Saturday, May 30, 2015

കല്ലുവിന്റെ വിരലുകള്‍


“ക്ലാസ്സിലിരിക്കുമ്പോഴും കുട്ടി വിരല്‍ വായിലിടുന്നു, എത്ര പറഞ്ഞിട്ടും ഈ സ്വഭാവം മാറുന്നില്ലാലോ”, കന്യാസ്ത്രീ അമര്ഷം തിരുവസ്ത്രത്തില്‍ ഒതുക്കി വയ്ക്കാന്‍ ശ്രമിച്ചു. വലതു തള്ള വിരല്‍ നുണഞ്ഞു കൊണ്ടിരുന്ന കല്ലു പതുക്കെ വിരല്‍ കുഞ്ഞുടുപ്പിലൊളിപ്പിച്ച് ഉണ്ടക്കകണ്ണുകളില്‍ നിഷ്കളങ്കത നിറച്ച് അമ്മയെ നോക്കി. അമ്മയുടെ ജോലിത്തിരക്കുകൊണ്ടോ അനിയത്തി വേഗം എത്തിയത് കൊണ്ടോ ,മുലപ്പാല്‍ മണം മാറുന്നതിനു മുന്നേ കല്ലുവിനു കുപ്പിപ്പാലിനോട്  പൊരുത്തപ്പെടേണ്ടി വന്നു. അന്ന് രാത്രി “ഇനി വിരല്‍ വായിലിട്ടാല്‍ നല്ല അടി കിട്ടുമെന്ന്” പറഞ്ഞ് അച്ഛന്‍ കല്ലൂനു സാമ്പിളൊന്നു കൊടുത്തു. കരഞ്ഞുറങ്ങിയ കല്ലു ഉറക്കത്തില്‍ വിരല്‍ നുണഞ്ഞു.

നുണഞ്ഞു നീണ്ട വിരലില്‍ അവര്‍ ചെന്നിനായകം പുരട്ടി. അപ്പോള്‍ അവള്‍ ഇടതു തള്ള വിരലിനെ ആശ്രയിച്ചു. രണ്ടു വിരലും കയ്ച്ചപ്പോള്‍, സങ്കടത്തോടെയെങ്കിലും കല്ലു കയ്പ്പിറക്കി വിരല്‍ നുണഞ്ഞു. വലതു തള്ളവിരലിന്‍റെ ആകാരം മാറി. തൊലി നീണ്ടു വന്നു. അവര്‍ അതിനെ നഖത്തിനൊപ്പം മുറിച്ചു നിര്‍ത്തി.

നഴ്സറിയില്‍ പുതിയ സ്കൂളില്‍ പുതിയ ക്ലാസ്സില്‍ മറ്റു കുട്ടികള്‍ ചുറ്റുമിരുന്നു വലിയ വായില്‍ നിലവിളിച്ചപ്പോള്‍ കല്ലു തന്റെ പ്രിയ വിരല്‍ വായിലിട്ട്, കണ്ണിറുക്കിയടച്ചിരുന്നു. വിരലുകള്‍ ഒരു തരം സുരക്ഷാ ബോധമായിരുന്നു കല്ലുവിനു കൊടുത്തിരുന്നത്. മൂന്നു മാസം പ്രായം മുതല്‍ ഒറ്റയ്ക്കായ കുഞ്ഞു കല്ലു എന്നോ വളര്ത്തിയെടുത്ത ശീലം.

ഒന്നാം ക്ലാസ്സില്‍ ചേര്ന്നപ്പോഴും കല്ലുവിന്റെ ശീലം മാറിയില്ല. ആയിടയ്ക്ക് അമ്മ മൂന്നാമതും ഗര്ഭിനണി ആയി. കുഞ്ഞനിയത്തി വരാന്‍ നേരം അമ്മയ്ക്ക് ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്ന് പറഞ്ഞ്, അമ്മ കല്ലുവിനെ സൈനബ ആന്റിയുടെ വീട്ടിലാക്കി.. ആന്റിയായിരുന്നു അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്ത്. പക്ഷെ കല്ലു വിചാരിച്ചിരുന്നത് ആന്റി കല്ലുവിന്റെ അടുത്ത ബന്ധുവാണെന്നാണ്‌. നിറയെ ആളുകളുള്ള ആ മുസ്ലിം കൂട്ടുകുടുംബം കല്ലുവിനെ അന്യയായി കണ്ടില്ല. ആ വലിയ വീട്ടില്‍ നിറയെ കുട്യോളാരുന്നു. ആള്കൂട്ടത്തില്‍ ഒറ്റയ്കകിരുന്നു കല്ലു അവരുടെ കളികള്‍ കണ്ടു. അവരുടെ ഫോറിന്‍ ഉടുപ്പുകളുടെ മണം കല്ലുവിനെ അതിശയിപ്പിച്ചു. അന്ന് അവിടെ വച്ച് ആദ്യമായാണ്‌ കല്ലു ഫിലിം ഇട്ട് സിനിമാ രംഗങ്ങള്‍ കാണാന്‍ പറ്റിയ ക്യാമറ കണ്ടത്. കണ്ടിട്ട് മതിയാകാത്ത അവള്‍ വീണ്ടും അത് കാണാന്‍ കൊതിച്ചു. ഒന്നുകൂടി വേണമെന്ന് പറയാന്‍ കല്ലു മടിച്ചു. തികച്ചും അന്തര്‍മുഖയായ കല്യാണി. അവിടെ നിന്നാണ് കല്ലു രണ്ടൂസം സ്കൂളില്‍ പോയതും. ഒരു കുറവും വരാതെ വീട്ടിലുള്ള മുതിര്‍ന്നവര്‍ ശ്രദ്ധിച്ചു. കല്ലു അമ്മയെ കാണാന്‍ ആഗ്രഹിച്ചു.

അവര്‍ കളിയാക്കി. “അയ്യേ.. ഈ കുട്ടി വിരല്‍ കടിക്കുന്നു”. കല്ലു ജാള്യതയോടെ വിരല്‍ ഒളിപ്പിച്ചു. അന്ന് രാത്രി കല്ലു ഉറങ്ങിയില്ല. ഉറങ്ങി പോകുമ്പോള്‍ അറിയാതെ വിരല്‍ വായിലിട്ടാലോ? അങ്ങനെ നാല് നാള്‍ കല്ലു സങ്കടം കടിച്ചു പിടിച്ചു അവിടെ നിന്നു. തിരിച്ചെത്തിയപ്പോള്‍ അതിലേറെ സങ്കടം. അമ്മയുടെ വലതു വശത്ത് (കല്ലുവിന്റെ വശം) കുഞ്ഞുവാവ ഉറങ്ങുന്നു. ഇടതു വശത്ത് അനിയത്തി- മീനൂം. കല്ലൂനു വേറെ പായ!! അന്ന് രാത്രി കല്ലു അമ്മയെ ഉണര്ത്താതെ പതുക്കെ ആ പാദത്തിന്റെി ചുവട്ടില്‍ കുറുകെ കിടന്നുറങ്ങി. അങ്ങനെ വിരലുകള്‍ കൊടുത്ത സുരക്ഷാബോധം പാദങ്ങളില്‍ കല്ലു കണ്ടെത്തി.

കല്യാണി ഉണ്ണിയുടെ തള്ളവിരലില്‍ ഒരു കടി കൊടുത്തു. “അമ്മെ”, ഉണ്ണി പുരികം ചുളിച്ചു. “ഒരിക്കലും ഉണ്ണിയുടെ വിരലുകള്‍ കല്ലുവിന്റേത് പോലെ നീളരുതെന്നു അമ്മയ്ക്ക് നിര്ബന്ധമുണ്ടായിരുന്നു. അത് കൊണ്ട് നാല് വയസ്സ് വരെയല്ലേ ഈ ഉണ്ണി കുമ്പ നിറച്ചു പാല് തന്നേ, ഉണ്ണീടമ്മ!!”. അവന്‍റെ അച്ഛന്റെ പോലെയുള്ള ഉരുണ്ട വിരലുകളില്‍ അമര്ത്തി ചുംബിച്ച് കല്യാണി തുടര്ന്നു .

“അപ്പൊ ഇന്നത്തെ കല്ലു കഥ തീര്ന്നു, ഇനി അമ്മയുടെ ഉണ്ണിക്കുട്ടന്‍ വേഗം കണ്ണടച്ച് ഉറങ്ങിയാട്ടെ!”

Monday, May 25, 2015

അഞ്ചു വര്ഷങ്ങള്‍ ,അഞ്ചു പെണ്ണുങ്ങള്‍! (ഭാഗം – 4)

മണ്ണ്
........

അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം എനിക്കായി മാറ്റി വച്ച മേശയുടെ വലിപ്പിലാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. ഒരു കോളേജ് ഐ ഡി കാര്ഡില്‍. ആ ഐ ഡി കാര്ഡും മഷി തീര്ന്ന കുറച്ചു പേനകളുമായിരുന്നു അന്നാ മേശവലിപ്പില്‍ കിടന്നിരുന്നത്.

കണ്ട മാത്രയില്‍ മനസ്സ് പറഞ്ഞു.....”സുന്ദരി!” 

അവളെക്കുറിച്ച് ഞാന്‍ പലരോടും പലപ്പോഴായി തിരക്കിയിട്ടുണ്ട്. ഞാന്‍ വരുന്നതിനു മുന്നേ അവള്‍ ആ കോളേജ് വിട്ടു പോയിരുന്നു. പലരും പല കഥകള്‍ പറഞ്ഞു. എല്ലാവരും പറഞ്ഞതില്‍ ഒരു സത്യമുണ്ട് - അവള്‍ പ്രണയത്തിലായിരുന്നു.

എനിക്ക് മുന്നേ ഈ മണ്ണില്‍ അവള്‍ നടന്നിട്ടുണ്ട്. എനിക്ക് മുന്നേ ഈ ഇടനാഴികളെ അവള്‍ സ്നേഹിചിട്ടുണ്ട് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം ലൈബ്രറി ആയിരുന്നു. ഇവിടെയായിരുന്നോ അവര്‍ കണ്ടതും മിണ്ടിയതും?

പൂവിടാന്‍ തുടങ്ങിയ ഗുല്മോഹര്‍, നീ അവര്ക്ക് തണല്‍ കൊടുത്തിട്ടുണ്ടോ?
ഒരിക്കലും നേരില്‍ കാണാത്ത അവളെ, എന്ത് കൊണ്ടൊ ഞാന്‍ ഇഷ്ടപ്പെട്ടു. മേശകള്‍ പലതും ഞാന്‍ മാറി ഇരുന്നപ്പോള്‍ അവളും മേശ വലിപ്പില്‍ നിന്ന്‍ മേശ വലിപ്പിലേക്ക് ഇടം മാറി.


അഞ്ചു വര്ഷം ഞാന്‍ സൂക്ഷിച്ച ആ ഐ ഡി കാര്ഡ് ഒടുവില്‍ ഞാന്‍ ഉപയോഗിച്ച മേശ വലിപ്പില്‍ വച്ചാണ് അവിടെ നിന്നിറങ്ങിയത്. ഇനി ആ മേശ ഉപയോഗിക്കുന്നയാള്‍ അതെടുത്ത് കുപ്പയിലിട്ടേയ്ക്കാം. എന്തോ, അത് ചെയ്യാന്‍ എനിക്ക് മനസ്സ് വന്നില്ല.

അവനെല്ലാം കളിയായിരുന്നു. ഞാന്‍ ആ കാമുകനെ പല പെണ്കുട്ടികളുടെയും കൂടെ കണ്ടിട്ടുണ്ട്. പലരും അവനെ പഴി പറഞ്ഞിട്ടും ആഴത്തില്‍ അവളവനെ സ്നേഹിച്ചു കാണണം. അയാള്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ അവള്‍ തകര്ന്നു പോയിക്കാണും. അല്ലെങ്കില്‍ അവള്‍ എങ്ങിനെ ഒരു മാനസിക രോഗിയായി മാറി? എന്നെ കാണാന്‍... പരിചയപ്പെടാന്‍.. കാത്ത് നില്ക്കാതെ പിരിഞ്ഞു പോയി? അങ്ങിനെയല്ല, അവള്‍ പണ്ടേ മാനസിക രോഗിയായിരുന്നു എന്നും ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

“അല്ലേ പിന്നെ, ഒരു വിദ്യാര്ഥിയെ ഒരു ടീച്ചര്‍ പ്രണയിക്കുമോ?”

ഋതുക്കള്‍ പോലെ ഈ മണ്ണില്‍ പൊലിഞ്ഞ എത്രയെത്ര പ്രണയങ്ങള്‍?!

Sunday, May 17, 2015

അഞ്ചു വര്ഷങ്ങള്‍ ,അഞ്ചു പെണ്ണുങ്ങള്‍!(ഭാഗം-3)

പുഴ
.......

ഒരിക്കല്‍ കൂടി വെള്ളം കയറിക്കിടക്കുന്ന പുഞ്ചയിലേക്ക് ഇറങ്ങി പാദം നനച്ചു. മഴ വരുമ്പോഴാണ് അവളേറ്റവും സുന്ദരിയാകുന്നത്. കറുകറുത്ത മേഘങ്ങളെ പ്രതിഫലിപ്പിച് പെയ്തിറങ്ങുന്ന മഴക്കൊപ്പം തുള്ളിച്ചാടുന്ന അവളെക്കാണാന്‍ എന്ത് രസാ അറിയോ?

ഒരിക്കലങ്ങനെ നോക്കി നില്ക്കുമ്പോള്‍ മാഷ് പറഞ്ഞു.
“നിനക്കറിയോ ഈ പുഞ്ചയുടെ നടുവിലൂടെ ആരും കാണാതെ ആരെയും അറിയിക്കാതെ ഒഴുകുന്ന ഒരു പുഴയുണ്ട്”

ശരിയാണ്. ഈ മീനവേനലില്‍ വെട്ടിത്തിളങ്ങുന്ന കുഞ്ഞോളങ്ങളെ മാത്രേ കാണാനുള്ളൂ.. നീണ്ടു നിവര്ന്നു കിടക്കുന്ന പുഞ്ചയില്‍ ഒഴുകുന്ന പുഴ എവിടെയാണെന്ന് ഊഹിക്കാന്‍ പോലും പറ്റുന്നില്ല.

പുഴ, തന്റെ മാറ് ചുരത്തിയപ്പോള്‍ നിറഞ്ഞു പോയ പുഞ്ച.

ആരും കാണാതെ ആരെയും അറിയിക്കാതെ നിറഞ്ഞൊഴുകുന്ന പുഴ.

Saturday, May 16, 2015

അഞ്ചു വര്ഷങ്ങള്‍ ,അഞ്ചു പെണ്ണുങ്ങള്‍!(ഭാഗം-2)


തിരി
..........

ഞാന്‍ പറഞ്ഞുവല്ലോ, കിഴക്കോട്ടുള്ള ജനാലയിലൂടെ കാണുന്ന ഒറ്റയ്ക്കായ വീടിനെക്കുറിച്ച്.. അവിടെ ഒരു ദേവി പ്രതിഷ്ഠയുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജിക്കപ്പെടുന്ന ദേവി! 

ആ ദിവസങ്ങളില്‍ ഇവിടെ നിന്നൊന്നു ചാഞ്ഞോ ചരിഞ്ഞോ നോക്കിയാല്‍ വീടിന്റെ ഉമ്മറത്തെ തൂക്കുവിളക്കില്‍ തിരി അണയാതെ കത്തണത് കാണാം. 

ഭക്തരില്ലാണ്ടെ ദേവിയുണ്ടാകുമോ?
വര്ഷം മുഴുവന്‍ ഇരുളില്‍ ഒറ്റയ്ക്കായ ദേവീ..
ദേവിക്കുമുണ്ടാകുമോ ന്റെ കാറ്റിനെ പോലെ പറയാന്‍ പറ്റിയിട്ടില്ലാത്ത നൊമ്പരങ്ങള്‍?

Tuesday, May 12, 2015

അഞ്ചു വര്ഷങ്ങള്‍ ,അഞ്ചു പെണ്ണുങ്ങള്‍!

1. കാറ്റ്
.................

അഞ്ച് വര്‍ഷങ്ങള്‍... പറന്ന് പോയത് പോലെ....

പഠിച്ച ഒരു വിദ്യാലയത്തോടും എനിക്കിത്രയും സ്നേഹം തോന്നിയിട്ടില്ല. ഒരു പക്ഷെ പഠിപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കുമായിരിക്കും ശരിക്കും ഞാന്‍ പഠിക്കാന്‍ തുടങ്ങിയത്. എന്നെ ഞാന്‍ കണ്ടെത്തിയത് ഇവിടെയാണ്‌. എന്നെ ഞാന്‍ ആക്കിയത് ഈ കലാലയമാണ്.

എന്നും ഡിപാര്‍ട്ട്മെന്റില്‍ എത്തിയ ഉടനെ മേശപ്പുറത്ത് ബാഗ് വച്ചതിനു ശേഷം ഞാന്‍ കിഴക്കോട്ടുള്ള ജനാലകള്‍ തുറന്നിടും. ദൂരെ നിന്ന്‍, കാറ്റാടി മരങ്ങളെ ചൂളമടിപ്പിച്ചുകൊണ്ടൊരു കാറ്റ്  വന്നെന്ന്റെ മുഖത്ത്  തഴുകും. അതവളാണ്.. അങ്ങ് ദൂരെ കാറ്റാടി മരങ്ങള്‍ക്കപ്പുറം, വന്‍മരങ്ങള്‍ തീര്‍ത്ത, ഇരുട്ടില്‍ ഒറ്റയ്ക്കായ, ഓടിട്ട, ഇരു നില കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍ തൂങ്ങി മരിച്ച പതിനേഴുകാരി. അവളുടെ ആത്മാവ് രാത്രികാലങ്ങളില്‍ കാമ്പസ്സിലും ഹോസ്റ്റല്‍ വളപ്പിലും കറങ്ങി നടക്കുമത്രെ. ആരോ സൃഷ്ടിച്ച കഥയില്‍ യക്ഷിയായ അവള്‍ എനിക്കെന്നും എന്നെ തഴുകുന്ന തണുപ്പുള്ള കാറ്റായിരുന്നു. 

അവള്‍ക്ക് ഒരു പ്രത്യേക മണമുണ്ട്,
ഇലഞ്ഞിപ്പൂവിന്‍റെ? അല്ല, കാപ്പിപ്പൂവിന്‍റെ? ഹേയ് അല്ല....
അവള്‍ക്ക് മാത്രേ ആ മണമുള്ളൂ.

ഇനിയെന്നാണ് പെണ്ണെ നീ എന്‍റെ ചെവിയില്‍ മൂളുക? ഇനി എന്നാണു പെണ്ണെ നീ എന്‍റെ കവിളില്‍ തഴുകുക?

                                   

ഇന്നും എനിക്കാ മുറിയുടെ അടച്ചിട്ട ജാലകങ്ങള്‍ കാണാം. അതിനുള്ളില്‍ അവള്‍ അടച്ചിട്ടിട്ടിരിക്കുകയാണ്, സ്വയം! ഇനിയും മോക്ഷം കിട്ടാത്ത എന്‍റെ കാറ്റേ , ഇനിയൊരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത മോഹങ്ങള്‍ക്ക് കൂട്ടിരിക്കയാണോ നീ?

(തുടരും)