Monday, May 25, 2015

അഞ്ചു വര്ഷങ്ങള്‍ ,അഞ്ചു പെണ്ണുങ്ങള്‍! (ഭാഗം – 4)

മണ്ണ്
........

അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം എനിക്കായി മാറ്റി വച്ച മേശയുടെ വലിപ്പിലാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. ഒരു കോളേജ് ഐ ഡി കാര്ഡില്‍. ആ ഐ ഡി കാര്ഡും മഷി തീര്ന്ന കുറച്ചു പേനകളുമായിരുന്നു അന്നാ മേശവലിപ്പില്‍ കിടന്നിരുന്നത്.

കണ്ട മാത്രയില്‍ മനസ്സ് പറഞ്ഞു.....”സുന്ദരി!” 

അവളെക്കുറിച്ച് ഞാന്‍ പലരോടും പലപ്പോഴായി തിരക്കിയിട്ടുണ്ട്. ഞാന്‍ വരുന്നതിനു മുന്നേ അവള്‍ ആ കോളേജ് വിട്ടു പോയിരുന്നു. പലരും പല കഥകള്‍ പറഞ്ഞു. എല്ലാവരും പറഞ്ഞതില്‍ ഒരു സത്യമുണ്ട് - അവള്‍ പ്രണയത്തിലായിരുന്നു.

എനിക്ക് മുന്നേ ഈ മണ്ണില്‍ അവള്‍ നടന്നിട്ടുണ്ട്. എനിക്ക് മുന്നേ ഈ ഇടനാഴികളെ അവള്‍ സ്നേഹിചിട്ടുണ്ട് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം ലൈബ്രറി ആയിരുന്നു. ഇവിടെയായിരുന്നോ അവര്‍ കണ്ടതും മിണ്ടിയതും?

പൂവിടാന്‍ തുടങ്ങിയ ഗുല്മോഹര്‍, നീ അവര്ക്ക് തണല്‍ കൊടുത്തിട്ടുണ്ടോ?
ഒരിക്കലും നേരില്‍ കാണാത്ത അവളെ, എന്ത് കൊണ്ടൊ ഞാന്‍ ഇഷ്ടപ്പെട്ടു. മേശകള്‍ പലതും ഞാന്‍ മാറി ഇരുന്നപ്പോള്‍ അവളും മേശ വലിപ്പില്‍ നിന്ന്‍ മേശ വലിപ്പിലേക്ക് ഇടം മാറി.


അഞ്ചു വര്ഷം ഞാന്‍ സൂക്ഷിച്ച ആ ഐ ഡി കാര്ഡ് ഒടുവില്‍ ഞാന്‍ ഉപയോഗിച്ച മേശ വലിപ്പില്‍ വച്ചാണ് അവിടെ നിന്നിറങ്ങിയത്. ഇനി ആ മേശ ഉപയോഗിക്കുന്നയാള്‍ അതെടുത്ത് കുപ്പയിലിട്ടേയ്ക്കാം. എന്തോ, അത് ചെയ്യാന്‍ എനിക്ക് മനസ്സ് വന്നില്ല.

അവനെല്ലാം കളിയായിരുന്നു. ഞാന്‍ ആ കാമുകനെ പല പെണ്കുട്ടികളുടെയും കൂടെ കണ്ടിട്ടുണ്ട്. പലരും അവനെ പഴി പറഞ്ഞിട്ടും ആഴത്തില്‍ അവളവനെ സ്നേഹിച്ചു കാണണം. അയാള്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ അവള്‍ തകര്ന്നു പോയിക്കാണും. അല്ലെങ്കില്‍ അവള്‍ എങ്ങിനെ ഒരു മാനസിക രോഗിയായി മാറി? എന്നെ കാണാന്‍... പരിചയപ്പെടാന്‍.. കാത്ത് നില്ക്കാതെ പിരിഞ്ഞു പോയി? അങ്ങിനെയല്ല, അവള്‍ പണ്ടേ മാനസിക രോഗിയായിരുന്നു എന്നും ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

“അല്ലേ പിന്നെ, ഒരു വിദ്യാര്ഥിയെ ഒരു ടീച്ചര്‍ പ്രണയിക്കുമോ?”

ഋതുക്കള്‍ പോലെ ഈ മണ്ണില്‍ പൊലിഞ്ഞ എത്രയെത്ര പ്രണയങ്ങള്‍?!

No comments:

Post a Comment