Saturday, May 30, 2015

കല്ലുവിന്റെ വിരലുകള്‍


“ക്ലാസ്സിലിരിക്കുമ്പോഴും കുട്ടി വിരല്‍ വായിലിടുന്നു, എത്ര പറഞ്ഞിട്ടും ഈ സ്വഭാവം മാറുന്നില്ലാലോ”, കന്യാസ്ത്രീ അമര്ഷം തിരുവസ്ത്രത്തില്‍ ഒതുക്കി വയ്ക്കാന്‍ ശ്രമിച്ചു. വലതു തള്ള വിരല്‍ നുണഞ്ഞു കൊണ്ടിരുന്ന കല്ലു പതുക്കെ വിരല്‍ കുഞ്ഞുടുപ്പിലൊളിപ്പിച്ച് ഉണ്ടക്കകണ്ണുകളില്‍ നിഷ്കളങ്കത നിറച്ച് അമ്മയെ നോക്കി. അമ്മയുടെ ജോലിത്തിരക്കുകൊണ്ടോ അനിയത്തി വേഗം എത്തിയത് കൊണ്ടോ ,മുലപ്പാല്‍ മണം മാറുന്നതിനു മുന്നേ കല്ലുവിനു കുപ്പിപ്പാലിനോട്  പൊരുത്തപ്പെടേണ്ടി വന്നു. അന്ന് രാത്രി “ഇനി വിരല്‍ വായിലിട്ടാല്‍ നല്ല അടി കിട്ടുമെന്ന്” പറഞ്ഞ് അച്ഛന്‍ കല്ലൂനു സാമ്പിളൊന്നു കൊടുത്തു. കരഞ്ഞുറങ്ങിയ കല്ലു ഉറക്കത്തില്‍ വിരല്‍ നുണഞ്ഞു.

നുണഞ്ഞു നീണ്ട വിരലില്‍ അവര്‍ ചെന്നിനായകം പുരട്ടി. അപ്പോള്‍ അവള്‍ ഇടതു തള്ള വിരലിനെ ആശ്രയിച്ചു. രണ്ടു വിരലും കയ്ച്ചപ്പോള്‍, സങ്കടത്തോടെയെങ്കിലും കല്ലു കയ്പ്പിറക്കി വിരല്‍ നുണഞ്ഞു. വലതു തള്ളവിരലിന്‍റെ ആകാരം മാറി. തൊലി നീണ്ടു വന്നു. അവര്‍ അതിനെ നഖത്തിനൊപ്പം മുറിച്ചു നിര്‍ത്തി.

നഴ്സറിയില്‍ പുതിയ സ്കൂളില്‍ പുതിയ ക്ലാസ്സില്‍ മറ്റു കുട്ടികള്‍ ചുറ്റുമിരുന്നു വലിയ വായില്‍ നിലവിളിച്ചപ്പോള്‍ കല്ലു തന്റെ പ്രിയ വിരല്‍ വായിലിട്ട്, കണ്ണിറുക്കിയടച്ചിരുന്നു. വിരലുകള്‍ ഒരു തരം സുരക്ഷാ ബോധമായിരുന്നു കല്ലുവിനു കൊടുത്തിരുന്നത്. മൂന്നു മാസം പ്രായം മുതല്‍ ഒറ്റയ്ക്കായ കുഞ്ഞു കല്ലു എന്നോ വളര്ത്തിയെടുത്ത ശീലം.

ഒന്നാം ക്ലാസ്സില്‍ ചേര്ന്നപ്പോഴും കല്ലുവിന്റെ ശീലം മാറിയില്ല. ആയിടയ്ക്ക് അമ്മ മൂന്നാമതും ഗര്ഭിനണി ആയി. കുഞ്ഞനിയത്തി വരാന്‍ നേരം അമ്മയ്ക്ക് ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്ന് പറഞ്ഞ്, അമ്മ കല്ലുവിനെ സൈനബ ആന്റിയുടെ വീട്ടിലാക്കി.. ആന്റിയായിരുന്നു അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്ത്. പക്ഷെ കല്ലു വിചാരിച്ചിരുന്നത് ആന്റി കല്ലുവിന്റെ അടുത്ത ബന്ധുവാണെന്നാണ്‌. നിറയെ ആളുകളുള്ള ആ മുസ്ലിം കൂട്ടുകുടുംബം കല്ലുവിനെ അന്യയായി കണ്ടില്ല. ആ വലിയ വീട്ടില്‍ നിറയെ കുട്യോളാരുന്നു. ആള്കൂട്ടത്തില്‍ ഒറ്റയ്കകിരുന്നു കല്ലു അവരുടെ കളികള്‍ കണ്ടു. അവരുടെ ഫോറിന്‍ ഉടുപ്പുകളുടെ മണം കല്ലുവിനെ അതിശയിപ്പിച്ചു. അന്ന് അവിടെ വച്ച് ആദ്യമായാണ്‌ കല്ലു ഫിലിം ഇട്ട് സിനിമാ രംഗങ്ങള്‍ കാണാന്‍ പറ്റിയ ക്യാമറ കണ്ടത്. കണ്ടിട്ട് മതിയാകാത്ത അവള്‍ വീണ്ടും അത് കാണാന്‍ കൊതിച്ചു. ഒന്നുകൂടി വേണമെന്ന് പറയാന്‍ കല്ലു മടിച്ചു. തികച്ചും അന്തര്‍മുഖയായ കല്യാണി. അവിടെ നിന്നാണ് കല്ലു രണ്ടൂസം സ്കൂളില്‍ പോയതും. ഒരു കുറവും വരാതെ വീട്ടിലുള്ള മുതിര്‍ന്നവര്‍ ശ്രദ്ധിച്ചു. കല്ലു അമ്മയെ കാണാന്‍ ആഗ്രഹിച്ചു.

അവര്‍ കളിയാക്കി. “അയ്യേ.. ഈ കുട്ടി വിരല്‍ കടിക്കുന്നു”. കല്ലു ജാള്യതയോടെ വിരല്‍ ഒളിപ്പിച്ചു. അന്ന് രാത്രി കല്ലു ഉറങ്ങിയില്ല. ഉറങ്ങി പോകുമ്പോള്‍ അറിയാതെ വിരല്‍ വായിലിട്ടാലോ? അങ്ങനെ നാല് നാള്‍ കല്ലു സങ്കടം കടിച്ചു പിടിച്ചു അവിടെ നിന്നു. തിരിച്ചെത്തിയപ്പോള്‍ അതിലേറെ സങ്കടം. അമ്മയുടെ വലതു വശത്ത് (കല്ലുവിന്റെ വശം) കുഞ്ഞുവാവ ഉറങ്ങുന്നു. ഇടതു വശത്ത് അനിയത്തി- മീനൂം. കല്ലൂനു വേറെ പായ!! അന്ന് രാത്രി കല്ലു അമ്മയെ ഉണര്ത്താതെ പതുക്കെ ആ പാദത്തിന്റെി ചുവട്ടില്‍ കുറുകെ കിടന്നുറങ്ങി. അങ്ങനെ വിരലുകള്‍ കൊടുത്ത സുരക്ഷാബോധം പാദങ്ങളില്‍ കല്ലു കണ്ടെത്തി.

കല്യാണി ഉണ്ണിയുടെ തള്ളവിരലില്‍ ഒരു കടി കൊടുത്തു. “അമ്മെ”, ഉണ്ണി പുരികം ചുളിച്ചു. “ഒരിക്കലും ഉണ്ണിയുടെ വിരലുകള്‍ കല്ലുവിന്റേത് പോലെ നീളരുതെന്നു അമ്മയ്ക്ക് നിര്ബന്ധമുണ്ടായിരുന്നു. അത് കൊണ്ട് നാല് വയസ്സ് വരെയല്ലേ ഈ ഉണ്ണി കുമ്പ നിറച്ചു പാല് തന്നേ, ഉണ്ണീടമ്മ!!”. അവന്‍റെ അച്ഛന്റെ പോലെയുള്ള ഉരുണ്ട വിരലുകളില്‍ അമര്ത്തി ചുംബിച്ച് കല്യാണി തുടര്ന്നു .

“അപ്പൊ ഇന്നത്തെ കല്ലു കഥ തീര്ന്നു, ഇനി അമ്മയുടെ ഉണ്ണിക്കുട്ടന്‍ വേഗം കണ്ണടച്ച് ഉറങ്ങിയാട്ടെ!”

No comments:

Post a Comment