉത്തരത്തിനു കാത്തു നില്‍ക്കാതെ ഞാന്‍ തുടര്‍ന്നു.  

“നിങ്ങള്‍ പ്രേമിച്ചിട്ടുണ്ടോ?”, അയാള്‍ പുഞ്ചിരിച്ചു. ആ ചിരിക്ക് സൌഹൃദത്തിന്റെ ഛായ.
“നിങ്ങള്‍ക്ക് കാബ് വിളിച്ചു തരട്ടെ?” അയാള്‍ എന്നോട് ചോദിച്ചു.

“അവന്‍ ഒരു രാക്ഷസനായിരുന്നു, എന്‍റെ കോങ്ങ്, കിംഗ്‌ കോങ്ങ്!! അവന്‍റെ കീഴ്താടിയിലെ നുണക്കുഴിയില്‍ ഞാന്‍ നീന്തിക്കുളിക്കുമായിരുന്നു. മെലിഞ്ഞു നീണ്ട പിങ്ക് നിറത്തിലുള്ള വൃത്തിയുള്ള വിരലുകളായിരുന്നു അവന്. അവന്‍റെ വിരല്‍ തുമ്പുകളെ കാമിച്ചു എനിക്ക് മതി തീര്‍ന്നിട്ടില്ലായിരുന്നു. നിങ്ങള്‍ കൈ നീട്ടു, കാണട്ടെ.” ഞാന്‍ അയാളോട് ആവശ്യപ്പെട്ടു. അല്‍പ്പം മടിച്ച് അയാള്‍ കൈ നീട്ടി, “അയ്യേ, ഈ വിരലുകള്‍ എത്ര കുറിയതാണ്, തീരെ ഭംഗിയില്ല.”
അയാളുടെ മുഖം വാടി. “മത്സ്യം വാരി തഴമ്പിച്ച കൈകളാണ്.” അയാള്‍ കൈകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു.

ശ്ശെ, വേണ്ടിയിരുന്നില്ല, അയാള്‍ വിഷണ്ണനായിരിക്കുന്നു. ഞാന്‍ തുടര്‍ന്നു, “കുറുതെങ്കിലും സാരമില്ല, കാരണം ആഴമല്ല ഒരു സ്ത്രീയെ സന്തോഷിപ്പിക്കുന്നത്, നിറവാണ്. നിന്‍റെ ഗേള്‍ ഫ്രണ്ട് തീര്‍ച്ചയായും ഈ തടിച്ച വിരലുകളെ സ്നേഹിക്കും.”
അയാളുടെ കൊച്ചു കണ്ണുകള്‍ വീണ്ടും വലുതായി, അതില്‍ നാണം തിളങ്ങി. എഴുന്നേറ്റ് കൊണ്ട് അയാള്‍ വീണ്ടും കൈ നീട്ടി, “വരൂ, ഞാന്‍ കാബ് വിളിച്ചു തരാം!”

Sunday, October 18, 2015

മട്ടുപ്പാവ്‬ഇടയ്ക്കിടെ ഓര്‍മ്മകളുടെ മട്ടുപ്പാവില്‍ ഞാന്‍ നിന്നെ ചേര്‍ന്നിരിക്കാറുണ്ട്. ശൈത്യം കവര്‍ന്നു കൊണ്ട് പോകാതെ നീ എന്നെ ചേര്‍ത്ത്പിടിക്കും. 

ഉറക്കത്തിന് തയ്യാറെടുക്കുന്ന നഗരം. വീഥികളില്‍ വീട് പറ്റാന്‍ ധിറുതി വയ്ക്കുന്ന മനുഷ്യര്‍, വീടൊന്നുമില്ലാത്ത നായ്ക്കള്‍. നീ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഞാന്‍ മൂളി മൂളി കേട്ടു കൊണ്ടേ ഇരുന്നു. ഇടയ്ക്ക് നീ നിന്റെ പ്രിയപ്പെട്ട, കിഷോര്‍ കുമാര്‍ പാട്ടു പാടി. അതിലെ മനോഹരിയായ ഹംസിനിയായി ഞാന്‍ ആ നഗരമാകെ പാറി പറന്നു. 

വെളിച്ചം വീഴുമ്പോള്‍ ഞാന്‍ മറ്റൊരു നഗരത്തിലാണ്. മറ്റൊരു ഗൃഹത്തിലാണ്. മറ്റൊരാളിന്റെ കിടക്കയിലാണ്. നീ ഓര്‍മ്മയാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാതെ ഞാന്‍ നിന്നെ തിരഞ്ഞു. പിന്നെ മുഖം കഴുകി അടുക്കളയുടെ തിരക്കിലേക്ക് മറഞ്ഞു, എന്നെയും നിന്നെയും മറന്നു.

ഞാന്‍ പറന്ന് പോയത് മറ്റേതോ ജന്മത്തിലേക്കാണ്. 

Thursday, October 1, 2015

ന്നാലും ന്റെ കാക്കേ


ഞാന്‍ അടുക്കളപ്പറത്തിരുന്ന്‍ പാത്രം മോറാരുന്നു,
ഒരു കാക്കപ്പെണ്ണ്‍... 
എന്തൊക്കെയാ അവളെന്നെ പറഞ്ഞെ? ആദ്യം കുറെ പയ്യാരോം പായാരോം. പിന്നെ പിന്നെ പറഞ്ഞു പറഞ്ഞവള്‍ കാട് കേറി. പിന്നെ, ശകാര വര്‍ഷമായി, ഒടുക്കം പ്രാകിക്കൊണ്ട് പറന്നും  പോയി.
എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്, അവളുടെ നിസ്സഹായാവസ്ഥ. ഇനിയൊരിക്കലും ഇടമില്ലാത്ത ശാഖകളില്‍ നിന്നവള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു.. ഓരോ നഷ്ട പ്രണയത്തിലും അവള്‍ അവന്റെയടുത്തെയ്ക്ക് പറന്നിറങ്ങിയിരുന്നു ഒരാശ്വാസ വാക്ക് പോലും പറയാതെ ഇന്നവന്‍ മുഖം തിരിച്ചിരിക്കുന്നു. എവിടെയുമഭയമില്ലാതെ അവള്‍ ഉറക്കെ കരയുന്നു. ലോകത്തോട് വഴക്കിടുന്നു അവനോടു അവള്‍ക്കുള്ളത് സ്നേഹമായിരുന്നോ? സൌഹൃദമായിരുന്നോ? എന്തായിരുന്നാലും എനിക്കുള്‍ക്കൊള്ളാന്‍ സാധിക്കും. ദുഷ്ടനായ അവനെ വേണമെങ്കില്‍ എടുത്തോണ്ട് പൊയ്ക്കൊള്ളാന്‍ അവളോട്‌ പറയാമായിരുന്നു!”

“ആഹാ, എങ്കില്‍ ഞാന്‍ ഓളോട് പറയാ, വന്ന് കൊത്തിക്കൊണ്ട് പൊയ്ക്കോളീ ന്ന്‍”


“വേണ്ടാ, വേണ്ട, ആര്‍ക്കും കൊടുക്കണില്ല, ആരും കൊണ്ട് പോണ്ട, ഞാന്‍ അവനെ കൊല്ലാന്‍ പോകുന്നു, കൊന്നു തിന്നാന്‍ പോകുന്നു” 

Tuesday, September 22, 2015

ബംഗാളിയും കോഠിയും


ബംഗാളികള്‬‍ എന്ന് പറഞ്ഞാല്‍ അത് ബംഗ്ലാദേശില്‍ നിന്നു കുടിയേറിപ്പാര്ത്ത ഞങ്ങള്‍ ആര്യന്മാര്‍ ആണ്, ബാനര്ജീ, ചാറ്റര്ജീ, മുഖര്‍ജീ,ഗാംഗുലി, ചക്രവര്ത്തി.. അങ്ങനെ വെളുത്ത് ഉയരമുള്ള, കാണാന്‍ ചന്തമുള്ള ബംഗാളികള്‍- ബ്രാഹ്മിണര്‍! ഇന്നത്തെ പശ്ചിമബംഗാളില്‍ ബംഗാളികള്‍ മാത്രമല്ല, നിറം കുറഞ്ഞ കുറുതായ മനുഷ്യരുമുണ്ട്, അവരെ കോഠി എന്ന് വിളിക്കും. ഇപ്പൊ എല്ലാവരും ഇടകലര്ന്ന് പോയി. ബംഗാളികള്‍ കോഠികളെ വിവാഹം ചെയ്തു. ഒരു തരം സങ്കര ഇനം മനുഷ്യരായി ഇന്ന്‍ ബംഗാളികള്‍. ഇപ്പോള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെങ്കിലും നിറവും ഉയരവും കണക്കാക്കിയാല്‍ യഥാര്ത്ഥ ബംഗാളികളെ തിരിച്ചറിയാം. നിന്റെ രണ്ട് സുഹൃത്തുക്കളും ബംഗാളികളാണ്”
ദൈവമില്ലെന്നും പൂണൂല്‍ വലിച്ചെറിഞ്ഞ യുക്തിവാദിയായാണെന്നും കാമ്പസ്സില്‍ ഉറക്കെ പ്രഖ്യാപിച്ച ബാനര്ജിയാണ് ബംഗാളി ചരിത്രം പറയുന്നത്. അയാള്‍ തുടര്ന്നു,
“ചില കറുത്ത് കുറുകിയവന്മാര്‍ ഉണ്ട്, പണ്ടെങ്ങോ കൃസ്ത്യാനികളായവര്‍. പേര് ചാര്ള്സെന്നോ മറ്റോ ആയിരിക്കും, ഹ ഹ ഹ, കണ്ടാലേ അറിയാം പഴേ ദളിതനെ”
ഞാന്‍ ഒരിക്കലും വിചാരണ ചെയ്യുകയോ സ്വയം വിശദീകരിക്കുകയോ ചെയ്തില്ല, അയാളന്ന്‍ കോഠിയേക്കാള്‍ ചെറുതാവുകയും അതിലേറെ കറുക്കുകയും ചെയ്തു. ഇന്നും അയാള്‍ക്കറിയില്ല അത്ര ഇടുങ്ങിയ സൌഹൃദത്തില്‍ നിന്ന് ഇത്ര വലിയ ഞാന്‍ ഇറങ്ങിപോരാന്‍ കാരണം!

Thursday, September 3, 2015

പരീക്ഷാക്കാലത്ത്


പണ്ട് പരീക്ഷാക്കാലത്ത് അകാഡമി വളപ്പിലാണ് പഠിക്കാന്‍ പോകാറ്. അന്നത്തെ സെക്രട്ടറിയുടെ മകള്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. അവരുടെ കൊട്ടേര്സ്ന്‍റെ മുറ്റത്ത് പവിഴമല്ലി പൂവിടുമായിരുന്നു. സ്വച്ഛ ശീതളമായ ആ ചുറ്റുവട്ടത്തിരുന്നു പഠിക്കാന്‍ നല്ല സുഖമായിരുന്നു.


ഞാന്‍ ഉറക്കെയാണ് (ഇന്നും) വായിച്ചു പഠിക്കുക. ചിലപ്പോള്‍ ഞാന്‍ ടീച്ചറും ചുറ്റുമുള്ള വന്മരങ്ങള്‍ കുട്ടികളുമാവും. ഞാനും മരങ്ങളും ചേര്ന്ന് ഇന്ഗ്ലീഷും മലയാളവും സയന്സും സാമൂഹ്യപാഠവും അങ്ങനെയാണ് പഠിച്ചത്.
ഉച്ചകളില്‍ കഥയെഴുതുന്ന വിരലുകള്‍ കൊണ്ട് അവളുടെ അമ്മ ചൂട് ചോറ് വിളമ്പിത്തരുമായിരുന്നു.

ഇനി സാഹിത്യ അക്കാദമിയില്‍ പോകുമ്പോള്‍ നീ തമ്മില്‍ മുതിര്ന്ന മരങ്ങളോട് ചോദിക്കണം, പഠിച്ച (ഞാന്‍ പഠിപ്പിച്ച) പാഠങ്ങളൊക്കെ ഓര്ക്കണുണ്ടോ എന്ന്‍?

Tuesday, July 28, 2015

സംഘിയും സഖാവും


“അച്ഛമ്മ സി. അച്യുതമേനോന്‍റെ വലിയ ഫാനായിരുന്നു. മുത്തശ്ശിക്കഥകളില്‍ എന്നും വിപ്ലവവും പ്രസ്ഥാനവും നിറഞ്ഞു നിന്നിരുന്നു.

ആദ്യായി ന്‍റെ പടം പത്രത്തില്‍ വരണത് നാല് വയസ്സുള്ളപ്പോളാണ്. അമ്മ അംഗമായ തൊഴിലാളി സംഘടനയുടെ സമരപന്തലില്‍ പ്ലാക്കാര്ഡ് പിടിച്ചിരിക്കുന്ന നാല് വയസ്സ്കാരി കല്ലുനെ കണ്ട് കൌതുകം തോന്നിയ ഏതോ കാമറമാന്‍ എടുത്ത പടം. :D

കഴിഞ്ഞ തവണ നാട്ടില്‍ പോയി തിരികെ ഇറങ്ങണ നേരത്ത് എനിക്കച്ഛന്‍ സമ്മാനിച്ചത് ഒരു ചാക്ക് നാളികെരോം ഒരു പുസ്തകോം ആണ് – ‘Re – reading Marxism, recompiled by Chandra Dutt’.

നിന്‍റെയീ കാവി മുണ്ടിനെക്കാള്‍ ചോന്നിട്ടാണ് എന്‍റെ ചോരയും ചരിത്രവും ചിന്തകളും.”

“ലാല്‍ സലാം സഖീ”
“ലാല്‍ സലാം സംഘീ“


Friday, July 3, 2015

വെയിലിന്‍റെ മണം


നിന്‍റെ ഉടുപ്പിന് വെയിലിന്‍റെ മണമുണ്ടോ?
അവനെ ഞാന്‍ ഗാഢമായി പ്രണയിച്ച കാലത്ത് അവന്‍റെ വസ്ത്രങ്ങളില്‍ തങ്ങി നിന്ന വിയര്‍പ്പു കലര്‍ന്ന സുഗന്ധലേപനത്തിന്റെ മണം എനിക്കൊരു ഹരമായിരുന്നു. ചിലപ്പോള്‍ അവന്‍ ഉരിഞ്ഞിട്ട് പോയ ഉടുപ്പ് മാത്രം ഇട്ട് , ചുളിവുകള്‍ നിവരാത്ത മെത്തയില്‍ കിടന്ന് ഞാന്‍ പ്രണയഗാനങ്ങള്‍ ഉറക്കെ പാടുമായിരുന്നു. പിന്നെയതെല്ലാം കഴുകി ഉണക്കി സന്ധ്യയ്ക്ക് മടക്കി വയ്ക്കുമ്പോള്‍ അവയ്ക്ക് വെയിലിന്‍റെ മണമായിരുന്നു. അങ്ങനെ എന്‍റെ രാത്രികള്‍ക്ക് നിലാവിന്‍റെ നിറവും വെയിലിന്‍റെ മണവുമായിരുന്നു.

എവിടേയ്ക്ക് എന്ന് പറയാതെ


എവിടേയ്ക്ക് എന്ന് പറയാതെ ഇറങ്ങിപ്പോകുന്ന നീയുണ്ടല്ലോ, ആ നിന്നെ എനിക്ക് മനസ്സിലാകും. തിക്കിലും തിരക്കിലും പെട്ട് മഴയും വെയിലും കൊണ്ട് എവിടെയോ കളഞ്ഞു പോയ നിന്നെ തിരക്കിയുള്ള യാത്രകളാണ് അവ.
സന്ധ്യയ്ക്ക്, മഴയുടെ നനവോടെ വെയിലിന്റെ കരുവാളിപ്പോടെ വിശപ്പിന്റെ അല്ലലോടെ തിരിച്ചെത്തുന്ന നീ, കണ്ടുകിട്ടാത്ത നിന്നെക്കുറിച്ച് പുലമ്പിക്കൊണ്ട്, ഉമ്മറപ്പടിയില്‍ എന്റെ മടിയില്‍ കിടന്നു കരയുമ്പോള്‍ പല തവണ ഞാന്‍ ചോദിക്കാന്‍ തുനിഞ്ഞതാണ്.
“നിന്റെ കൂടെ പടിയിറങ്ങിയ എന്റെ‍ മനസ്സിനെ മടക്കയാത്രയില്‍ നീ കൂട്ടാതിരുന്നതെന്തേ?”

ഇത് വരെ പോകാത്ത തീര്ത്ഥാടനത്തിന്റെ ഓര്മ്മയ്ക്ക്


മണ്സൂണ്‍, 
മണ്ണ് കൊണ്ട് പുള്ളികുത്തിയ അവന്റെ മുണ്ടില്‍ എന്റെ സാരിത്തലപ്പ് നനഞ്ഞൊട്ടിക്കിടന്നു. മഴയെക്കാള്‍ മുന്നിലെത്താന്‍ ഓടുന്ന ബസ്. ചാറ്റല്‍ മഴ കൊള്ളണമെന്ന എന്റെ വാശിയിലാണ് ബസില്‍ ഈ ഒരു ജനല്‍ മാത്രം തുറന്ന്‍ കിടന്നത്. തണുത്ത കാറ്റും ചെറിയ മഴയും മുഖത്ത് വീണു കൊണ്ടിരുന്നു. വസ്ത്രങ്ങളിലെ തണുപ്പ് ശരീരത്തിലേക്ക് പടരുന്നുണ്ട്. ആകെയുള്ള ആശ്വാസം അവന്റെ പനിച്ചൂടാണ്. അവന്‍ ഉറങ്ങുകയാണ്. ഇടയ്ക്ക് തല തൂങ്ങി വീഴുന്നു, ഉടനെ ഞെട്ടിയെണീറ്റ് കൈ കൊണ്ട് എന്റെ മുഖത്ത് തൊട്ട് എന്റെ തല അവന്റെ തോളില്‍ തന്നെയില്ലേ എന്നുറപ്പ് വരുത്തുന്നു. എനിക്ക് ചിരി വന്നു.

ശയനപ്രദക്ഷിണത്തില്‍ കുഞ്ഞു കല്ലുകള്‍ ഉരഞ്ഞുണ്ടായ,ഇത് വരെ ഉണങ്ങി തുടങ്ങാത്ത പോറലുകള്‍.. ഞാന്‍ അവന്റെ മുറിവുകളില്‍ തൊട്ടു നോക്കി.
“ശ്..” അവന്‍ ഞരങ്ങി.
“വേദനിച്ചുവോ?”
“ഇല്ല.. നീയല്ലേ”

ഞാന്‍ കൊടുത്ത എല്ലാ വേദനയും നീറ്റലും ഇത് പോലെയായിരിക്കുമവന്‍ ചേര്ത്ത് വച്ചത്.
ഈ യാത്ര അവസാനിക്കാതിരുന്നെങ്കില്‍..

Saturday, May 30, 2015

കല്ലുവിന്റെ വിരലുകള്‍


“ക്ലാസ്സിലിരിക്കുമ്പോഴും കുട്ടി വിരല്‍ വായിലിടുന്നു, എത്ര പറഞ്ഞിട്ടും ഈ സ്വഭാവം മാറുന്നില്ലാലോ”, കന്യാസ്ത്രീ അമര്ഷം തിരുവസ്ത്രത്തില്‍ ഒതുക്കി വയ്ക്കാന്‍ ശ്രമിച്ചു. വലതു തള്ള വിരല്‍ നുണഞ്ഞു കൊണ്ടിരുന്ന കല്ലു പതുക്കെ വിരല്‍ കുഞ്ഞുടുപ്പിലൊളിപ്പിച്ച് ഉണ്ടക്കകണ്ണുകളില്‍ നിഷ്കളങ്കത നിറച്ച് അമ്മയെ നോക്കി. അമ്മയുടെ ജോലിത്തിരക്കുകൊണ്ടോ അനിയത്തി വേഗം എത്തിയത് കൊണ്ടോ ,മുലപ്പാല്‍ മണം മാറുന്നതിനു മുന്നേ കല്ലുവിനു കുപ്പിപ്പാലിനോട്  പൊരുത്തപ്പെടേണ്ടി വന്നു. അന്ന് രാത്രി “ഇനി വിരല്‍ വായിലിട്ടാല്‍ നല്ല അടി കിട്ടുമെന്ന്” പറഞ്ഞ് അച്ഛന്‍ കല്ലൂനു സാമ്പിളൊന്നു കൊടുത്തു. കരഞ്ഞുറങ്ങിയ കല്ലു ഉറക്കത്തില്‍ വിരല്‍ നുണഞ്ഞു.

നുണഞ്ഞു നീണ്ട വിരലില്‍ അവര്‍ ചെന്നിനായകം പുരട്ടി. അപ്പോള്‍ അവള്‍ ഇടതു തള്ള വിരലിനെ ആശ്രയിച്ചു. രണ്ടു വിരലും കയ്ച്ചപ്പോള്‍, സങ്കടത്തോടെയെങ്കിലും കല്ലു കയ്പ്പിറക്കി വിരല്‍ നുണഞ്ഞു. വലതു തള്ളവിരലിന്‍റെ ആകാരം മാറി. തൊലി നീണ്ടു വന്നു. അവര്‍ അതിനെ നഖത്തിനൊപ്പം മുറിച്ചു നിര്‍ത്തി.

നഴ്സറിയില്‍ പുതിയ സ്കൂളില്‍ പുതിയ ക്ലാസ്സില്‍ മറ്റു കുട്ടികള്‍ ചുറ്റുമിരുന്നു വലിയ വായില്‍ നിലവിളിച്ചപ്പോള്‍ കല്ലു തന്റെ പ്രിയ വിരല്‍ വായിലിട്ട്, കണ്ണിറുക്കിയടച്ചിരുന്നു. വിരലുകള്‍ ഒരു തരം സുരക്ഷാ ബോധമായിരുന്നു കല്ലുവിനു കൊടുത്തിരുന്നത്. മൂന്നു മാസം പ്രായം മുതല്‍ ഒറ്റയ്ക്കായ കുഞ്ഞു കല്ലു എന്നോ വളര്ത്തിയെടുത്ത ശീലം.

ഒന്നാം ക്ലാസ്സില്‍ ചേര്ന്നപ്പോഴും കല്ലുവിന്റെ ശീലം മാറിയില്ല. ആയിടയ്ക്ക് അമ്മ മൂന്നാമതും ഗര്ഭിനണി ആയി. കുഞ്ഞനിയത്തി വരാന്‍ നേരം അമ്മയ്ക്ക് ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്ന് പറഞ്ഞ്, അമ്മ കല്ലുവിനെ സൈനബ ആന്റിയുടെ വീട്ടിലാക്കി.. ആന്റിയായിരുന്നു അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്ത്. പക്ഷെ കല്ലു വിചാരിച്ചിരുന്നത് ആന്റി കല്ലുവിന്റെ അടുത്ത ബന്ധുവാണെന്നാണ്‌. നിറയെ ആളുകളുള്ള ആ മുസ്ലിം കൂട്ടുകുടുംബം കല്ലുവിനെ അന്യയായി കണ്ടില്ല. ആ വലിയ വീട്ടില്‍ നിറയെ കുട്യോളാരുന്നു. ആള്കൂട്ടത്തില്‍ ഒറ്റയ്കകിരുന്നു കല്ലു അവരുടെ കളികള്‍ കണ്ടു. അവരുടെ ഫോറിന്‍ ഉടുപ്പുകളുടെ മണം കല്ലുവിനെ അതിശയിപ്പിച്ചു. അന്ന് അവിടെ വച്ച് ആദ്യമായാണ്‌ കല്ലു ഫിലിം ഇട്ട് സിനിമാ രംഗങ്ങള്‍ കാണാന്‍ പറ്റിയ ക്യാമറ കണ്ടത്. കണ്ടിട്ട് മതിയാകാത്ത അവള്‍ വീണ്ടും അത് കാണാന്‍ കൊതിച്ചു. ഒന്നുകൂടി വേണമെന്ന് പറയാന്‍ കല്ലു മടിച്ചു. തികച്ചും അന്തര്‍മുഖയായ കല്യാണി. അവിടെ നിന്നാണ് കല്ലു രണ്ടൂസം സ്കൂളില്‍ പോയതും. ഒരു കുറവും വരാതെ വീട്ടിലുള്ള മുതിര്‍ന്നവര്‍ ശ്രദ്ധിച്ചു. കല്ലു അമ്മയെ കാണാന്‍ ആഗ്രഹിച്ചു.

അവര്‍ കളിയാക്കി. “അയ്യേ.. ഈ കുട്ടി വിരല്‍ കടിക്കുന്നു”. കല്ലു ജാള്യതയോടെ വിരല്‍ ഒളിപ്പിച്ചു. അന്ന് രാത്രി കല്ലു ഉറങ്ങിയില്ല. ഉറങ്ങി പോകുമ്പോള്‍ അറിയാതെ വിരല്‍ വായിലിട്ടാലോ? അങ്ങനെ നാല് നാള്‍ കല്ലു സങ്കടം കടിച്ചു പിടിച്ചു അവിടെ നിന്നു. തിരിച്ചെത്തിയപ്പോള്‍ അതിലേറെ സങ്കടം. അമ്മയുടെ വലതു വശത്ത് (കല്ലുവിന്റെ വശം) കുഞ്ഞുവാവ ഉറങ്ങുന്നു. ഇടതു വശത്ത് അനിയത്തി- മീനൂം. കല്ലൂനു വേറെ പായ!! അന്ന് രാത്രി കല്ലു അമ്മയെ ഉണര്ത്താതെ പതുക്കെ ആ പാദത്തിന്റെി ചുവട്ടില്‍ കുറുകെ കിടന്നുറങ്ങി. അങ്ങനെ വിരലുകള്‍ കൊടുത്ത സുരക്ഷാബോധം പാദങ്ങളില്‍ കല്ലു കണ്ടെത്തി.

കല്യാണി ഉണ്ണിയുടെ തള്ളവിരലില്‍ ഒരു കടി കൊടുത്തു. “അമ്മെ”, ഉണ്ണി പുരികം ചുളിച്ചു. “ഒരിക്കലും ഉണ്ണിയുടെ വിരലുകള്‍ കല്ലുവിന്റേത് പോലെ നീളരുതെന്നു അമ്മയ്ക്ക് നിര്ബന്ധമുണ്ടായിരുന്നു. അത് കൊണ്ട് നാല് വയസ്സ് വരെയല്ലേ ഈ ഉണ്ണി കുമ്പ നിറച്ചു പാല് തന്നേ, ഉണ്ണീടമ്മ!!”. അവന്‍റെ അച്ഛന്റെ പോലെയുള്ള ഉരുണ്ട വിരലുകളില്‍ അമര്ത്തി ചുംബിച്ച് കല്യാണി തുടര്ന്നു .

“അപ്പൊ ഇന്നത്തെ കല്ലു കഥ തീര്ന്നു, ഇനി അമ്മയുടെ ഉണ്ണിക്കുട്ടന്‍ വേഗം കണ്ണടച്ച് ഉറങ്ങിയാട്ടെ!”

Monday, May 25, 2015

അഞ്ചു വര്ഷങ്ങള്‍ ,അഞ്ചു പെണ്ണുങ്ങള്‍! (ഭാഗം – 4)

മണ്ണ്
........

അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം എനിക്കായി മാറ്റി വച്ച മേശയുടെ വലിപ്പിലാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. ഒരു കോളേജ് ഐ ഡി കാര്ഡില്‍. ആ ഐ ഡി കാര്ഡും മഷി തീര്ന്ന കുറച്ചു പേനകളുമായിരുന്നു അന്നാ മേശവലിപ്പില്‍ കിടന്നിരുന്നത്.

കണ്ട മാത്രയില്‍ മനസ്സ് പറഞ്ഞു.....”സുന്ദരി!” 

അവളെക്കുറിച്ച് ഞാന്‍ പലരോടും പലപ്പോഴായി തിരക്കിയിട്ടുണ്ട്. ഞാന്‍ വരുന്നതിനു മുന്നേ അവള്‍ ആ കോളേജ് വിട്ടു പോയിരുന്നു. പലരും പല കഥകള്‍ പറഞ്ഞു. എല്ലാവരും പറഞ്ഞതില്‍ ഒരു സത്യമുണ്ട് - അവള്‍ പ്രണയത്തിലായിരുന്നു.

എനിക്ക് മുന്നേ ഈ മണ്ണില്‍ അവള്‍ നടന്നിട്ടുണ്ട്. എനിക്ക് മുന്നേ ഈ ഇടനാഴികളെ അവള്‍ സ്നേഹിചിട്ടുണ്ട് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം ലൈബ്രറി ആയിരുന്നു. ഇവിടെയായിരുന്നോ അവര്‍ കണ്ടതും മിണ്ടിയതും?

പൂവിടാന്‍ തുടങ്ങിയ ഗുല്മോഹര്‍, നീ അവര്ക്ക് തണല്‍ കൊടുത്തിട്ടുണ്ടോ?
ഒരിക്കലും നേരില്‍ കാണാത്ത അവളെ, എന്ത് കൊണ്ടൊ ഞാന്‍ ഇഷ്ടപ്പെട്ടു. മേശകള്‍ പലതും ഞാന്‍ മാറി ഇരുന്നപ്പോള്‍ അവളും മേശ വലിപ്പില്‍ നിന്ന്‍ മേശ വലിപ്പിലേക്ക് ഇടം മാറി.


അഞ്ചു വര്ഷം ഞാന്‍ സൂക്ഷിച്ച ആ ഐ ഡി കാര്ഡ് ഒടുവില്‍ ഞാന്‍ ഉപയോഗിച്ച മേശ വലിപ്പില്‍ വച്ചാണ് അവിടെ നിന്നിറങ്ങിയത്. ഇനി ആ മേശ ഉപയോഗിക്കുന്നയാള്‍ അതെടുത്ത് കുപ്പയിലിട്ടേയ്ക്കാം. എന്തോ, അത് ചെയ്യാന്‍ എനിക്ക് മനസ്സ് വന്നില്ല.

അവനെല്ലാം കളിയായിരുന്നു. ഞാന്‍ ആ കാമുകനെ പല പെണ്കുട്ടികളുടെയും കൂടെ കണ്ടിട്ടുണ്ട്. പലരും അവനെ പഴി പറഞ്ഞിട്ടും ആഴത്തില്‍ അവളവനെ സ്നേഹിച്ചു കാണണം. അയാള്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ അവള്‍ തകര്ന്നു പോയിക്കാണും. അല്ലെങ്കില്‍ അവള്‍ എങ്ങിനെ ഒരു മാനസിക രോഗിയായി മാറി? എന്നെ കാണാന്‍... പരിചയപ്പെടാന്‍.. കാത്ത് നില്ക്കാതെ പിരിഞ്ഞു പോയി? അങ്ങിനെയല്ല, അവള്‍ പണ്ടേ മാനസിക രോഗിയായിരുന്നു എന്നും ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

“അല്ലേ പിന്നെ, ഒരു വിദ്യാര്ഥിയെ ഒരു ടീച്ചര്‍ പ്രണയിക്കുമോ?”

ഋതുക്കള്‍ പോലെ ഈ മണ്ണില്‍ പൊലിഞ്ഞ എത്രയെത്ര പ്രണയങ്ങള്‍?!

Sunday, May 17, 2015

അഞ്ചു വര്ഷങ്ങള്‍ ,അഞ്ചു പെണ്ണുങ്ങള്‍!(ഭാഗം-3)

പുഴ
.......

ഒരിക്കല്‍ കൂടി വെള്ളം കയറിക്കിടക്കുന്ന പുഞ്ചയിലേക്ക് ഇറങ്ങി പാദം നനച്ചു. മഴ വരുമ്പോഴാണ് അവളേറ്റവും സുന്ദരിയാകുന്നത്. കറുകറുത്ത മേഘങ്ങളെ പ്രതിഫലിപ്പിച് പെയ്തിറങ്ങുന്ന മഴക്കൊപ്പം തുള്ളിച്ചാടുന്ന അവളെക്കാണാന്‍ എന്ത് രസാ അറിയോ?

ഒരിക്കലങ്ങനെ നോക്കി നില്ക്കുമ്പോള്‍ മാഷ് പറഞ്ഞു.
“നിനക്കറിയോ ഈ പുഞ്ചയുടെ നടുവിലൂടെ ആരും കാണാതെ ആരെയും അറിയിക്കാതെ ഒഴുകുന്ന ഒരു പുഴയുണ്ട്”

ശരിയാണ്. ഈ മീനവേനലില്‍ വെട്ടിത്തിളങ്ങുന്ന കുഞ്ഞോളങ്ങളെ മാത്രേ കാണാനുള്ളൂ.. നീണ്ടു നിവര്ന്നു കിടക്കുന്ന പുഞ്ചയില്‍ ഒഴുകുന്ന പുഴ എവിടെയാണെന്ന് ഊഹിക്കാന്‍ പോലും പറ്റുന്നില്ല.

പുഴ, തന്റെ മാറ് ചുരത്തിയപ്പോള്‍ നിറഞ്ഞു പോയ പുഞ്ച.

ആരും കാണാതെ ആരെയും അറിയിക്കാതെ നിറഞ്ഞൊഴുകുന്ന പുഴ.

Saturday, May 16, 2015

അഞ്ചു വര്ഷങ്ങള്‍ ,അഞ്ചു പെണ്ണുങ്ങള്‍!(ഭാഗം-2)


തിരി
..........

ഞാന്‍ പറഞ്ഞുവല്ലോ, കിഴക്കോട്ടുള്ള ജനാലയിലൂടെ കാണുന്ന ഒറ്റയ്ക്കായ വീടിനെക്കുറിച്ച്.. അവിടെ ഒരു ദേവി പ്രതിഷ്ഠയുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജിക്കപ്പെടുന്ന ദേവി! 

ആ ദിവസങ്ങളില്‍ ഇവിടെ നിന്നൊന്നു ചാഞ്ഞോ ചരിഞ്ഞോ നോക്കിയാല്‍ വീടിന്റെ ഉമ്മറത്തെ തൂക്കുവിളക്കില്‍ തിരി അണയാതെ കത്തണത് കാണാം. 

ഭക്തരില്ലാണ്ടെ ദേവിയുണ്ടാകുമോ?
വര്ഷം മുഴുവന്‍ ഇരുളില്‍ ഒറ്റയ്ക്കായ ദേവീ..
ദേവിക്കുമുണ്ടാകുമോ ന്റെ കാറ്റിനെ പോലെ പറയാന്‍ പറ്റിയിട്ടില്ലാത്ത നൊമ്പരങ്ങള്‍?

Tuesday, May 12, 2015

അഞ്ചു വര്ഷങ്ങള്‍ ,അഞ്ചു പെണ്ണുങ്ങള്‍!

1. കാറ്റ്
.................

അഞ്ച് വര്‍ഷങ്ങള്‍... പറന്ന് പോയത് പോലെ....

പഠിച്ച ഒരു വിദ്യാലയത്തോടും എനിക്കിത്രയും സ്നേഹം തോന്നിയിട്ടില്ല. ഒരു പക്ഷെ പഠിപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കുമായിരിക്കും ശരിക്കും ഞാന്‍ പഠിക്കാന്‍ തുടങ്ങിയത്. എന്നെ ഞാന്‍ കണ്ടെത്തിയത് ഇവിടെയാണ്‌. എന്നെ ഞാന്‍ ആക്കിയത് ഈ കലാലയമാണ്.

എന്നും ഡിപാര്‍ട്ട്മെന്റില്‍ എത്തിയ ഉടനെ മേശപ്പുറത്ത് ബാഗ് വച്ചതിനു ശേഷം ഞാന്‍ കിഴക്കോട്ടുള്ള ജനാലകള്‍ തുറന്നിടും. ദൂരെ നിന്ന്‍, കാറ്റാടി മരങ്ങളെ ചൂളമടിപ്പിച്ചുകൊണ്ടൊരു കാറ്റ്  വന്നെന്ന്റെ മുഖത്ത്  തഴുകും. അതവളാണ്.. അങ്ങ് ദൂരെ കാറ്റാടി മരങ്ങള്‍ക്കപ്പുറം, വന്‍മരങ്ങള്‍ തീര്‍ത്ത, ഇരുട്ടില്‍ ഒറ്റയ്ക്കായ, ഓടിട്ട, ഇരു നില കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍ തൂങ്ങി മരിച്ച പതിനേഴുകാരി. അവളുടെ ആത്മാവ് രാത്രികാലങ്ങളില്‍ കാമ്പസ്സിലും ഹോസ്റ്റല്‍ വളപ്പിലും കറങ്ങി നടക്കുമത്രെ. ആരോ സൃഷ്ടിച്ച കഥയില്‍ യക്ഷിയായ അവള്‍ എനിക്കെന്നും എന്നെ തഴുകുന്ന തണുപ്പുള്ള കാറ്റായിരുന്നു. 

അവള്‍ക്ക് ഒരു പ്രത്യേക മണമുണ്ട്,
ഇലഞ്ഞിപ്പൂവിന്‍റെ? അല്ല, കാപ്പിപ്പൂവിന്‍റെ? ഹേയ് അല്ല....
അവള്‍ക്ക് മാത്രേ ആ മണമുള്ളൂ.

ഇനിയെന്നാണ് പെണ്ണെ നീ എന്‍റെ ചെവിയില്‍ മൂളുക? ഇനി എന്നാണു പെണ്ണെ നീ എന്‍റെ കവിളില്‍ തഴുകുക?

                                   

ഇന്നും എനിക്കാ മുറിയുടെ അടച്ചിട്ട ജാലകങ്ങള്‍ കാണാം. അതിനുള്ളില്‍ അവള്‍ അടച്ചിട്ടിട്ടിരിക്കുകയാണ്, സ്വയം! ഇനിയും മോക്ഷം കിട്ടാത്ത എന്‍റെ കാറ്റേ , ഇനിയൊരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത മോഹങ്ങള്‍ക്ക് കൂട്ടിരിക്കയാണോ നീ?

(തുടരും)

Wednesday, April 8, 2015

ഒളിവില്‍

അവളുടെ കറുത്ത മുടിയിഴയുടെ കുരുക്കുകളില്‍
വിയര്‍പ്പ് ചാലിച്ച സിന്ദൂരത്തില്‍
വിടര്‍ന്നു വിളറിയ കണ്ണുകളില്‍
ഒടുവില്‍ വീണ കണ്ണുനീരില്‍
ചുണ്ടില്‍ പുരണ്ട ചായത്തില്‍
ചുളിവു വീണ ആടയുടെ നിഴലുകളില്‍
ഇനിയും വിട്ടു പോകാത്ത
ഇടനെഞ്ചിലെ ചൂടിന്‍റെ വാസനയില്‍
എവിടെയാണ്
അവള്‍ അവനെ ഒളിപ്പിച്ചിരുന്നത്?


രതി എത്ര മുട്ടി വിളിച്ചിട്ടും തുറക്കാത്ത
മനസ്സിന്‍റെ ഏത്  ഇരുട്ടറയിലാണ്
അവള്‍ തന്‍റെ
ജാരനെ ഒളിപ്പിച്ചിരിക്കുക?

picture(c)tumblr

Monday, March 30, 2015

സുന്ദരിഞങ്ങളുടെ ഗാങ്ങില്‍ ഏഴു പേര്‍ ആയിരുന്നു. മൂന്നു പെണ്കുട്ടികളും നാല് ആണ്കുട്ടികളും.. അതില്‍ ഒരേ ഒരു മല്ലു, കല്ലു എന്ന ഈ ഞാന്‍ മാത്രം. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഞങ്ങള്‍ ഏഴു പേരും ഒരു പോലെ പുസ്തകങ്ങളും സിനിമകളും ദൂര യാത്രകളും ഇഷ്ടപ്പെട്ടിരുന്നു. അതായിരിക്കണം ഞങ്ങളെ ചേര്ത്ത് വച്ചതും. ഇടയ്ക്കിടെ എന്റെ പൊട്ട ഹിന്ദിയെ അവര്‍ കളിയാക്കി ചിരിച്ചിരുന്നു. എങ്കിലും പൊതുവെ മിതഭാഷിണി ആയ എന്നെ ( സത്യായിട്ടും അതെ) അവര്‍ ഒരുപാട് സ്നേഹിച്ചിരുന്നു.

 ഒരിക്കല്‍ നെറ്റ് വര്ക്ക് ലാബിനിടക്ക് ക്ലാസ് ടോപ്പറും ഗാങ്ങ് ലീഡറുമായ ബാനര്ജീ എന്നെ മെല്ലെ വിളിച്ചു സ്വകാര്യത്തില്‍ പറഞ്ഞു.
“നീ ശ്വേതയെ ഉപദേശിക്കണം”
“എന്തിന്?”
കൂട്ടത്തില്‍ അള്ട്ര മോഡേണ്‍ ആയിരുന്നു ശ്വേത സിന്ഹ.

“നോക്കൂ അവളുടെ ലോ വേസ്റ്റ് ജീന്സ്,  എല്ലാം കാണാം”
മുന്നിലിരിക്കുന്ന അവളെ ഞാന്‍ പാളി നോക്കി. ശരിയാണ്. അയ്യേ എല്ലാം കാണാം പെണ്ണിന്റെ! :-o
“അയ്യോ എനിക്ക് പേടിയാ, നീ പറയൂ, അവളെന്നെ തെറി വിളിക്കും”
“അവള്‍ എന്നെ തെറി വിളിക്കും, നിന്നെ അവള്ക്ക് വലിയ കാര്യമാണ്. നീ പറയൂ, ക്ലാസ്സില്‍ വരുമ്പോഴെങ്കിലും ഇത് പോലെ വസ്ത്രം ധരിക്കരുതെന്ന്. നീ ചുറ്റുമൊന്നു നോക്കൂ എല്ലാവരുടെയും ഒരു കണ്ണ് ആ ജീന്സിലാണ്”. ബാനര്ജി നിര്ബന്ധിച്ചു.

ഞാന്‍ ശ്വേതയെ തോണ്ടി വിളിച്ചു.
“അതേയ്, പിന്നേയ്, അതൊക്കെ കാണാം.. ഇങ്ങനൊക്കെ ആകാമോ ?”
ശ്വേത പൊട്ടിത്തെറിച്ചു. നല്ല തനി നാടന്‍ ബീഹാറി ഈണത്തില്‍..

“There ko koi Problem hai?”
(നിനക്കെന്തെലും Problem ഉണ്ടോ)

“ച്ചും”, ഞാന്‍ രണ്ടു കണ്ണുമിറുക്കി കാണിച്ചു. ആണ്കുട്ടികള്‍ ശ്രധിക്കുന്നുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നു. അവളുടെ തീ പാറുന്ന കണ്ണുകളെ അഭിമുഖീകരിക്കാന്‍ എനിക്ക് സാധിച്ചില്ല.
അവളുടെ വസ്ത്രത്തെ കുറിച്ച് പറയാനുള്ള ധൈര്യം പിന്നീടൊരിക്കലും എനിക്ക് ഉണ്ടായിട്ടില്ല.

ആ സെമെസ്റ്ററിനൊടുവില്‍ എനിക്കൊരു പനി വന്നു. പൊതുവേ homesick ആയ എനിക്ക് പനി കൂടി വന്നപ്പോ സങ്കടം ഏറി. ഹോസ്റ്റലില്‍ ഒറ്റയ്ക്ക് പുതച്ചു മൂടി കിടന്ന എന്നെ ശ്വേതയുടെ ഫോണ്‍ കാള്‍ ഉണര്ത്തി .

“നിനക്ക് സാധിക്കുമെങ്കില്‍ എന്റെ വീട്ടിലേക്ക് പോരൂ." അവള്‍ ക്ഷണിച്ചു.

രണ്ടു ദിവസം ചോറും പപ്പടവും മരുന്നും എല്ലാം എനിക്ക് കിടക്കയില്‍ അവള്‍ എത്തിച്ചു. ഗുളിക പൊളിച്ചു കയ്യില്‍ തന്ന് ഗ്ലാസ്സില്‍ വെള്ളം കുടിപ്പിച്ചു. പുതച്ചു കിടത്തി. TV വേണോ... നൂഡില്സ് വേണോ...? (കല്ലൂന്റെ ഫേവറേറ്റാ)
ഇടയ്ക്കിടെ വന്ന്‍ നെറ്റി തൊട്ടു നോക്കി. ആ സ്നേഹച്ചൂടില്‍ പനി പമ്പ കടന്നു.

മൂന്നാം ദിവസം വൈകീട്ട് ബാക്കി ഗാങ് മെംബേര്സ്ക പനിക്കാരിയെ കാണാന്‍ വീട്ടില്‍ വന്നു. ശ്വേത "പോഹ" ഉണ്ടാക്കി. എല്ലാര്ക്കും  ചായേം പോഹയും!
ബാനെര്ജിദ എന്നോട് ചോദിച്ചു. "നിനക്ക് പോഹ ഉണ്ടാക്കാന്‍ അറിയോ ?"
"ഇല്ല". ഞങ്ങടെ നാട്ടില്‍ ഇങ്ങനെ ഒരു സാധനം ഇല്ല എന്ന് എനിക്ക് പറയാന്‍ കഴിയുന്നതിനു മുന്നേ അയാള്‍ പറഞ്ഞു.

"നോക്കൂ, അവള്‍ എത്ര നന്നായി നിന്നെ നോക്കി, അവള്‍ എത്ര നന്നായി അതിഥികളെ സ്വീകരിച്ചിരുത്തി. അവള്‍ തീര്ച്ച്യായും ഒരു കുലീന സ്ത്രീ തന്നെ. ഭാവിയില്‍  അവള്‍ മിടുക്കിയായ ഭാര്യയും സ്നേഹമയിയായ അമ്മയും ആയിതീരും"

ഞാന്‍ ശ്വേതയെ ഒന്ന് കൂടി നോക്കി... അഭിമാനത്തോടെ... ആരാധനയോടെ..
തീന്‍ മേശയുടെ അങ്ങേ തലക്ക് ഇരുന്നു ശ്വേത മറ്റുള്ള ചങ്ങാതിമാര്‍ പൊട്ടിച്ച ഏതോ തമാശയ്ക്ക് ഉറക്കെ ചിരിക്കുകയാണ്. ടാന്‍ വീണ അവളുടെ മുഖം തിളങ്ങുന്ന പോലെ തോന്നി എനിക്ക് .

എന്റെെ സൌന്ദര്യ സങ്കല്പ്പങ്ങളെ പൊളിച്ചെഴുതുന്ന അനുഭവമായിരുന്നു അത്. സൌന്ദര്യം.... പാവാടയിട്ട, കുറിയിട്ട, തുളസി കതിര്‍ വച്ച ശാലീനതയല്ല കല്ലൂ.... മനസ്സിലാണ്  സൌന്ദര്യം!!!.

Sunday, March 15, 2015

ജാലം


അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു മാജീഷ്യനായിരുന്നു. അദ്ദേഹത്തിന്റെ മാജിക് ഷോകള്‍ പിച്ച വച്ച കാലം തൊട്ടേ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ജാലവിദ്യകള്‍ കാണിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെു കറുത്ത കോട്ടിന്റെ പോക്കറ്റിലും തലയിലിരിക്കുന്ന മാജിക് തൊപ്പിയിലുമായിരുന്നു. അതിനുള്ളില്‍ നിന്ന്‍ വെളുത്ത പ്രാവുകള്‍ പറന്ന് വരുന്നത് കാണാനായിരുന്നു എനിക്കേറ്റവും ഇഷ്ടം. ആ പ്രാവുകള്‍ ചിറകിട്ടടിച്ച്‌, ഒന്ന് പറന്ന്, പിന്നെ സ്റ്റേജിന്‍റെ നിലത്ത് മെല്ലെ മെല്ലെ കുണുങ്ങി കുണുങ്ങി കുറുങ്ങിയും ചിക്കിയും തോര്ത്തിയും നില്ക്കും .

ചില ഞായറാഴ്ചകളില്‍ അവര്‍ കൂട്ടുകാര്‍ മാജിക്ക് അങ്കിളിന്റെ വീട്ടില്‍ കൂടും. പുരുഷന്മാര്‍ ചീട്ടു കളിക്കുകയും സ്ത്രീകള്‍ അകത്ത് വലിയ ഊണ് മേശക്കു ചുറ്റും സംസാരിച്ചിരിക്കുകയും ചെയ്യും. എനിക്കിരിക്കാന്‍ പറ്റ്വോ ? എന്നും കൌതുകം എന്നെ നടത്തിച്ചു കൊണ്ടേ ഇരുന്നു. ആ വീട്ടിലെ മാജിക്ക് മുറിയുടെ(ഞാന്‍ ഇട്ട പേരാ) മൂലയില്‍ ,പെണ്ണിനെ മുറിക്കണ വലിയ പെട്ടി കുത്തനെ നിര്ത്തി യിട്ടുണ്ടായിരുന്നു. അതിനു ചുറ്റും ഞാന്‍ ഏറെ നേരം ചിലവാക്കിയിരുന്നു. അതിന്റെ ഓരോ വിടവിലൂടെയും വിരലിട്ടു നോക്കും. അതില്‍ ഉണങ്ങിയ ചോരക്കറയുണ്ടോ എന്ന് മണപ്പിച്ചു നോക്കും. ആ കൌതുകം മനസ്സിലാക്കിയോ എന്തോ അദ്ദേഹം എനിക്ക് ഇന്ദ്രജാലത്തിന്റെ ആദ്യപാഠം പറഞ്ഞു തന്നു.

അങ്ങനെ അദ്ദേഹത്തിന്റെയ ഷോയുടെ വാലായി തുടങ്ങി. പിന്നെ ചെറിയ വേദികള്‍. കുറച്ചൂടെ വളര്ന്നാപ്പോള്‍ സ്കൂളിലെ സകലമാന കുട്യോളേം ടീച്ചര്മാരേം പറ്റിച്ചു.

ഒരിക്കല്‍ കല്ലു ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി. അതെ... നിറയെ ജാല വിദ്യക്കാര്‍ മാത്രമുള്ള വേദി. പകല്‍ മാഞ്ഞു. നന്നേ ഇരുട്ടി. വിചാരിച്ചതിലും വൈകി കാര്യങ്ങള്‍. ചില വിദ്യകള്‍ വിരസമായി തോന്നി.

അതാ ഒരാള്‍ എനിക്ക് ഇഷ്ടമുള്ള വിദ്യ ചെയ്യുന്നു. ഉറക്കച്ചടവൊക്കെ മാറി ഞാന്‍ നിവര്ന്നിരുന്നു. തൊപ്പിയില്‍ നിന്നും മജീഷ്യന്‍ പ്രാവിനെ എടുത്തു. കൈകള്‍ ഉയര്ത്തി.. പ്രാവിനെ പറത്തി. പ്രാവ് പറന്നില്ല.. അതിന്റെ ഉയിര്‍ നേരത്തെ എപ്പോഴോ പറന്ന് പോയിരുന്നു. പ്രാവ് താഴെ വീണു!

വൈകി പോയ മണിക്കൂറുകളില്‍ അയാള്‍ പ്രാവിനെ മറന്ന് പോയതായിരിക്കണം. അടച്ചിട്ട പെട്ടിയില്‍ ശ്വാസം കിട്ടാണ്ടെയാവോ? അതോ വെള്ളം പോലുമില്ലാണ്ടെ... 

പിന്നീടൊരിക്കലും കല്ലു ജാലവിദ്യകള്‍ കാണാന്‍ പോയിട്ടില്ല.

Sunday, January 25, 2015

മോഹങ്ങള്‍

പണ്ട് കുട്ടിക്കാലത്ത് അച്ഛന്‍റെ (ന്‍റെ പേരിലെ ഈ വാല് അച്ഛനാ ട്ടോ – രവീന്ദ്രന്‍, ഞാനെന്നും ന്‍റെ അച്ഛന്‍റെ മോളാ) കൈവിരല്‍ തൂങ്ങി പൂരം എക്സിബിഷന് പോണതോര്‍ക്കാരുന്നു. കുറഞ്ഞത്‌ മൂന്നു മണിക്കൂറേലും എടുക്കും അവിടം കറങ്ങി കണ്ട് വരാന്‍. ആ മൂന്ന്‍ മണിക്കൂറില്‍ നാല് സ്ടാളിലെ തങ്ങിയിട്ടുള്ളൂ,
ഒന്ന്, മണ്ണെണ്ണ ഒഴിചോടിക്കുന്ന ബോട്ട് മേടിക്കാന്‍,
രണ്ട്, പഞ്ഞി മിട്ടായി...
മൂന്ന്‍, മാജിക്ക് കാണാന്‍, 

നാല്, സ്റ്റുഡിയോ- ഫോട്ടോ എടുക്കാന്‍!
'അച്ഛാ വിശക്കുന്നു',  പറഞ്ഞാല്‍ പറയും, “വേണ്ട, ഇക്കാണുന്നതൊക്കെ മായം ചേര്ന്നതാണ്, വയറു കേടാക്കേണ്ട , നമുക്ക് പുറത്ത് പോയി കഴിക്കാം.” നിരാശയോടെ അച്ഛന്റെ മുഖത്ത് നോക്കി ആ കാലടിക്കൊപ്പം എത്താന്‍ ഓടണ കല്ലൂനെ കാണാനുണ്ടോ നിങ്ങള്ക്ക്?
കുപ്പിവളകളും മുത്ത്‌ മാലകളും പീപ്പിയും ബലൂണും ഒന്ന് നിന്ന് കാണാന്‍ പോലും സമ്മതിക്കില്ലായിരുന്നു. ജയന്റ്റ് വീല്‍ ഇന്നും ദൂരേന്ന്‍ കാണുമ്പോ കൊതിയോടെ, അല്പ്പം അസൂയയോടെ , ഗൃഹാതുരതയോടെ , അതിലിരുന്ന്‍ ആസ്വദിക്കുന്നോരെ ഞാന്‍ നോക്കി നില്‍ക്കാറുണ്ട്.
ഏറ്റവും സഹിക്കാന്‍ പറ്റാത്തത്  ചുമന്ന്‍  ചൂടോടെ കിടക്കണ മുളക് ബജികളാണ്. മുളക് പൊരിഞ്ഞ മണം വരുമ്പോ നാക്കെരിക്കും.. വായില് വെള്ളം വരും. പില്ക്കാ ലത്ത് എത്ര കഴിച്ചിട്ടും അന്നത്തെ ആ കൊതി മാറീട്ടില്ല.
അങ്ങനെ പഞ്ചേന്ദ്രിയങ്ങളെ പരീക്ഷിക്കണ ആ എക്ഷിബിഷന്‍ പോക്കില്‍ കുട്ടിക്കാലത്തെ തന്നെ കല്ലു പഠിച്ച ഒരു പാഠമുണ്ട്-
“എത്ര മോഹം തോന്നിയാലും വേണ്ടാന്ന്‍ വയ്ക്കാന്‍ പറ്റണ മനസ്സ്”
എക്ഷിബഷന്‍ കണ്ടിറങ്ങി സ്വരാജ്‌ റോഡ്‌ മുറിച്ച് കടന്ന് പാറമേക്കാവിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ കൊച്ച് ചായക്കടയില്‍ നിന്ന് ഉപ്പുമാവും ചായേം മേടിച്ചു തരാറുണ്ടായിരുന്നു അച്ഛന്‍. പഞ്ചാര ഇട്ട നല്ല ചൂടുള്ള മുല്ലപ്പൂ പോലെ വെളുത്ത ഉപ്പുമാവിന്റൊ മണം വരണുണ്ടോ നിങ്ങള്ക്കിപ്പോ ?