Friday, September 21, 2012

ആദി പാപം


ഞങ്ങള്‍ക്കിടയില്‍ മറയില്ലായിരുന്നു!

മതം, സമ്പത്ത് , ഉദ്യോഗം,
ആഭരണങ്ങള്‍ ഒന്നും ഞാനണിഞ്ഞില്ല .

സമൂഹമോ സംസ്കാരമോ 
സംസാരമോ എന്‍റെ ആത്മാവുടുത്തില്ല.

രഹസ്യങ്ങളുടെ അടിവസ്ത്രം പോലും 
ഞാനുടുക്കാന്‍ മുതിര്‍ന്നതില്ല.

നിനവുകളില്‍, നനവുകളില്‍,
നിലാവുള്ള രാത്രികളില്‍-
ഒരുമിച്ചു നടന്നപ്പോള്‍, 
നാണത്തിന്‍റെ നിഴല്‍ പോലും 
ഞങ്ങള്‍ക്കിടയില്‍ നിവര്‍ന്നില്ല.

ഒരിക്കലൊരുനാള്‍ അവള്‍ പറഞ്ഞു,
"നീ നഗ്നയാണ്‌ ! നീ വികൃതവുമാണ്!
നിന്‍റെ വ്രണങ്ങള്‍, എനിക്കറപ്പാണ്,
അവ  പൊട്ടിയൊലിക്കുന്നു,
ദുര്‍ഗന്ധം വമിക്കുന്നു!"

അന്നാദ്യമായി ഞാനെന്‍റെ
നാണം തിരിച്ചറിഞ്ഞു,
അന്നാദ്യമായ്‌ ഞാനെന്‍റെ
പാപം തിരിച്ചറിഞ്ഞു.

ഉരിഞ്ഞതെല്ലാം ഉടുക്കണോ ? അതോ -
ഇലകള്‍ മതിയാകുമോ ?
തിരികെ നടക്കണോ ? അതോ -
ഈ യാത്ര തുടരണോ ?

എങ്കിലും,

അവളെന്നാണ്, ഞാനറിയാതെ ,
അറിവിന്‍റെ  കനി -
ഒറ്റയ്ക്ക് രുചിച്ചത് ?

No comments:

Post a Comment