Tuesday, July 28, 2015

സംഘിയും സഖാവും


“അച്ഛമ്മ സി. അച്യുതമേനോന്‍റെ വലിയ ഫാനായിരുന്നു. മുത്തശ്ശിക്കഥകളില്‍ എന്നും വിപ്ലവവും പ്രസ്ഥാനവും നിറഞ്ഞു നിന്നിരുന്നു.

ആദ്യായി ന്‍റെ പടം പത്രത്തില്‍ വരണത് നാല് വയസ്സുള്ളപ്പോളാണ്. അമ്മ അംഗമായ തൊഴിലാളി സംഘടനയുടെ സമരപന്തലില്‍ പ്ലാക്കാര്ഡ് പിടിച്ചിരിക്കുന്ന നാല് വയസ്സ്കാരി കല്ലുനെ കണ്ട് കൌതുകം തോന്നിയ ഏതോ കാമറമാന്‍ എടുത്ത പടം. :D

കഴിഞ്ഞ തവണ നാട്ടില്‍ പോയി തിരികെ ഇറങ്ങണ നേരത്ത് എനിക്കച്ഛന്‍ സമ്മാനിച്ചത് ഒരു ചാക്ക് നാളികെരോം ഒരു പുസ്തകോം ആണ് – ‘Re – reading Marxism, recompiled by Chandra Dutt’.

നിന്‍റെയീ കാവി മുണ്ടിനെക്കാള്‍ ചോന്നിട്ടാണ് എന്‍റെ ചോരയും ചരിത്രവും ചിന്തകളും.”

“ലാല്‍ സലാം സഖീ”
“ലാല്‍ സലാം സംഘീ“


Friday, July 3, 2015

വെയിലിന്‍റെ മണം


നിന്‍റെ ഉടുപ്പിന് വെയിലിന്‍റെ മണമുണ്ടോ?
അവനെ ഞാന്‍ ഗാഢമായി പ്രണയിച്ച കാലത്ത് അവന്‍റെ വസ്ത്രങ്ങളില്‍ തങ്ങി നിന്ന വിയര്‍പ്പു കലര്‍ന്ന സുഗന്ധലേപനത്തിന്റെ മണം എനിക്കൊരു ഹരമായിരുന്നു. ചിലപ്പോള്‍ അവന്‍ ഉരിഞ്ഞിട്ട് പോയ ഉടുപ്പ് മാത്രം ഇട്ട് , ചുളിവുകള്‍ നിവരാത്ത മെത്തയില്‍ കിടന്ന് ഞാന്‍ പ്രണയഗാനങ്ങള്‍ ഉറക്കെ പാടുമായിരുന്നു. പിന്നെയതെല്ലാം കഴുകി ഉണക്കി സന്ധ്യയ്ക്ക് മടക്കി വയ്ക്കുമ്പോള്‍ അവയ്ക്ക് വെയിലിന്‍റെ മണമായിരുന്നു. അങ്ങനെ എന്‍റെ രാത്രികള്‍ക്ക് നിലാവിന്‍റെ നിറവും വെയിലിന്‍റെ മണവുമായിരുന്നു.

എവിടേയ്ക്ക് എന്ന് പറയാതെ


എവിടേയ്ക്ക് എന്ന് പറയാതെ ഇറങ്ങിപ്പോകുന്ന നീയുണ്ടല്ലോ, ആ നിന്നെ എനിക്ക് മനസ്സിലാകും. തിക്കിലും തിരക്കിലും പെട്ട് മഴയും വെയിലും കൊണ്ട് എവിടെയോ കളഞ്ഞു പോയ നിന്നെ തിരക്കിയുള്ള യാത്രകളാണ് അവ.
സന്ധ്യയ്ക്ക്, മഴയുടെ നനവോടെ വെയിലിന്റെ കരുവാളിപ്പോടെ വിശപ്പിന്റെ അല്ലലോടെ തിരിച്ചെത്തുന്ന നീ, കണ്ടുകിട്ടാത്ത നിന്നെക്കുറിച്ച് പുലമ്പിക്കൊണ്ട്, ഉമ്മറപ്പടിയില്‍ എന്റെ മടിയില്‍ കിടന്നു കരയുമ്പോള്‍ പല തവണ ഞാന്‍ ചോദിക്കാന്‍ തുനിഞ്ഞതാണ്.
“നിന്റെ കൂടെ പടിയിറങ്ങിയ എന്റെ‍ മനസ്സിനെ മടക്കയാത്രയില്‍ നീ കൂട്ടാതിരുന്നതെന്തേ?”

ഇത് വരെ പോകാത്ത തീര്ത്ഥാടനത്തിന്റെ ഓര്മ്മയ്ക്ക്


മണ്സൂണ്‍, 
മണ്ണ് കൊണ്ട് പുള്ളികുത്തിയ അവന്റെ മുണ്ടില്‍ എന്റെ സാരിത്തലപ്പ് നനഞ്ഞൊട്ടിക്കിടന്നു. മഴയെക്കാള്‍ മുന്നിലെത്താന്‍ ഓടുന്ന ബസ്. ചാറ്റല്‍ മഴ കൊള്ളണമെന്ന എന്റെ വാശിയിലാണ് ബസില്‍ ഈ ഒരു ജനല്‍ മാത്രം തുറന്ന്‍ കിടന്നത്. തണുത്ത കാറ്റും ചെറിയ മഴയും മുഖത്ത് വീണു കൊണ്ടിരുന്നു. വസ്ത്രങ്ങളിലെ തണുപ്പ് ശരീരത്തിലേക്ക് പടരുന്നുണ്ട്. ആകെയുള്ള ആശ്വാസം അവന്റെ പനിച്ചൂടാണ്. അവന്‍ ഉറങ്ങുകയാണ്. ഇടയ്ക്ക് തല തൂങ്ങി വീഴുന്നു, ഉടനെ ഞെട്ടിയെണീറ്റ് കൈ കൊണ്ട് എന്റെ മുഖത്ത് തൊട്ട് എന്റെ തല അവന്റെ തോളില്‍ തന്നെയില്ലേ എന്നുറപ്പ് വരുത്തുന്നു. എനിക്ക് ചിരി വന്നു.

ശയനപ്രദക്ഷിണത്തില്‍ കുഞ്ഞു കല്ലുകള്‍ ഉരഞ്ഞുണ്ടായ,ഇത് വരെ ഉണങ്ങി തുടങ്ങാത്ത പോറലുകള്‍.. ഞാന്‍ അവന്റെ മുറിവുകളില്‍ തൊട്ടു നോക്കി.
“ശ്..” അവന്‍ ഞരങ്ങി.
“വേദനിച്ചുവോ?”
“ഇല്ല.. നീയല്ലേ”

ഞാന്‍ കൊടുത്ത എല്ലാ വേദനയും നീറ്റലും ഇത് പോലെയായിരിക്കുമവന്‍ ചേര്ത്ത് വച്ചത്.
ഈ യാത്ര അവസാനിക്കാതിരുന്നെങ്കില്‍..