Friday, August 10, 2012

മ(മു)ലയോളം സ്നേഹം.


ന്‍റെ  ഇണക്കിളി പറഞ്ഞു..

"പ്രിയേ നിന്നെ ഞാന്‍ എത്രമേല്‍ സ്നേഹിക്കുന്നെന്ന് നിനക്കറിയുമോ ?"

"പറയൂ , എത്രത്തോളം സ്നേഹമുണ്ട് നിങ്ങള്‍ക്കെന്നോട് ?" 

"നിന്‍റെ  മുലകളോളം സ്നേഹം" 

അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ  ചുണ്ടില്‍ വിരിയുന്ന അശ്ലീല ചിരിക്ക്  മറുപടിയെന്നോണം ഞാന്‍ ഇളിഭ്യയായി ഇളിച്ചു കാട്ടി. നാല് ചുവരുകള്‍ക്കുള്ളില്‍ കൈ മാറിയ  രതിയും  ശരീര ശ്രവങ്ങളും  അശ്ലീല ചുവയുള്ള വാക്കുകളും അതിനുപ്പുറം ഉറങ്ങിക്കിടന്ന മകനുമായിരുന്നു അദ്ദേഹത്തിന്‍റെ  സ്നേഹത്തിന്‍റെ  നിര്‍വചനം. 

ഇതില്‍ കൂടുതല്‍ സ്ത്രീക്ക് എന്ത് വേണം ? 

മറ്റൊരാണ്‍  കിളി പറഞ്ഞു..

"ഞാന്‍ നിന്നെ പ്രണയിക്കുന്നു"

ഒരു ഞെട്ടലോടെ ഞാന്‍ ആ കണ്ണുകളില്‍ ഉറ്റു നോക്കി.

എണ്ണക്കറുപ്പിന്‍റെയും  സ്ഥൂല ശരീരത്തിന്‍റെയും അപകര്‍ഷതാ ബോധം അലട്ടിയിരുന്ന എന്‍റെ  മനസ്സ് അവളെ ആരാധനയോടെ ഓര്‍ത്തു. വെളുത് മെലിഞ്ഞ  വലിയ മാന്‍ മിഴികളുള്ള  സുന്ദരിയായ  അഭ്യസ്തവിദ്യയും ഗൃഹസ്ഥയുമായ അയാളുടെ സ്വന്തം  അവള്‍.
അവിചാരിതമായ ആ ഏറ്റു പറച്ചിലിന്  അന്ന് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല. 

പിന്നെയൊരിക്കല്‍ ധൈര്യത്തോടെ ഞാന്‍ ചോദിച്ചു . "അവളില്‍ എന്താണ് കുറവ് ?"

അദ്ദേഹം പറഞ്ഞ മറുപടി 
"........................................."
ഊഹിക്കാമല്ലോ!!

ഒരേ തൂവലുള്ള പക്ഷികളാണ് കൂട്ട് കൂടുകയെന്നു പറഞ്ഞ കൂട്ടുകാരന്‍ കിളി വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ എന്നോട് ചോദിച്ചു..

"സുഖമാണോ ?"

"അതെ, സുഖം തന്നെ!"

"എന്നെ മറന്നോ ?"

"ഇല്ല" 

"എനിക്കു നിന്നെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്‍റെ ആദ്യത്തെ പ്രണയം.. എന്‍റെ പെണ്ണ് .. അതെല്ലാം എന്നും നീ തന്നെ".
 അവന്‍ തുടര്‍ന്നു.
"അവസാന വര്‍ഷം ഓണാഘോഷത്തിനു നീ  വലിയ സ്വര്‍ണ്ണ കസവുള്ള  സെറ്റ് മുണ്ട്  ഉടുത്തു വന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു." 

ഒരു ദശാബ്ദം എന്നെ അവന്‍ മനസ്സിലേറ്റിയിരുന്നോ? ഞാന്‍ ആശ്ചര്യപ്പെട്ടു.

"ആ മേല്‍ മുണ്ട് കാറ്റത്ത്‌ പാറിയപ്പോള്‍.. "

ഞാന്‍ നടന്നു.. തിരിഞ്ഞ്  നോക്കാതെ... വിട പറയാതെ..

മലയോളം സ്നേഹമുണ്ടെന്ന്  ഒരിക്കലെങ്കിലും വെറുതെയെങ്കിലും ആരെങ്കിലും പറഞ്ഞിരുന്നേല്‍..
മാംസത്തിനുമപ്പുറം ഒരു മനസ്സുണ്ടെന്നു അറിഞ്ഞിരുന്നേല്‍..!.