Thursday, May 24, 2012

വിഹിതവും അവിഹിതവും


"ഈ  വില്‍പ്പത്ര  പ്രകാരം  എനിക്ക്    വിഹിതം  ഒന്നുമില്ലാല്ലോ?"

"വിഹിതം  വക്കാന്‍  ഇനി  ഒന്നും  ബാക്കി ഇല്ലല്ലോ  ഭദ്രേ.. മനസ്സും ശരീരവും ഞാന്‍ പകുത്തു തന്നല്ലോ.. എങ്കിലും  പറയൂ.. ഇനിയും നിനക്കെന്തു  വേണം ?"

ഒരു  നിമിഷം  ഞാന്‍  ചിന്തിച്ചു. " എനിക്കിനി  എന്ത്   വേണം ?"

"എല്ലാരേം പിരിഞ്ഞ്  യാത്ര  ആകുമ്പോള്‍  എല്ലാവരും  കരയും, ബന്ധുക്കള്‍.. സുഹൃത്തുക്കള്‍.. ശത്രുക്കള്‍..
ശ്രീമതി  നെഞ്ചത്തടിച്ച്    അലമുറയിട്ട്.. മക്കള്‍  ചുറ്റിനുമിരുന്ന്‍  അച്ഛന്‍റെ  കൈ  കാലുകള്‍  കെട്ടിപ്പിടിച്ച് .. മറ്റുള്ളവര്‍  അവരവരുടെ  സൌകര്യത്തിനും   സംസ്കാരത്തിനും   സാമാന്യബോധത്തിനും   അനുസരിച്ച്..
ഞാന്‍ .. ഞാനോ ? എനിക്ക്  കരയാന്‍  പറ്റ്വോ? കരയാതിരിക്കാന്‍  പറ്റ്വോ ? " വാക്കുകള്‍  തൊണ്ടയില്‍  കുരുങ്ങി..

നെഞ്ചോട്‌ ചേര്‍ത്ത് നെറ്റിയില്‍  അമര്‍ത്തി  മുത്തി  അദ്ദേഹം  തുടര്‍ന്നു..

"മറ്റാരും  കാണാതെ  നീ  കരയണത്   ഞാന്‍  കാണില്ലേ ? നീ  മനസ്സില്‍  ഉറക്കെ  വിളിച്ചാല്‍ ആ വിളി  ഞാന്‍  കേള്‍ക്കില്ലേ ?  എനിക്കത്   മതി "

വിയര്‍പ്പ്   പൊടിഞ്ഞ   നര പടര്‍ന്ന നെഞ്ചിലേക്ക്   ഞാന്‍  ചെവി  ചേര്‍ത്തു.. 

ഇടയ്ക്കിടെ വരുന്ന നെഞ്ചു വേദന എന്‍റെയും ഉറക്കത്തെ മുറിച്ചു.. ഞെട്ടി ഉണര്‍ന്ന് ചെവി നെഞ്ചോട്‌ ചേര്‍ത്തു വച്ച്   ഹൃടമിടിപ്പിന്   കാതോര്‍ക്കും .. 
അപ്പോഴും ദേഹി എന്‍റെ കൂടെത്തന്നെ ഉണ്ടെന്ന് ഞാന്‍ ഉറപ്പു വരുത്തും..

 ഒരിക്കല്‍  കൂടി  ഈ   താളം  മുറിയരുതെ  ഭഗവാനെ.. 

അവസാന   ശ്വാസവും  ഈ  താളം  കേട്ടു  കൊണ്ടായിരുന്നെങ്കില്‍..  

വിഹിതം കിട്ടിയ ഈ നിമിഷം എന്‍റെയാണല്ലോ.. എന്‍റെ മാത്രമാണല്ലോ.. 

തെല്ലൊരു സന്തോഷത്തോടെ മുഖമുയര്‍ത്തിയപ്പോള്‍ അദ്ദേഹം ഉറങ്ങിക്കഴിഞ്ഞിരുന്നു. ചെറിയൊരു മന്ദഹാസം,ചുണ്ടില്‍ തങ്ങിയിരിക്കുന്നു. പറയാതെ തന്നെ എല്ലാം എന്നും കേട്ടിരുന്നു.. ഇതും കേട്ട് കാണും. 

കൌതുകത്തോടെ ഞാന്‍ ആ ചിരി കണ്ടങ്ങനെ കിടന്നു.

Saturday, May 19, 2012

പ്രിയ ഗുല്‍മോഹര്‍,


ഇന്ന് നീ ..
ഇതളുകള്‍ കൊഴിഞ്ഞ,
തണലൊഴിഞ്ഞ,
ഇണകള്‍ മറന്ന,
കിളികള്‍ പഴിച്ച,
വെറുമൊരു പാഴ്മരം!

ശിശിരം!
അന്നവന്‍ .. 

നിന്‍റെ തളിരിലകളില്‍ തൊട്ട്,
നിന്‍റെ അണിവയറില്‍ മുത്തി,
നിന്‍റെ പ്രണയത്തിലമര്‍ന്ന്  ,
ഒരില പോലും ബാക്കി വയ്ക്കാതെ-
എല്ലാം കട്ട് മുടിച്ചവന്‍!

നമ്മള്‍,

വിരഹത്തിന്‍ വെയിലേറ്റ്,
തണല്‍ പറ്റാനിടമില്ലാതെ,
നിഴല്‍ പോലും കൂട്ടില്ലാതെ,
ഒരേ വഴിയില്‍
ഒറ്റപെട്ടവര്‍,നമ്മള്‍-
ഒരു പോലെ
ഒഴിവാക്കപ്പെട്ടവര്‍!

ഇനി ,

ഇനിവരും വസന്തത്തിന്,
ഇലയായി, ഇതളായി,
ഈണങ്ങള്‍ക്കിഴയായി,
ഇദയങ്ങള്‍ക്ക്  തണലായി,
ഉദയങ്ങള്‍ക്ക് സാക്ഷിയായി,
എന്‍റെയും ഉയിരിന്  കൂട്ടായി,

ഇനിയും നീ തളിര്‍ക്കണം, 
പൂക്കണം, കായ്ക്കണം.
ഇനിയും മരിക്കാത്ത  സ്വപ്നങ്ങള്‍ക്കായ്‌-
പ്രിയ  ഗുല്‍മോഹര്‍, നീ..
ഇനിയും ചുവന്ന പൂക്കള്‍ പൊഴിക്കണം.