Tuesday, January 10, 2012

സര്‍പ്പ സൌന്ദര്യം

ഇണങ്ങിയും,
പിണങ്ങിയും,
ഇണ ചേര്‍ന്നും,
ഇഴ പിരിഞ്ഞും,
പടം പൊഴിഞ്ഞും,
പുനര്‍ ജന്മത്തിലേക്ക്..
പുതിയ അളയിലേക്ക്!

ഋതു (re posting)

പണ്ടൊരിക്കല്‍ എഴുതി പോസ്ടിയതാണ്. കേട്ടവര്‍ എന്ത് കരുതും എന്ന് അന്ന് ഭയന്നു. ഇപ്പോള്‍ ഇത് പോലെയും ഇതിനപ്പുറത്തും എഴുതി കഴിഞ്ഞിരിക്കുന്നു. എന്റെ കുഞ്ഞുരുംബിനായി വീണ്ടും പോസ്റ്റുന്നു.

ഋതു
മീന വേനലിലെ ഒരു പ്രഭാതത്തില്‍ ഒരു തെന്നലായ് കടന്നു വന്ന നീ ,
ഇരുള്‍ വീണ എന്റെ മനസ്സില്‍ ചന്ദനത്തിന്റെ സൌരഭ്യം നിറച്ചു .

ആ തെന്നലിനു ശക്തി വച്ചതും അതെന്റെ മനസ്സിന്റെ ജാലകങ്ങള്‍ തുറന്നിട്ടതും ഞാന്‍ കാര്യമായെടുത്തില്ല .

ഒന്ന് , രണ്ട് , മൂന്ന് എല്ലാം ഒരു തമാശയായിരുന്നു .

വേനല്‍ മഴ ചാറി ത്തുടങ്ങിയപ്പോള്‍ നിന്റെ മണം നനഞ്ഞ മണ്ണിന്റെയായി മാറി . നനഞ്ഞ മണ്ണില്‍ നിന്നും പൊങ്ങി വന്ന ഈയാം പാറ്റകള്‍ മരിച്ചു വീണത്‌ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു .

ഇടിയും മിന്നലുമായി വേനല്‍ മഴ കനത്തപ്പോള്‍ , അതെന്നെ നനയ്ക്കാതിരിക്കാന്‍ നീയെനിക്ക് കുട ചൂടിച്ചു .
പിന്നീട് തെന്നിപ്പറക്കുന്ന കരിയിലയായി നീ മഴയത്ത് മറഞ്ഞു .

ഇടവപ്പാതി ഇടവഴികളില്‍ നിര്‍്ച്ചാലുകള്‍് സൃഷ്ടിച്ചപ്പോള്‍, ഞാന്‍ എന്റെ മനസ്സിലും പ്രണയത്തിന്റെ നീരുറവ കണ്ടു . മഴയില്‍ കുതിര്‍ന്നു മുഖത്ത് ചുടു കണ്ണീര്‍ വാര്‍ന്നപ്പോള്‍ , ചേമ്പിലയില്‍ വീണ മഞ്ഞു തുള്ളി പോലെ നീയത് കയ്യിലെടുത്തു . കാലം ചെയ്ത പേമാരിയില്‍ തളര്‍ന്നു വീഴാതെ , ഞാന്‍ നിന്റെ ചാരെ ചേര്‍ന്നിരുന്നു .

വര്‍ഷം പെയ്തു തോര്‍ന്നപ്പോള്‍ സ്നേഹം ഒരു പുഴയായൊഴുകി . ആ പുഴയ്ക്കു പെരിയാറിന്റെ ഛായയായിരുന്നു . പുറമെ ശാന്തമായി തോന്നിയെന്കിലും അതിന്റെ ആഴങ്ങളില്‍ നീരൊഴുക്ക് ശക്തമായിരുന്നു . പെരിയാര്‍ തീരത്തിനും ഉണ്ട് ഒരധ്യായം പറയാന്‍ . ഞാന്‍ പരമേശ്വരനോട് പറഞ്ഞതെന്തെന്നോ ? പറഞ്ഞാല്‍ അതിന്റെ ശക്തി കുറയുമോ , നീ അറിയാതിരിക്കട്ടെ .

പാലപ്പൂവിന്റെ ഗന്ധവുമായി വൃശ്ചിക കാറ്റു വന്നെത്തി , വെള്ളമില്ലാതെ ആഹാരമില്ലാതെ ഒരു പുക പോലുമില്ലാതെ കണ്ണുകള്‍ മാത്രം സംസാരിച്ച ദിനങ്ങള്‍ .

ഒടുവില്‍ എല്ലാം കൊഴിഞ്ഞു വീഴുന്നെന്നു ഓര്‍മിപ്പിച്ചു കൊണ്ട് ശിശിരം വന്നു . പിന്നെ ഒന്നും പുതുതായി സംഭവിച്ചില്ല , ഓരോ ഇതളുകളായി ഓര്‍മ്മകള്‍ പൊഴിഞ്ഞു വീണു . താഴെ വീണ കരിയിലകളില്‍ വീണു ഞാന്‍ ചിരിച്ചു , ചിരിച്ചു കൊണ്ടു കരഞ്ഞു. മുകളില്‍ തെളിഞ്ഞ നീലാകാശം . ഇലകള്‍ വീണു കൊണ്ടേ ഇരുന്നു . ആ ഇലക്കൂമ്പാരത്തിനുള്ളില്‍് അവര്‍ ജീര്‍്ണ്ണിക്കുമെന്ന് പലരും കരുതി .

പക്ഷെ മണ്ണിനടിയിലേയ്ക്ക് വേരുകളിറങ്ങിയത് ആരും കണ്ടില്ല , എന്റെയോ നിന്റെയോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധേന വേരുകള്‍ മണ്ണിന്റെ മാറിലേയ്ക്ക് പടര്‍ന്നു .

ഒരിക്കല്‍ ഇഷ്ടത്തിന്റെ വലുപ്പം ആരാഞ്ഞതിന് , ഒരു കുഞ്ഞുറുമ്പിന്റെ അത്രേം എന്ന് മറുപടി വന്നപ്പോള്‍ നീ പറഞ്ഞു ' അവന്റെ എല്ലാ കുറവുകളിലും നീ പൂര്‍ണ്ണത കാണുന്നെങ്കില്‍ , ശരി , ഞാനാ കുഞ്ഞുറുമ്പാണ് !'

അതാ ഒരു കുഞ്ഞുറുമ്പ് ഒരിലയുമായി പോകുന്നു ....