Tuesday, May 12, 2015

അഞ്ചു വര്ഷങ്ങള്‍ ,അഞ്ചു പെണ്ണുങ്ങള്‍!

1. കാറ്റ്
.................

അഞ്ച് വര്‍ഷങ്ങള്‍... പറന്ന് പോയത് പോലെ....

പഠിച്ച ഒരു വിദ്യാലയത്തോടും എനിക്കിത്രയും സ്നേഹം തോന്നിയിട്ടില്ല. ഒരു പക്ഷെ പഠിപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കുമായിരിക്കും ശരിക്കും ഞാന്‍ പഠിക്കാന്‍ തുടങ്ങിയത്. എന്നെ ഞാന്‍ കണ്ടെത്തിയത് ഇവിടെയാണ്‌. എന്നെ ഞാന്‍ ആക്കിയത് ഈ കലാലയമാണ്.

എന്നും ഡിപാര്‍ട്ട്മെന്റില്‍ എത്തിയ ഉടനെ മേശപ്പുറത്ത് ബാഗ് വച്ചതിനു ശേഷം ഞാന്‍ കിഴക്കോട്ടുള്ള ജനാലകള്‍ തുറന്നിടും. ദൂരെ നിന്ന്‍, കാറ്റാടി മരങ്ങളെ ചൂളമടിപ്പിച്ചുകൊണ്ടൊരു കാറ്റ്  വന്നെന്ന്റെ മുഖത്ത്  തഴുകും. അതവളാണ്.. അങ്ങ് ദൂരെ കാറ്റാടി മരങ്ങള്‍ക്കപ്പുറം, വന്‍മരങ്ങള്‍ തീര്‍ത്ത, ഇരുട്ടില്‍ ഒറ്റയ്ക്കായ, ഓടിട്ട, ഇരു നില കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍ തൂങ്ങി മരിച്ച പതിനേഴുകാരി. അവളുടെ ആത്മാവ് രാത്രികാലങ്ങളില്‍ കാമ്പസ്സിലും ഹോസ്റ്റല്‍ വളപ്പിലും കറങ്ങി നടക്കുമത്രെ. ആരോ സൃഷ്ടിച്ച കഥയില്‍ യക്ഷിയായ അവള്‍ എനിക്കെന്നും എന്നെ തഴുകുന്ന തണുപ്പുള്ള കാറ്റായിരുന്നു. 

അവള്‍ക്ക് ഒരു പ്രത്യേക മണമുണ്ട്,
ഇലഞ്ഞിപ്പൂവിന്‍റെ? അല്ല, കാപ്പിപ്പൂവിന്‍റെ? ഹേയ് അല്ല....
അവള്‍ക്ക് മാത്രേ ആ മണമുള്ളൂ.

ഇനിയെന്നാണ് പെണ്ണെ നീ എന്‍റെ ചെവിയില്‍ മൂളുക? ഇനി എന്നാണു പെണ്ണെ നീ എന്‍റെ കവിളില്‍ തഴുകുക?

                                   

ഇന്നും എനിക്കാ മുറിയുടെ അടച്ചിട്ട ജാലകങ്ങള്‍ കാണാം. അതിനുള്ളില്‍ അവള്‍ അടച്ചിട്ടിട്ടിരിക്കുകയാണ്, സ്വയം! ഇനിയും മോക്ഷം കിട്ടാത്ത എന്‍റെ കാറ്റേ , ഇനിയൊരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത മോഹങ്ങള്‍ക്ക് കൂട്ടിരിക്കയാണോ നീ?

(തുടരും)

No comments:

Post a Comment