Monday, March 24, 2014

തുളുമ്പാതെ


അവൻ:
"നീയെനിക്ക് ,
ചേമ്പിൻ താളിലെ 
മഴത്തുള്ളി പോലെ"




പകരാതെ 
പകരം വയ്ക്കാതെ 
നുകരാതെ 
നുണകളില്ലാതെ 
വീഴാതെ 
വീണുടയാതെ 
മനസ്സിൽ ചേർത്തൊരു 
മഴത്തുള്ളി.

അവൾ :
"എനിക്കും!!"

ഒരുണ്ടുരുണ്ട്‌ 
തെന്നിനീങ്ങി 
പടരാതെ 
പറ്റിച്ചേരാതെ 
മണമില്ലാത്ത 
നിറമില്ലാത്ത 
വിളറിയ ഒരു -
തണുത്ത തുള്ളി.


Thursday, March 20, 2014

എഴുത്തുകാർക്ക് അരപ്പിരിയാണ്

"രണ്ടു കാറും ഒരു സ്കൂട്ടറുമുള്ള വീട്ടിലെ ഒരംഗം ഇങ്ങനെ എന്നും ഓട്ടോയ്ക്ക് വരണ്ട വല്ല ആവശ്യോം ഉണ്ടോ ?"

കൊണ്ട് വിടാനുള്ള എൻറെ ആവശ്യത്തെ നിരാകരിച്ച കണവനോട് എന്നത്തേയും   പോലെ അന്നും ഇടഞ്ഞിറങ്ങിയ എന്നെ സിന്ധു ടീച്ചർ ചൊറിഞ്ഞത് നിക്കത്ര പിടിച്ചില്ല.

"അദ്ദേഹത്തിന് ഇങ്ങനെ കൊണ്ട് നടക്കുന്നത് പണ്ടേ ഇഷ്ടമല്ല. 'നിന്നെ എനിക്ക് വിശ്വാസമാടീ', എന്ന് പ്രസ്താവന കൂടി ഇറക്കി, അങ്ങേര് ഒഴിഞ്ഞു. അങ്ങനെയാ ഓട്ടോ ഏർപ്പടാക്കിയെ.
ഒന്നോർത്ത് നോക്കിയാൽ ഒരു രസമുണ്ട്, എന്നും എനിക്കായി ഒരു പുരുഷൻ പടിക്കലിങ്ങനെ കാത്തു നില്ക്കുന്നു. ഇടയ്ക്ക് മഴയുള്ള ദിവസങ്ങളിൽ, തലക്കു മുകളിൽ ബാഗും പൊക്കിപ്പിടിച്ച് ഓടി വരുന്ന എനിക്ക് , ഓട്ടോയുടെ പ്ലാസ്റ്റിക്‌ ഷീറ്റ് പോക്കിത്തരികയും ചെയ്യും. ഹായ്...! "

                                           

"ആഹാ കൊള്ളാലോ പെണ്ണേ മനസ്സിലിരുപ്പ്?, നിനക്ക് വേണേൽ  ഒരു എഴുത്തുകാരിയാകാം. അല്ലേ , വേണ്ട. എഴുത്തുകാർക്കെല്ലാം അരപ്പിരിയാണ്. നിനക്കാകുമ്പോ മുഴുവനാകും. നീ എഴുതുകയേ  അരുത് ."

ജീവിതത്തിൽ ഒരിക്കലും എഴുതില്ല എന്ന പോലെ ഞാൻ ചിരിച്ചു.

ന്നാലും ഒരു സംശയം !
അരക്കിറുക്കില്ലാത്തവർ ഉണ്ടോ ?
അതോ എനിക്കെല്ലാം മഞ്ഞയായി തോനുന്നതായിരിക്ക്വോ!!