Monday, October 26, 2015

മാള്‍ട്ടയില്‍ നിന്നും


സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഒഴിവാക്കണം എന്ന ഉദ്ദേശത്തിലാണ് പതിവിടങ്ങളില്‍ നിന്നു വ്യത്യസ്തമായി ഞാന്‍ സിറ്റിയില്‍ നിന്നു ദൂരെയുള്ള ഒരു കൊച്ചു പബ് അന്ന് തിരഞ്ഞെടുത്തത്. വിചാരിച്ച പോലെ തന്നെ, തിരക്കില്ല. എത്ര കഴിച്ചെന്നു ഓര്‍മ്മയില്ല. അവനെകുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടിവരുന്നതല്ലാതെ ഒരു തുള്ളി പോലും മറക്കാന്‍ പറ്റിയില്ല. തിരികെ വീട്ടില്‍ പോകണം എന്ന്‍ തോന്നിയപ്പോള്‍ ഞാന്‍ ചുറ്റും നോക്കി. അല്‍പ്പം തടിച്ചു കുറുകിയ ബാര്‍ടെന്ടെര്‍ മാത്രം. ഞാന്‍ അയാളെ മാടി വിളിച്ചു.

“നിങ്ങളുടെ പേരെന്താണ്?”
“നിങ്ങള്‍ വളരെഅധികം താമസിച്ചിരിക്കുന്നു, പബ് അടയ്ക്കാന്‍ പോകുന്നു”, അയാള്‍ എന്‍റെ ചോദ്യത്തെ അവഗണിച്ചു.

"നിങ്ങള്‍ ഇന്നാട്ടുകാരനല്ല, മാത്രമല്ല നിങ്ങള്‍ കടലില്‍ നിന്നാണ് വന്നത്. എന്‍റെ നാവികനെ പോലെ നീയും നിറം മങ്ങിയിരിക്കുന്നു. പറയൂ നിങ്ങള്‍ എവിടെ നിന്നാണ് വന്നത്?"
"ഞാന്‍ മാള്‍ട്ടയില്‍ നിന്നുമാണ്."

"ആഹ, സുന്ദരമായ മാള്‍ട്ടയില്‍ നിന്ന്‍ നീയെങ്ങനെ ഈ വൃത്തികെട്ട നഗരത്തിലെത്തി?". അത്ഭുതത്തോടെ അയാളുടെ കണ്ണുകള്‍ വലുതായി. ഉത്തരത്തിനു കാത്തു നില്‍ക്കാതെ ഞാന്‍ തുടര്‍ന്നു.  

“നിങ്ങള്‍ പ്രേമിച്ചിട്ടുണ്ടോ?”, അയാള്‍ പുഞ്ചിരിച്ചു. ആ ചിരിക്ക് സൌഹൃദത്തിന്റെ ഛായ.
“നിങ്ങള്‍ക്ക് കാബ് വിളിച്ചു തരട്ടെ?” അയാള്‍ എന്നോട് ചോദിച്ചു.

“അവന്‍ ഒരു രാക്ഷസനായിരുന്നു, എന്‍റെ കോങ്ങ്, കിംഗ്‌ കോങ്ങ്!! അവന്‍റെ കീഴ്താടിയിലെ നുണക്കുഴിയില്‍ ഞാന്‍ നീന്തിക്കുളിക്കുമായിരുന്നു. മെലിഞ്ഞു നീണ്ട പിങ്ക് നിറത്തിലുള്ള വൃത്തിയുള്ള വിരലുകളായിരുന്നു അവന്. അവന്‍റെ വിരല്‍ തുമ്പുകളെ കാമിച്ചു എനിക്ക് മതി തീര്‍ന്നിട്ടില്ലായിരുന്നു. നിങ്ങള്‍ കൈ നീട്ടു, കാണട്ടെ.” ഞാന്‍ അയാളോട് ആവശ്യപ്പെട്ടു. അല്‍പ്പം മടിച്ച് അയാള്‍ കൈ നീട്ടി, “അയ്യേ, ഈ വിരലുകള്‍ എത്ര കുറിയതാണ്, തീരെ ഭംഗിയില്ല.”
അയാളുടെ മുഖം വാടി. “മത്സ്യം വാരി തഴമ്പിച്ച കൈകളാണ്.” അയാള്‍ കൈകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു.

ശ്ശെ, വേണ്ടിയിരുന്നില്ല, അയാള്‍ വിഷണ്ണനായിരിക്കുന്നു. ഞാന്‍ തുടര്‍ന്നു, “കുറുതെങ്കിലും സാരമില്ല, കാരണം ആഴമല്ല ഒരു സ്ത്രീയെ സന്തോഷിപ്പിക്കുന്നത്, നിറവാണ്. നിന്‍റെ ഗേള്‍ ഫ്രണ്ട് തീര്‍ച്ചയായും ഈ തടിച്ച വിരലുകളെ സ്നേഹിക്കും.”
അയാളുടെ കൊച്ചു കണ്ണുകള്‍ വീണ്ടും വലുതായി, അതില്‍ നാണം തിളങ്ങി. എഴുന്നേറ്റ് കൊണ്ട് അയാള്‍ വീണ്ടും കൈ നീട്ടി, “വരൂ, ഞാന്‍ കാബ് വിളിച്ചു തരാം!”

Sunday, October 18, 2015

മട്ടുപ്പാവ്‬



ഇടയ്ക്കിടെ ഓര്‍മ്മകളുടെ മട്ടുപ്പാവില്‍ ഞാന്‍ നിന്നെ ചേര്‍ന്നിരിക്കാറുണ്ട്. ശൈത്യം കവര്‍ന്നു കൊണ്ട് പോകാതെ നീ എന്നെ ചേര്‍ത്ത്പിടിക്കും. 

ഉറക്കത്തിന് തയ്യാറെടുക്കുന്ന നഗരം. വീഥികളില്‍ വീട് പറ്റാന്‍ ധിറുതി വയ്ക്കുന്ന മനുഷ്യര്‍, വീടൊന്നുമില്ലാത്ത നായ്ക്കള്‍. നീ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഞാന്‍ മൂളി മൂളി കേട്ടു കൊണ്ടേ ഇരുന്നു. ഇടയ്ക്ക് നീ നിന്റെ പ്രിയപ്പെട്ട, കിഷോര്‍ കുമാര്‍ പാട്ടു പാടി. അതിലെ മനോഹരിയായ ഹംസിനിയായി ഞാന്‍ ആ നഗരമാകെ പാറി പറന്നു. 

വെളിച്ചം വീഴുമ്പോള്‍ ഞാന്‍ മറ്റൊരു നഗരത്തിലാണ്. മറ്റൊരു ഗൃഹത്തിലാണ്. മറ്റൊരാളിന്റെ കിടക്കയിലാണ്. നീ ഓര്‍മ്മയാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാതെ ഞാന്‍ നിന്നെ തിരഞ്ഞു. പിന്നെ മുഖം കഴുകി അടുക്കളയുടെ തിരക്കിലേക്ക് മറഞ്ഞു, എന്നെയും നിന്നെയും മറന്നു.

ഞാന്‍ പറന്ന് പോയത് മറ്റേതോ ജന്മത്തിലേക്കാണ്. 

Thursday, October 1, 2015

ന്നാലും ന്റെ കാക്കേ


ഞാന്‍ അടുക്കളപ്പറത്തിരുന്ന്‍ പാത്രം മോറാരുന്നു,
ഒരു കാക്കപ്പെണ്ണ്‍... 
എന്തൊക്കെയാ അവളെന്നെ പറഞ്ഞെ? ആദ്യം കുറെ പയ്യാരോം പായാരോം. പിന്നെ പിന്നെ പറഞ്ഞു പറഞ്ഞവള്‍ കാട് കേറി. പിന്നെ, ശകാര വര്‍ഷമായി, ഒടുക്കം പ്രാകിക്കൊണ്ട് പറന്നും  പോയി.
എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്, അവളുടെ നിസ്സഹായാവസ്ഥ. ഇനിയൊരിക്കലും ഇടമില്ലാത്ത ശാഖകളില്‍ നിന്നവള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു.. ഓരോ നഷ്ട പ്രണയത്തിലും അവള്‍ അവന്റെയടുത്തെയ്ക്ക് പറന്നിറങ്ങിയിരുന്നു ഒരാശ്വാസ വാക്ക് പോലും പറയാതെ ഇന്നവന്‍ മുഖം തിരിച്ചിരിക്കുന്നു. എവിടെയുമഭയമില്ലാതെ അവള്‍ ഉറക്കെ കരയുന്നു. ലോകത്തോട് വഴക്കിടുന്നു അവനോടു അവള്‍ക്കുള്ളത് സ്നേഹമായിരുന്നോ? സൌഹൃദമായിരുന്നോ? എന്തായിരുന്നാലും എനിക്കുള്‍ക്കൊള്ളാന്‍ സാധിക്കും. ദുഷ്ടനായ അവനെ വേണമെങ്കില്‍ എടുത്തോണ്ട് പൊയ്ക്കൊള്ളാന്‍ അവളോട്‌ പറയാമായിരുന്നു!”

“ആഹാ, എങ്കില്‍ ഞാന്‍ ഓളോട് പറയാ, വന്ന് കൊത്തിക്കൊണ്ട് പൊയ്ക്കോളീ ന്ന്‍”


“വേണ്ടാ, വേണ്ട, ആര്‍ക്കും കൊടുക്കണില്ല, ആരും കൊണ്ട് പോണ്ട, ഞാന്‍ അവനെ കൊല്ലാന്‍ പോകുന്നു, കൊന്നു തിന്നാന്‍ പോകുന്നു”