Sunday, January 25, 2015

മോഹങ്ങള്‍

പണ്ട് കുട്ടിക്കാലത്ത് അച്ഛന്‍റെ (ന്‍റെ പേരിലെ ഈ വാല് അച്ഛനാ ട്ടോ – രവീന്ദ്രന്‍, ഞാനെന്നും ന്‍റെ അച്ഛന്‍റെ മോളാ) കൈവിരല്‍ തൂങ്ങി പൂരം എക്സിബിഷന് പോണതോര്‍ക്കാരുന്നു. കുറഞ്ഞത്‌ മൂന്നു മണിക്കൂറേലും എടുക്കും അവിടം കറങ്ങി കണ്ട് വരാന്‍. ആ മൂന്ന്‍ മണിക്കൂറില്‍ നാല് സ്ടാളിലെ തങ്ങിയിട്ടുള്ളൂ,
ഒന്ന്, മണ്ണെണ്ണ ഒഴിചോടിക്കുന്ന ബോട്ട് മേടിക്കാന്‍,
രണ്ട്, പഞ്ഞി മിട്ടായി...
മൂന്ന്‍, മാജിക്ക് കാണാന്‍, 

നാല്, സ്റ്റുഡിയോ- ഫോട്ടോ എടുക്കാന്‍!
'അച്ഛാ വിശക്കുന്നു',  പറഞ്ഞാല്‍ പറയും, “വേണ്ട, ഇക്കാണുന്നതൊക്കെ മായം ചേര്ന്നതാണ്, വയറു കേടാക്കേണ്ട , നമുക്ക് പുറത്ത് പോയി കഴിക്കാം.” നിരാശയോടെ അച്ഛന്റെ മുഖത്ത് നോക്കി ആ കാലടിക്കൊപ്പം എത്താന്‍ ഓടണ കല്ലൂനെ കാണാനുണ്ടോ നിങ്ങള്ക്ക്?
കുപ്പിവളകളും മുത്ത്‌ മാലകളും പീപ്പിയും ബലൂണും ഒന്ന് നിന്ന് കാണാന്‍ പോലും സമ്മതിക്കില്ലായിരുന്നു. ജയന്റ്റ് വീല്‍ ഇന്നും ദൂരേന്ന്‍ കാണുമ്പോ കൊതിയോടെ, അല്പ്പം അസൂയയോടെ , ഗൃഹാതുരതയോടെ , അതിലിരുന്ന്‍ ആസ്വദിക്കുന്നോരെ ഞാന്‍ നോക്കി നില്‍ക്കാറുണ്ട്.
ഏറ്റവും സഹിക്കാന്‍ പറ്റാത്തത്  ചുമന്ന്‍  ചൂടോടെ കിടക്കണ മുളക് ബജികളാണ്. മുളക് പൊരിഞ്ഞ മണം വരുമ്പോ നാക്കെരിക്കും.. വായില് വെള്ളം വരും. പില്ക്കാ ലത്ത് എത്ര കഴിച്ചിട്ടും അന്നത്തെ ആ കൊതി മാറീട്ടില്ല.
അങ്ങനെ പഞ്ചേന്ദ്രിയങ്ങളെ പരീക്ഷിക്കണ ആ എക്ഷിബിഷന്‍ പോക്കില്‍ കുട്ടിക്കാലത്തെ തന്നെ കല്ലു പഠിച്ച ഒരു പാഠമുണ്ട്-
“എത്ര മോഹം തോന്നിയാലും വേണ്ടാന്ന്‍ വയ്ക്കാന്‍ പറ്റണ മനസ്സ്”
എക്ഷിബഷന്‍ കണ്ടിറങ്ങി സ്വരാജ്‌ റോഡ്‌ മുറിച്ച് കടന്ന് പാറമേക്കാവിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ കൊച്ച് ചായക്കടയില്‍ നിന്ന് ഉപ്പുമാവും ചായേം മേടിച്ചു തരാറുണ്ടായിരുന്നു അച്ഛന്‍. പഞ്ചാര ഇട്ട നല്ല ചൂടുള്ള മുല്ലപ്പൂ പോലെ വെളുത്ത ഉപ്പുമാവിന്റൊ മണം വരണുണ്ടോ നിങ്ങള്ക്കിപ്പോ ?

No comments:

Post a Comment