Sunday, March 15, 2015

ജാലം


അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു മാജീഷ്യനായിരുന്നു. അദ്ദേഹത്തിന്റെ മാജിക് ഷോകള്‍ പിച്ച വച്ച കാലം തൊട്ടേ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ജാലവിദ്യകള്‍ കാണിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെു കറുത്ത കോട്ടിന്റെ പോക്കറ്റിലും തലയിലിരിക്കുന്ന മാജിക് തൊപ്പിയിലുമായിരുന്നു. അതിനുള്ളില്‍ നിന്ന്‍ വെളുത്ത പ്രാവുകള്‍ പറന്ന് വരുന്നത് കാണാനായിരുന്നു എനിക്കേറ്റവും ഇഷ്ടം. ആ പ്രാവുകള്‍ ചിറകിട്ടടിച്ച്‌, ഒന്ന് പറന്ന്, പിന്നെ സ്റ്റേജിന്‍റെ നിലത്ത് മെല്ലെ മെല്ലെ കുണുങ്ങി കുണുങ്ങി കുറുങ്ങിയും ചിക്കിയും തോര്ത്തിയും നില്ക്കും .

ചില ഞായറാഴ്ചകളില്‍ അവര്‍ കൂട്ടുകാര്‍ മാജിക്ക് അങ്കിളിന്റെ വീട്ടില്‍ കൂടും. പുരുഷന്മാര്‍ ചീട്ടു കളിക്കുകയും സ്ത്രീകള്‍ അകത്ത് വലിയ ഊണ് മേശക്കു ചുറ്റും സംസാരിച്ചിരിക്കുകയും ചെയ്യും. എനിക്കിരിക്കാന്‍ പറ്റ്വോ ? എന്നും കൌതുകം എന്നെ നടത്തിച്ചു കൊണ്ടേ ഇരുന്നു. ആ വീട്ടിലെ മാജിക്ക് മുറിയുടെ(ഞാന്‍ ഇട്ട പേരാ) മൂലയില്‍ ,പെണ്ണിനെ മുറിക്കണ വലിയ പെട്ടി കുത്തനെ നിര്ത്തി യിട്ടുണ്ടായിരുന്നു. അതിനു ചുറ്റും ഞാന്‍ ഏറെ നേരം ചിലവാക്കിയിരുന്നു. അതിന്റെ ഓരോ വിടവിലൂടെയും വിരലിട്ടു നോക്കും. അതില്‍ ഉണങ്ങിയ ചോരക്കറയുണ്ടോ എന്ന് മണപ്പിച്ചു നോക്കും. ആ കൌതുകം മനസ്സിലാക്കിയോ എന്തോ അദ്ദേഹം എനിക്ക് ഇന്ദ്രജാലത്തിന്റെ ആദ്യപാഠം പറഞ്ഞു തന്നു.

അങ്ങനെ അദ്ദേഹത്തിന്റെയ ഷോയുടെ വാലായി തുടങ്ങി. പിന്നെ ചെറിയ വേദികള്‍. കുറച്ചൂടെ വളര്ന്നാപ്പോള്‍ സ്കൂളിലെ സകലമാന കുട്യോളേം ടീച്ചര്മാരേം പറ്റിച്ചു.

ഒരിക്കല്‍ കല്ലു ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി. അതെ... നിറയെ ജാല വിദ്യക്കാര്‍ മാത്രമുള്ള വേദി. പകല്‍ മാഞ്ഞു. നന്നേ ഇരുട്ടി. വിചാരിച്ചതിലും വൈകി കാര്യങ്ങള്‍. ചില വിദ്യകള്‍ വിരസമായി തോന്നി.

അതാ ഒരാള്‍ എനിക്ക് ഇഷ്ടമുള്ള വിദ്യ ചെയ്യുന്നു. ഉറക്കച്ചടവൊക്കെ മാറി ഞാന്‍ നിവര്ന്നിരുന്നു. തൊപ്പിയില്‍ നിന്നും മജീഷ്യന്‍ പ്രാവിനെ എടുത്തു. കൈകള്‍ ഉയര്ത്തി.. പ്രാവിനെ പറത്തി. പ്രാവ് പറന്നില്ല.. അതിന്റെ ഉയിര്‍ നേരത്തെ എപ്പോഴോ പറന്ന് പോയിരുന്നു. പ്രാവ് താഴെ വീണു!

വൈകി പോയ മണിക്കൂറുകളില്‍ അയാള്‍ പ്രാവിനെ മറന്ന് പോയതായിരിക്കണം. അടച്ചിട്ട പെട്ടിയില്‍ ശ്വാസം കിട്ടാണ്ടെയാവോ? അതോ വെള്ളം പോലുമില്ലാണ്ടെ... 

പിന്നീടൊരിക്കലും കല്ലു ജാലവിദ്യകള്‍ കാണാന്‍ പോയിട്ടില്ല.

No comments:

Post a Comment