Monday, February 15, 2016

പ്രണയച്ഛിദ്രം



മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ടാണവന്‍ അതിനെ എന്നില്‍ നിന്ന് ചുരണ്ടിയെടുത്തത്,

പിന്നെ.. 
എനിക്കജ്ഞാതമായ മൌനം കൊണ്ടതിന്റെ തല ഞെരിച്ചു.

ഒന്നേ പിടഞ്ഞുള്ളു...
അടിവയര്‍ പിളര്‍ന്നു പോകുന്ന പോലെയുള്ള വേദന!

തുടയിലൂടെ വാര്‍ന്നൊഴുകുന്ന പച്ചചോര..


തുരുമ്പിന്റ്റെ പോലെ മനംപുരട്ടുന്ന ഈ ഗന്ധം-
അഴുകിത്തുടങ്ങിയ എന്‍റെ പ്രണയത്തിന്‍റെയാണ്!  

എനിക്ക് പേടിയാണ്




അന്നും ഇന്നും ഏറ്റോം ഇഷ്ടമുള്ള ഭക്ഷണം ചൂടുചോറും ചീരതോരനും വറുത്ത മത്തിയുമാണ്. അമ്മയ്ക്ക് മീനും ഇറച്ചിയും ഇഷ്ടമല്ല. എങ്കിലും ഞങ്ങള്‍ക്ക് വേണ്ടി മാത്രം വല്ലപ്പോഴും മീന്‍ മേടിച്ചിരുന്നു. മീന്‍ വെട്ടുന്നത് അച്ഛനാണ്. കറി  വയ്ക്കുന്നത് അമ്മയും. ഞായറാഴ്ച്ചകളില്‍ മാത്രമാണ് ഞങ്ങളുടെ വീടുകളില്‍ മീന്‍ എത്തിയിരുന്നത്. അമ്മ മേടിച്ചാലും ഇല്ലെങ്കിലും മീന്‍കാരന് വേണ്ടി ഞാന്‍ ഞായറാഴ്ച്ചകളില്‍ കാത്തിരിക്കുമായിരുന്നു. മീനുകള്‍ കിടക്കുന്ന ഐസായിരുന്നു എന്‍റെ കൌതുകം. 

ഞാന്‍, തണുത്ത് വിറച്ച മീനില്‍ തൊട്ടു നോക്കും. അയാള്‍ എനിക്ക് കൈവെള്ളയില്‍ ഒരു ഐസ്കഷ്ണം വച്ചു തരും. പിന്നെ എന്നെ മുട്ടിഉരുമ്മി നില്‍ക്കുന്ന ചക്കിപൂച്ചയ്ക്കും കുഞ്ഞുങ്ങള്‍ക്കും അയാള്‍ കുഞ്ഞു മീനുകള്‍ വിതരണം ചെയ്യും. ഐസ് കഷണം അലിഞ്ഞില്ലാതാവുന്നത് വരെ ഞാനത് കൈ മാറിപ്പിടിച്ച് പടിപ്പുര ചാരി പൂഴിമണ്ണില്‍ ഇരിക്കും. ഇട്ടിരിക്കുന്ന പെറ്റിക്കോട്ട് മുഴുവന്‍ നനയും. മണ്ണും വെള്ളവും കുഴഞ്ഞ്, ഉളുമ്പ് നാറുന്ന എന്നെ, വഴക്ക് പറഞ്ഞ്കൊണ്ടമ്മ കുളിപ്പിക്കും. ഈ ശീലം അധികം കാലമൊന്നും നീണ്ടില്ല, 
ഞാന്‍ മീനുകളെ വെറുത്ത് തുടങ്ങിയ ഒരു ദിവസം വന്നു.

അന്നെനിക്ക് ഏഴ് വയസ്സ്. ഞാന്‍ പതിവ് പോലെ ഐസ് പിടിച്ച് പടിപ്പുരയില്‍ ചാരി ഇരുന്നു. പെണ്ണുങ്ങളെല്ലാം വില പേശി മീന്‍ വാങ്ങിച്ച് വീടുകളിലേക്ക് തിരിച്ചു പോയി.

‘നിനക്കിനിയും ഐസ് വേണോ?”
അയാള്‍ എന്നെ അയാളുടെ അരികിലേക്ക് വിളിച്ചു.

വലിയ ഐസ് കഷ്ണത്തിനായി മീനില്‍ ചികഞ്ഞ എന്നെ അയാള്‍ ചേര്‍ത്ത് പിടിച്ചു. ഞാന്‍ കുതറി മാറാന്‍ ശ്രമിച്ചു. അയാള്‍ എന്‍റെ കൈ വിട്ടില്ല. ആരെങ്കിലും വന്നിരുന്നെങ്കില്‍... ഞാന്‍ ഉറക്കെ നിലവിളിക്കാന്‍ ശ്രമിച്ചു. അന്നേ വരെ കേള്‍ക്കാത്ത എന്തൊക്കെയോ അയാള്‍ എന്നോട് ചോദിച്ചു. ഞാന്‍ നോക്കി നില്‍ക്കെ അയാള്‍ മുഷ്ടിമൈഥുനത്തിലേര്‍പ്പെട്ടു. ഓടി രക്ഷപ്പെടാനോ മുഖം തിരിക്കാനോ അയാള്‍ എന്നെ അനുവദിച്ചില്ല.

മിണ്ടരുതെന്നയാള്‍ ആംഗ്യം കാണിച്ചു. അച്ഛനോടും അമ്മയോടും ഇത് പറയരുതെന്നയാള്‍ ഭീഷണിപ്പെടുത്തി.

പിന്നെ അയാള്‍ അത് വഴി വന്നില്ലെങ്കിലും, മീന്‍ വരുന്ന സൈക്കിള്‍ മണി കേള്‍ക്കുമ്പോള്‍ ഞാന്‍ ഓടി അകത്തെ മുറിയില്‍ ഒളിച്ചിരുന്നു.

............................

ഇന്ന് ഉണ്ണിയെ ഞാന്‍ കണ്ണിന്‍വെട്ടത്ത് നിന്ന്‍ മാറാന്‍ അനുവദിക്കില്ല.
വീട്ടില്‍ അവന്‍റെ സുഹൃത്തുക്കളായ മുതിര്‍ന്ന ആണ്‍കുട്ടികള്‍ വരുന്നത് ഞാന്‍ വിലക്കിയിട്ടുണ്ട്.
രാത്രി ഉറങ്ങുമ്പോള്‍ ഞാന്‍ ലൈറ്റ് കെടുത്താറില്ല.
ഉറക്കത്തില്‍ ദേഹത്ത് തൊടരുതെന്ന് കര്‍ശനമായി ഞാന്‍ വിലക്കിയിട്ടും ഒരു രാത്രി എന്നെ തൊട്ടപ്പോള്‍, ‘എന്നെ ഒന്നും ചെയ്യല്ലേ’ എന്ന് ഞാന്‍ ഉറക്കത്തില്‍ ഏങ്ങലടിച്ചു കരഞ്ഞുവെന്ന് ഉണ്ണീടെയച്ഛന്‍ പറഞ്ഞിട്ടുണ്ട്.


ഇപ്പോഴും എന്‍റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്,
“നശിപ്പിക്കും ഞാന്‍ എല്ലാം. നിന്നെ എല്ലാവരും വെറുക്കും. വീട്ടില്‍ നിന്ന് ഇറക്കിവിടും.”


എനിക്ക് പേടിയാണ്- സ്നേഹിക്കാന്‍,
എനിക്ക് പേടിയാണ്- ഇരുട്ടത്ത് ഉറങ്ങാന്‍,
എനിക്ക് പേടിയാണ് - എന്‍റെ ഉള്ളിലെ ആ ദുഷ്ടമൃഗത്തിനെ.
ഞാന്‍ പച്ചമീനിനെ വെറുത്തു.
ഉളുമ്പ് മണം വെറുത്തു.
അമ്മയോടും അച്ഛനോടും ഒരിക്കലുമിത് ഞാന്‍ പറഞ്ഞിട്ടുമില്ല.


എനിക്ക് പേടിയാണ് എന്ന് ഏങ്ങലോടെ കരയുമ്പോള്‍, നീ അറിയുക എനിക്കപ്പോള്‍ ഏഴ് വയസ്സാണ്. എന്‍റെ കൈകള്‍ അയാളുടെ മുഷ്ടികള്‍ക്കിടയിലാണ്.
എത്ര ശ്രമിച്ചിട്ടും പുറത്ത് വരാതെ തൊണ്ടയില്‍ കുരുങ്ങിയ ഒരു വലിയ കരച്ചിലാണ് എന്‍റെയീ പേടി.

ആ പേടിയാണ് ഇടയ്ക്കിടെ ഉണര്‍ന്നിരുന്ന് വിതുമ്പുന്നത്...