Monday, May 30, 2016

അവന്‍റെ ഓര്‍മ്മയില്‍നിന്നും



കല്യാണിയോ?

അവളായിരുന്നു പൂമാല തുന്നിയെടുത്തത്. അവള്‍ തന്നെയാണ് എന്‍റെ കയ്യില്‍ ആ പൂമാല തന്ന് അവളെ കല്യാണം കഴിക്കാന്‍ പറഞ്ഞത്. എല്ലാ കളികളും അവള്‍ തന്നെയാണ് നിശ്ചയിച്ചിരുന്നത്. അവള്‍ പറയുന്നത് ഞാനെന്നും അക്ഷരം പ്രതി അനുസരിച്ചിരുന്നു.  ചിലപ്പോള്‍ ഞാന്‍ അച്ഛനും അവള്‍ അമ്മയുമായി. ചിലപ്പോള്‍ ഞാന്‍ കച്ചവടക്കാരനും അവള്‍ വീട്ടമ്മയുമായി. കല്ലുകൊത്ത്, കിളിമാസ്, ഗോലി കളി, സാറ്റ് അങ്ങനെ പലതും ഞങ്ങളൊരുമിച്ച് കളിച്ചു. 
വിചിത്രമായ മറ്റൊരു കളിയുണ്ട്.(അവളുടെ കണ്ടുപിടുത്തം തന്നെ!)  അവള്‍ ചിലപ്പോള്‍ നരകം കളിക്കാന്‍ ആവശ്യപ്പെടും. ഞാന്‍ പാപിയും അവള്‍ ചെകുത്താനും. വാഴത്തോപ്പില്‍ കൊണ്ട് പോയി എന്നെ അവള്‍ വാഴയോട് ചേര്‍ത്ത് കെട്ടിയിടും. ഒന്നനങ്ങിയാല്‍ പൊട്ടിപ്പോകുന്ന വാഴനാരുകള്‍ക്കിടയില്‍ ഞാന്‍ കുറ്റവാളിയെ പോലെ മുഖം കുനിച്ച് നിന്നിരുന്നു. അവള്‍ വലിയ മാവിന്‍കൊമ്പൊടിച്ച് അവളുടെ ആയുധമായി പ്രഖ്യാപിക്കും. ഞാന്‍ ചെയ്ത ഓരോ കുറ്റത്തിനും ശിക്ഷയായി അവള്‍ ആ കമ്പ് കൊണ്ടെന്നെ കുത്തിനോവിക്കും.

ഞങ്ങള്‍ പിരിയുമ്പോള്‍ എനിക്ക് എട്ടു വയസ്സ്. അവള്‍ക്കൊന്‍പത്. അവളെ പിന്നീടൊരിക്കലും ഞാന്‍ കാണുകയുണ്ടായില്ല. ഇപ്പോള്‍ അവളുടെ മുഖമെനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുമില്ല. പക്ഷെ, ഉള്ളിലെ അവള്‍ ഇന്ന്‍ വളര്‍ന്ന് വലുതായി ഒരു സ്ത്രീ ആയിരിക്കുന്നു. അവളെന്നെ ഒന്ന്കൂടി അവളുടെ നരകത്തിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നെങ്കില്‍ അവളുടെ പാദസരങ്ങളില്‍ കണ്ണുകള്‍ കെട്ടിയിട്ട് അവളുടെ സ്വരം മാത്രം കേട്ട്, ഞാന്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും അവളുടെ നിഷ്ക്കളങ്കമായ ശിക്ഷകള്‍ ഏറ്റ് വാങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍?! 

കാരണം, അവളുടെ നരകം പോലൊരു സ്വര്‍ഗ്ഗം ഞാനിതുവരെയും കണ്ടെത്തിയിട്ടില്ല.