Sunday, December 20, 2015

മൌനക്ഷതങ്ങള്‍


പതിവുപോലെ അയാള്‍ ഇടത്തോട്ടാണ് മുണ്ടുടുത്തത്. അവള്‍ അതഴിച്ച് അയാളെ വലത്തോട്ടുടുപ്പിച്ചു. അയാള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ  അനുസരണയോടെ നിന്നുകൊടുത്തു. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ രണ്ടു മുഴം മുല്ലപ്പൂ വേണമെന്ന് അവള്‍ ആവശ്യപ്പെട്ടു. അവളുടെ കണ്ണുകളെ അഭിമുഖീകരിക്കാന്‍ അയാള്‍ ഏറെ കഷ്ടപ്പെട്ടു. രണ്ടടി മുന്നിലാണവള്‍ നടന്നത്. നടത്തത്തിന്റെ വേഗത കൂട്ടാനോ അവള്‍ക്കൊപ്പം എത്താനോ അയാള്‍ മുതിര്‍ന്നില്ല. അവള്‍ കൈ പിടിച്ചിരുന്നില്ല, എങ്കിലും അദൃശ്യമായ എന്തോ ഒന്ന് അവളോട്‌ കൂടി ബന്ധിക്കപ്പെട്ടിരിക്കുന്നതായും അയാളെ  ആ ബന്ധനം വലിച്ചുകൊണ്ട് പോകുന്നതായും അയാള്‍ക്കനുഭവപ്പെട്ടു.

ഒറ്റ രാത്രി കൊണ്ട് അവള്‍ എത്ര ദൂരത്ത് പോയിരിക്കുന്നു.ഇന്നലെ വരെ തന്‍റെ നിഴല്‍ പറ്റി ഒരു കുരുവി കുഞ്ഞിനെ പോലെ അരുമയായ അവളാണ് ഇന്ന്‍ വളര്‍ന്ന് വലുതായി തന്നെക്കാള്‍ ഉയരത്തില്‍ പറക്കുന്നത്.

തിരക്കില്‍ പരിചയമുള്ള മുഖങ്ങള്‍ കാണുമോ? അയാള്‍ ഭയപ്പെട്ടു. പരിചയക്കാരെക്കാളും ഭയം അവളോടാണ് തോന്നിയത്..  ഒരു രാത്രി കൊണ്ട്  അവര്‍ക്കിടയില്‍ വന്ന അകലത്തോട്... അവള്‍ക്ക് ബാധിച്ചിരിക്കുന്ന അപൂര്‍വ്വമായ മൌനത്തോട്‌..  

നട തുറന്നപ്പോള്‍, മണിയൊച്ചകള്‍ തകര്‍ത്തു കളഞ്ഞത് അയാളുടെ ഉള്ളില്‍ കെട്ടിനിന്ന വിചാരവികാരങ്ങളെ ആയിരുന്നു. അയാള്‍ പരിസരം മറന്നു പൊട്ടിക്കരഞ്ഞു. എന്തിനെന്ന്‍ അയാള്‍ക്കൊരിക്കലും സ്വയം വിശദീകരണത്തിന് പോലും സാധിക്കുമായിരുന്നില്ല. അവള്‍ ചോദിച്ചതുമില്ല. ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ അയാളുടെ കരഞ്ഞു വീര്‍ത്ത കണ്ണുകള്‍ അവളുടെ പാദസരകൊളുത്തില്‍ കുരുങ്ങിക്കിടന്നു. പാദസരങ്ങള്‍ കെഎസ്ആര്‍ടിസി  ബസിന്‍റെ തിക്കിലും തിരക്കിലും മാഞ്ഞു പോയപ്പോള്‍ തെല്ലൊരാശ്വാസം തോന്നിയോ?

മുറിയില്‍ ഒറ്റയ്ക്ക് തിരിച്ചെത്തിയപ്പോള്‍ തലേന്ന് പൊടിഞ്ഞ ചോരത്തുള്ളികള്‍ വെളുത്ത വിരിയില്‍ നിന്ന്‍ മാഞ്ഞുപോയിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. അവള്‍ എപ്പോഴെങ്കിലും ആ വിരി കഴുകി ഇട്ടിരിക്കണം. മനസ്സില്‍ പറ്റിച്ചേര്‍ന്ന രക്തക്കറ എങ്ങിനെയാണ് കഴുകി കളയുക? അയാള്‍ കുറച്ചു നേരം ഉറങ്ങാന്‍ ശ്രമിച്ചു. ശേഷം അയാള്‍ മുണ്ടില്‍ നിന്ന് പാന്റ്റിലേക്ക് വേഷം മാറി.