Monday, March 30, 2015

സുന്ദരി



ഞങ്ങളുടെ ഗാങ്ങില്‍ ഏഴു പേര്‍ ആയിരുന്നു. മൂന്നു പെണ്കുട്ടികളും നാല് ആണ്കുട്ടികളും.. അതില്‍ ഒരേ ഒരു മല്ലു, കല്ലു എന്ന ഈ ഞാന്‍ മാത്രം. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഞങ്ങള്‍ ഏഴു പേരും ഒരു പോലെ പുസ്തകങ്ങളും സിനിമകളും ദൂര യാത്രകളും ഇഷ്ടപ്പെട്ടിരുന്നു. അതായിരിക്കണം ഞങ്ങളെ ചേര്ത്ത് വച്ചതും. ഇടയ്ക്കിടെ എന്റെ പൊട്ട ഹിന്ദിയെ അവര്‍ കളിയാക്കി ചിരിച്ചിരുന്നു. എങ്കിലും പൊതുവെ മിതഭാഷിണി ആയ എന്നെ ( സത്യായിട്ടും അതെ) അവര്‍ ഒരുപാട് സ്നേഹിച്ചിരുന്നു.

 ഒരിക്കല്‍ നെറ്റ് വര്ക്ക് ലാബിനിടക്ക് ക്ലാസ് ടോപ്പറും ഗാങ്ങ് ലീഡറുമായ ബാനര്ജീ എന്നെ മെല്ലെ വിളിച്ചു സ്വകാര്യത്തില്‍ പറഞ്ഞു.
“നീ ശ്വേതയെ ഉപദേശിക്കണം”
“എന്തിന്?”
കൂട്ടത്തില്‍ അള്ട്ര മോഡേണ്‍ ആയിരുന്നു ശ്വേത സിന്ഹ.

“നോക്കൂ അവളുടെ ലോ വേസ്റ്റ് ജീന്സ്,  എല്ലാം കാണാം”
മുന്നിലിരിക്കുന്ന അവളെ ഞാന്‍ പാളി നോക്കി. ശരിയാണ്. അയ്യേ എല്ലാം കാണാം പെണ്ണിന്റെ! :-o
“അയ്യോ എനിക്ക് പേടിയാ, നീ പറയൂ, അവളെന്നെ തെറി വിളിക്കും”
“അവള്‍ എന്നെ തെറി വിളിക്കും, നിന്നെ അവള്ക്ക് വലിയ കാര്യമാണ്. നീ പറയൂ, ക്ലാസ്സില്‍ വരുമ്പോഴെങ്കിലും ഇത് പോലെ വസ്ത്രം ധരിക്കരുതെന്ന്. നീ ചുറ്റുമൊന്നു നോക്കൂ എല്ലാവരുടെയും ഒരു കണ്ണ് ആ ജീന്സിലാണ്”. ബാനര്ജി നിര്ബന്ധിച്ചു.

ഞാന്‍ ശ്വേതയെ തോണ്ടി വിളിച്ചു.
“അതേയ്, പിന്നേയ്, അതൊക്കെ കാണാം.. ഇങ്ങനൊക്കെ ആകാമോ ?”
ശ്വേത പൊട്ടിത്തെറിച്ചു. നല്ല തനി നാടന്‍ ബീഹാറി ഈണത്തില്‍..

“There ko koi Problem hai?”
(നിനക്കെന്തെലും Problem ഉണ്ടോ)

“ച്ചും”, ഞാന്‍ രണ്ടു കണ്ണുമിറുക്കി കാണിച്ചു. ആണ്കുട്ടികള്‍ ശ്രധിക്കുന്നുണ്ടെന്ന് പറയണമെന്നുണ്ടായിരുന്നു. അവളുടെ തീ പാറുന്ന കണ്ണുകളെ അഭിമുഖീകരിക്കാന്‍ എനിക്ക് സാധിച്ചില്ല.
അവളുടെ വസ്ത്രത്തെ കുറിച്ച് പറയാനുള്ള ധൈര്യം പിന്നീടൊരിക്കലും എനിക്ക് ഉണ്ടായിട്ടില്ല.

ആ സെമെസ്റ്ററിനൊടുവില്‍ എനിക്കൊരു പനി വന്നു. പൊതുവേ homesick ആയ എനിക്ക് പനി കൂടി വന്നപ്പോ സങ്കടം ഏറി. ഹോസ്റ്റലില്‍ ഒറ്റയ്ക്ക് പുതച്ചു മൂടി കിടന്ന എന്നെ ശ്വേതയുടെ ഫോണ്‍ കാള്‍ ഉണര്ത്തി .

“നിനക്ക് സാധിക്കുമെങ്കില്‍ എന്റെ വീട്ടിലേക്ക് പോരൂ." അവള്‍ ക്ഷണിച്ചു.

രണ്ടു ദിവസം ചോറും പപ്പടവും മരുന്നും എല്ലാം എനിക്ക് കിടക്കയില്‍ അവള്‍ എത്തിച്ചു. ഗുളിക പൊളിച്ചു കയ്യില്‍ തന്ന് ഗ്ലാസ്സില്‍ വെള്ളം കുടിപ്പിച്ചു. പുതച്ചു കിടത്തി. TV വേണോ... നൂഡില്സ് വേണോ...? (കല്ലൂന്റെ ഫേവറേറ്റാ)
ഇടയ്ക്കിടെ വന്ന്‍ നെറ്റി തൊട്ടു നോക്കി. ആ സ്നേഹച്ചൂടില്‍ പനി പമ്പ കടന്നു.

മൂന്നാം ദിവസം വൈകീട്ട് ബാക്കി ഗാങ് മെംബേര്സ്ക പനിക്കാരിയെ കാണാന്‍ വീട്ടില്‍ വന്നു. ശ്വേത "പോഹ" ഉണ്ടാക്കി. എല്ലാര്ക്കും  ചായേം പോഹയും!
ബാനെര്ജിദ എന്നോട് ചോദിച്ചു. "നിനക്ക് പോഹ ഉണ്ടാക്കാന്‍ അറിയോ ?"
"ഇല്ല". ഞങ്ങടെ നാട്ടില്‍ ഇങ്ങനെ ഒരു സാധനം ഇല്ല എന്ന് എനിക്ക് പറയാന്‍ കഴിയുന്നതിനു മുന്നേ അയാള്‍ പറഞ്ഞു.

"നോക്കൂ, അവള്‍ എത്ര നന്നായി നിന്നെ നോക്കി, അവള്‍ എത്ര നന്നായി അതിഥികളെ സ്വീകരിച്ചിരുത്തി. അവള്‍ തീര്ച്ച്യായും ഒരു കുലീന സ്ത്രീ തന്നെ. ഭാവിയില്‍  അവള്‍ മിടുക്കിയായ ഭാര്യയും സ്നേഹമയിയായ അമ്മയും ആയിതീരും"

ഞാന്‍ ശ്വേതയെ ഒന്ന് കൂടി നോക്കി... അഭിമാനത്തോടെ... ആരാധനയോടെ..
തീന്‍ മേശയുടെ അങ്ങേ തലക്ക് ഇരുന്നു ശ്വേത മറ്റുള്ള ചങ്ങാതിമാര്‍ പൊട്ടിച്ച ഏതോ തമാശയ്ക്ക് ഉറക്കെ ചിരിക്കുകയാണ്. ടാന്‍ വീണ അവളുടെ മുഖം തിളങ്ങുന്ന പോലെ തോന്നി എനിക്ക് .

എന്റെെ സൌന്ദര്യ സങ്കല്പ്പങ്ങളെ പൊളിച്ചെഴുതുന്ന അനുഭവമായിരുന്നു അത്. സൌന്ദര്യം.... പാവാടയിട്ട, കുറിയിട്ട, തുളസി കതിര്‍ വച്ച ശാലീനതയല്ല കല്ലൂ.... മനസ്സിലാണ്  സൌന്ദര്യം!!!.

No comments:

Post a Comment